കരയല്ലേ കണ്മണി, 'അരികെ'യുണ്ട് ഞാൻ
text_fieldsനമ്മുടെ നാട്ടിൽ പ്രസവമുറികളിൽ ഭർത്താക്കൻമാരെ കൂടി പ്രവേശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. ഉറക്കെ പറയാൻ പേടിയാണെന്ന് മാത്രം. ഗർഭിണി ആകുന്നതു മുതൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുകഥകളുടെയും ലോകത്തേക്ക് മുതിർന്നവരും പരിചയക്കാരും സ്ത്രീകളെ സ്നേഹപൂർവ്വം ആനയിച്ചു തുടങ്ങും. അതിനിടെ ഇത്തരം ഒരാവശ്യം പറഞ്ഞാൽ ഗർഭിണി വലിയ എന്തോ കുറ്റം ചെയ്തത് പോലെയാണ് കേൾക്കുന്നവർ പെരുമാറുക. സ്ത്രീകളും പുരുഷന്മാരും കുറ്റപ്പെടുത്താൻ പിന്നിലല്ല. അത്തരം ചിന്താഗതികൾ പുലരുന്ന ഈ സമൂഹത്തിന് പ്രസവ മുറിയിൽ ഭർത്താക്കന്മാരെ പ്രവേശിപ്പിക്കണം എന്ന ചിന്ത തീർത്തും അശ്ലീലവും അഹമ്മതിയും നിറഞ്ഞതാണ്. പൊതുസമൂഹത്തിൻറെ കാര്യം മാറ്റി നിറുത്താം. ആരോഗ്യപ്രവർത്തകരും 'അയ്യേ' മട്ടിലാണ് കാര്യങ്ങളെ സമീപിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ലേബർ റൂമിൽ ബെർത്ത് പാർട്ണർ എന്ന പേരിൽ ഭർത്താവിനേയോ മക്കളെയോ അടുത്ത ബന്ധുക്കളെയോ കൂടെ നിർത്താൻ അനുവദിക്കാറുണ്ട്. വേദന തുടങ്ങുന്ന നിമിഷം മുതൽ കുഞ്ഞിനെ കയ്യിലേറ്റു വാങ്ങാനും ആവശ്യമെങ്കിൽ പൊക്കിൾക്കൊടി മുറിക്കാനും അനുവദിക്കും. ഏറെ വർഷങ്ങളായി വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. പ്രസവസമയത്ത് ഗര്‍ഭിണിക്കൊപ്പം നിന്ന് അവരെ പരിചരിക്കാനും ധൈര്യം നല്‍കാനും ഭര്‍ത്താവിനോ ബന്ധുക്കളായ സ്ത്രീകള്‍ക്കോ അവസരം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക മുറിയോ ഒരു വാർഡിൽ തന്നെ പ്രത്യേക ക്യുബിക്കിളോ സജ്ജീകരിക്കും. വേദനയോടെയോ വേദനരഹിതമായോ സാധാരണ പ്രസവം/ ശസ്ത്രക്രിയയിലൂടെ പ്രസവം എന്നിവ ഗർഭിണിക്ക് തെരഞ്ഞെടുക്കാം. ഡെലിവറി ഡേറ്റിനു മുന്നേ ഗർഭിണിക്കും ബെർത്ത് പാർട്ണർക്കും ആവശ്യമായ കൗൺസലിങ്, തുടർക്ലാസുകൾ എന്നിവ നൽകും. ഗർഭിണി ആവശ്യപ്പെട്ടാൽ കഴിക്കാൻ ഭക്ഷണം, ശീതള പാനീയങ്ങൾ, പാട്ടു കേൾക്കാൻ സൗകര്യം, വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുക്കാൻ സൗകര്യം എന്നിവയും വിദേശ രാജ്യങ്ങളിൽ അനുവദിക്കാറുണ്ട്. ജലപ്രസവത്തിനും സൗകര്യം ഇവിടങ്ങളിലുണ്ട്.
സ്ത്രീയെ സംബന്ധിച്ച് ഉദരത്തിൽ ഉരുവായ കുഞ്ഞ് ജനിക്കുന്ന നിമിഷം തന്‍റെ ജീവിതപങ്കാളി കൂടി കൂടെയുണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കും. അദ്ദേഹത്തിന്‍റെ സാന്നിധ്യം മറ്റാരേക്കാളും ഏറെ ആശ്വാസവും കരുതലും നൽകുന്നതാണ്. എന്നാൽ, പ്രത്യേക സാമൂഹികചിന്താഗതി പുലർത്തുന്ന കേരളത്തിലെ ആശുപത്രികൾ അത്തരമൊരു സൗകര്യം ഒരുക്കികൊടുക്കാൻ ഇക്കാലത്തും വിമുഖത കാട്ടുന്നു. വിവിധ അ ന്വേഷണങ്ങളിൽ, ലേബർ റൂമിനുള്ളിൽ കുഞ്ഞിനെ കൈയ്യിലേറ്റു വാങ്ങാൻ പിതാക്കന്മാർക്കു അവസരമൊരുക്കുന്ന ആശുപത്രികൾ തുലോം കുറവാണ് ഉള്ളവ തന്നെ സ്വകാര്യ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളിൽ 25000 രൂപയോ അല്ലെങ്കിൽ അതിനു മുകളിലോ തുക ഈടാക്കിയാണ് നടക്കുന്നത്. വർഷങ്ങളുടെ പാരമ്പര്യം ഉള്ള വൻകിട പ്രസവ ആശുപത്രികൾ പോലും ഇക്കാര്യത്തെ കുറിച്ച് ആരായുന്ന പിതാക്കന്മാർക്കോട് 'അയ്യേ, ഇവിടില്ല' എന്ന ഭാവത്തിൽ മുഖം തിരിക്കുന്നു. ഈ അവസ്ഥ, പതിവ് പോലെ ലേബർ റൂമുകൾക്കു മുന്നിൽ ആകാംക്ഷയും പേടിയും കൊണ്ട് മനസുരുകി ഉലാത്തുന്ന സിനിമാറ്റിക് പിതാക്കന്മാരെ നിലനിറുത്തി. ആ പേടിയെ പല ആശുപത്രികളും ചൂഷണത്തിന് വിധേയമാക്കി. അങ്ങനെയാണ് അൽപ നേരം ലേബർ റൂമിൽ മിനുട്ടുകൾ കടന്നു നിൽക്കാൻ 25000 രൂപ ഈടാക്കാൻ പലർക്കും ധൈര്യം നൽകിയത്.
