നിരാശ മൂലം ഗ്യാസ് ട്രബിൾ ഉണ്ടാകുമോ?
text_fieldsസാമൂഹികമായും സാംസ്കാരികമായും അതിലുപരി ആരോഗ്യപരമായും പുരോഗമിച്ച കേരള ജനത തുടക്കംമുതലേ ദഹനവ്യവസ്ഥയെയും ഉദരരോഗങ്ങളെയും കുറിച്ച് നല്ല അവഗാഹം വെച്ചുപുലർത്തുന്ന ഒരു സമൂഹമാണ്. ‘ഒരു ചാൺ വയറിനുവേണ്ടി’ എന്ന ചൊല്ല് ഇതിന് തെളിവാണ്. എല്ലാ രോഗങ്ങളും വയറ്റിൽനിന്നാണ് ആരംഭിക്കുന്നെതന്ന ചിന്താഗതി കേരളീയ സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവൻ വ്യാപിച്ച ഒരു ആശയമാണ്.
എന്നാൽ, ഇന്ന് മാറിയ സാഹചര്യത്തിൽ ഉദരരോഗങ്ങൾ വർധിച്ചുവരുന്ന ഒരു കാഴ്ച നമ്മൾ കാണുന്നു. ഭക്ഷണക്രമത്തിൽ വന്ന മാറ്റങ്ങൾ, തിരക്കുള്ള ജീവിത സാഹചര്യങ്ങൾ, മാനസിക സമ്മർദങ്ങൾ തുടങ്ങിയവ ഇതിന് ചില കാരണങ്ങൾ ആണ്. ഉദരരോഗങ്ങളിൽ ഗ്യാസ് രോഗം (Dyspepsia) വളരെ സാധാരണമാണ്.
ഗ്യാസ് ഒരു രോഗമാണോ? അതോ രോഗലക്ഷണേമാ?
ഒരേസമയം ഗ്യാസ് ഒരു രോഗവും രോഗലക്ഷണവുമാണ്. പല രോഗങ്ങളിലും ഗ്യാസിെൻറ ബുദ്ധിമുട്ടുകൾ പ്രകടമാകാറുണ്ട്. ഉദാഹരണത്തിന് അൾസർ രോഗങ്ങൾ, ഉദരത്തിലെ അർബുദം തുടങ്ങിയവ. എന്നാൽ, വ്യക്തമായ ഒരു കാരണം ഇല്ലാതെ ഉണ്ടാകുന്ന ഗ്യാസിെൻറ ബുദ്ധിമുട്ടിനെ ഗ്യാസ് രോഗം (Functional Dyspepsia) എന്ന് വിളിക്കാം.
മറ്റ് ഏതെല്ലാം രോഗങ്ങൾക്ക് ഗ്യാസ് ഒരു രോഗലക്ഷണമാണ്?
ആമാശയത്തിലും ചെറുകുടലിലും ഉള്ള അൾസർ, ഗ്യാസ്ട്രൈറ്റിസ് (Gastritis), ആമാശയ അർബുദം, കുടലിെൻറ ചുരുക്കം അല്ലെങ്കിൽ തടസ്സം, ഹൃദ്രോഗം, കിഡ്നി സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ്, പ്രമേഹം തുടങ്ങിയ അനവധി രോഗങ്ങളിൽ ഗ്യാസ് ഒരു രോഗലക്ഷണമാണ്.
ഗ്യാസ് എന്ന രോഗത്തിെൻറ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഗ്യാസ് രോഗം രണ്ടായി തിരിച്ചിട്ടുണ്ട്. വയറിെൻറ വീർപ്പ് കൂടിവരുന്നതാണ് പ്രധാന ലക്ഷണമെങ്കിൽ ഇതിനെ post prandial abdominal distension എന്ന് വിളിക്കാം. ഭക്ഷണത്തിനുശേഷം വയറുവേദന വരുന്നതാണ് പ്രധാന ലക്ഷണം എങ്കിൽ അതിനെ epigastric pain syndrom എന്ന് പറയാം. വയർ വീർത്തുവരുക, ഭക്ഷണത്തിനുശേഷം വയർ എരിച്ചിൽ, ഓക്കാനം, അൽപം ഭക്ഷണം കഴിച്ചാൽത്തന്നെ വയർ നിറയുക, വയറ്റിൽ ഉരുണ്ടുകയറുക, വയറുതിളക്കുക തുടങ്ങിയ പല ലക്ഷണങ്ങളും ഗ്യാസ് രോഗമുള്ളവർ പറയാറുണ്ട്. തെൻറ വയർ ശരിയല്ല എന്ന തോന്നൽ ഉണ്ടാക്കും. രോഗലക്ഷണങ്ങൾ വളരെ നീണ്ടുനിൽക്കാറുണ്ട്.
