ഹറീഡ് വിമൻ സിൻഡ്രോം: തിരേക്കറിയ ജീവിതം കാത്തുവെക്കുന്നത്
text_fieldsതിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന ഒരുതരം മനോജന്യ ശാരീരിക രോഗം, ശരീരം നടത്തുന്ന ഒരു ചെറിയ 'പണിമുടക്ക്'...'ഹറീഡ് വിമന്‍ സിന്‍ഡ്രോം എന്താണെന്നറിയാം, പരിഹാരങ്ങളും
നഗരത്തിലെ ചെറുകിട സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഷീബ. രണ്ടു പെൺമക്കൾ. ഭർത്താവ് വിദേശത്ത്. ആശുപത്രിയിലെ മികച്ച നഴ്സാണ് ഇവർ. ചുറുചുറുക്കോടെ ഓടിനടന്ന് ജോലിചെയ്തിരുന്ന ഇവർക്ക് പക്ഷേ, അടുത്തകാലത്ത് ചില പ്രശ്നങ്ങൾ. വിട്ടുമാറാത്ത ക്ഷീണമായിരുന്നു ആദ്യ ലക്ഷണം. പൊതുവെ ഒരു ഉത്സാഹമില്ലായ്മ. ക്ഷീണമുണ്ടെങ്കിൽപ്പോലും കിടന്നാൽ ഉറക്കം വരില്ല. ഭക്ഷണത്തോട് മടുപ്പ്. ശരീരഭാരം ആറു കിലോ കുറഞ്ഞു. ആദ്യപടിയായി ആശുപത്രിയിലെ ഫിസിഷ്യനെ കണ്ടു. ചില ടെസ്റ്റുകൾ നടത്തിേനാക്കിയെങ്കിലും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കണ്ടില്ല. ചില വിറ്റമിൻ ഗുളികകൾ നൽകി ഡോക്ടർ സമാധാനിപ്പിച്ചുവിട്ടു.
പിന്നീട് വന്നത് ദഹനപ്രശ്നങ്ങളാണ്. വയറു കാളൽ, പുളിച്ചു തികട്ടൽ. ആശുപത്രിയിലെതന്നെ ഗ്യാസ്ട്രോ വിഭാഗത്തിൽ ചികിത്സതേടി. മരുന്നുകൾ കഴിക്കുമ്പോൾ ഇത്തിരി ആശ്വാസം തോന്നിയെങ്കിലും പിന്നെയും പഴയ പടിതന്നെ. ഇതിനിടെ, ഭർത്താവ് ഗൾഫിൽനിന്ന് അവധിക്ക് വന്നു. മുൻകാലങ്ങളിലെപ്പോലെ കുടുംബവുമൊത്ത് അടിച്ചുപൊളിക്കാനായിരുന്നു മൂപ്പരുടെ വരവ്. എന്നാൽ, എല്ലാം തകിടം മറിഞ്ഞു. ഷീബക്ക് ഒന്നിനും താൽപര്യമില്ലായ്മ. ക്ഷീണവും തളർച്ചയും. യാത്രകൾ പലതും മാറ്റിവെക്കേണ്ടിവന്നു. കുട്ടികൾക്കും ഭർത്താവിനും നിരാശ. ഷീബക്കാണെങ്കിൽ തൊട്ടതിനും പിടിച്ചതിനും ദേഷ്യം. ദേഷ്യം ചിലപ്പോഴൊക്കെ പൊട്ടിത്തെറിയിലാണ് കലാശിച്ചത്. ലൈംഗിക കാര്യങ്ങളിലും മുമ്പില്ലാത്തവിധം വിരക്തി. ചുരുക്കത്തിൽ രണ്ടുമാസം അസ്വാരസ്യങ്ങളുടെ അകമ്പടിയോടെ കണ്ണടച്ചുതുറക്കുംമുേമ്പ കടന്നുപോയി.
ഇടക്കിടെ ലീവും ജോലിയിലെ താളപ്പിഴകളും ആശുപത്രിയിലും ചർച്ചയായി. രണ്ടുമൂന്നു തവണ ആശുപത്രിയിലെ മികച്ച നഴ്സിനുള്ള സമ്മാനം നേടിയ ഷീബക്കിതെന്തുപറ്റി? അടുപ്പമുള്ള ഗൈനക്കോളജിസ്റ്റാണ് ഷീബയോട് ഒരു മനോരോഗ വിദഗ്ധനെ കാണാൻ നിർദേശിച്ചത്. അവരുടെ നിർബന്ധപ്രകാരം നഗരത്തിലെ പ്രശസ്തനായ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് കൗൺസലിങ്ങിനായി എന്നെ കാണാൻ വന്നത്.
