വേനൽചൂടിൽ തളരാതിരിക്കാൻ
text_fieldsഈന്തും വണ്ടി ഉണ്ടാക്കി പെങ്ങളെ അതിൽ കയറ്റി വലിക്കുന്നതും സൈക്കിളിൽ ടൂർ പോകുന്നതും മധ്യവേനലവധിക്കാലത്തായിരുന്നു കുട്ടിക്കാലത്ത്. കളിക്കാനായി രാവിലെ ഇറങ്ങിയാൽ ഉച്ചയൂണ് സമയത്തും കളി നിർത്തിയിട്ടുണ്ടാവില്ല, പാടത്താണ് കളികൾ. മിക്കപ്പോഴും അമ്മവന്നൊന്ന് കണ്ണുരുട്ടുമ്പോൾ മാത്രമേ രണ്ടര കഴിഞ്ഞു എന്നറിയുമായിരുന്നുള്ളൂ. ഉച്ചയൂണ് കഴിഞ്ഞാൽ വീണ്ടും പാടത്തേക്ക്, രാവിലെ ക്രിക്കറ്റാണേൽ ഉച്ചകഴിഞ്ഞ് ഏറുപന്ത്. ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. അന്നൊന്നും ചൂടൊരു പ്രശ്നമായി തോന്നിയിരുന്നേയില്ല.
അന്നൊക്കെ പാടങ്ങളൊഴിച്ചെല്ലായിടത്തും മരങ്ങളായിരുന്നു. വൈകിട്ട് കളിയും കഴിഞ്ഞ് തോട്ടിൽ കുളിച്ചിട്ടായിരുന്നു വീട്ടിലേക്ക് മടക്കം. ഏഴര ആകുമ്പോൾ വീട്ടിൽ തിരിച്ചെത്തും, അമ്മയുടെ കണ്ണിൽ ദേഷ്യം സ്ഫുരിക്കുന്നുണ്ടാവും. വലിയ തർക്കത്തിനൊന്നും നിൽക്കാതെ കഞ്ഞികുടിച്ച് വായനയിലേക്ക് തിരിയും. ഇങ്ങനാണേൽ നാളെ മുതൽ നീ കളിക്കാൻ പോകണ്ടാ എന്നൊരു ഭീഷണി എന്നുമുണ്ടാകും. എന്നാലും ഉച്ചക്ക് പന്ത്രണ്ടരക്ക് മുൻപേ എത്താമെന്നും പറഞ്ഞ് പിറ്റേന്നും രാവിലെ ഇറങ്ങും.
എന്നാൽ ഇന്നിപ്പോൾ ഒരു പത്തുമണി കഴിഞ്ഞാൽ പുറത്തിറങ്ങാനാവാത്ത അത്ര ചൂട്. സംസ്ഥാനം കടുത്ത വേനലിനെയാണ് ഇത്തവണ അഭിമുഖീകരിക്കാന്‍ പോകുന്നത് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാര്‍ച്ച് മാസം ആരംഭിക്കുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്തദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സൂര്യാഘാതം മൂലമുള്ള മരണങ്ങളും കണ്ടുവരുന്നു. പകൽ മുഴുവൻ വെയിലേറ്റ് ജോലി ചെയ്യുന്നവരും അലഞ്ഞതിരിഞ്ഞ് നടക്കുന്നവരുമാണ് സാധാരണ ഇങ്ങനെ മരണപ്പെടുക.
- ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളാണ് Heat cramps, Heat syncope, Heat stroke എന്നിവ.
മൈനുകളിൽ ജോലി ചെയ്യുന്നവർക്കും അഗ്നിശമനസേനാംഗങ്ങൾക്കും ഒക്കെയാണ് Heat cramps ഉണ്ടാവുക. ശരീരത്തിലെ ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നതിനാൽ കൈകാലുകളിലെയും വയറ്റിലെയും മാംസപേശികൾക്കുണ്ടാവുന്ന ശക്തമായ വേദനയാണിത്. ചിലപ്പോഴൊക്കെ തലവേദനയും തലകറക്കവും ഓക്കാനവും ഉണ്ടാവാം. ഉപ്പിട്ട് വെള്ളം കുടിക്കുകയോ ORS ഉപയോഗിക്കുകയോ ചെയ്താൽ ഉടൻ തന്നെ ആശ്വാസം ലഭിക്കും.
