ഇറച്ചി അമിതമായി കഴിക്കുന്നത് ഗൗട്ട് രോഗമുണ്ടാക്കുമോ?
text_fieldsഎന്താണ് ആർത്രൈറ്റിസ്? ആർത്രൈറ്റിസ് രോഗം പലതരമുണ്ടോ?
സന്ധി എന്നാണ് ആർത്രോ എന്ന വാക്കിനർഥം. സന്ധികൾക്കുണ്ടാകുന്ന നീർക്കെട്ടിനെയാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ് എന്നു വിളിക്കുന്നത്. കുട്ടികൾ മുതൽ വയോധികർ വരെ ഏതു പ്രായക്കാരിലും ആർത്രൈറ്റിസ് വരാം. ജീവിതശൈലീ പ്രശ്നങ്ങൾ, ഒാട്ടോ ഇമ്യൂൺ തകരാറുകൾ തുടങ്ങി കാരണവും പലതുണ്ട്. ആർത്രൈറ്റിസ് ഒറ്റ രോഗമല്ല, പലതരമുണ്ട്. അസ്ഥികൾ, സ്നായുക്കൾ, കശേരുക്കൾ, ചലനവള്ളികൾ, അനുബന്ധ പേശികൾ തുടങ്ങി ചലനത്തെ സഹായിക്കുന്ന വിവിധ ശരീരഭാഗങ്ങളെ ആർത്രൈറ്റിസ് ബാധിക്കാം. ഒാസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ്, റുമാറ്റിക് ഫിവർ, ഗൗട്ട്, എസ്.എൽ.ഇ, സീറോ നെഗറ്റിവ് ആർത്രൈറ്റിസ് എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ആർത്രൈറ്റിസ് രോഗങ്ങൾ.
നമ്മുടെ നാട്ടില്‍ സന്ധിവാത രോഗങ്ങള്‍ കൂടിവരുകയാണോ? എന്താണിതിന് കാരണം?
ആധുനിക രോഗനിർണയ സംവിധാനങ്ങൾ നിലവിൽവന്നതോടെ പഴയ കാലത്തെ അപേക്ഷിച്ച് സന്ധിവാതരോഗങ്ങൾ കണ്ടെത്തുന്നത് വർധിച്ചിട്ടുണ്ട്. ഇത് രോഗം വർധിച്ചതുകൊണ്ടാണെന്നു പറയാനാവില്ല. രോഗനിർണയം വർധിച്ചതുകൊണ്ടാണ്. അതേസമയം, ജീവിതശൈലിയിലെ പ്രശ്നങ്ങൾമൂലം വന്നുചേരുന്ന ഒാസ്റ്റിയോ ആർത്രൈറ്റിസ്, ഗൗട്ട് പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്.
കുട്ടികളെ ബാധിക്കുന്ന റുമാറ്റിക് ഫീവര്‍ അഥവാ രക്തവാതം അപകടകാരിയാണോ?
കുട്ടികളെ ബാധിക്കുന്ന റുമാറ്റിക് ഫീവർ അഥവ രക്തവാതത്തിന് കൃത്യമായി ചികിത്സയെടുത്തില്ലെങ്കിൽ പിന്നീട് സങ്കീർണതകൾ വന്നുചേരും. അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് രക്തവാതം ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയാണ് രോഗകാരി. സന്ധിവീക്കവും പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ. രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ കൈമുട്ട്, കാൽമുട്ട്, കണങ്കാൽ തുടങ്ങിയ സന്ധികളിൽ ശക്തിയായ വേദനയും ചുവപ്പുനിറവും ഉണ്ടാവും. രോഗം തുടക്കത്തിൽതന്നെ ചികിത്സിച്ചില്ലെങ്കിൽ ഹൃദയവാൽവുകൾക്ക് ലീക്കോ ചുരുക്കമോ ഉണ്ടാകാം. ഹൃദയത്തിെൻറ പമ്പിങ് തകരാറിലാവാം. വളരെ അപൂർവമായി തലച്ചോറിനെയും ബാധിക്കാം.
എന്താണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്? എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
വ്യാപകമായി കാണപ്പെടുന്ന സന്ധിവാത രോഗമാണ് ഒാസ്റ്റിയോ ആർത്രൈറ്റിസ് അഥവ സന്ധി തേയ്മാനം. പ്രായമായവരിലാണ് ഇത് കൂടുതലായി കാണുന്നത്. സന്ധികൾക്കുള്ളിൽ എല്ലുകളെ പൊതിഞ്ഞിരിക്കുന്ന തരുണാസ്ഥിക്ക് തേയ്മാനം സംഭവിക്കുമ്പോൾ വേദന അനുഭവപ്പെടും. ശരീരഭാരം താങ്ങുന്ന സന്ധികൾ, കാൽമുട്ടുകൾ, കണങ്കാലിലെ സന്ധികൾ, ഇടുപ്പ് സന്ധികൾ, നട്ടെല്ലിലെ കശേരുക്കളുടെ സന്ധികൾ തുടങ്ങിയവയിൽ ഒാസ്റ്റിയോ ആർത്രൈറ്റിസ് രോഗികൾക്ക് വേദന അനുഭവപ്പെടും. വീക്കവും ഉണ്ടാവും. ഒാസ്റ്റിയോ ആർത്രൈറ്റിസ് രോഗികൾക്ക് നടക്കുകയോ ജോലിചെയ്യുകയോ ചെയ്യുമ്പോൾ കടുത്ത വേദന അനുഭവപ്പെടും.