ഗ്യാസ്മൂലം തലവേദന, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ട് വരുമോ?
സാധാരണ ഗ്യാസ് രോഗത്തിൽ കാണാത്ത ലക്ഷണങ്ങൾ ആണ് ഇവ. രോഗം വളരെ സാധാരണമാണെങ്കിലും രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുണ്ട്. ആയതിനാൽ തലവേദന, ശരീരവേദന, പുറംവേദന, മലബന്ധം, വയറിളക്കം, ഛർദി തുടങ്ങിയവ ഗ്യാസ് രോഗം മൂലമാണെന്ന് പലരും ധരിച്ചുവെക്കാറുണ്ട്. എന്നാൽ, ഇതൊരു തെറ്റിദ്ധാരണയാണ്.
ഗ്യാസ് രോഗംമൂലം രോഗിക്ക് മരണം സംഭവിക്കാമോ?
ഇത് മരണകാരണം ആയ ഒരു രോഗമല്ല. ഗ്യാസ് രോഗംമൂലം രോഗിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം എന്നേയുള്ളൂ. എന്നാൽ, പലപ്പോഴും മരണകാരണം ആകാവുന്ന ഹൃദ്രോഗങ്ങൾ ഗ്യാസ് രോഗങ്ങളായി രോഗികൾ തെറ്റിദ്ധരിക്കാറുണ്ട്. ഇതുമൂലം രോഗികൾ മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ‘ഗ്യാസിെൻറ അസുഖം ആണ് എന്ന് വിചാരിച്ചിരുന്നു. പക്ഷേ, ഇന്ന് രാവിലെ പെെട്ടന്ന് അദ്ദേഹം മരിച്ചുപോയി’ എന്ന് പറയുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടല്ലോ.
ഗ്യാസ് രോഗവും ഹൃദ്രോഗവും എങ്ങനെ തിരിച്ചറിയാം?
ഭക്ഷണത്തിനു ശേഷം രോഗം മൂർച്ഛിക്കുന്നത് സാധാരണ ഗ്യാസ് രോഗത്തിെൻറ ലക്ഷണമാണ്. ഹൃദ്രോഗ ലക്ഷണം നെഞ്ചിലാണ് പ്രകടമാകുന്നത്. നെഞ്ചിന് മുകളിൽ ഭാരംപോലെയും കലശലായ വേദനയായും ഇത് അനുഭവപ്പെടാം. നടക്കുമ്പോഴും കയറ്റം കയറുമ്പോഴും ഇത് തീവ്രമാകും. രോഗിക്ക് മരണം അടുത്തെത്തിയെന്ന തോന്നലുവന്നേക്കാം. ശരീരം വിയർക്കുന്നതും ഹൃദ്രോഗ ലക്ഷണമാണ്.
ഗ്യാസ് രോഗം നിർണയിക്കുന്നതിന് ഏതെല്ലാം പരിശോധനകൾ ആവശ്യമാണ്?
സാധാരണഗതിയിൽ രോഗലക്ഷണങ്ങളിൽനിന്ന് രോഗനിർണയം സാധ്യമാണ്. എന്നാൽ, ചിലപ്പോൾ രോഗനിർണയം സാധ്യമാക്കാൻ രക്തപരിശോധനകൾ, സ്കാനിങ്, എൻഡോസ്കോപ്പി തുടങ്ങിയവ ആവശ്യമായി വന്നേക്കാം.
എല്ലാ ഗ്യാസ് രോഗികൾക്കും എൻഡോസ്കോപ്പി ആവശ്യമാണോ?