ഉയർന്ന താപനിലയിൽ വിയർപ്പിലൂടെയുണ്ടാവുന്ന ജല-ധാതു നഷ്ടങ്ങൾ മൂലമാണ് Heat syncope ഉണ്ടാവുന്നത്. തലവേദന, തളര്‍ച്ച, മനോവിഭ്രമം, ഉറക്കം തൂങ്ങുക, കാഴ്ച മങ്ങുക, ഛര്‍ദ്ദിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് വിളർച്ചയും വിയർപ്പും രക്തസമ്മർദ്ദകുറവും ആരംഭിക്കും. കൃഷ്ണമണി വികസിക്കുകയും പൾസ് ദുര്‍ബ്ബലമാവുകയും ശ്വാസോച്ഛ്വാസം മന്ദീഭവിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്. ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ നിന്നും ആളെ മാറ്റുക, വിശ്രമം, ORS നൽകുക, ആവശ്യമെങ്കിൽ കുത്തിവെപ്പിലൂടെ ജലവും ധാതുക്കളും ശരീരത്തിലെത്തിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടത്.
ശരീരത്തിലെ താപനിയന്ത്രണ സംവിധാനത്തിലെ സ്‌തംഭനം മൂലമാണ് Heat Stroke എന്ന അടിയന്തരഘട്ടം സംജാതമാവുന്നത്. അന്തരീക്ഷത്തിൽ ഉയർന്ന താപനിലയും ഈര്‍പ്പവും ഉള്ളപ്പോഴാണ് Heat Stroke ഉണ്ടാവുക. ത്വക്കിനോട് ചേർന്നുള്ള രക്തക്കുഴലുകളിലെ രക്തയോട്ടം സ്തംഭിക്കുകയും വിയർപ്പുഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യും. ശരീരതാപനില 41 ഡിഗ്രി സെൽഷ്യസിൽ കൂടുതലാവുകയും മന്ദത, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവുകയും ചെയ്യും.
ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം അടിക്കുമ്പോളാണ് ഇതുസംഭവിക്കുന്നതെങ്കിൽ സൂര്യാഘാതം എന്ന് വിളിക്കാം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണിത്. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു.
സൂര്യാഘാതത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ:
- അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പം
- കഠിനമായ ചൂടുള്ള കാലാവസ്ഥ
- അണുബാധ
- Thyrotoxicosis
- മദ്യ ലഹരിക്കടിപ്പെട്ട അവസ്ഥ
- വാര്‍ദ്ധക്യം
- പൊണ്ണത്തടി
- അനുയോജ്യമല്ലാത്ത വസ്ത്രധാരണരീതി
കഠിനമായ ചൂട് ശരീരത്തില്‍ പ്രധാനമായും മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
1.നിര്‍ജലീകരണം (Dehydration)
ശരീരത്തില്‍ നിന്നും ജലവും ധാതു ലവണങ്ങളും അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. ഒട്ടുമിക്ക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് വൃക്കകളെയാണ്. മൂത്രത്തിന്‍റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പഴങ്ങളും പഴച്ചാറുകളും നന്നായി ഉപയോഗിക്കാം. ഉപ്പ് ചേർത്ത വെള്ളം വളരെ നല്ലതാണ്.
2. ചൂടുകുരു
ചെറിയ ചെറിയ കുരുക്കള്‍, വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തില്‍ രണ്ടുനേരം കുളിക്കുകയും ചെയ്താല്‍ ഇത് സ്വയമേ പരിഹരിക്കപ്പെടും.
3. സൂര്യാഘാതം
ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതില്‍ തന്നെ അത്ര സാരമല്ലാത്ത സൂര്യാതപം (Sunburn) ചര്‍മ്മത്തെയാണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്‍. അതിനെത്തന്നെ UV-A എന്നും UV-B എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ UV-B യാണ് സൂര്യാതപത്തിന് കാരണം. അതുകൊണ്ട് അതിനെ "Sunburn spectrum" എന്നാണ് പറയുന്നത്.
എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (Sun stroke) രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും.
രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
സൂര്യാഘാതത്തിന്‍റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (Warning signs)
- വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
- ക്ഷീണം
- ഓക്കാനവും ചെറിയ തലകറക്കവും
- സാധാരണയിലധികമായി വിയര്‍ക്കുക
- ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
- ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
- പേശികളുടെ കോച്ചിപ്പിടുത്തം
ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.
ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍
- ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ, ഒപ്പം ചൂടുള്ളതും വരണ്ടതും ചുവന്നതും ആണെങ്കില്‍
- സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, അപസ്മാരം, കാഴ്ച മങ്ങുക
- വിങ്ങുന്ന തലവേദന
- ചര്‍ദ്ദില്‍
- ശ്വാസം മുട്ടല്‍
- ശരീര ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസിലും കൂടുതലാകുക
- കൃഷ്ണമണി സങ്കോചിക്കുക
പ്രഥമ ശുശ്രൂഷ:
- ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
- ശരീരത്തിലെ വസ്ത്രങ്ങൾ ഊരിമാറ്റുക
- മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
- ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
- തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍ കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
- കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
- ധാരാളം ജലം കുടിക്കാനായി നൽകുക
- ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
- എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക
പ്രതിരോധ മാര്‍ഗങ്ങള്‍:
- നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം. തണുത്ത വെള്ളത്തിനായി വീട്ടിൽ ഫ്രിഡ്ജിൽ കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറിയതു തന്നെ വേണം.
- ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യാം.
- പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക. തണ്ണിമത്തൻ, പപ്പായ, മാങ്ങ, പേരക്ക, ഓറഞ്ച് മുതലായവ വേനൽക്കാലത്ത് വിശേഷപ്പെട്ടവയാണ്. വേവിക്കാതെ കഴിക്കാവുന്ന കത്തിരിക്ക മുതലായ പച്ചക്കറികളും നന്ന്. തൊലികളഞ്ഞുപയോഗിക്കാത്ത മുന്തിരി പോലുള്ള പഴങ്ങൾ കഴിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും നന്നായി കഴുകി ഉപ്പ് ചേർത്ത ജലത്തിലിടുന്നത് കീടനാശിനിയുടെ അംശം കളയാൻ സഹായിക്കും.
- അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.
- രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
- കുട, തൊപ്പി, ഫുൾ കൈ ഷർട്ടുകൾ എന്നിവ ഉപയോഗിക്കുന്നത് സൂര്യാതപത്തെ തടയാൻ സഹായിക്കും.
- നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
- അടിവസ്ത്രങ്ങളും കോട്ടൺ കൊണ്ടുള്ളവ തന്നെയാണ് വേനൽക്കാലത്ത് നല്ലത്. ഷർട്ടിന് താഴെ കോട്ടൺ ബനിയനുകൾ ധരിക്കുന്നത് വിയർപ്പ് ആഗിരണം ചെയ്യുന്നതിന് സഹായകമാവും.
- രണ്ട് നേരം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പകറ്റാനും ചർമ്മ സംരക്ഷണത്തിനും നല്ലതാണ്. വേനൽക്കാലത്ത് അടിവസ്ത്രങ്ങൾ രണ്ട് നേരം മാറ്റുകയും വേണം.
- പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.
- വേനൽച്ചൂടിൽ അമിതമായി ഉണ്ടാവുന്ന വിയർപ്പ് ചൂട് കുരു, ഫംഗസ് ബാധ എന്നിവക്ക് കാരണമാകും. സൂര്യാതപം തടയാൻ സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാം. ഫംഗസ് ബാധക്കെതിരായി ആന്റി ഫംഗൽ ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റിറോയിഡ് അടങ്ങിയവ ഒഴിവാക്കണം.
- കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
സങ്കീര്‍ണ്ണതകൾ: (24 മണിക്കൂറുകൾക്ക് ശേഷം)
- ന്യുമോണിയ
- വൃക്കകൾ, കരൾ എന്നിവയിലെ കോശങ്ങൾ, ഹൃദയ പേശികൾ തുടങ്ങിയവ നിർജ്ജീവമാകുക
- DIC (ചെറിയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും വിവിധ കോശങ്ങളിലേക്ക് രക്തം ലഭിക്കാതിരിക്കുകയും ആന്തരാവയവങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നതിനോടൊപ്പം പല അവയവങ്ങളിലും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന പ്രത്യേക അവസ്ഥയാണിത്.)
- മാംസ പേശികൾക്കുണ്ടാവുന്ന ക്ഷതങ്ങൾ മൂലം മയോഗ്ലോബിൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുക
ഗുരുതരമായ സൂര്യാഘാതമേറ്റാൽ യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അഞ്ച് മിനിറ്റ് മുതൽ മൂന്ന് ദിവസം വരെയുള്ള സമയം കൊണ്ട് മരണം സംഭവിക്കാം. ജോലി സ്ഥലത്തുണ്ടാവുന്ന അപകടങ്ങളാണെങ്കിൽ നിയമപ്രകാരമുള്ള നഷ്‌ടപരിഹാരം (Workmen's compensation Act) ലഭിക്കുന്നതാണ്.
തയാറാക്കിയത്:
Dr. Manoj Vellanad,
Dr. Sunil P K,
Dr. Purushothaman K. K,
Dr. Jinesh P. S
Info Clinic
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.