കോവിഡ്: രോഗികൾക്ക് എപ്പോഴാണ് ഓക്സിജൻ ആവശ്യമായി വരിക; എങ്ങനെയാണ് ഇത് നൽകുന്നത്, അറിയേണ്ടതെല്ലാം
text_fieldsകഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത സമ്മർദമാണ് ഇന്ത്യയുടെ ആരോഗ്യമേഖല അനുഭവിക്കുന്നത്. മിക്ക സംസ്ഥാനങ്ങൾക്കും രോഗികൾക്ക് ആവശ്യമായ കിടക്കൾ, മരുന്നുകൾ, ഓക്സിജൻ എന്നിവ ഒരുക്കാൻ സാധിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ കോവിഡ് ബാധിച്ച ഒരാൾക്ക് എപ്പോഴാണ് ഓക്സിജൻ ആവശ്യമായി വരികയെന്നും എങ്ങനെ ഓക്സിജൻ സപ്പോർട്ട് നൽകാമെന്നും നോക്കാം.
എപ്പോഴാണ് കോവിഡ് രോഗിക്ക് ഓക്സിജൻ ആവശ്യമായി വരിക
ബ്ലഡിലെ ഓക്സിജെൻറ അളവ് പരിശോധിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ 95 മുതൽ 100 ശതമാനം വരെയായിരിക്കും രക്തത്തിലെ ഓക്സിജൻ സാറ്റുറേഷൻ. അത് 90 ശതമാനത്തിൽ താഴ്ന്നാൽ അത്തരം അവസ്ഥയെ ഹൈപ്പോസീമിയ എന്ന് വിളിക്കും. അളവ് 80 ശതമാനത്തിനും താഴെ പോവുകയാണെങ്കിൽ ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനം നടക്കില്ല. ഇത് അവയവങ്ങളുടെ പ്രവർത്തനം നിലക്കുന്നതിനും ഹൃദയസ്തംഭനത്തിനും വരെ കാരണമായേക്കാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, തലവേദന, ക്ഷീണം, ഉയർന്ന രക്തസമ്മർദം, ശരിയായ കാഴ്ചയില്ലാതിരിക്കുക എന്നിവയെല്ലാം ഓക്സിജൻ കുറയുന്നതിെൻറ ലക്ഷണങ്ങളാണ്. കോവിഡ് രോഗിയുടെ ഓക്സിജൻ തോത് 90 ശതമാനത്തിലെത്തിയാൽ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയാണ് വേണ്ടത്.
ഓക്സിജൻ സപ്പോർട്ടിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ
ഓക്സിജൻ തെറാപ്പി, നേസൽ കനുലേ, മാസ്ക്, നോൺ-ഇൻവാസീവ് വെൻറിലേഷൻ തുടങ്ങിയവയെല്ലാം ഓക്സിജൻ നൽകാനായി ഉപയോഗിക്കാം. വീടുകളിൽ രോഗികൾക്ക് ഓക്സിജൻ നൽകാനായി ഓക്സിജൻ കോൺസട്രേറ്റർ ഉപയോഗിക്കാം. ആശുപത്രിയിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഓക്സിജൻ നൽകും. വീടുകളിൽ രോഗികൾക്ക് ഓക്സിജൻ കുറയുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുകയാണ് വേണ്ടത്. അവരുടെ നിർദേശപ്രകാരം മാത്രമായിരിക്കണം തുടർ ചികിത്സ
ഓക്സിജൻ തോത് എങ്ങനെ ഉയർത്താം
ഓക്സിജൻ തോത് ഉയർത്താൻ പൊതുവെ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഓക്സിജൻ പ്രോണിങ്. കൃത്യമായതും സുരക്ഷിതമായുമുള്ള ചലനങ്ങളിലൂടെ രോഗിയെ കമിഴ്ത്തി കിടത്തുന്ന പ്രക്രിയയാണിത്. പ്രോൺ പൊസിഷനിലുള്ള കിടപ്പ് ശരീരത്തിലേക്കുള്ള വായു സഞ്ചാരം വർധിപ്പിക്കുന്നു. രോഗിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയും രക്തത്തിൽ ഓക്സിജൻ അളവ് 94 ശതമാനത്തിനും താഴെ പോകുകയും ചെയ്താൽ മാത്രമാണ് പ്രോണിങ് ചെയ്യേണ്ടത്. പ്രോണിങ്ങിനായി നാല് തലയിണകൾ ആവശ്യമാണ്. ഒരെണ്ണം കഴുത്തിന് താഴെ, ഒന്നോ രണ്ടോ തലയിണകൾ തുടമുതൽ നെഞ്ച് വരെ, കണങ്കാലിന് താഴെ രണ്ട് എന്നിങ്ങനെയാണ് തലയിണകൾ ക്രമീകരിക്കേണ്ടത്. പ്രോണിങ്ങിൽ ആദ്യം കമിഴ്ന്ന് കിടക്കണം, രണ്ടാമത് വലതു വശത്തേക്ക് ചരിഞ്ഞ് കിടക്കണം, മൂന്നാമത് ഇടതുവശത്തേക്ക് ചരിഞ്ഞ് കിടക്കണം ഇനി വീണ്ടും കമിഴ്ന്ന് കിടക്കാം. ഭക്ഷണം കഴിച്ചയുടൻ പ്രോണിങ് ചെയ്യരുത്. പ്രോണിങ് ചെയ്യുേമ്പാൾ ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇത് ഒഴിവാക്കണം.
അതേസമയം ഓക്സിജൻ തോത് ഉയർത്താൻ കർപ്പൂരത്തിന് കഴിയുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ശാത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
കടപ്പാട്: മിഡ്-ഡേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.