നിപ വൈറസ് ബാധ: ഭയമല്ല, വേണ്ടത് ജാഗ്രത
text_fieldsജില്ലയിലെ പേരാമ്പ്രയിലുള്ള ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളും അവരുടെ ബന്ധുവും മസ്തിഷ്കജ്വരം (എൻസഫലൈറ്റിസ്) മൂലം മരിക്കുകയും അവരുമായി രോഗസമയത്ത് സമ്പർക്കമുണ്ടായിരുന്ന ബന്ധുക്കൾ, ആശുപത്രി ജീവനക്കാർ, സംസ്കാരശുശ്രൂഷ നടത്തിയ ഒരാൾ തുടങ്ങിയവർ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തതോടെ ബന്ധുക്കളും നാട്ടുകാരും മാത്രമല്ല, ഒരു സംസ്ഥാനമൊന്നാകെ രോഗ ഭീതിയിലാണ്. ഇതെഴുതുന്ന സമയത്തും തുടർന്ന് ആ പ്രദേശത്തു പലരും സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വാർത്തകളാണ് കേൾക്കുന്നത്.
മസ്തിഷ്ക വീക്കത്തിന് കാരണം ഇതുവരെ ദക്ഷിണേന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതും വിരളവുമായ ‘നിപ വൈറസ്’ (Niphae virus) ആണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് ‘ക്ലസ്റ്റർ’ ആയി ‘മസ്തിഷ്കവീക്കം’ ഉണ്ടായ സ്ഥിതിക്ക് രോഗം പടരാതിരിക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ നേടാനും ആരോഗ്യവകുപ്പിനോടൊപ്പം സമൂഹവും ജാഗ്രതകാട്ടണം. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുകയാണ് പ്രധാനം.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക
ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തിന് സമീപമുള്ളവരും രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ ആശു പത്രിയിലെത്തി ഉചിതമായ ചികിത്സ തേടണം. ഇപ്പോഴുണ്ടായ രോഗം വായു, വെള്ളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകൾക്കോ, ഇൗച്ചകൾക്കോ ഇൗ രോഗം പകർത്താൻ സാധ്യമല്ല. രോഗം പകർന്നിട്ടുള്ളത് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ രോഗിയുടെ ശരീരത്തിലെ ‘സ്രവങ്ങൾ’ വഴിയാണ്.
ബന്ധുക്കളും ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കേണ്ടത്
- വ്യക്തി സുരക്ഷ നടപടികൾ പുലർത്തുക. ഇതിനായി മാസ്ക്കുകളും ഗ്ലൗസ് (കൈയുറകൾ), ഗൗൺ, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക N95 മാസ്ക്കുകൾ ലഭ്യമാണ്.
- രോഗിയോ വിസർജ്യങ്ങളുമായോ സമ്പർക്കമുണ്ടായൽ കൈകൾ 20 സെക്കൻഡോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്ലോൺ, ക്ലോറോ ഹെക്സിഡിൻ തുടങ്ങിയവ ഉപയോഗിക്കാം.
- ഉപകരണങ്ങൾ ‘ഗ്ലുട്ടറാൾഡിഹൈഡ്’ ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കണം.
- പരിശോധനക്കായി രോഗിയുടെ രക്തസാമ്പ്ളുകൾ ശേഖരിക്കുേമ്പാഴും രോഗിയുടെ വിസർജ്യങ്ങൾ കൈകാര്യം ചെയ്യുേമ്പാഴും സാർവത്രിക മുൻകരുതൽ എടുക്കണം.
- ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങൾ മാറി കുളിക്കണം.
- പനി ലക്ഷണമുണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുമാണ്.
മൃതദേഹം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത്
- രോഗിയുടെ ശരീരസ്രവങ്ങൾ, വിസർജ്യങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കാൻ ‘പരിചരിക്കുന്നവർക്കുള്ള’ മുൻകരുതലുകൾ എടുക്കണം.
- മരിച്ചയാളിെൻറ മൂക്ക്, രഹസ്യഭാഗങ്ങൾ എന്നിവ പഞ്ഞികൊണ്ട് മൂടണം, വായ തുറക്കാതെ മൂടിക്കെട്ടണം.
- മരിച്ചവരുടെ മുഖത്ത് ചുംബിക്കാതിരിക്കാനും ശരീരം കെട്ടിപ്പിടിക്കാതിരിക്കാനും ബന്ധുക്കൾ ശ്രദ്ധിക്കണം.
- ശരീരം കുളിപ്പിച്ചവരും കൈകാര്യംചെയ്തവരും അതിനുശേഷം സോപ്പ് ഉപയോഗിച്ച് കുളിക്കണം.
- വസ്ത്രങ്ങൾ, പുതപ്പുകൾ, വിരിപ്പ് തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുകയോ കത്തിക്കുകയോ ചെയ്യുക.
