ഇനി ജീവിതം കോവിഡിനൊപ്പം
text_fieldsകോവിഡ് തുടങ്ങി അഞ്ചുമാസം പിന്നിടുേമ്പാഴും രോഗത്തെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ജനസംഖ്യയിൽ പകുതിയോളം പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ തളച്ചിട്ട അവസ്ഥയിലാണ്. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും രോഗവ്യാപനം മിക്ക രാജ്യങ്ങളിലും അനിയന്ത്രിതമാണ്. വ്യാപനം കുറഞ്ഞാൽപോലും രോഗസാധ്യത വിെട്ടാഴിയുകയില്ല. ഇൗ സാഹചര്യത്തിൽ ‘കോവിഡിനൊപ്പം എങ്ങനെ ജീവിക്കാം’ എന്നകാര്യം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്.
കരകയറണം
പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കു മാത്രം മുൻതൂക്കംകൊടുത്ത് രാജ്യങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതോടൊപ്പം സമ്പദ്വ്യവസ്ഥയെയും മഹാമാന്ദ്യത്തിൽനിന്ന് കരകയറ്റണം. ഫലപ്രദമായ ചികിത്സയോ പ്രതിരോധ കുത്തിവെപ്പോ ഇനിയും ലഭ്യമാകാത്ത സ്ഥിതിക്ക് അനിശ്ചിതമായി ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകാൻ ഒരു സമൂഹത്തിനും രാജ്യത്തിനും സാധ്യമല്ല. ഘട്ടംഘട്ടമായി ഇളവുകൾ അനുവദിച്ചേ തീരൂ. ഒപ്പം വൈറസിെൻറ സമൂഹവ്യാപനം തടയാൻ ഫലവത്തായ മാർഗങ്ങൾ അവലംബിച്ച് ജീവിതരീതികൾ മാറ്റിപ്പണിയണം. കോവിഡ് രോഗികൾ നമുക്കിടയിൽ ഉണ്ടാകാമെന്നു മനസ്സിലാക്കി സാഹചര്യവുമായി
പൊരുത്തപ്പെട്ട് വൈറസിനെ അതിജീവിച്ച് ജീവിക്കാൻ പഠിക്കണം. ശരിയായ ശുചിത്വതന്ത്രങ്ങൾ ആവിഷ്കരിച്ച് നമ്മുടെ ജീവിതരീതിയും സ്വഭാവവും പരിഷ്കരിക്കുകതന്നെ ഏറ്റവും പ്രധാനം.
തോൽക്കാതിരിക്കാൻ
•പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക
•ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകുക
•ശാരീരിക അകലം കർശനമായും പാലിക്കുക
കുട്ടികൾ മുതൽ വയോധികർവരെ ഈ നിർദേശങ്ങൾ പാലിക്കണം; വീട്ടിലായാലും. സാധനങ്ങൾ വാങ്ങാനും പണമടക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുേമ്പാഴുമൊക്കെ ക്യൂ പാലിക്കണം. മറ്റു മിക്ക രാജ്യങ്ങളിലും ഇത് സാധാരണമാണെങ്കിലും നമ്മുടെ നാട്ടിൽ ക്യൂ പാലിക്കാൻ വലിയ മടിയാണ്. ഈ സ്ഥിതി മാറ്റിയേ തീരൂ. ആരോഗ്യപ്രവർത്തകർ നിർബന്ധമായും N95 മാസ്ക്കുകൾ ഉപയോഗിക്കണം. 65 വയസ്സിനു മുകളിലുള്ളവരും ആസ്ത്മ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം, കരൾരോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗമുള്ളവർ സർജിക്കൽ/മെഡിക്കൽ മാസ്ക് ഉപയോഗിക്കണം. സാധാരണ ജനങ്ങൾ കോട്ടൺ തുണികൊണ്ടുള്ള മാസ്ക്കുകൾ ധരിച്ചാൽ മതി. മാസ്ക്കുകൾ ആറു മണിക്കൂർ കഴിയുേമ്പാൾ മാറ്റാൻ ശ്രദ്ധിക്കണം. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ഒപ്പം ഐസൊലേഷൻ വാർഡുകളുടെ എണ്ണം കൂട്ടുകയും തീവ്രപരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം.
