നോമ്പുകാലത്തെ ഭക്ഷണം
text_fieldsനോമ്പനുഷ്ഠിക്കുമ്പോള് ഭക്ഷണരീതി തികച്ചും ലാളിത്യമാർന്നതായിരിക്കണം. ഭക്ഷണത്തിെൻറ ദഹനം, ഊർജസംഭരണം, ഊർജത്തിെൻറ പുനരുപയോഗം എന്നിവയെല്ലാം അത്യന്തം സൂക്ഷ്മവും സങ്കീർണവുമായ പ്രക്രിയകളാണ്. ഈ പ്രക്രിയകളെ നിയന്ത്രിക്കുന്ന ശാരീരിക സംവിധാനങ്ങൾ കുറ്റമറ്റതായി നിലനിൽക്കണമെങ്കിൽ അവക്കെല്ലാം പ്രവർത്തിക്കേണ്ട ആവശ്യവും അവസരവും ഉണ്ടാകണം.
●നോമ്പ് മുറിക്കുന്നത് ലഘുവായ ഭക്ഷണംകൊണ്ടാവണം. പഴവർഗങ്ങളും പഴച്ചാറുകളും ധാരാളം വെള്ളം, തരിക്കഞ്ഞി മുതലായവയും ഉപയോഗിക്കുന്നതാണ് ഉത്തമം.
●അമിത ഭക്ഷണം പാടില്ല. വിശ്രമത്തിലായിരുന്ന ദഹനേന്ദ്രിയ വ്യവസ്ഥയിലേക്ക് പെട്ടെന്ന് അമിതഭക്ഷണമെത്തുമ്പോൾ അത് ദഹനക്കേടിനും അസിഡിറ്റിക്കുമൊക്കെ കാരണമാകും
●ചെറിയ തോതിൽ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഈ നിയന്ത്രണം.
●വേനലിലെ നോമ്പ് പലരിലും നിർജലീകരണ പ്രശ്നം സൃഷ്ടിക്കാൻ ഇടയാകും. നോമ്പെടുക്കുമ്പോഴും തുറക്കുമ്പോഴും ധാരാളം വെള്ളം കുടിക്കണം.
●വൈകുന്നേരം കഴിക്കാനുള്ള മരുന്നുകൾ നോമ്പ് തുറന്ന ഉടനെ കഴിക്കാം. കൂടുതൽ ഭക്ഷണം കഴിച്ചേ തീരൂ എന്ന് തോന്നുന്നവർ ചുരുങ്ങിയപക്ഷം നമസ്കരിച്ചശേഷം ഏതാനും മണിക്കൂറുകളുടെ ഇടവേള ഇട്ട് കഴിക്കുന്നതാണ് അഭികാമ്യം
●ഫ്രൈ ചെയ്യുന്നതിന് പകരം ആവിയിൽ വേവിച്ച ഭക്ഷണമാണ് കൂടുതൽ ഉത്തമം. ആവശ്യമെങ്കിൽ എണ്ണ കുറച്ച് ലഘുവായ ഫ്രയിങ്, ബേക്കിങ്, ഗ്രില്ലിങ് പാചകരീതികൾ സ്വീകരിക്കാം.
●എണ്ണ ഉപയോഗിച്ചുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും വയറിന് കനം തോന്നുന്ന ഫാസ്റ്റ് ഫുഡും ഇറച്ചിയും മറ്റും ഒഴിവാക്കുന്നതാണ് ഉത്തമം. കഞ്ഞി ഉപയോഗം മൂലം ധാരാളം വെള്ളം ശരീരത്തിൽ ചെല്ലുന്നു. അതുമൂലം മൂത്രസംബന്ധമായ പ്രയാസങ്ങളും മറ്റും തടയാൻ സഹായകമാകുന്നു. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഒഴിവാക്കണം.
●നോമ്പിെൻറ ഗുണം പൂർണമായി കിട്ടാൻ സസ്യാഹാരിയാകുന്നതാണ് ഉചിതം. മത്സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. നോമ്പുകാലത്തെ അമിത ആലസ്യത്തിനും ഇത്തരം കൊഴുപ്പും മധുരവുമുള്ള ഭക്ഷണം കഴിക്കുന്നത് ഇടയാകാറുണ്ട്.
