പ്രമേഹം: ആദ്യ ചികിത്സ തെറ്റിദ്ധാരണകള്ക്ക്
text_fieldsകേരളം അതിവേഗത്തിൽ ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിക്കൊണ്ടി രിക്കുകയാണ്. ഇന്നു നാം നേരിടുന്ന പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളിൽ പ്രധാന വില്ലനാണ് പ്രമേഹം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, നാഡീസംബന്ധമായ അസുഖങ്ങൾ തുടങ്ങി പല പ്രശ്നങ്ങൾക്കും പ്രധാന കാരണം പ്രമേഹമാണ്. എന്നാൽ, വളരെ എളുപ്പം ചികിത്സിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ ഒരു രോഗം കൂടിയാണ് പ്രമേഹം. പലരും തെറ്റിദ്ധാരണകളും അറിവില്ലായ്മയും കൊണ്ട് തെറ്റായ ചികിത്സാരീതികൾ സ്വീകരിക്കുകയോ ചികിത്സതന്നെ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത് രോഗത്തെ വഷളാക്കുകയും സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രമേഹത്തെ അതിജീവിക്കാനുള്ള വഴികൾ തേടുേമ്പാൾ ആദ്യം തിരുത്തേണ്ടത് തെറ്റിദ്ധാരണകളാണ്.
മരുന്നുകൾ നിർത്താൻ പറ്റില്ലേ!
പ്രമേഹത്തിനുള്ള മരുന്നുകളോ ഇൻസുലിനോ തുടങ്ങിക്കഴിഞ്ഞാൽ അത് നിർത്താൻ സാധിക്കില്ല എന്നത് പ്രമേഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വലിയ ഒരു തെറ്റിദ്ധാരണയാണ്. പ്രമേഹം ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന ഒരു രോഗമല്ല. മരുന്നുകൾ ഉപയോഗിച്ച് അതിനെ നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കൂ. മരുന്നുകൾ നിർത്തിക്കഴിഞ്ഞാൽ രക്തഗ്ലൂക്കോസ് വീണ്ടും ക്രമാതീതമായി ഉയരും. ഇതുകൊണ്ടാണ് പലരും മരുന്നുകൾ തുടങ്ങിക്കഴിഞ്ഞാൽ നിർത്താൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണക്ക് അടിപ്പെടുന്നത്.
പലപ്പോഴും കർശനമായ ജീവിതശൈലീ മാറ്റവും ഭാരനിയന്ത്രണവും ഭക്ഷണനിയന്ത്രണവും മറ്റും വഴി പലർക്കും മരുന്നുകളുടെ ഡോസ് കുറച്ചുകൊണ്ടുവരാൻ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മരുന്ന് നിർത്താനും പറ്റാറുണ്ട്. എന്നാൽ, പ്രായമാകുന്തോറും ശരീരത്തിലെ ഇൻസുലിൻ നിർമാണം കുറഞ്ഞുവരുന്നതിനാൽ മരുന്നുകളുടെ ഡോസ് ഉയർത്തിക്കൊണ്ടു വരാറുണ്ട്. ചിലപ്പോഴൊക്കെ ഗുളികയിൽനിന്ന് ഇൻസുലിൻ കുത്തിവെപ്പിലേക്ക് മാറേണ്ടിവരുകയും ചെയ്യാം. അങ്ങനെയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചുനിർത്താൻ ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതുണ്ട്.
രക്തഗ്ലൂക്കോസ് നിയന്ത്രിക്കാൻ പര്യാപ്തമായ അളവിൽ മരുന്നു കഴിച്ചില്ലെങ്കിൽ അത് സങ്കീർണതകളിലേക്കു നയിക്കാം. മിക്ക പ്രമേഹ മരുന്നുകളും ശരീരത്തിൽ ഒരു ദിവസത്തിൽതാഴെ മാത്രമേ പ്രവർത്തിക്കൂ. ഒരുനേരം മരുന്ന് കഴിക്കാൻ മറന്നുപോയാൽ ഓർമവരുന്ന സമയത്ത് മരുന്നു കഴിക്കേണ്ടതാണ്. രണ്ടുനേരം കഴിക്കേണ്ട മരുന്നുകൾ ഒരുമിച്ച് ഒരു നേരം കഴിക്കാനും പാടില്ല.