ഇത്തരം ചൂഷണങ്ങൾക്കിടയിലേക്കാണ് പുനലൂർ താലൂക് ആശുപത്രി 'അരികെ' പദ്ധതിയുമായി കടന്നു വരുന്നത്. ഓരോ കുഞ്ഞും മാതാപിതാക്കളുടെ സ്വത്താണ്. അവർ ജനിക്കുന്ന നിമിഷം ഏറെ മഹത്തരവും ആണ്. ആ സുന്ദര മനോജ്ഞ നിമിഷത്തിനു സാക്ഷിയാകാൻ കുഞ്ഞിന്‍റെ പിതാവ് കൂടി വേണമെന്ന് ആഗ്രഹിക്കുന്ന വളരെയേറെ സ്ത്രീകളുണ്ട്. അവർക്കു ഇനി സന്തോഷിക്കാം. കാരണം, പുനലൂരിലെ ഈ സർക്കാർ ആശുപത്രിയിൽ മാറ്റങ്ങൾക്കു തുടക്കമിട്ടിരിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ‘സുഖപ്രസവത്തിന് കൂട്ട്’ പദ്ധതി നടപ്പാക്കുന്നത്. കൗൺസലിങ്, ക്യുബിക്കിൾ എന്നിവ പ്രത്യേകതയാണ്. ഭർത്താവ് അല്ലെങ്കിൽ അടുത്ത ബന്ധുക്കളായ സ്ത്രീകൾ എന്നിവർക്ക് പ്രസവമുറിയിൽ പ്രവേശിക്കാം. ഒരു കൊല്ലമായി ഇവിടെ വേദനരഹിത സുഖപ്രസവത്തിന് (എപ്പിഡ്യൂറൽ) സൗകര്യമുണ്ട്. ഇക്കാലത്തിനിടെ നൂറിലധികം എപ്പിഡ്യൂറൽ പ്രസവങ്ങൾ ഇവിടെ നടന്നു. വേദനയില്ലാതെയുള്ള പ്രസവം ശരിയല്ലെന്നോ വേദന വന്നില്ലെങ്കിൽ കുഴപ്പമാകുമെന്നോ പറയുന്ന ധാരാളം സ്ത്രീകളുണ്ട്. എപ്പിഡ്യൂറൽ എന്ന് പറഞ്ഞാൽ എന്താണ് എന്നറിയാത്ത ആരോഗ്യ പ്രവർത്തകരും ധാരാളം. അതിനിടയിലേക്കാണ് പുനലൂർ താലൂക് ആശുപത്രി ആശ്വാസം നൽകി കടന്നു വരുന്നത്. പ്രസവവേദന നേരിടുന്ന ഗര്‍ഭിണിക്ക് കൂടുതല്‍ മാനസികവും ശാരീരികവുമായ കരുത്ത് ലഭിക്കുമെന്നാണ് ജില്ല ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കൃഷ്ണവേണി അഭിപ്രായപ്പെട്ടത്. പ്രസവ സമയത്തെ രക്തസമ്മര്‍ദം ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.
മാസങ്ങൾക്കു മുൻപ്, ലേബർ റൂമിൽ ഭർത്താവിനെ കയറ്റണം എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ച നടന്നിരുന്നു. ഒപ്പം, തൃശൂർ ആസ്ഥാനമായ 'കാഴ്ച്ച' ഈ വിഷയത്തിൽ ആഗസ്റ്റ് 25നു സെമിനാർ സംഘടിപ്പിച്ചു. നിലവിൽ തൃശൂർ സഹകരണ ആശുപത്രിയിൽ സർവീസിലുള്ള ഗൈനകോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ ആ യോഗത്തിൽ സംസാരിക്കാൻ എത്തിയിരുന്നു. ഭർത്താവ് കൂടെ നിൽക്കുന്നത് സ്ത്രീക്ക് കൂടുതൽ സമാധാനം നൽകുമെന്നാണ് നിജിയുടെ പക്ഷം. ഡോ. നിജിയെ കാണാനെത്തുന്ന ഗർഭിണികളിൽ ആവശ്യപ്പെടുന്നവർക്ക് ഈ സൗകര്യം അനുവദിക്കാറുണ്ട്. പുനലൂർ ഒരു മാതൃകയാണ്. ഇനിയുള്ള നാളുകളിൽ ഈ സ്നേഹ സാന്ത്വന പദ്ധതി കേരളത്തിലെ മറ്റെല്ലാ ആശുപത്രികളിലേക്കും എത്തുമെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.