അടുത്തകാലത്ത് ഇതേ പരാതികളുമായി ഒന്നിലധികം വീട്ടമ്മമാർ എന്നെ കാണാൻ വന്നിരുന്നതിനാൽ പ്രശ്നത്തിെൻറ ഒരു ഏകദേശ രൂപം ആദ്യമേ പിടികിട്ടി. മാനസികപ്രശ്നങ്ങളുടെ കൂട്ടത്തിലെ ഒരുതരം ജീവിതശൈലീ രോഗമായിരുന്നു ഷീബയെ പിടികൂടിയത്. ‘ഹറീഡ് വിമൻ സിൻഡ്രോം’ എന്നാണ് പൊതുവെ ഈ പ്രശ്നത്തെ വിശേഷിപ്പിക്കുന്നത്. തിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന ഒരുതരം മനോജന്യ ശാരീരിക രോഗം. ചുമക്കാൻ കഴിയുന്നതിലധികം ഭാരം ചുമക്കുമ്പോൾ ശരീരം നടത്തുന്ന ഒരു ചെറിയ ‘പണിമുടക്ക്’.
ഹറീഡ് വിമന്‍ സിന്‍ഡ്രോം എന്ത്?
നാലു വർഷം മുമ്പ് ഇംഗ്ലണ്ടിലെ സ്ത്രീകളുടെ മാസികയായ ‘പ്രൈമ’ നടത്തിയ സർവേയോടുകൂടിയാണ് ഈ രോഗത്തിനുമേൽ വൈദ്യശാസ്ത്രത്തിെൻറ ശ്രദ്ധ കൂടുതലായി പതിഞ്ഞത്. പതിനായിരത്തോളം സ്ത്രീകളെ ഉൾപ്പെടുത്തിയായിരുന്നു സർവേ. ഭൂരിപക്ഷവും ജോലിയുള്ള സ്ത്രീകളായിരുന്നു സർവേയോട് സഹകരിച്ചത്. ഇതിൽ ഭൂരിപക്ഷം പേരും ഷീബ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഏറിയും കുറഞ്ഞും നേരിടുന്നവരായിരുന്നു.
ജോലിയിലെ മാറിവരുന്ന സമയക്രമവും ആശുപത്രിയിലെ ജോലിഭാരവും വീട്ടുകാര്യങ്ങളുടെ ചുമതലയും വളർന്നുവരുന്ന പെൺകുട്ടികളെക്കുറിച്ചുള്ള ആധിയുമായിരുന്നു ഷീബയെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്. രാവിലെ എട്ടു മണിക്കുള്ള ഷിഫ്റ്റിന് കയറണമെങ്കിൽ പുലർെച്ച അഞ്ചു മണിക്കുമുമ്പ് എഴുന്നേൽക്കണം. ബ്രേക്ക്ഫാസ്റ്റിനു പുറമെ മക്കൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടാനുള്ള ഉച്ചഭക്ഷണവും തയാറാക്കണം. രണ്ടു പേരെയും ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാനും േടായ്ലറ്റിൽ കയറ്റിവിടാനും യൂനിഫോമുകളിൽ സ്കൂളിൽ വിടാനുംതന്നെ വേണം ഒരുപാടു സമയം. ഏഴരക്കു മുമ്പ് ഈ ജോലിമുഴുവൻ തീർത്തിട്ടാണ് ആശുപത്രിയിലേക്കുള്ള ഓട്ടം. ട്രാഫിക് ബ്ലോക്കും കഴിഞ്ഞ് ജോലിക്കെത്തുമ്പോൾ മിക്കദിവസവും നഴ്സിങ് സൂപ്രണ്ടിെൻറ കറുത്ത മുഖം കാണണം. നാലു മണിക്ക് ജോലി കഴിയുമെങ്കിലും ഡ്യൂട്ടി അടുത്ത ഷിഫ്റ്റുകാരെ ഏൽപിച്ച് വസ്ത്രം മാറി ഇറങ്ങുമ്പോഴേക്കും നാലര കഴിയും. െവെകുന്നേരത്തെ ബസിലെ തിരക്ക് അതിജീവിച്ച് വീട്ടിലെത്തുന്നത് അഞ്ചരയോടെ. അവിടെ വിശപ്പ് എന്ന മുദ്രാവാക്യവുമായി മക്കൾ രണ്ടും കാത്തിരിക്കുന്നുണ്ടാവും. ഒരാൾക്ക് ബ്രഡും ജാമും മതിയെങ്കിൽ മറ്റേയാൾക്ക് ഓംലറ്റ് വേണം.