മരുന്നുകൾ ആന്തരികാവയവങ്ങളെ തകർക്കുേമാ?
പ്രമേഹ മരുന്നുകൾ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കും എന്ന ഒരു തെറ്റിദ്ധാരണയും നിലനിൽക്കുന്നുണ്ട്. പലതരത്തിൽപെട്ട ഗുളികകളും ഇൻസുലിൻ ഇൻജക്ഷനുമാണ് രക്തഗ്ലൂക്കോസ് നിയന്ത്രണത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇവയൊന്നും കിഡ്നികളുടെയോ മറ്റ് ആന്തരികാവയവങ്ങളുടെയോ പ്രവർത്തനത്തെ തകരാറിലാക്കുന്നവയല്ല. എന്നാൽ, ഇവ ഉപയോഗിക്കാതിരിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അനിയന്ത്രിതമായി ഉയർന്നു നിന്നാൽ അത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ വളരെ ദോഷകരമായി ബാധിക്കാം. മരുന്നുകളല്ല പ്രമേഹം തന്നെയാണ് ആന്തരികാവയവങ്ങളെ തകരാറിലാക്കുന്നത്.
ചോറിന് പകരമാണോ ചപ്പാത്തി
വളരെ ആശയക്കുഴപ്പമുള്ളതാണ് പ്രമേഹ രോഗികളുടെ ഭക്ഷണ ശൈലി. അരിഭക്ഷണം പൂർണമായും ഒഴിവാക്കുകയും ഗോതമ്പ് അടിസ്ഥാനമാക്കിയ ചപ്പാത്തിയും മറ്റും എത്രവേണമെങ്കിലും കഴിക്കുകയും ചെയ്യുന്നതാണ് നിലവിലെ ശൈലി. ഇത് പൂർണമായും തെറ്റാണ്. അരിയും ഗോതമ്പും തമ്മിൽ വലിയ വ്യത്യാസമില്ല. അകത്തു ചെല്ലുന്ന കലോറിയുടെ അളവാണ് പ്രധാനം. കഴിക്കുന്നത് അരിയായാലും ഗോതമ്പായാലും അളവ് കൃത്യമായി നിയന്ത്രിക്കണം. ഓരോ ദിവസവും ശരീരത്തിൽ ചെല്ലേണ്ട കലോറിയുടെ അളവ് കണക്കുകൂട്ടുകയും (ഇത് ഓരോ വ്യക്തിക്കും വെവ്വേറെ ആയിരിക്കും) അതിനനുസരിച്ച് മൂന്ന് പ്രധാന ഭക്ഷണങ്ങളും മൂന്ന് ചെറു ഭക്ഷണങ്ങളും ആയി വിഭജിച്ച് ആഹാരം കഴിക്കുകയും ചെയ്താൽ പ്രമേഹം വലിയൊരളവുവരെ നിയന്ത്രിച്ചു നിർത്താനാവും.
