മഹാമാരിയുടെ കാലത്തെ വ്യാജവാർത്തകൾ
text_fieldsചൂടു കൂടിയാൽ വൈറസ് ചാവുമോ? 20 മിനിറ്റ് സൂര്യപ്രകാശവും മുട്ടയും ഒന്നര ലിറ്റർ വെള്ളവും കോവിഡ് അകറ്റുമോ? വൈറസിനെ പ്രതിരോധിക്കാൻ മഞ്ഞളും വെളുത്തുള്ളിയും കഴിച്ചാൽ മതിയോ? സാനിറ്റൈസർ ഉപയോഗിച്ചശേഷം അടുക്കളയിലെത്തിയ വീട്ടമ്മയുടെ കൈ പൊള്ളിയെന്ന വാട്സ്ആപ് ഓഡിയോയും ചിത്രങ്ങളും നിങ്ങൾക്കും കിട്ടിക്കാണും. രോഗത്തേക്കാൾ വലിയ ഭീഷണിയാകുന്ന വ്യാജവാർത്തകളെക്കുറിച്ച് ഡോ. മനോജ് വെള്ളനാട് (ഇൻഫോ ക്ലിനിക്) എഴുതുന്നു....
ലോകമിന്ന് അസാധാരണമായ ആരോഗ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ജീവിതത്തിെൻറ സകല മേഖലകളെയും പ്രതിസന്ധിയിലാക്കിയ ഒരു സാമൂഹിക ദുരന്തമായി കോവിഡ് മാറിക്കഴിഞ്ഞു. കോവിഡ് പുതിയ വൈറസും പുതിയ രോഗവുമാണ്. അതുകൊണ്ടുതന്നെ ഈ രോഗാണുവിനെ സംബന്ധിച്ച് ശാസ്ത്രലോകത്തുൾപ്പെടെ ധാരാളം ആശങ്കകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അതിനൊക്കെ ഉത്തരം കണ്ടെത്തേണ്ടതും മറുപടി പറയേണ്ടതും ശാസ്ത്ര ഏജൻസികളാണ്. എന്നാൽ, ഏതൊരു പുതിയ രോഗമുണ്ടാവുമ്പോഴും അതുമായി ഒരു ബന്ധമോ ശാസ്ത്രീയതയോ ഇല്ലാത്ത ‘ഹോക്സുകൾ’ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ലോകത്താകെ രോഗത്തേക്കാൾ വലിയ ഭീഷണിയാണിന്ന്.
മുമ്പ് ഇബോള വന്നപ്പോൾ ഇത്തരം വ്യാജസന്ദേശങ്ങളിൽ വിശ്വസിച്ച്, അതിൽ പറഞ്ഞരീതി പിന്തുടർന്നവർ മരിച്ചുപോയ അവസ്ഥവരെയുണ്ടായി. കോവിഡിെൻറ കാര്യത്തിൽ വൈറസ് പടരുന്നതിനേക്കാൾ വേഗത്തിൽ, അതിലും വ്യാപകമായി പടർന്നുപിടിച്ച വ്യാജസന്ദേശങ്ങൾ എണ്ണിയാലൊടുങ്ങില്ല. വാട്സ്ആപ്, ഫേസ്ബുക്ക് വഴിയും എന്തിന്, മുഖ്യധാരാ മാധ്യമങ്ങൾ വഴിപോലും ഇവ ധാരാളമായി പ്രചരിപ്പിക്കപ്പെട്ടു.
‘വായിൽ തോന്നുന്നത് കോതക്ക് പാട്ട്’ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അതുപോലെയാണ് ഇത്തരം വ്യാജസന്ദേശങ്ങളുടെ സ്രോതസ്സും ആധികാരികതയും. കേരളത്തിൽ പ്രചരിച്ച, പ്രചരിക്കുന്ന ഹോക്സുകളിൽ ഇവിടെത്തന്നെ നിർമിച്ചതും ഇതരഭാഷയിൽനിന്ന് പരിഭാഷപ്പെടുത്തിയതും ഒക്കെയുണ്ട്. അവയിൽ ചിലതിനെപ്പറ്റി മാത്രമാണിവിടെ സൂചിപ്പിക്കുന്നത്.