ലോക്ഡൗൺ ഇളവുവരുന്നു
പല രാജ്യങ്ങളും ലോക്ഡൗണിൽ കാര്യമായ ഇളവുകൾ വരുത്താൻ തുടങ്ങിട്ടുണ്ട്. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവിസ് നവംബറോടെ പൂർവസ്ഥിതി പ്രാപിക്കും. ഇതോടൊപ്പം രോഗവാഹകരുടെ ഒഴുക്കും കൂടും. അതുകൊണ്ടുതന്നെ രോഗസ്ഥിരീകരണത്തിനുള്ള പരിശോധനകൾ കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടെപടലിലൂടെ ഇതിെൻറ ചെലവ് നിയന്ത്രിക്കണം. ഒപ്പം, കൂടുതൽ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ഇത് ലഭ്യമാക്കുകയും വേണം.
തൊഴിലിടങ്ങൾ സജീവമാകുേമ്പാൾ
എത്ര നാളാണ് മനുഷ്യന് ജോലിക്കു പോകാതെ പിടിച്ചുനിൽക്കാൻ സാധിക്കുക. േജാലിസ്ഥലങ്ങളും കാൻറീനുകളും ഭക്ഷണശാലകളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ തുറന്നു പ്രവർത്തിക്കാതിരിക്കാനാവില്ല. ഇന്ത്യയിലെ ആറു ദശലക്ഷം വരുന്ന ചെറുകിട-ഇടത്തരം വ്യവസായ യൂനിറ്റുകൾ പ്രവർത്തിക്കേണ്ടതുണ്ട്. പക്ഷേ, ഇവിടങ്ങളിലൊക്കെയും ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ജോലിക്കാർക്ക് ആവശ്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ നൽകുകയും അവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
ജോലിസ്ഥലങ്ങളുടെ ശുചീകരണം പ്രധാനമാണ്. ക്ലീനിങ് ജോലിക്കാർക്ക് ആവശ്യമായ സാമാന്യ അറിവും പരിശീലനവും കൊടുക്കണം. അതോടൊപ്പം, അവരുടെ സ്വയം സുരക്ഷക്കുള്ള സംവിധാനം ഒരുക്കുകയും വേണം. ഇവർ നിർബന്ധമായും ഗ്ലൗസ് ധരിക്കണം. കടകളും മാളുകളും മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, അങ്ങോട്ട് ഇടക്കിടെ പോകുന്നത് ഒഴിവാക്കുക. ദീർഘകാലം സൂക്ഷിക്കാവുന്ന ഭക്ഷ്യവസ്തുക്കൾ കരുതുക. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. റെസിഡൻറ്സ് അസോസിയേഷനുകൾക്കും സന്നദ്ധ സംഘടനകൾക്കും ഇതിൽ പങ്കുചേരാം.
ഒഴിവാക്കാവുന്ന യാത്രകൾ
കുട്ടികളും 65 വയസ്സു പിന്നിട്ടവരും യാത്രകൾ ഒഴിവാക്കുക. രോഗങ്ങളുള്ളവർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കരുത്. രോഗികളെ സന്ദർശിക്കുന്നതും തൽക്കാലം ഒഴിവാക്കണം. പുറത്തുപോകുേമ്പാൾ ഒരു ചെറിയ സാനിറ്റൈസർ കരുതുക. ഇടക്ക് കൈകളിൽ പുരട്ടുക. ആളുകളെേയാ പ്രതലങ്ങളിലോ കമ്പികളിലോ ഒക്കെ സ്പർശിച്ചശേഷം മുഖത്ത് തൊടാതിരിക്കാൻ ശ്രദ്ധിക്കണം. വീടിനകത്തു കയറും മുേമ്പ കൈകൾ സോപ്പിട്ടു കഴുകണം.