●പുലർച്ചക്ക് മുമ്പായുള്ള അത്താഴ ഭക്ഷണത്തിൽ ഇറച്ചി, മീൻ, പൊറോട്ട, എണ്ണപ്പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. മാംസം/മത്സ്യം എന്നിവ കറിവെച്ച് ഭക്ഷിക്കുന്നതാണ് നല്ലത്.
●രക്തസമ്മർദമുള്ളവർ മുരിങ്ങയില കൂടുതൽ ഉൾപ്പെടുത്തുക.
●കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, കഫീൻ കുടുതൽ മൂത്രം ഉൽപാദിപ്പിക്കുക വഴി നിർജലീകരണത്തെ പ്രോത്സാഹിപ്പിക്കും. അത് ക്ഷീണത്തിന് വഴിവെക്കും.
●മുഴു ധാന്യങ്ങളും പാൽ അധിഷ്ഠിത പലഹാരങ്ങളും ഉത്തമമാണ്.
●ശക്തിയേറിയ വേദനസംഹാരി ഔഷധങ്ങൾ ഒഴിവാക്കുക. ദഹനപ്രശ്നങ്ങളും ആമാശയ/കുടൽ വ്രണങ്ങളും വർധിക്കാതിരിക്കാൻ ഇത് ആവശ്യമാണ്.
●നോമ്പ് തുറക്കുമ്പോൾ കാരക്ക ഉപയോഗിക്കാം. കാരക്കയിൽ ഗ്ലൂക്കോസും ഫ്രക്ടോസും നാരും പൊട്ടാസ്യവും മഗ്നീഷ്യവും വിറ്റമിൻ ബിയും ധാരാളമുണ്ട്. വലിയ കേലാറിക് മൂല്യമുള്ള ഈത്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമേണ കൂട്ടുകയും വിശപ്പിനെ അകറ്റുകയും ചെയ്യുന്നു. തലച്ചോറിെൻറ പ്രവർത്തനത്തിന് ഇത് ഗുണകരമാണ്.
●നോമ്പു തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ആവശ്യമെങ്കിൽ ചായ കുടിക്കാം, പക്ഷേ, കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.
●ധാരാളം പഴങ്ങളും പച്ചക്കറികളും വെള്ളവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദഹന ബുദ്ധിമുട്ടുകൾക്കും ശോധനക്കുറവിനും ഇത് നല്ലതാണ്.
●അത്താഴസമയത്ത് ലഘുവായി മാത്രം ഭക്ഷണം കഴിക്കാം.
ആസ്ത്മയും നോമ്പും
ആസ്ത്മ രോഗികൾക്കും നോമ്പുകാലത്ത് ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താവുന്നതാണ്. 12 മുതൽ 24 മണിക്കൂർ വരെ പ്രയോജനം ലഭിക്കുന്ന മരുന്നുകൾ ഇന്ന് സുലഭമാണ്. ഇത്തരം മരുന്നുകൾ നോമ്പു മുറിച്ചാലുടനെയും നോമ്പ് തുടങ്ങുന്നതിനു തൊട്ടുമുമ്പും ഉപയോഗിക്കാം. എന്നാൽ, രോഗം നിയന്ത്രണ വിധേയമാവുന്നില്ലെങ്കിൽ എത്രയും വേഗം നോമ്പിൽനിന്ന് ഒഴിവായി വൈദ്യസഹായം നേടേണ്ടതാണ്.
ദഹനക്കുറവുള്ളവർ നോമ്പെടുക്കുമ്പോൾ
●രാത്രി അമിതഭക്ഷണം ഒഴിവാക്കിയാൽ പിറ്റേദിവസം പകൽസമയത്തെ ക്ഷീണം കുറയും.
●നോമ്പുതുറന്നാൽ ലഘുവായി മാത്രം ഭക്ഷണം കഴിച്ചുതുടങ്ങുക.
●അജീർണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണു നല്ലത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്.
●അമിതമായി കൊഴുപ്പുള്ളതും പൊരിച്ചതും എരിവും പുളിയുമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
●ചായ, കാപ്പി, കോള, പുകവലി എന്നിവ ഒഴിവാക്കുക
●ഉറങ്ങുമ്പോൾ തലയണവെച്ച് തലഭാഗം ഉയർത്തിവെക്കുക.
●അൻറാസിഡ്, റാനിറ്റിഡിൻ/ഒമിപ്രസോൾ പോലുള്ള മരുന്നുകൾ കഴിക്കുന്നവർ അവ തുടരണം.
തയാറാക്കിയത്
സുബൈർ പി. ഖാദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.