മരുന്ന് കഴിച്ചാലും മാറാത്ത ആസ്ത്മക്ക് പുതിയ ചികിത്സ
text_fieldsേബ്രാങ്കിയൽ ആസ്ത്മ (Bronchial asthma) അഥവാ ശ്വാസംമുട്ടൽ എന്ന രോഗം സമൂഹത്തിന് സുപരിചിതമായ ആരോഗ്യപ്രശ്നമാണ്. സ്ഥലവ്യത്യാസങ്ങൾക്കനുസരിച്ച് വലിവ്, ഏക്കം എന്നീ പേരുകളും ഈ രോഗത്തിനുണ്ട്. മുൻകാലങ്ങളിൽ കാലാവസ്ഥയുടെ വ്യതിയാനങ്ങൾക്കനുസരിച്ചായിരുന്നു രോഗം പലരിലും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും ചേർന്ന് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
രോഗത്തിെൻറ പ്രധാനകാരണം അലർജി ആയതിനാൽ വർധിച്ചുവരുന്ന നഗരവത്കരണവും അതോടൊപ്പമുള്ള വാഹനപ്പെരുപ്പവും ഫാക്ടറികളുമാണ് വില്ലനാവുന്നത്. ഇവ സൃഷ്ടിക്കുന്ന വായുമലിനീകരണവുമാണ് അലർജിക്കും അതുവഴി ആസ്ത്മക്കും കാരണമാവുന്നത്. ജീവിതശൈലി സൃഷ്ടിക്കുന്ന രോഗപ്രതിരോധ സംവിധാനങ്ങളിലുള്ള താളപ്പിഴകൾ കാരണം ഹിസ്റ്റമൈൻ പോലുള്ള കോശജ്വലന രാസവസ്തുക്കൾ പുറത്തുവിടുന്നതോടെയാണ് ശരീരം അലർജിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. അന്തരീക്ഷവായുവിലെ ചില സാധാരണ വസ്തുക്കൾക്കെതിരായ ഐ.ജി.ഇ (Immunoglobulin E) ആൻറി ബോഡികൾമൂലം മനുഷ്യശരീരത്തിൽ കൂടുതലായി ഉൽപാദിക്കപ്പെടുന്ന പ്രതിഭാസമായ എടോപ്പിയാണ് ഈ രീതിയിലുള്ള അലർജികൾക്ക് കാരണം. പാരമ്പര്യ ഘടകങ്ങൾ ഉൾപ്പെടെ പലകാര്യങ്ങളും ഇതിെൻറ സാധ്യത വർധിപ്പിക്കുന്നുണ്ട്.
ഇത്തരത്തിൽ പൊടികളും പുകയും നിറഞ്ഞ പരിസരം, വായുവിൽ ഈർപ്പത്തിെൻറ സാന്നിധ്യമുള്ള കാലാവസ്ഥ, അന്തരീക്ഷത്തിലെ പൂെമ്പാടികൾ, വളർത്തുമൃഗങ്ങളുടെ രോമം, അവയുടെ ദേഹത്തുനിന്ന് വരുന്ന സൂക്ഷ്മജീവികൾ, വിസർജ്യങ്ങളിലെ പൂപ്പലുകൾ, ജലദോഷം പോലുള്ള വൈറസ് രോഗം, സിഗരറ്റ്പുക ശ്വസിക്കൽ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയാണ് ആസ്ത്മരോഗികളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ.
പഴകിയ ആസ്ത്മക്ക് പുതിയതരം ചികിത്സ
എന്നാൽ, ചില രോഗികളിൽ രോഗത്തിെൻറ കാലപ്പഴക്കവും ശരീരത്തിെൻറ പ്രത്യേകതകളുംമൂലം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ ഫലിക്കാതെ വരാറുണ്ട്. ദീർഘകാലത്തെ രോഗബാധമൂലം രോഗികളുടെ ശ്വാസക്കുഴലുകളുടെ അകംഭാഗത്തെ തൊലിയോട് ചേർന്ന നേർത്തതും മൃദുവായതുമായ പേശികൾ ക്രമേണ കട്ടികൂടി ഉറപ്പുള്ളതായി മാറുന്നു. ഈ പ്രക്രിയ പലപ്പോഴായി ആവർത്തിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്കുള്ള കുഴലുകളുടെ വ്യാസം കുറഞ്ഞ് ശ്വാസകോശത്തിലേക്ക് വായുവിന് പ്രവേശിക്കാൻ കഴിയാതെവരുന്നു. ഇങ്ങനെ ശ്വസനം തടസ്സപ്പെട്ട് ഗുരുതരാവസ്ഥയിലാവുന്ന രോഗികളെ മരുന്നുകളും മറ്റു ചികിത്സാരീതികളും ഉപയോഗിച്ച് രക്ഷപ്പെടുത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി (Bronchial Thermoplasty) നൂതന ചികിത്സരീതി ഉപയോഗപ്രദമാകുന്നത്. ആസ്ത്മ ചികിത്സയിലെ ഏറ്റവും ആധുനികമായ രീതിയാണിത്.