പെട്ടെന്ന് ശരീരത്തിലേക്ക് പഞ്ചസാര കടത്തിവിടുന്ന ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ, വളരെ കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷിച്ച് നിയന്ത്രിക്കുന്ന ആളുകൾക്ക് വല്ലപ്പോഴും അൽപം പഞ്ചസാരയോ ശർക്കരയോ മറ്റോ അടങ്ങിയ ഭക്ഷണം കഴിച്ചതുകൊണ്ട് വലിയ തകരാറ് സംഭവിക്കുകയില്ല. ഭക്ഷണത്തിന് മധുരം നൽകുന്ന കൃത്രിമ പദാർഥങ്ങളായ അസ്പാർട്ടേം, സുക്രാലോസ്, സാക്കറിൻ എന്നിവ നിർദിഷ്ടമായ അളവിലാണെങ്കിൽ പ്രമേഹരോഗികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. മധുരപദാർഥങ്ങൾ കഴിക്കാൻ സാധിക്കാത്തതിലുള്ള വിഷമം ഇങ്ങനെ പരിഹരിക്കാം.
ശാസ്ത്രീയമല്ലാത്ത ആഹാരശൈലി അനാരോഗ്യംകൂടി കൊണ്ടുവരും
പ്രകൃതിചികിത്സ, പട്ടിണി തുടങ്ങിയ ഭക്ഷണശീലങ്ങൾ പ്രമേഹരോഗികൾക്ക് തീരെ യോജിച്ചതല്ല. തീർത്തും സസ്യാഹാരത്തിലേക്ക് പരിമിതപ്പെടേണ്ട കാര്യവുമില്ല. ശാസ്ത്രീയമല്ലാത്ത ആഹാര ശൈലികൾ പ്രമേഹരോഗികളെ അനാരോഗ്യത്തിലേക്ക് തള്ളിവിടാറുണ്ട്. വേണ്ടത്ര കൊഴുപ്പും മാംസ്യങ്ങളും അടങ്ങിയ സമീകൃതാഹാരമാണ് പ്രമേഹരോഗികൾക്ക് ലഭിക്കേണ്ടത്. കൃത്യമായ വ്യായാമവും സമീകൃതാഹാരവും കൂടി ചേരുന്നതോടെ പ്രമേഹം വലിയൊരളവിൽ നിയന്ത്രിക്കാൻ സാധിക്കും. ഇതുവഴി കഴിക്കുന്ന മരുന്നിെൻറ ഡോസ് കുറച്ചു കൊണ്ടുവരാനും കഴിയും.
പഞ്ചസാര കഴിക്കാറില്ല, എന്നിട്ടും പ്രമേഹം
പഞ്ചസാര കഴിക്കുന്നതുവഴി ഉണ്ടാകുന്ന രോഗമാണ് പ്രമേഹം എന്ന ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ട് . പ്രമേഹരോഗമുള്ളവർ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കണം എന്നത് ശരിയാണെങ്കിലും പഞ്ചസാര കൂടുതലായി കഴിക്കുന്നവർക്ക് പ്രമേഹ രോഗം വരണമെന്നില്ല. പഞ്ചസാര തീരെ കഴിക്കാത്തവർക്കും പ്രമേഹം വന്നു എന്നും വരാം. അമിതഭക്ഷണം, വ്യായാമക്കുറവ്, അമിത ശരീരഭാരം, ജനിതക കാരണങ്ങൾ എന്നിവയാണ് പ്രമേഹം വരാനുള്ള പ്രധാന കാരണങ്ങൾ.
പ്രമേഹം എങ്ങനെയാണുണ്ടാകുന്നത്?
നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നില്ല. പകരം കുടലിൽെവച്ച് അത് അതിെൻറ ഘടകപദാർഥങ്ങളായി വിഘടിക്കപ്പെടുന്നു. പ്രധാനമായും നമ്മുടെ ശരീരത്തിന് ഊർജം നൽകുന്നത് ഗ്ലൂക്കോസാണല്ലോ. നാം കഴിക്കുന്ന ഭക്ഷണത്തിലെ അന്നജം മുഴുവൻ കുടലിൽെവച്ച് വിഘടിച്ച് ഗ്ലൂക്കോസായി മാറിയ ശേഷമാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്.
ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും അൽപസമയത്തിനുള്ളിൽ രക്തത്തിലെ ഗ്ലൂക്കോസ് ഉയരാൻ തുടങ്ങുന്നു. ഈ ഗ്ലൂക്കോസ് ശരീരത്തിെൻറ ഊർജ ആവശ്യങ്ങൾക്കു വേണ്ടിയും നിർമാണ ആവശ്യങ്ങൾക്കുവേണ്ടിയും വഴി തിരിച്ചുവിടണം. അതിന് ശരീരത്തിലുള്ള പ്രധാന സംവിധാനങ്ങളിൽ ഒന്നാണ് ഇൻസുലിൻ. വയറിനുള്ളിൽ മുകൾ ഭാഗത്തായി സ്ഥിതിചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. രക്തത്തിലെത്തുന്ന ഇൻസുലിൻ രക്തഗ്ലൂക്കോസിനെ കോശങ്ങളുടെ ഉള്ളിലേക്ക് കടത്തിവിടുന്നു. ഈ ഗ്ലൂക്കോസ് ഊർജം നിർമിക്കാനായി കോശങ്ങൾ ഉപയോഗപ്പെടുത്തുന്നു. അധികമുള്ള ഗ്ലൂക്കോസാകട്ടെ, കൊഴുപ്പായും ഗ്ലൈക്കോജനായും ശേഖരിച്ചുവെക്കപ്പെടുന്നു. ഭക്ഷണം കിട്ടാത്ത സാഹചര്യങ്ങളിൽ ശരീരം ഈ ശേഖരിച്ചുവെച്ച സ്രോതസ്സ് വിഘടിപ്പിച്ച് അതിൽനിന്ന് ഗ്ലൂക്കോസ് നിർമിച്ച് ഉപയോഗിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് വളരെ ഉയർന്നാലും വളരെ കുറഞ്ഞാലും അതു പ്രശ്നമാണ് എന്ന് ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ. രക്തഗ്ലൂക്കോസിെൻറ നിയന്ത്രണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഇൻസുലിെൻറ അളവ് ശരീരത്തിൽ കുറയുകയോ ശരീരകോശങ്ങൾ ഇൻസുലിനോടു പ്രതികരിക്കാതാകുകയോ ചെയ്താൽ രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി ഉയരും. ഈ അവസ്ഥയാണ് പ്രമേഹം.
പ്രമേഹരോഗികളുടെ വ്യായാമം
പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വ്യായാമം വളരെ പ്രാധാന്യമുള്ളതാണ്. വ്യായാമത്തിനുവേണ്ടി മാത്രം വ്യായാമം ചെയ്യുക എന്ന ശീലം നമ്മെ സംബന്ധിച്ചിടത്തോളം അന്യമാണ്. എന്നാൽ, സാധാരണ ചെയ്യുന്ന ജോലിക്കു പുറമെ ഓരോ ആഴ്ചയും 150 മുതൽ 200 മിനിറ്റുവരെയെങ്കിലും ലഘുവല്ലാത്ത വ്യായാമം പ്രമേഹരോഗികൾക്ക് അത്യന്താപേക്ഷിതമാണ്. അമിത ശരീരഭാരം ഇല്ലാത്ത ആളുകളെ സംബന്ധിച്ചാണ് ഈ നിബന്ധന. അമിത ശരീരഭാരമുള്ളവർ ഇതിലും അധികം സമയം വ്യായാമം ചെയ്യുകയും ശരീരഭാരം കുറച്ചുകൊണ്ടുവരുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
