പ്രളയക്കെടുതി:പകർച്ചവ്യാധി ഭീഷണിയാകാം
text_fieldsപ്രളയശേഷമുള്ള പകർച്ചവ്യാധികൾ ജീവന് ഭീഷണിയാകാം. അങ്ങനെ സംഭവിക്കാതിരിക്കാൻ മുൻകരുതൽ വേണം.
•പ്രളയജലം മലിനമയമാണ്. എല്ലാതരം മാലിന്യങ്ങളും അടങ്ങിയ ഈ വെള്ളം രോഗാണു വാഹിനിയാണ്. കെട്ടിക്കിടക്കുന്നിടത്തുനിന്ന് ഒഴുക്കിക്കളയാൻ വേണ്ടത് ചെയ്യുക. കുട്ടികളെ വെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. കാലിൽ വ്രണമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കുക.
•സെപ്റ്റിക് ടാങ്കും അനുബന്ധ സംവിധാനങ്ങളും തകരാറായിട്ടുണ്ടാവും. ആ മലിനജലം കിണറുകളിലേക്ക് ഒഴുകിയിട്ടുണ്ടാവാം. തെളിഞ്ഞവെള്ളം ആണെങ്കിലും ബ്ലീച്ചിങ് ചെയ്ത ശേഷം മാത്രമേ ഉപയോഗിക്കാവൂ.
•കൊതുകുകൾക്ക് വളരാൻപറ്റിയ കാലാവസ്ഥയും അനുകൂല സാഹചര്യങ്ങളുമാണ് ഇപ്പോൾ. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുകുകളുടെ ലാർവകൾ നശിപ്പിക്കുക. കൊതുക് കടിക്കെതിരെ ജാഗ്രത പുലർത്തുക.
•ചെറിയ അസ്വസ്ഥത തോന്നിയാൽപോലും അടിയന്തര മെഡിക്കൽ പരിശോധനക്ക് വിധേയമാവുക. പകർച്ചവ്യാധികൾക്ക് ഇടം നൽകരുത്.
•പഴകിയ ഭക്ഷണം കഴിക്കരുത്. ശുദ്ധവെള്ളം മാത്രം കുടിക്കുക. കുറച്ചു ദിവസം മിനറൽ വാട്ടറോ നന്നായി തിളപ്പിച്ച് ആറിയ വെള്ളമോ കുടിക്കുക.
•വീടും പരിസരവും നന്നായി ശുചിയാക്കുക.
ശുദ്ധീകരിച്ച വെള്ളം കുടിക്കാം
പ്രായോഗികവും ഫലപ്രദവും ശക്തവുമായ അണുനശീകരണ മാർഗമാണ് ക്ലോറിനേഷൻ. ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കാൻ ക്ലോറിനേഷൻതന്നെയാണ് ഉത്തമം. ബ്ലീച്ചിങ് പൗഡറാണ് ഇതിന് ഉപയോഗിക്കുന്നത്. തെളിഞ്ഞുകാണുന്ന എല്ലാ വെള്ളവും സുരക്ഷിതമാണെന്ന് കരുതേണ്ട. വെള്ളത്തിൽ രോഗകാരികളായ അണുക്കളുടെ സാന്നിധ്യമുണ്ടാകാം. ഒമ്പത് അടി വ്യാസമുള്ള കിണറിലെ ഒരുകോൽ വെള്ളത്തിന് ഏകദേശം അര ടേബ്ൾസ്പൂൺ/ അര തീപ്പെട്ടിക്കൂട് ബ്ലീച്ചിങ് പൗഡർ മതി. ഒമ്പത് അടി വ്യാസമുള്ള റിങ് ഇറക്കിയ കിണറാണെങ്കിൽ മൂന്ന് റിങ്ങിന് ഒരു ടേബ്ൾസ്പൂൺ ബ്ലീച്ചിങ് പൗഡർ മതിയാകും.
അളവനുസരിച്ച് ബ്ലീച്ചിങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെള്ളമൊഴിച്ച് വൃത്തിയുള്ള, ഉണങ്ങിയ കമ്പുകൊണ്ട് നന്നായി ഇളക്കുക. ആ ലായനി അഞ്ചു മിനിറ്റ് ഊറാൻ വെക്കുക. തെളിഞ്ഞ ക്ലോറിൻ വെള്ളം ബക്കറ്റിൽ ഒഴിച്ച് കിണറ്റിലേക്ക് ഇറക്കുക. വെള്ളം നന്നായി ഇളക്കുക. ക്ലോറിൻ വെള്ളം എല്ലായിടത്തും എത്താനാണിത്. അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാം. കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽനിന്ന് പുറത്തേക്കു പോകാൻ സഹായിക്കും. വെള്ളപ്പൊക്ക ഭീഷണി നേരിട്ട സ്ഥലങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം. അതിനായി ബ്ലീച്ചിങ് പൗഡറിെൻറ അളവ് ഇരട്ടിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.