കോവിഡ് ചൈനയിൽനിന്ന് പുറപ്പെട്ടപ്പോൾ മുതൽ പ്രചരിക്കുന്ന ഒരു ഹോക്സാണ് ചൂടു കൂടിയാൽ വൈറസ് ചാവുമെന്ന വാദം. യഥാർഥത്തിൽ അത് ശരിയാണ്, എന്നാൽ, ആ ചൂട് 70 ഡിഗ്രി സെൽഷ്യസിന് മുകളിൽ വേണം. ആ ചൂടിൽ മനുഷ്യനും ജീവിച്ചിരിക്കില്ലാന്ന് മാത്രം. പലരും 27 ഡിഗ്രിയിലും 30 ഡിഗ്രിയിലും വൈറസ് ചാവുമെന്ന് പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. വൈറസ് സസുഖം വാഴുന്ന മനുഷ്യശരീരത്തിെൻറ താപനിലതന്നെ 37 ഡിഗ്രിയാണ്.
ഇതിെൻറ ചുവടുപറ്റി വേറെയും ഹോക്സുകളുണ്ടായി. ചൂടുവെള്ളത്തിൽ കുളിച്ചാൽ ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നായിരുന്നു അതിലൊന്ന്. വൈറസ് ചാവാൻ മാത്രം ചൂടുള്ള വെള്ളമുപയോഗിച്ച് കുളിച്ചാൽ പൊള്ളിപ്പോവുമെന്ന് മാത്രം. 15 മിനിറ്റ് ചൂടുള്ള വെയിലത്ത് നിന്നാൽ വൈറസ് നശിക്കുമെന്ന മറ്റൊരു ഹോക്സും ഇടക്കിടെ ചൂടുവെള്ളം കുടിച്ചുകൊണ്ടിരുന്നാൽ തൊണ്ടയിൽ വൈറസിന് ജീവിക്കാൻ പറ്റാതാവുമെന്ന വാദവുമെല്ലാം ഈ ജനുസ്സിൽപെടുന്നതാണ്.
അതുപോലെതന്നെ വാട്സ്ആപ് വഴിയും മെസഞ്ചർ വഴിയും ഇപ്പോഴും ഏറ്റവും കൂടുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഹോക്സാണ്, ‘ആശുപത്രിയിൽനിന്ന് സുഖംപ്രാപിച്ചുവന്നവർ നൽകിയ വിവരങ്ങൾ’ എന്നുതുടങ്ങുന്ന നല്ല ഒന്നാന്തരം മണ്ടത്തരങ്ങൾ കുത്തിനിറച്ച ഒരു കുറിപ്പ്.
അവിടെ നൽകിയ ചികിത്സയുടെ പട്ടികയിലാണ് കുറിപ്പ് തുടങ്ങുന്നത്. 1000 മില്ലിഗ്രാം വൈറ്റമിൻ സി, വൈറ്റമിൻ ഇ, 20 മിനിറ്റ് സൂര്യപ്രകാശം, ഒരു മുട്ട, ഒന്നര ലിറ്റർ വെള്ളം ഇത്രയൊക്കെയാണത്രെ കോവിഡ് ചികിത്സ.
ഇതൊന്നുമല്ല യാഥാർഥ ചികിത്സ. പനിയുണ്ടെങ്കിൽ മാത്രം പാരസെറ്റമോൾ, നല്ല ഭക്ഷണവും വെള്ളവും, ശ്വാസംമുട്ടൽപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിനനുസരിച്ചുള്ള ചികിത്സയും നൽകും. അതിലും ഗുരുതരമായാൽ ഇൻറൻസീവ് കെയർ യൂനിറ്റിലേക്കു മാറ്റും. റെസ്പിറേറ്ററി ഫെയിലറിലേക്ക് പോയാൽ വെൻറിലേറ്റർ സപ്പോർട്ട് വേണ്ടിവരും. അല്ലാതെ വൈറ്റമിൻ സിയും ‘ഇ’യും കൊടുത്തിട്ട് വെയിലത്ത് നിർത്തിയാൽ രോഗിക്ക് സൂര്യാഘാതമേൽക്കുമെന്നുമാത്രം.