ഒരു കാമറ ഉള്ളിൽ കടത്തിയുള്ള പരിശോധനയാണ് എൻഡോസ്കോപ്പി. സാധാരണ എല്ലാ ഗ്യാസ് രോഗികൾക്കും എൻഡോസ്കോപ്പി ആവശ്യമില്ല. എന്നാൽ, ചില സന്ദർഭത്തിൽ അത് ആവശ്യവുമാണ്. അകാരണമായ ഭാരനഷ്ടം, വയറ്റിലെ മുഴ, രക്തക്കുറവ്, മരുന്ന് രോഗത്തോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ എൻഡോസ്കോപ്പി ആവശ്യമാണ്.
ഗ്യാസ് അർബുദ സാധ്യത വർധിപ്പിക്കുമോ?
ഗ്യാസ് രോഗം അർബുദ സാധ്യത വർധിപ്പിക്കില്ല. എന്നാൽ, രോഗികളിൽ സാധാരണ കാണുന്ന പരിഭ്രാന്തിയാണിത്. പലപ്പോഴും ഗ്യാസ് രോഗം വളരെ നാളുകൾ നീണ്ടുനിൽക്കുന്നതുകൊണ്ട് ഇത് അർബുദരോഗത്തിന് കാരണമാകും എന്ന തെറ്റിദ്ധാരണ രോഗികൾ പുലർത്തിവരുന്നുണ്ട്. വാസ്തവത്തിൽ പല രോഗികളും ഡോക്ടറുടെ അടുത്ത് പോകുന്നതുതന്നെ അർബുദ ഭയം ഉള്ളതുകൊണ്ടാണ്. വളരെനാൾ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ രോഗിക്ക് കൂടുതൽ ആശങ്ക നൽകുന്നു. ചില സാഹചര്യത്തിൽ അർബുദ രോഗവും ഗ്യാസ് രോഗവും തമ്മിൽ വേർതിരിക്കുന്നതിന് ചില പരിശോധനകൾ ആവശ്യമാണ്.
എന്താണ് ഹെലികോബാക്റ്റർ പൈലോറിയും വിട്ടുമാറാത്ത ഗ്യാസും
H pylori എന്നത് ഒരു ബാക്ടീരിയ ആണ്. ഈ ബാക്ടീരിയക്ക് ആമാശയത്തിൽ വികസിക്കുന്നതിനുള്ള സവിശേഷമായ കഴിവുണ്ട്. സാധാരണ ഗതിയിൽ ആമാശയത്തിൽ ബാക്ടീരിയ തുടങ്ങിയുള്ള സൂക്ഷ്മജീവികളുടെ ആക്രമണം വളരെ അപൂർവമാണ്. എന്നാൽ, ചില സവിശേഷമായ ഘടകങ്ങൾ ഈ ബാക്ടീരിയയെ ആമാശയത്തിൽ ജീവിക്കുന്നതിന് പ്രാപ്തമാക്കുന്നു. ഈ ബാക്ടീരിയ ചികിത്സിച്ചാൽ ഭേദമാകാത്ത ഗ്യാസ് രോഗം ഉണ്ടാകാൻ കാരണമാകാം. ഈ അണുബാധയുള്ള ആളുകൾക്ക് ആമാശയ വ്രണങ്ങൾ, ആമാശയ അർബുദം, lymphoma (ഒരുതരം അർബുദം) മുതലായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത് ഒരു മാറാരോഗമാണോ?
രോഗം തീർച്ചയായും നീണ്ടുനിൽക്കുന്ന സ്വഭാവം കാണിക്കാവുന്നതാണ്. പക്ഷേ, ചിട്ടയായ ജീവിത രീതികളിലൂടെയും ചികിത്സകളിലൂടെയും ഭേദമാക്കാവുന്നതുമാണ്. ഭക്ഷണനിയന്ത്രണം, ജീവിതശൈലി പുനഃക്രമീകരിക്കുക, മരുന്നുകൾ തുടങ്ങിയവ ഈ രോഗം ഭേദമാക്കാൻ പ്രധാനമാണ്.
ഈ രോഗത്തിെൻറ ചികിത്സ എന്തൊക്കെയാണ്?
