ഇന്ത്യക്കാരെൻറ ആരോഗ്യത്തിനായി ദിനംപ്രതി മൂന്ന് രൂപ
text_fieldsന്യൂഡൽഹി: ആരോഗ്യരംഗത്തെ സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ വളരെ പിറകിലെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട സർക്കാർ മേഖലയിലെ അലോപ്പതി ഡോക്ടർമാരുടെയും ആശുപത്രികളുടെയും കണക്കിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യയിൽ ജനസംഖ്യാനുപാതമനസരിച്ച് അഞ്ച് ലക്ഷത്തോളം ഡോക്ടർമാരുടെ കുറവുണ്ട്.
കണക്കുകൾ പ്രകാരം 11,082 പേർക്ക് ഒരു ഡോക്ടറും 1,844 പേർക്ക് ഒരു ആശുപത്രി കിടക്കയുമാണ് നിലവിലുള്ളത്. രാജ്യത്തെ മൊത്തം 130 കോടി ജനങ്ങൾക്ക് സർക്കാർ മേഖലയിൽ 10 ലക്ഷത്തിന് മുകളിൽ ഡോക്ടർമാർ മാത്രമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 1000 പേർക്ക് ഒരു ഡോക്ടർ വീതം വേണം.
രാജ്യത്തെ ശരാശരി കണക്കുകളാണിത്. എന്നാൽ, ബിഹാർ പോലുള്ള പിന്നാക്ക സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ ദയനീയമാണ്. ബിഹാറിൽ 28,391 പേർക്ക് ഒരു ഡോക്ടറാണുള്ളത്. സ്വകാര്യമേഖലയിലെയും സർക്കാർ മേഖലയിലെയും ഡോക്ടർമാരെ മൊത്തത്തിൽ പരിഗണിച്ചാണ് ലോകാരോഗ്യ സംഘടന മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിലെ സർക്കാർ ഡോക്ടർമാരുടെ കണക്കുകൾ മാത്രമാണ് പുറത്തുവിട്ടത്.
സർക്കാർ ഒരു ഇന്ത്യക്കാരെൻറ ആരോഗ്യപരിപാലനത്തിനായി ദിനംപ്രതി മൂന്ന് രൂപമാത്രമാണ് ചെലവിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യക്തിക്കായി വർഷത്തിൽ 1,112 രൂപമാത്രമാണ് സർക്കാർ ചെലവിടുന്നത്. മാസത്തിൽ ഇത് 93 രൂപയാണ്. കഴിഞ്ഞ ആറു വർഷമായി ഇൗ തുകമാത്രം ചെലവിടുന്ന സർക്കാറിന് ആരോഗ്യമേഖലക്കുവേണ്ടി അൽപംപോലും കൂടുതൽ ചെലവിടാൻ കഴിഞ്ഞിട്ടില്ല. അതേസമയം അയൽരാജ്യമായ ശ്രീലങ്ക ഇന്ത്യയെ അപേക്ഷിച്ച് നാലിരട്ടി കൂടുതൽ തുകയാണ് അവിടെയുള്ള ജനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നത്.
ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണത്തിെൻറ കാര്യത്തിലും ഞെട്ടിക്കുന്ന കണക്കുകൾ റിപ്പോർട്ടിലുണ്ട്്. നിലവിൽ രാജ്യത്ത് 23,000 സർക്കാർ ആശുപത്രികളിലായി ഏഴു ലക്ഷം കിടക്കകളാണുള്ളത്. ഇതിൽ ഗ്രാമീണമേഖലയിലുള്ള 20,000ത്തോളം ആശുപത്രികളിൽ വെറും മൂന്ന് ലക്ഷം കിടക്കകളാണുള്ളത്. നഗരപ്രദേശങ്ങളിലാവെട്ട 3,700 ആശുപത്രികളിലായി 4.3 ലക്ഷം കിടക്കകളും. ഇതിൽ മിക്ക ആശുപത്രികളിലും ഒരു കിടക്കയിൽ രണ്ട് രോഗികളെ വരെ കിടത്തിയാണ് ചികിത്സിക്കുന്നെതന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.