റുമാറ്റോയ്ഡ് ആര്ത്രൈറ്റിസിെൻറ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
എല്ലുകളെ പൊതിയുന്ന സൈനോവിയൽ സ്തരത്തിലുണ്ടാകുന്ന നീർക്കെട്ടാണ് ആമവാതം അഥവ റുമാറ്റോയ്ഡ് ആർത്രൈറ്റിസ്. കാലക്രമേണ ഇത് തരുണാസ്ഥികളെയും സന്ധികളെയും ബാധിക്കുകയും വൈകല്യത്തിലേക്ക് എത്തുകയും ചെയ്യും. ചെറുതും വലുതുമായ സന്ധികളെ രോഗം ബാധിക്കും. തദ്ഫലമായി സന്ധികളിൽ നീർക്കെട്ടും വീക്കവും ഉണ്ടാവും. അപൂർവമായി ചിലരിൽ രോഗം ഹൃദയം, ശ്വാസകോശം, കണ്ണ് എന്നിവയെയും ബാധിക്കും. ചെറുപ്പക്കാരിലും പ്രത്യേകിച്ച് സ്ത്രീകളിലും ആമവാതം കൂടുതലായി കണ്ടുവരുന്നുണ്ട്. ആമവാത രോഗികൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ കടുത്ത വേദന അനുഭവപ്പെടും.
ഏതു പ്രായക്കാരിലാണ് സന്ധിവാത രോഗങ്ങള്‍ കൂടുതല്‍? സ്ത്രീകളിലാണോ പുരുഷന്മാരിലാണോ കൂടുതല്‍?
ഓരോ പ്രത്യേകതരം വാതരോഗവും പ്രത്യേക പ്രായഗ്രൂപ്പുകളിലാണ് കൂടുതൽ കാണുന്നത്. എന്നാൽ, ആറു മാസം പ്രായമുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ ഏതു പ്രായക്കാരിലും സന്ധിവാത രോഗങ്ങൾ വരാം. ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് കുട്ടികളിലുണ്ടാവുന്ന സന്ധിവാത രോഗങ്ങളാണ്. ഇത് പ്രത്യേകം ഒരു ഗ്രൂപ് തന്നെയാണ്. പ്രായമായവരിൽ എല്ലാ ഗ്രൂപ്പിലും ആർത്രൈറ്റിസ് രോഗങ്ങൾ കണ്ടുവരുന്നുണ്ട്. റുമാറ്റോയ്ഡ് ആർത്രൈറ്റിസ് 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അതേസമയം, ഓസ്റ്റിയോ ആർത്രൈറ്റിസ് കൂടുതലായി കാണുന്നത് 40നു മുകളിൽ പ്രായമുള്ളവരിലാണ്. ആങ്കയിലോസിങ് സ്പോണ്ടിലൈറ്റിസ് പോലുള്ള വാതരോഗങ്ങൾ 18നു മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്.
ഇറച്ചി അമിതമായി കഴിക്കുന്നത് ഗൗട്ടിന് കാരണമാകുമോ?
രക്തത്തിലെ യൂറിക് ആസിഡിെൻറ അളവ് കൂടുമ്പോൾ യൂറിക് ആസിഡ് പരലുകൾ സന്ധികൾക്കുള്ളിൽ അടിഞ്ഞുകൂടി വീക്കമുണ്ടാകുന്ന അവസ്ഥയാണ് ഗൗട്ട്. ഭക്ഷണരീതികളിലെ അപാകതകളാണ് പലപ്പോഴും ഇതിന് കാരണം. പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലമാണ് യൂറേറ്റ് പരലുകൾ സന്ധികളിൽ അടിയുന്നത്. ചുവന്ന മാംസം, മദ്യം എന്നിവയുടെ ഉപയോഗം ഇതിന് കാരണമാകാം.