ആ മെസേജിലെ മറ്റൊരു പ്രധാന സംഗതിയാണ് കോവിഡിെൻറ പി.എച്ച് 5.5നും 8.5നും ഇടയിലാണ്. അതുകൊണ്ട് രക്തത്തിെൻറ പി.എച്ച് ആൽക്കലൈൻ ആക്കിയാൽ കൊറോണ വൈറസ് ജീവിച്ചിരിക്കില്ല എന്നത്. ഈ ഭാഗം യഥാർഥത്തിൽ ഒരു ഇംഗ്ലീഷ് ഹോക്സിെൻറ സ്വതന്ത്ര മലയാള പരിഭാഷയാണ്. ഓറഞ്ച്, അവക്കാഡോ, ആപ്പിൾ, മാങ്ങ, ഡാൻഡലിയോൺ, വെളുത്തുള്ളി തുടങ്ങി കുറേ സാധനങ്ങളുടെ പേരും അവയുടെ പി.എച്ചും (100 ശതമാനം തെറ്റായത്) തന്നിട്ട് ഇവയൊക്കെ കഴിച്ചാൽ കൊറോണ വൈറസ് ചാവുമെന്നാണ് അവകാശവാദം.
രക്തം ആൽക്കലൈൻ ആക്കാൻവേണ്ടി അവർ നിർദേശിക്കുന്ന പഴങ്ങളുടെയെല്ലാം യഥാർഥ പി.എച്ച് അസിഡിക് റേഞ്ചിലാണ്. അത് സ്കൂളിൽ സയൻസ് പഠിച്ച എല്ലാവർക്കും മനസ്സിലാവേണ്ടതാണ്. ചില ഉദാഹരണങ്ങൾ മാത്രം പറയാം, നാരങ്ങയുടെ പി.എച്ച് രണ്ടാണ്, ഇത് അസിഡിറ്റി സ്വഭാവമുള്ളതും സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതുമാണ്. അതേസമയം, മെസേജിൽ നാരങ്ങക്ക് പി.എച്ച് 9.9 ആണെന്നാണ്.
വെളുത്തുള്ളിയുടെ യഥാർഥ പി.എച്ച് 5.8 ആണെങ്കിൽ മെസേജിലത് 13.2 ആണെന്ന് പറയുന്നു. അതുപോലെ മാങ്ങയുടേത് ആറ് ആണ് പി.എച്ച്. മെസേജിലത് 8.7 ആണ്. പൈനാപ്പിളിേൻറത് അഞ്ചിൽ താഴെയാണ്, മെസേജിൽ 12.7!!
ഒരു വസ്തുവിന് ഉണ്ടായിരിക്കാൻ പറ്റുന്ന പരമാവധി പി.എച്ച് (സാധാരണ സാഹചര്യത്തിൽ) 14 ആണ്. എന്നാൽ, ആ മെസേജിൽ അവോക്കാഡോയ്ക്ക് 15.6 ഉണ്ടെന്നും ഡാൻഡെലിയോണിന് പി.എച്ച് 22.7 ആണെന്നും ഒക്കെ പറയുന്നുണ്ട്. ഇത്തരത്തിൽ പുലബന്ധംപോലുമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഒട്ടും ശരിയല്ല.
മനുഷ്യനെ പേടിപ്പിക്കുന്ന ഹോക്സുകൾക്ക് മറ്റൊരുദാഹരണമായിരുന്നു, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചശേഷം പാചകംചെയ്ത വീട്ടമ്മയുടെ പൊള്ളിയ കൈ ആണെന്നും പറഞ്ഞുള്ള ഓഡിയോയും അനുബന്ധമായി രണ്ടു ചിത്രങ്ങളും ഉൾപ്പെടുന്ന ഒരു വാട്സ്ആപ് സന്ദേശം.