വേഗത്തിൽ നടക്കുക, നീന്തുക, സൈക്കിൾ ചവിട്ടുക എന്നതുപോലെയുള്ള എയറോബിക് വ്യായാമങ്ങളാണ് ചെയ്യാൻ ഏറ്റവും യോജ്യമായിട്ടുള്ളത്. കൂടുതൽ ശക്തമായ വ്യായാമങ്ങൾ ചെയ്യുന്നതിനു മുമ്പ് ഡോക്ടറുടെ നിർദേശം തേടണം. ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചു ദിവസങ്ങളിലായി സമയം വിഭജിച്ച് വ്യായാമം ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. ഇങ്ങനെ നോക്കിയാൽ ഓരോ ദിവസവും ചുരുങ്ങിയത് അരമണിക്കൂർ നേരം വ്യായാമത്തിനായി ചെലവാക്കേണ്ടിവരും. വ്യായാമത്തിെൻറ കാഠിന്യം നിർണയിക്കുന്നതിനും എളുപ്പവഴിയുണ്ട്. വ്യായാമം ചെയ്യുന്നതിന് ഒരു മൂളിപ്പാട്ടും പാടി ഇറങ്ങുക. വ്യായാമത്തിെൻറ മൂർധന്യാവസ്ഥയിൽ കിതപ്പ് കാരണം പാട്ടു പാടാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകണം. അങ്ങനെയാണെങ്കിൽ വ്യായാമം ഫലപ്രദമാണ് എന്ന് ഉറപ്പിക്കാം. പ്രമേഹരോഗികൾ ചിട്ടയായ വ്യായാമം വഴി ബോഡി മാസ് ഇൻഡക്സ് 25ന് താഴെ നിർത്തേണ്ടതാണ്.
രക്തസമ്മർദത്തിലും വേണം ഒരു കണ്ണ്
പ്രമേഹരോഗികൾ രക്തഗ്ലൂക്കോസിനു പുറമെ രക്തസമ്മർദവും രക്തത്തിലെ കൊളസ്ട്രോളിെൻറ അളവും നിയന്ത്രണത്തിൽ നിർത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹം പോലെതന്നെ ഈ രണ്ടു രോഗങ്ങളും ശരീരത്തിലെ ആന്തരിക അവയവങ്ങളെ ബാധിക്കുകയും രോഗത്തിെൻറ കാഠിന്യം വർധിപ്പിക്കുകയും ചെയ്യും എന്നതുതന്നെ കാരണം. രക്തസമ്മർദ്ദം 140/80mmHgക്ക് താഴെയായി നിയന്ത്രിക്കാൻ സാധിക്കണം. ഇതിന് മരുന്ന് ആവശ്യമാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കണം. രക്തത്തിലെ കൊളസ്ട്രോൾ നില LDL- നൂറിനു താഴെ, HDL- നാൽപതിനു മേലെ, ട്രൈഗ്ലിസറൈഡ് 150നു താഴെ എന്നിങ്ങനെ എങ്കിലും നിർത്താൻ ശ്രമിക്കണം. ഇതിനും ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് ആവശ്യമാണെങ്കിൽ കഴിക്കേണ്ടിവരും.
പ്രമേഹരോഗികളിൽ വളരെ സാധാരണമായ ഒരു സങ്കീർണതയാണ് രക്തത്തിലെ ഗ്ലൂക്കോസ് അമിതമായി കുറഞ്ഞുപോകുന്ന അവസ്ഥ. ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഇതിനെ പറയുന്നത്. പ്രമേഹരോഗികൾക്ക് പരിചിതമായിരിക്കും ഇൗ അവസ്ഥ. തലച്ചോറടക്കം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ആവശ്യത്തിന് ഊർജം കിട്ടാതാകും എന്നതിനാൽ വളരെ അപകടകരമായ ഒരു അവസ്ഥയാണ് ഇത്. അമിത വിശപ്പ്, കൈകാൽ വിറയൽ, വിയർപ്പ്, മിടിപ്പ്, കണ്ണിൽ ഇരുട്ടു കയറൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. ഗ്ലൂക്കോമീറ്റർ ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ ഈ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്താം.