രോഗം പകരുന്നത്
നിപ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ, രോഗബാധിതരായ മനുഷ്യർ എന്നിവരുമായി നേരിട്ടുള്ള സമ്പർക്കം വഴിയും മലേഷ്യയിൽ രോഗബാധിതരായ പന്നികളുടെ ചുമയിലുള്ള സ്രവങ്ങൾ വഴിയും നേരിട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും രോഗവാഹകരായ വവ്വാലുകളുടെ ഉച്ഛിഷ്ടം വീണ കള്ളിലൂടെയും ഭക്ഷിച്ച പഴങ്ങളിലുള്ള മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോഗമുണ്ടായത്. ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് കൂടുതൽ രോഗപ്പകർച്ച ഉണ്ടായത്. വവ്വാലുകളുടെ കുട്ടികൾ പറക്കാൻ തുടങ്ങുന്ന മേയ് മാസങ്ങളിൽ കൂടുതൽ രോഗപ്പകർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മനുഷ്യരുടെ ഇടപെടൽമൂലം വവ്വാലുകളുടെ താവളങ്ങൾ നശിപ്പിക്കപ്പെടുകയോ ഭക്ഷണലഭ്യത കുറയുകയോ ചെയ്യുേമ്പാൾ (വന നശീകരണം, നിർമാണപ്രവർത്തനങ്ങൾ, കൈയേറ്റം തുടങ്ങിയവ) വിശന്ന് വലയുന്ന വവ്വാലുകളുടെ രോഗപ്രതിരോധ ശേഷി കുറയുന്നത് വഴി ഇവയിൽ ‘വൈറസ് പെരുകൽ’ കൂടിവന്ന് മൂത്രത്തിലൂടെയും ഉമിനീരിലൂടെയും ‘നിപ വൈറസുകൾ’ കൂടുതൽ പുറത്തുവന്ന് രോഗപ്പകർച്ച കൂടാനും സാധ്യതയുണ്ട്. രോഗാണു ശരീരത്തിലെത്തിയാൽ 5-15 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണമുണ്ടാകാം.പനി, തലവേദന, തലകറക്കം, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് മുതലായവയും രണ്ടുദിവസം കഴിഞ്ഞ് ബോധക്ഷയം (കോമ) തുടങ്ങിയവയും ഉണ്ടാകാം.
രോഗനിർണയം
- രോഗിയുടെ സ്രവങ്ങൾ, രക്തം, മൂത്രം, സി.എസ്.എഫ് -ഇവയിലെ റിയൽ ടൈം പി.സി.ആർ, എലിസ.
- തലേച്ചാറിെൻറ എം.ആർ.െഎ സ്കാൻ.
- പരിശോധന ലേബാറട്ടറികൾ ഇൻറർനാഷനൽ 4-ബയോ സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് (നിപ രോഗാണുവിനെ കൈകാര്യം ചെയ്യാൻ).
ചികിത്സ
പ്രത്യേക ‘ശമന ചികിത്സ’ ഇല്ല. രോഗിയെ ഇൻറൻസിവ് കെയർ വാർഡിൽ അഡ്മിറ്റ് ചെയ്തു ‘സപ്പോർട്ടിവ്’ ചികിത്സകൾക്കുള്ള വെൻറിലേറ്റർ സർവിസും വേണ്ടിവരും -മരണസാധ്യത 70 ശതമാനത്തോളമുണ്ട്.
ആൻറി വൈറൽ മരുന്നായ റിബാവറിൻ ചികിത്സ ഉപയോഗിച്ചുവരുന്നു.
രോഗ നിയന്ത്രണം
- വൈറസ് ബാധ സംരക്ഷിക്കുന്ന പ്രദേശങ്ങളിലെ വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ ഇവയുമായി സമ്പർക്കപ്പെടാതിരിക്കുക.
- ഇങ്ങനെയുള്ള പ്രദേശങ്ങളിലെ തെങ്ങ്, പന ഇവയിൽനിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് കുടിക്കാതിരിക്കുക.
- വവ്വാലുകൾ ഭക്ഷിച്ച മാങ്ങ, പേരക്ക, അമ്പഴങ്ങ, ചാമ്പക്ക തുടങ്ങിയവ ഭക്ഷിക്കാതിരിക്കുക.
- ഇവയുടെ ‘കാഷ്ഠം’ പുരളാൻ സാധ്യതയുള്ള കാടുകളിലോ വൃക്ഷങ്ങളുടെ കീഴിലോ പോകാതിരിക്കുകയും മരത്തിൽ കയറാതിരിക്കുകയും ചെയ്യുക.
- പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണമുള്ളവർ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.
- സ്രവങ്ങൾ വഴി രോഗം പകരുന്നതിനാൽ ചുമക്കുേമ്പാഴും തുമ്മുേമ്പാഴും സംസാരിക്കുേമ്പാഴും ‘ചെറുകണങ്ങൾ’ തെറിക്കാതിരിക്കാൻ ‘ടവ്വൽ തോർത്ത് ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുകയോ മാസ്ക്ധരിക്കുകയോ ചെയ്യുക.
- രോഗിയെ പ്രത്യേക മുറിയിൽ മാറ്റിക്കിടത്തുക. മറ്റ് രോഗികളുണ്ടെങ്കിൽ കട്ടിലിെൻറ ദൂരം ഒന്നരമീറ്റർ അകലംപാലിക്കുക.
- -രോഗി ഉപയോഗിക്കുന്ന പാത്രങ്ങളും ബ്രഷ്, മറ്റ് സാമഗ്രികൾ പ്രത്യേകം മാറ്റിവെക്കുക, ഉപയോഗശേഷം ഡിറ്റർജൻറ് ഉപയോഗിച്ച് കഴുകണം.
- രോഗിയെ കാണാൻ സന്ദർശകരെ അനുവദിക്കരുത്.
- രോഗിയെ പരിചരിക്കാനായി ഒരാളെ മാത്രം ഏർപ്പെടുത്തുക.
- രോഗിയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും പ്രത്യേകം പുഴുങ്ങി അലക്കി വെയിലത്ത് ഉണക്കുക.
(മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.