ഗൗട്ടിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
20നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഗൗട്ട് കൂടുതലായി കാണുന്നത്. കാലിലെ തള്ളവിരലിെൻറ ചുവട്ടിലുള്ള സന്ധികളിലും കാലിെൻറ മറ്റു സന്ധികളിലുമാണ് വീക്കം ആദ്യമായി കാണുക. പിന്നീട് കൈവിരലുകളിലെ സന്ധികളിലേക്കും വീക്കം വ്യാപിക്കാം. ശക്തിയായ വേദന, ചുവപ്പുനിറം എന്നിവ അനുഭവപ്പെടും. പനിയും ഉണ്ടാകും. ചിലർക്ക് ചെവിക്കിടയിലും സന്ധികൾക്ക് ചുറ്റിലും യൂറിക് ആസിഡ് പരലുകൾ അടിഞ്ഞുകൂടി മുഴകൾ പ്രത്യക്ഷപ്പെടാം. വൃക്കയിലും യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകാം.
എന്താണ് ആങ്കയിലോസിങ് സ്പോണ്ടിലൈറ്റിസ്?
സീറോ നെഗറ്റിവ് ആർത്രൈറ്റിസ് വിഭാഗത്തിൽ പെടുന്നവയാണ് ആങ്കയിലോസിങ് സ്പോണ്ടിലൈറ്റിസ്. നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും ബാധിക്കുന്ന സന്ധിവീക്കമാണിത്. ഇത് പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് യുവാക്കളിൽ. ഇതൊരു പാരമ്പര്യ രോഗമാണ്. എച്ച്.എൽ.എ ബി 27 എന്ന പ്രത്യേക ജനിതകാവസ്ഥ ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. നട്ടെല്ലും ഇടുപ്പും ചേരുന്ന ഭാഗത്താണ് മുഖ്യമായും നീർക്കെട്ട് കാണുക. കഴുത്ത്, നട്ടെല്ലിെൻറ കീഴ്ഭാഗം, നിതംബം എന്നിവിടങ്ങളിലെ സന്ധികളിലും വാരിയെല്ലിനും നട്ടെല്ലിനും ഇടയിലെ സന്ധിയിലും നീർവീക്കം വരാം.
ആങ്കയിലോസിങ് സ്പോണ്ടിലൈറ്റിസ് ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ശക്തമായ നടുവേദനയാണ് രോഗത്തിെൻറ തുടക്ക ലക്ഷണം. ഇത് ദിവസം പുരോഗമിക്കുമ്പോൾ കുറയും. നട്ടെല്ല് ഉറച്ചതുപോലെയാകുന്നതിനാൽ നടു വളക്കാൻ പ്രയാസം അനുഭവപ്പെടും. നട്ടെല്ല്, പുറം, ചുമൽ, ഇടുപ്പ്, കണങ്കാൽ, മുട്ട് എന്നിവിടങ്ങളിലും വേദന അനുഭവപ്പെടാം. ഇടുപ്പ്, കണങ്കാൽ, കാൽമുട്ട് തുടങ്ങിയ സന്ധികളിൽ നീർവീക്കം അനുഭവപ്പെടും. കണ്ണിൽ വേദന, പുകച്ചിൽ, ചുവന്ന നിറം എന്നിവയും അനുഭവപ്പെടാം. രോഗം പുരോഗമിക്കുമ്പോൾ നെഞ്ചിെൻറ വികാസം തടസ്സപ്പെട്ട് ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെടാം.
െതാലിയില്‍ പാടുകളും സന്ധിവീക്കവും അനുഭവപ്പെടുന്നത് ലൂപ്പസ് (എസ്.എല്‍.ഇ) ലക്ഷണമാണോ?
പ്രതിരോധ സംവിധാനത്തിലെ തകരാറുമൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്യൂൺ രോഗമാണ് സിസ്റ്റമിക് ലൂപ്പസ് എരിത്തമാറ്റോസിസ് അഥവ ലൂപ്പസ്. ഇതുമൂലം രോഗിക്ക് വിളർച്ച അനുഭവപ്പെടാം. പനി, സന്ധിവേദന, മുടി കൊഴിച്ചിൽ, മുഖത്തും ശരീരഭാഗങ്ങളിലും ചുവന്നപാടുകൾ, വായ്പ്പുണ്ണ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. ലൂപ്പസ് രോഗം ഹൃദയം, തലച്ചോറ്, ശ്വാസകോശം, വൃക്ക എന്നിവയെയും ബാധിക്കാം. ജീവനുപോലും ഭീഷണിയാകാവുന്ന ഗുരുതര രോഗമാണിത്.
നടക്കുമ്പോള്‍ മുട്ടിനുള്ളില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നത് സന്ധി തേയ്മാനത്തിെൻറ ലക്ഷണമാണോ?