എല്ലാവർക്കുമറിയാം ഹാൻഡ് സാനിറ്റൈസറിൽ ആൾക്കഹോൾ ചേർന്നിട്ടുണ്ടെന്ന്. അതാ പാക്കറ്റിൽ എഴുതിയിട്ടുമുണ്ടാവും. പക്ഷേ, സാധാരണ നിഷ്കർഷിക്കുന്നപോലെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ തീയിൽ നേരിട്ട് കാണിച്ചാലും അത് കൈയിലിരുന്ന് കത്തില്ല. കാരണം, ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകളിലെ ഈ ആൽക്കഹോൾ കൈകളിൽ പുരട്ടിക്കഴിഞ്ഞ്, ഏതാനും സെക്കൻഡുകൾക്കുള്ളിൽ പൂർണമായും ബാഷ്പീകരിക്കപ്പെടും. എന്തെങ്കിലും കൈയിൽ അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നെങ്കിൽ, അത് ഹാൻഡ് സാനിറ്റൈസറിലെ അഡിറ്റീവുകളായിരിക്കും.
എന്നാൽ, കൈയിൽ ആവശ്യത്തിലധികം സാനിറ്റൈസർ ഒഴിച്ചാൽ അത് ബാഷ്പീകരിക്കപ്പെടാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ആവശ്യമുള്ള അളവിലാണോ എടുത്തതെന്നറിയാൻ കൈ 20-30 സെക്കൻഡുകൾക്കുള്ളിൽ പൂർണമായും ഉണങ്ങിയോ എന്ന് നോക്കിയാൽ മതിയെന്ന് നമ്മൾ പറയാറുണ്ട്. അപ്പോഴേക്കും ഉണങ്ങിയില്ലെങ്കിൽ അളവ് കൂടുതലാണെന്നർഥം. ആദ്യ പ്രാവശ്യം അളവ് കൂടുതലാണെങ്കിൽ, അടുത്ത പ്രാവശ്യം എടുക്കുമ്പോൾ അതിനനുസരിച്ച് അളവ് കുറക്കുക.
വേറെയും ധാരാളമുണ്ട്. മഞ്ഞളും വെളുത്തുള്ളിയും കഴിച്ചാൽ വൈറസിനെ പ്രതിരോധിക്കാമെന്നും രസം (കറി) കഴിച്ചാൽ പ്രതിരോധം ലഭിക്കുമെന്നും വൈറ്റമിൻ സി ഗുളികകൾ കഴിച്ചാൽ വൈറസ് പിടിപെടില്ലാന്നുമൊക്കെയുള്ള സന്ദേശങ്ങളെല്ലാം തന്നെ ഹോക്സുകളാണ്.
ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തുവിടാതെ 15വരെ ബുദ്ധിമുട്ടില്ലാതെ എണ്ണാൻ കഴിയുമെങ്കിൽ കോവിഡ് ബാധ ഇല്ല എന്ന് ഉറപ്പിക്കാം എന്നുള്ള സന്ദേശവും ഇതിനകം കിട്ടിയിട്ടുണ്ടാവും. അതുപോലെ ആൾക്കഹോൾ കുടിച്ചാൽ, നാരങ്ങയിട്ട ചൂടുവെള്ളം കുടിച്ചാൽ, അക്യുപങ്ചർ ചെയ്താൽ, യോഗ ചെയ്താൽ, ഗോമൂത്രം കുടിച്ചാൽ ഒക്കെ കൊവിഡ് വരില്ലെന്ന സന്ദേശങ്ങളും.
കോവിഡ് ഒരു പുതിയ രോഗമാണ്. മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലേക്ക് പോകുന്ന രോഗികളിൽ മുമ്പുണ്ടായിരുന്ന പല മരുന്നുകളും പരീക്ഷിച്ചുകൊണ്ടുള്ള ചികിത്സാരീതിയാണ് ലോകത്താകെയിന്ന് നടക്കുന്നത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.