മെഡി. കോളജുകളിലേക്കുള്ള സ്റ്റെൻറ്, പേസ്മേക്കർ വിതരണം നിലക്കുന്നു
text_fieldsഗാന്ധിനഗർ (കോട്ടയം): കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്കുള്ള സ്റ്റെൻറ്, പേസ്മേക്കർ വിതരണം വ്യാഴാഴ്ച മുതൽ നിർത്തിവെക്കുമെന്ന് സ്വകാര്യ കമ്പനികൾ. സ്റ്റെൻറ്, പേസ്മേക്കർ വിതരണം ചെയ്തതിന് 70 കോടിയോളം രൂപയാണ് സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽനിന്ന് കമ്പനികൾക്ക് നൽകാനുള്ളത്.
കുടിശ്ശിക തീർത്തില്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ വിതരണം നിർത്തിെവക്കുമെന്ന് ജനുവരി ആദ്യ ആഴ്ചയിൽ വിതരണക്കമ്പനികളുടെ സംഘടന സർക്കാറിനെ അറിയിച്ചിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് മെഡിക്കൽ ഇംപ്ലാൻറ് ആൻഡ് ഡിസ്പോസബിൾ പ്രസിഡൻറ് ഡി. ശാന്തികുമാറാണ് കത്ത് നൽകിയത്. 20ലധികം കമ്പനികളാണ് സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിൽ ഇവ വിതരണം ചെയ്യുന്നത്.
വിതരണം മുടങ്ങിയാൽ നിരവധി ഹൃദ്രോഗികളുടെ ചികിത്സയെ ബാധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ചികിത്സ നടക്കുന്ന കോട്ടയം, തിരുവനന്തപുരം എന്നീ മെഡിക്കൽ കോളജുകളിലാണ് കൂടുതൽ തുക കുടിശ്ശികയുള്ളത്. ഹൃദ്രോഗികൾക്ക് ആൻജിയോപ്ലാസ്റ്റിക്കാണ് സ്റ്റെൻറ് വേണ്ടത്. ഹൃദയമിടിപ്പ് ക്രമീകരിക്കാനാണ് പേസ്മേക്കർ. പേസ്മേക്കർ ആവശ്യസമയത്ത് മാത്രം ഓർഡർ നൽകി കൊണ്ടുവരുന്നതിനാൽ, അത് ആശുപത്രിയിൽ സ്റ്റോക് ചെയ്യാൻ കഴിയില്ല.
അതിനാൽ ഇത് ഇല്ലാതായാൽ ചികിത്സ യഥാസമയം നൽകാൻ കഴിയാതെ വരും. കുറച്ച് സ്റ്റെൻറ് കൂടി സ്റ്റോക്കുള്ളതിനാൽ തൽക്കാലം ചികിത്സയെ ബാധിക്കില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി മേധാവി ഡോ. രാജു ജോർജ്, യൂനിറ്റ് ചീഫ് ഡോ. വി.എൽ. ജയപ്രകാശ് എന്നിവർ പറഞ്ഞു. ഒരു കാത്ത്ലാബ് മാത്രമുണ്ടായിരുന്ന കോട്ടയം മെഡിക്കൽ കോളജിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഹൃദയ ചികിത്സ നടക്കുന്നത് എന്നതിനാൽ ഇവിടെ ഒരു കാത്ത് ലാബ് കൂടി മാർച്ച് ഒന്നിന് ആരംഭിക്കാനിരിക്കെയാണ് സ്റ്റെൻറ് വിതരണം നിലക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.