രോഗിക്കുതന്നെ ലക്ഷണങ്ങളിൽനിന്ന് പ്രശ്നം നിർണയിക്കാനായാൽ പഞ്ചസാര കലക്കിയ വെള്ളമോ മിഠായിയോ മറ്റോ കഴിച്ച് താൽക്കാലിക ശമനം കണ്ടെത്താനാകും. രോഗം ഗുരുതരമായാൽ രക്തത്തിലേക്ക് നേരിട്ട് ഗ്ലൂക്കോസ് ലായനി കടത്തിവിടേണ്ടി വരും. ഇതിനായി രോഗിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് അമിതമായി വർധിക്കുന്നതും കുഴപ്പം സൃഷ്ടിച്ചേക്കാം. ബോധം നഷ്ടപ്പെടുന്നതടക്കം ഏതാണ്ട് സമാനമായ ലക്ഷണങ്ങൾ ഈ അവസ്ഥക്കും ഉണ്ടാകുമെന്നതിനാൽ രക്തഗ്ലൂക്കോസ് പരിശോധിച്ചശേഷമേ കൃത്യമായ രോഗനിർണയത്തിൽ എത്താൻ സാധിക്കൂ.
ഗ്ലൂക്കോമീറ്റർ വഴികാട്ടും
നമ്മുടെ നാട്ടിൽ പ്രമേഹരോഗികൾക്കിടയിൽ ഇപ്പോൾ പ്രചാരം സിദ്ധിച്ചുവരുന്ന ഒരു ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. ഞൊടിയിടയിൽ വിരൽത്തുമ്പിൽനിന്നുള്ള ഒരു തുള്ളി രക്തംകൊണ്ട് വേദനയില്ലാതെ രക്തഗ്ലൂക്കോസ് അറിയാമെന്നതാണ് ഗ്ലൂക്കോമീറ്ററിെൻറ ഗുണം. പ്രമേഹം നിയന്ത്രണത്തിലാണോ എന്നും ദിവസത്തിെൻറ ഏത് സമയത്താണ് രക്തഗ്ലൂക്കോസ് ഉയർന്നുപോകുന്നത് എന്നും മറ്റുമുള്ള കാര്യം കൃത്യമായി പ്രമേഹരോഗിക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ ഉപകരണം സഹായിക്കുന്നു. വിപണിയിൽ ആയിരം രൂപയിൽ താഴെ ഇത്തരം ഉപകരണങ്ങൾ ലഭ്യമാണ്. ഓരോ തവണയും രക്തം പരിശോധിക്കാൻ ഉപയോഗിക്കുന്ന സ്ട്രിപ്പിന് 30 രൂപ മുതൽ 50 രൂപ വരെ ചെലവാകും. രക്തഗ്ലൂക്കോസ് അമിതമായി കുറഞ്ഞുപോകുകയോ കൂടിപ്പോവുകയോ ചെയ്യുന്ന അവസരങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞു ഡോക്ടറുടെ സഹായം തേടാനും ഗ്ലൂക്കോമീറ്റർ സഹായിക്കും. സ്വയം ഇൻസുലിൻ കുത്തിവെക്കുന്നവർക്കും ഗ്ലൂക്കോമീറ്റർ വലിയ അനുഗ്രഹമാണ്.
തെറ്റിദ്ധാരണകളും അറിവില്ലായ്മയും കൊണ്ട് തെറ്റായ ചികിത്സാരീതികൾ സ്വീകരിക്കുകയോ ചികിത്സതന്നെ സ്വീകരിക്കാതിരിക്കുകയോ ചെയ്ത് ആരോഗ്യവും ജീവനുമൊക്കെ അപകടത്തിലാക്കുന്നതിനുപകരം ശാസ്ത്രീയമായി അതിജീവിക്കാനുള്ള വഴികൾ തേടിയാൽ ജീവിതം മധുരിക്കും, ഇനിയും.
തയാറാക്കിയത്: ഡോ. അരുൺ മംഗലത്ത്
ജൂനിയർ െറസിഡൻറ്
ഡിപ്പാ. ഒാഫ് സർജറി
ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.