താരതമ്യേന ചെലവേറിയ ഈ ചികിത്സ പ്രാവർത്തികമായിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. 2019 മാർച്ചിൽ മാത്രമാണ് ഈ ചികിത്സ ഇന്ത്യയിൽ ആരംഭിച്ചത്. ബംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽ ആണ് രാജ്യത്ത് വിജയകരമായി ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി ചെയ്ത ആദ്യത്തെ ആശുപത്രി. തുടർന്ന് വൻ നഗരങ്ങളിലെ ചില മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലുകളിൽ പരിമിതമായ തോതിൽ മാത്രമാണ് ഈ ചികിത്സ ചെയ്യുന്നത്.
റേഡിയോ ഫ്രീക്വൻസി തരംഗാവൃത്തിയിലുള്ള താപോർജ സിഗ്നലുകൾ അയച്ച് ശ്വാസനനാളികളിലെ കട്ടികൂടിയ പേശികളെ കരിച്ചുകളയുന്ന രീതിയാണിത്. പ്രത്യേകമായി തയാറാക്കിയ കത്തീറ്റർ േബ്രാങ്കോസ്കോപ് എന്ന ഉപകരണം വഴി ശ്വസനനാളിയിലേക്ക് കടത്തുകയും അതിലൂടെ റേഡിയോ ഫ്രീക്വൻസി എനർജി കടത്തിവിട്ട് 65 ഡിഗ്രി സെൽഷ്യസിലുള്ള താപോർജം 10 സെക്കൻഡ് നേരത്തേക്ക് ഈ പേശികളിൽ പ്രയോഗിക്കുകയും ചെയ്യുന്നു.
മൂന്നാഴ്ച ഇടവിട്ട് മൂന്നുതവണ ഈ ചികിത്സ ആവർത്തിക്കുകയും ചെയ്യുന്നു. ഓരോ തവണയും രോഗിക്ക് അന്നുതന്നെ വീട്ടിലേക്ക് മടങ്ങാം എന്നതാണ് ഈ ചികിത്സയുടെ സൗകര്യം. വളരെ ചെലവേറിയതും അതേസമയം, പാർശ്വഫലങ്ങൾ ഉള്ളതുമാണ് േബ്രാങ്കിയൽ തെർമോപ്ലാസ്റ്റി. 2010 മുതൽ അമേരിക്കയിൽ ഈ ചികിത്സക്ക് അനുമതി നൽകിയത് നിബന്ധനകൾക്ക് വിധേയമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ ഇൗ ചികിത്സരീതിയിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയും ചികിത്സച്ചെലവും പാർശ്വഫലങ്ങളും കുറയുകയും ചെയ്താൽ മാത്രമേ എല്ലായിടത്തും ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി ലഭ്യമാകുകയുള്ളൂ.
വിവിധതരം ചികിത്സകൾ
അതേസമയം, സമൂഹത്തിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനക്കനുസരിച്ച് ചികിത്സാരംഗത്തും വലിയതോതിലുള്ള മുന്നേറ്റമാണ് വൈദ്യശാസ്ത്രരംഗത്ത് ഉണ്ടായിരിക്കുന്നത്. ആദ്യകാലങ്ങളിൽ വിരലിലെണ്ണാവുന്നതും പാർശ്വഫലങ്ങൾ താരതമ്യേന കൂടുതലുമായ മരുന്നുകളാണ് ഉണ്ടായിരുന്നതെങ്കിൽ നിലവിൽ വളരെ ഫലപ്രദമായ ചികിത്സകളാണ് ഇൗ രോഗത്തിനുള്ളത്. ഗുളികകളുടെയും സിറപ്പുകളുടെയും രൂപത്തിലായിരുന്നു ഇവ.
ഇത്തരം മരുന്നുകൾ ആദ്യം വയറ്റിലെത്തിയശേഷം മാത്രമാണ് രക്തവാഹിനികളിലൂടെ ശ്വാസകോശങ്ങളിലെത്തുന്നത്. അതുകൊണ്ടുതന്നെ ഇവ ഉടനടിയുള്ള ആശ്വാസം നൽകിയിരുന്നില്ല. തുടർന്നാണ് കുത്തിവെപ്പുകൾ വന്നത്. ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് ഇത് വേഗത്തിൽ ആശ്വാസം നൽകുമെങ്കിലും ഇൻഹേലറുകളാണ് ഏറ്റവും പെട്ടെന്ന് ആശ്വാസം നൽകുന്ന പുതിയ രീതി.
ഇന്‍ഹേലറുകളിലൂടെ ഏതാനും നിമിഷങ്ങള്‍ക്കുള്ളിൽ മരുന്ന് അതിന് പ്രവര്‍ത്തിക്കേണ്ട കൃത്യമായ സ്ഥാനത്ത് എത്തി ആശ്വാസം നൽകുന്നു.
മരുന്ന് നേരിട്ട് എത്തുന്നതിനാൽ ഗുളികകളെയും സിറപ്പുകളെയും അപേക്ഷിച്ച് കുറഞ്ഞ അളവിൽ മതിയാവും. ഇതുമൂലം പാർശ്വഫലങ്ങൾ കുറയുകയും മികച്ച ഫലം എത്രയുംപെട്ടെന്ന് ലഭിക്കുകയും ചെയ്യുന്നു. മറ്റു മരുന്നുകളെ അപേക്ഷിച്ച് ഇന്‍ഹേലറുകൾ ശ്വസന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വളരെ ഫലപ്രദമായ മാർഗമായി ലോകമെമ്പാടും അംഗീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.