ഏറ്റവും പ്രധാനം രോഗം മാരകമല്ല എന്ന തോന്നൽ രോഗിയിൽ ഉണ്ടാക്കുകയാണ്. ഭക്ഷണക്രമം, ജീവിതശൈലിയിൽ മാറ്റം വരുത്തുക, മരുന്നുകൾ തുടങ്ങിയവ ഈ രോഗത്തിെൻറ ചികിത്സയിൽ പ്രധാനമാണ്. സാധാരണ രോഗികൾ പ്രതീക്ഷിക്കുന്നത് രോഗം മരുന്നുകൊണ്ട് ഭേദമാക്കാം എന്നാണ്. എന്നാൽ, ഈ രോഗത്തിന് മരുന്നുപോലെ ഭക്ഷണക്രമീകരണവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും അത്യന്താപേക്ഷിതമാണ്.
എന്തെല്ലാം ഭക്ഷണക്രമീകരണങ്ങളും ജീവിതശൈലീ മാറ്റങ്ങളുമാണ് രോഗി അനുവർത്തിക്കേണ്ടത്?
രോഗി മാനസിക സമ്മർദം ഒഴിവാക്കണം. തിരക്കിട്ട് ഭക്ഷണം കഴിക്കാതെ ചവച്ചരച്ച് സമാധാനമായി കഴിക്കുന്നത് നല്ലതാണ്. കുറഞ്ഞ അളവിൽ കൂടുതൽ തവണ കഴിക്കുന്നത് ഈ രോഗത്തിന് പ്രയോജനം ലഭിക്കും. കാപ്പി, ചായ, ഗ്യാസുള്ള പാനീയങ്ങൾ തുടങ്ങിയവ നല്ലതാണ്. എരിവ്, പുളി തുടങ്ങിയവ കൂടിയ ഭക്ഷണം രോഗത്തിന് േദാഷംചെയ്യും. ഇതുകൂടാതെ മദ്യം, പുകവലി തുടങ്ങിയവ രോഗത്തെ വിപരീതമായി ബാധിക്കും. രോഗി അമിതമായി ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെ വയർ കാലിയാകാനും പാടില്ല. കൂടുതൽ കൊഴുപ്പ് ഉള്ള ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചാൽ ഉടൻ കിടന്നുറങ്ങുന്ന ശീലം തീർച്ചയായും ഒഴിവാക്കണം.
ഈ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉള്ളതാണോ?
പലതരത്തിലുള്ള മരുന്നുകളും ഈ രോഗചികിത്സക്ക് ഇന്ന് ലഭ്യമാണ്. ഇവ താരതമ്യേന പാർശ്വഫലം കുറഞ്ഞവയാണ്. പല മരുന്നുകളും തുടർച്ചയായി കഴിക്കേണ്ടതാണ്. ആയതിനാൽ ഇവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക.
ഗ്യാസ് രോഗവും നിരാശയുമായി ബന്ധമുണ്ടോ?
ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്. ഗ്യാസ് രോഗംകൊണ്ട് നിരാശയും മറിച്ച് നിരാശകൊണ്ട് ഗ്യാസ് രോഗവും ഉണ്ടാകുന്നു. പലപ്പോഴും ഗ്യാസ് രോഗം ചികിത്സിക്കുന്ന ഘട്ടത്തിൽ ഡോക്ടർമാർ നിരാശക്കുള്ള മരുന്നും നിർദേശിക്കാറുണ്ട്. പക്ഷേ, പലപ്പോഴും രോഗികൾ ഈ നിരാശ തിരിച്ചറിയാത്തതും സാരമായെടുക്കാത്തതും ചികിത്സയെ പ്രതികൂലമായി ബാധിക്കാറുണ്ട്.
ഗ്യാസ് രോഗം ഏതെല്ലാം പ്രത്യേക വിഭാഗങ്ങളിൽ ആണ് കൂടുതലായി കാണുന്നത്?
മാനസിക സമ്മർദം ഉള്ളവരിൽ, ഇരുന്ന് ജോലി ചെയ്യുന്നവരിൽ, കൃത്യമായി ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്നവരിൽ, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരിൽ ഗ്യാസ് രോഗം കൂടുതലായി കാണാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.