കൊറോണ വൈറസ് വവ്വാലുകളിലൂടെ നൂറ്റാണ്ടുകളായി പ്രചരിക്കുന്നതായി പഠനം
text_fieldsലണ്ടൻ: കോവിഡ് 19ന് കാരണമായ കൊറോണ വൈറസ് വവ്വാലുകളിലൂടെ നൂറ്റാണ്ടുകളായി പ്രചരിച്ചതായി പഠനം. ഹോഴ്സ് ഷൂ വവ്വാലുകളാണ് കോവിഡ് രോഗകാരിയായ SARS-CoV-2 വൈറസുകളുടെ വിശ്വസനീയമായ ഉത്ഭവകേന്ദ്രമെന്നും പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിൽ പറയുന്നു. നേച്ചർ മൈക്രോബയോളജി ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ലക്ഷക്കണക്കിനാളുകളുടെ മരണത്തിനും ആഗോള സാമ്പത്തിക നിശ്ചലാവസ്ഥക്കും കാരണമായ വൈറസിന്‍റെ ഉത്ഭവത്തെ കുറിച്ച് ഏറെ വാദപ്രതിവാദങ്ങളുണ്ട്. വൈറസിന്‍റെ ഉത്ഭവത്തെ കുറിച്ച് കണ്ടെത്താൻ കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലേക്ക് ലോകാരോഗ്യ സംഘടന പഠനസംഘത്തെ അയച്ചിരുന്നു. ചൈനീസ് ലബോറട്ടറിയിൽനിന്നുമാണ് വൈറസ് പുറത്തുവന്നത് എന്ന് അമേരിക്ക ആരോപിച്ചതോടെ പ്രഭവകേന്ദ്രം കണ്ടെത്തേണ്ടത് ഏറെ ആവശ്യമായി വന്നിരിക്കുകയാണ്.
വൈറസിന്‍റെ ഉത്ഭവവും വംശാവലിയും കണ്ടെത്തുന്നത് രോഗപ്രതിരോധത്തിന് മുതൽക്കൂട്ടാവും. രോഗകാരികളെ വഹിക്കുന്ന മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കി വൻതോതിലുള്ള വ്യാപനം കുറക്കാനാകും. ഭാവിയിലെ ആരോഗ്യ പ്രതിസന്ധിയും ഒഴിവാക്കാം. വവ്വാലുകളിലെ മറ്റ് വൈറസ് വംശങ്ങളും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വൈറസുകൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് അവ മനുഷ്യനെ എത്രത്തോളം ബാധിക്കുമെന്ന് തിരിച്ചറിയുക പ്രയാസകരമണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിൽ സമയബന്ധിതമായി ആരോഗ്യനിരീക്ഷണ സംവിധാനം വേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്നതാണിത്.
വൈറസിന്‍റെ പരിണാമ ചരിത്രം പുനർനിർമിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഈനാംപേച്ചികൾ വൈറസിന്‍റെ ഹോസ്റ്റായി പ്രവർത്തിക്കുന്നില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ, രോഗം പടർത്തുന്നതിൽ ഇവക്ക് പങ്കുണ്ടായിരിക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.