സന്ധി തേയ്മാനം കൂടുതലുള്ള രോഗികൾക്ക് സന്ധികളിൽ കടുത്ത വേദന അനുഭവപ്പെടും. നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമായിരിക്കും വേദന കൂടുതൽ. വിശ്രമിക്കുമ്പോൾ വേദന കുറയും. തരുണാസ്ഥികൾ നശിക്കുന്നതാണ് ഓസ്റ്റിയോ ആർത്രൈറ്റിസിെൻറ പ്രധാന കാരണം. ഇതുമൂലം എല്ലുകൾ തമ്മിൽ ഉരസാനിടയാകും. അപ്പോൾ വേദന കഠിനമാകും. കാൽമുട്ടിൽ ചൂട്, നീര്, സന്ധിയുടെ വലുപ്പം കൂടുക എന്നീ ലക്ഷണങ്ങളും അനുഭവപ്പെടാം. ഇത്തരക്കാർക്ക് മുട്ട് മടക്കാനും നിവർത്താനും കഴിയാതെവരും.
പതിവായി എ.സിയില്‍ ഇരിക്കുന്നത് വാതരോഗമുണ്ടാക്കുമോ?
പതിവായി എ.സിയിൽ ഇരിക്കുന്നത് സന്ധിവാതം ഉണ്ടാക്കുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, തണുപ്പും ഈർപ്പവും കൂടിയ കാലാവസ്ഥ ചില പ്രത്യേകതരം വാതരോഗമുള്ളവരിൽ ലക്ഷണങ്ങൾ വർധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. കാലാവസ്ഥയുമായി യോജിച്ചുപോകാനുള്ള ശരീരത്തിെൻറ പ്രയാസമാണ് ഇതിന് കാരണം. ഇത്തരക്കാർക്ക് തണുത്ത കാലാവസ്ഥയിൽ സന്ധികളിൽ വേദനയും നീർക്കെട്ടും വീക്കവും കൂടാം. ചിലർക്ക് പേശീവലിവും അനുഭവപ്പെടാം. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, സ്ക്ലീറോഡെർമ തുടങ്ങിയ വാതരോഗങ്ങളുള്ളവർക്ക് തണുപ്പ് സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത്തരക്കാരിൽ രോഗലക്ഷണങ്ങൾ വർധിക്കാനും സങ്കീർണതകൾ ഉണ്ടാകാനും തണുത്ത കാലാവസ്ഥ കാരണമായേക്കും.
സന്ധിവാതരോഗങ്ങള്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാവുമോ?
വാതരോഗങ്ങളെ ആധുനിക ചികിത്സാ രീതികളിലൂടെ പൂർണമായും അകറ്റിനിർത്താൻ കഴിയും. വേദനസംഹാരികളും സ്റ്റിറോയ്ഡുകളും മാത്രം ഉപയോഗിച്ചുള്ള പഴയ ചികിത്സയിൽനിന്ന് ചികിത്സരംഗം ഇന്ന് ഏറെ മാറിയിട്ടുണ്ട്. തന്മാത്ര ചികിത്സ വിഭാഗത്തിൽപെട്ട ഔഷധങ്ങൾ ഏറെ ഫലപ്രദമാണ്. ആധുനിക ഔഷധങ്ങൾ ഉപയോഗിച്ച് രോഗപുരോഗതിയെ നിയന്ത്രിച്ചുനിർത്തി രോഗിക്ക് സാധാരണ ജീവിതം പ്രദാനം ചെയ്യാനാകും ഇന്ന്.
സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ എത്രത്തോളം ഫലപ്രദമാണ്?
വളരെ ഫലപ്രദമാണ്. ഇടുപ്പ് മാറ്റിവെക്കലും മുട്ട് മാറ്റിവെക്കലുമാണ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതലായി ചെയ്യുന്ന ശസ്ത്രക്രിയകൾ. ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലം തേയ്മാനം സംഭവിച്ചവരിലാണ് ഇത് ചെയ്യുന്നത്. ചലനസ്വാതന്ത്ര്യം കുറയുകയും വേദനയും വീക്കവുമൊക്കെ കാരണം ജീവിതനിലവാരം വളരെ മോശമാവുകയും ചെയ്തവരിലാണ് ഈ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഇത്തരക്കാർക്ക് വളരെ ഫലപ്രദമാണ് സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ. വീൽചെയറിൽ കഴിഞ്ഞിരുന്ന രോഗിക്ക് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുന്നവിധം ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഈ ശസ്ത്രക്രിയയിലൂടെ കഴിയും. എന്നാൽ, ശസ്ത്രക്രിയ ചെയ്യുന്ന സമയം, എവിടെ ചെയ്യുന്നു, ചെയ്യുന്ന സർജെൻറ വൈദഗ്ധ്യം എന്നിവയെല്ലാം ശസ്ത്രക്രിയ ഫലത്തെ ബാധിക്കും. 75,000 രൂപ മുതൽ വരെ 1.5 ലക്ഷം വരെയാണ് ശസ്ത്രക്രിയ ചെലവ്.
(കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ റുമാറ്റോളജി വിഭാഗം മേധാവിയാണ് ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.