അണുമുക്തമാക്കണം
•പൊതുഗതാഗത സംവിധാനങ്ങളിൽ തിരക്കുകുറക്കാൻ നടപടികൾ കൈക്കൊള്ളണം. യാത്രക്കാർ കൂടുതൽ സ്പർശിക്കുന്ന കമ്പികളും പ്രതലങ്ങളും അണുമുക്തമാക്കണം.
•കതകിെൻറ പിടികൾ, സ്വിച്ചുകൾ, മേശയുടെ പ്രതലം, ഫോണുകൾ, കീബോർഡുകൾ, മൗസ്, ടോയ്ലറ്റുകൾ, ടാപ്പുകൾ, സിങ്കുകൾ മുതലായവ അണുനാശിനികൾ ഉപയോഗിച്ച് അണുമുക്തമാക്കണം.
•ഒാഫിസുകളിൽ പോകുന്നവർ സ്വന്തമായി പേന കരുതുക. പേനകൾ കൈമാറി ഉപയോഗിക്കരുത്. ബാങ്കുകളിലും മറ്റും കെട്ടിയിടുന്ന പേന ഒഴിവാക്കുക.
•ഒാഫിസുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ
പൊതുസ്ഥലങ്ങളിൽ ഉയർന്ന ശുചിത്വമാനദണ്ഡങ്ങൾ പാലിക്കണം.
•സ്കൂളുകളിലും കോളജുകളിലും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി തിരക്കു കുറക്കാം.
ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കൂ
⊿കടകളിൽ തിരക്കേറിയ സമയങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പോകരുത്. ക്യൂവിൽ നിൽക്കുമ്പോൾ അകലം പാലിക്കുക
⊿ ബില്ലടക്കുന്നതിനും മറ്റു പണ ഇടപാടുകൾക്കും പരമാവധി Google Pay, PhonePe, Net Banking സംവിധാനങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ ഉപയോഗിക്കുക
⊿വീട്ടിലെത്തിയശേഷം സാധനങ്ങൾ വാങ്ങിയ കവറുകൾ മാറ്റണം. കൈകൾ സോപ്പ്/ഹാൻഡ്വാഷ് ഉപയോഗിച്ച്് കഴുകി വൃത്തിയാക്കണം.
⊿സോപ്പ്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിശ്ചിത ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. അവ നേർപ്പിച്ചതാകരുത്.
⊿ടോയ്ലറ്റ് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ്/സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
⊿ പല ആളുകൾ സ്പർശിക്കുന്ന ടാപ്പുകൾ സുരക്ഷിതമല്ല. അവ ഇടക്കിടെ വൃത്തിയാക്കണം. സെൻസർ ഉള്ള ടാപ്പുകൾ നല്ലതാണ്.
⊿ഭക്ഷണപദാർഥങ്ങൾ അണുമുക്തമായ സ്ഥലങ്ങളിൽ സൂക്ഷിക്കണം.
⊿പഴങ്ങളും പച്ചക്കറികളും ടാപ്പിനു താഴെവെച്ച് നന്നായി കഴുകണം.
⊿കിഴങ്ങുവർഗങ്ങൾ ബ്രഷും വെള്ളവും ഉപയോഗിച്ച് കഴുകുക.
⊿സംഭാരം, ലെസ്സി, ജ്യൂസ് തുടങ്ങിയവയുടെ കവർ നന്നായി കഴുകാതെ കടിച്ചുതുറന്ന് വലിച്ചുകുടിക്കരുത്.
(ലേഖകൻ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ചീഫ് ഫിസിഷൻ & ഡയബറ്റോളജിസ്റ്റ് ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.