ജീവിതശൈലി: യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠനറിപ്പോർട്ട്
text_fieldsഡൽഹി:ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ കാൻസർ സാധ്യത കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഭക്ഷണക്രമം,പുകയില ഉപയോഗം, അമിത ലഹരി തുടങ്ങിയവയാണ് ചെറുപ്പാക്കാരിലും കാൻസർ സാധ്യത ഉയർത്തുന്നതെന്നാണ് പഠനം പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് വൻകുടൽ കാൻസറാണ് ലോകത്തിൽ തന്നെ കാൻസർ കേസുകളിൽ മൂന്നാം സ്ഥാനത്തും, കാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനത്തുമുള്ളത്. ഇന്ത്യക്കാരിൽ സാധാരണയായി കാണപ്പെടുന്ന കാൻസറുകളിൽ വൻകുടൽ കാൻസർ നാലാമതാണെന്ന് 2020 ലെ ആഗോള കാൻസർ നിരീക്ഷണ റിപ്പോർട്ടിൽ പറയുന്നു.
മലാശയ അർബുദം എന്നും അറിയപ്പെടുന്ന ഈ അസുഖം വൻകുടലിലെ അഥവാ മലാശയത്തിലെ കോശങ്ങളിൽ സംഭവിക്കുന്ന ജനിതക മാറ്റം മൂലമാണുണ്ടാകുന്നത്. ചിലരിൽ കാൻസർ സാധ്യതയില്ലാത്ത ചെറിയ തടിപ്പുകളായണിവ വളർന്നു തുടങ്ങുക. പിന്നീട് അവ വൻകുടൽ കാൻസറായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ, എല്ലാ തടിപ്പുകളും കാൻസറുകളായി മാറാറില്ലെന്നും പഠനം പറയുന്നു.
വൻകുടൽ കാൻസറിന്‍റെ ലക്ഷണങ്ങൾ
നിർത്താതെയുള്ള ഛർദി , മലബന്ധം, മലാശയത്തിൽ കാണപ്പെടുന്ന രക്തസ്രാവം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ക്ഷീണം തുടങ്ങിവയാണ് വൻകുടൽ കാൻസറിന്‍റെ ലക്ഷണങ്ങൾ. വ്യക്തികൾക്കനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം വന്നേക്കാം. ചിലരിൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കാറുമുണ്ട്.
പാരമ്പര്യം, കൊളസ്ട്രോൾ, അമിത ലഹരി ഉപയോഗം, തുടങ്ങിയ കാരണങ്ങൾ കൊണ്ട് വൻകുടൽ കാൻസർ ഉണ്ടാകുന്നതെന്ന് മോളിക്കുലാർ ബയോളജി നാഷണൽ റെഫറൻസ് ലാബ് മേധാവി ഡോ.വിനയ് ഭട്ടിയ പറഞ്ഞു. കാൻസർ സാധ്യത കുറക്കാൻ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വർധിപ്പിക്കണം,വ്യായാമം ചെയ്യുകയും, ലഹരി ഉപയോഗം കുറക്കുകയും, പുകവലി നിർത്തുകയും ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.