വീട് അടിച്ചുവാരൽ, അലക്കൽ, ഉണങ്ങിയ തുണി മടക്കിവെക്കൽ, രാത്രിയിലേക്കുള്ള ഭക്ഷണത്തിെൻറ കൂടെ എന്തെങ്കിലും അധിക വിഭവമുണ്ടാക്കൽ, െവെകുന്നേരം വരുമ്പോൾ മത്സ്യം വാങ്ങിയിട്ടുണ്ടെങ്കിൽ അത് വൃത്തിയാക്കി പാചകം ചെയ്യൽ...ഇങ്ങനെ എട്ടു മണിവരെ പിടിപ്പത് പണിയാണ്. ഒരുവിധം മേലുകഴുകി തിരിച്ചെത്തുമ്പോഴാണ് ഹോം വർക്കും അസൈൻമെൻറുമൊക്കെയായി മക്കൾ പിറകെ കൂടുന്നത്. ഇതിനിടയിൽ ഭർത്താവ് ഗൾഫിൽനിന്ന് വിളിക്കും. അര മണിക്കൂർ അങ്ങെന പോകും. രാത്രി ഭക്ഷണവും കഴിച്ച് പാത്രം കഴുകി അടുക്കള വൃത്തിയാക്കുമ്പോഴേക്കും 11 മണിയെങ്കിലുമാകും. ഇതിനിടയിൽ വേണം മക്കളുടെ യൂനിഫോം അയൺ ചെയ്തുവെക്കാൻ. മാസത്തിലൊരിക്കൽ ഒരാഴ്ച രാത്രി ഷിഫ്റ്റ് കാണും. അപ്പോൾ സംഗതി രൂക്ഷമാവും. രാത്രി മക്കൾക്ക് കൂട്ടുകിടക്കാൻ അടുത്തവീട്ടിലെ ചേച്ചിയുടെ കാലുപിടിക്കണം.
ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങലും ബാങ്കിൽ പോകലും ഗ്യാസ് ബുക്കുചെയ്യലും കറൻറ് ബില്ലടക്കലുമെല്ലാം ഒറ്റക്ക് ചെയ്യണം. ഞായറാഴ്ച ഒഴിവു ദിവസമാണെങ്കിലും അന്ന് ഇരട്ടിപ്പണിയാണ്. സുഖമില്ലാത്ത മാതാപിതാക്കളെ ഇടക്ക് കാണാൻ പോകണം. ഭർത്താവിെൻറ വീട്ടിലും തലകാണിക്കണം. ഇതിെനല്ലാം പുറമെ കല്യാണം, ഗൃഹപ്രവേശനം, മരണം തുടങ്ങിയ സാമൂഹിക ബാധ്യതകൾ. ഈ ജീവിതം ഒരു മാറ്റവുമില്ലാതെ മുന്നോട്ടുപോയപ്പോഴാണ് ഷീബയെ രോഗം പിടികൂടുന്നത്.
അടുത്തകാലത്ത് പുറത്തുവന്ന കണക്കുകളനുസരിച്ച് അമേരിക്കയിൽ മൂന്നു കോടിയിലധികം വീട്ടമ്മമാർ േരാഗത്തിെൻറ പിടിയിലാണ്. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ കണക്കുകൾ ലഭ്യമല്ല. എങ്കിലും നഗരങ്ങളിൽ ജോലിക്ക് പോകുന്ന സ്ത്രീകളിൽ ഈ പ്രശ്നം കൂടുതലാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മരുന്നിനും മന്ത്രത്തിനുമൊന്നും സ്ഥാനമില്ലാത്ത ഈ അവസ്ഥയുടെ പരിഹാരം ജീവിതത്തിെൻറ വേഗം കുറച്ച് വിശ്രമത്തിനും വിനോദത്തിനും പ്രാധാന്യം നൽകുക എന്നതു മാത്രമാണ്. പ്രയാസങ്ങൾ മനസ്സിലിട്ടൊതുക്കാതെ ആരോടെങ്കിലും പങ്കുവെക്കുന്നതും നല്ലൊരു മാർഗമാണ്.
പ്രതിരോധത്തിന് ഏതാനും വഴികള്‍
- വീട്ടുജോലിയുടെ ഭാരവും വിഷമങ്ങളും കുടുംബാംഗങ്ങളോടു പങ്കുവെച്ച് അവരുടെ സഹകരണവും സഹായവും തേടുക.
- ഓഫിസിൽ തെൻറ മാത്രം ജോലികൾ കൃത്യമായും സമയബന്ധിതമായും ചെയ്യാൻ ശ്രമിക്കുക.
- മേലധികാരികളെ ബോധ്യപ്പെടുത്തി അധിക ചുമതലകളും ഉത്തരവാദിത്തങ്ങളുംകുറക്കുക.
- വീട്ടുജോലികൾ ആസൂത്രണം ചെയ്ത് ക്രമീകരിച്ച ശേഷം ചെയ്യുക.
- ഇടക്ക് ടി.വി കാണാനും വായിക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനും സമയം കണ്ടെത്തുക.
- പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക.
- വ്യായാമം ചെയ്യുക.
- ആവശ്യത്തിന് വിശ്രമിക്കുക.
- കൃത്യമായി ഉറങ്ങുക.
- വീട്ടിലും ഓഫിസിലും അയൽപക്കങ്ങളിലും സ്നേഹപൂർണമായ അന്തരീക്ഷം നിലനിർത്തുക.
ജീവിതം ഇത്തരത്തിൽ ക്രമീകരിച്ചാൽതന്നെ രോഗത്തെ മരുന്നില്ലാതെ തോൽപിക്കാനാവും. ചില സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സയും ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ളപക്ഷം വൈദ്യസഹായം തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.