പുകയിലയെ വെറുക്കാൻ കാരണങ്ങൾ ഏറെ
text_fieldsലോക പുകയില വിരുദ്ധ ദിനമാണിന്ന്. ആരോഗ്യത്തിന് ഇത്രമേൽ കുഴപ്പം വരുത്തുന്ന മറ്റൊരു വസ്തു ഭൂമിയിൽ ഇല്ലെന്ന കാര്യം വീണ്ടും ഓർമിപ്പിക്കാൻ കൂടിയാണ് ഈ ദിവസം. പുകവലിക്കുന്ന ഒരു പുരുഷന്റെ ആയുസ്സ് 12 വർഷവും സ്ത്രീയുടെ ആയുസ്സ് 11 വർഷവും കുറയുന്നു എന്നാണ് കണക്ക്. പുകവലി കാൻസർ മാത്രമല്ല ഉണ്ടാക്കുന്നത്. ശരീരത്തിലെ ഓരോ അവയവത്തേയും അതു ബാധിക്കുന്നു. ശ്വാസകോശവും ഹൃദയവും രക്തക്കുഴലുകളും പ്രത്യുത്പാദന അവയവങ്ങളും വായ,ത്വക്ക്, കണ്ണുകൾ, എല്ലുകൾ അങ്ങനെ സർവത്ര അവയവങ്ങൾക്കും കുഴപ്പം .
ചികിത്സിക്കാൻ ഏറെ പ്രയാസമുള്ള ശ്വാസകോശ കാൻസറിന്റെ മുഖ്യ കാരണമാണ് പുകവലി.ശ്വാസകോശത്തിനു പുറമേ വായിലും സ്വനപേടകത്തിലും തൊണ്ടയിലും അന്നനാളത്തിലും കിഡ്നിയിലും ഗർഭാശയമുഖത്തും കരളിലും മൂത്രാശയത്തിലും പാൻക്രിയാസിലും ആമാശയത്തിലും കുടലിലും മലദ്വാരത്തിലും ഒക്കെ കാൻസർ ഉണ്ടാക്കാൻ പുകവലി ഇടയാക്കും. ഒപ്പം മൈലോയിഡ് ലുക്കീമിയ എന്ന രക്താർബുദത്തിനും കാരണമാകാം.
പുകയിലയുടെ ഏതു രൂപത്തിലുള്ള ഉപയോഗവും കാൻസറിന് ഇടയാക്കുന്നു. സുരക്ഷിതമായ ഉപയോഗം എന്നത് പുകയിലയുടെ കാര്യത്തിൽ അസാധ്യമാണ്. പുകവലിക്കാരൻ ആ പുക ഉള്ളിലേക്ക് എടുക്കുന്നില്ലെങ്കിൽ കൂടി പുറത്തേക്കു തള്ളുന്ന പുക അയാൾ ശ്വസിക്കുന്നുണ്ട്. ആ പുക ശ്വസിക്കുന്ന മറ്റുള്ളവർക്കും അയാളെ പോലെ തന്നെ അപകട സാധ്യത ഉണ്ട്. പുക ജീവനുള്ള കോശങ്ങളിൽ നാശം സൃഷ്ടിക്കുന്നു. സ്വയം വലിച്ചിട്ടായാലും മറ്റുള്ളവരുടെ പുക ഏറ്റിട്ടായാലും ദോഷം തന്നെ.
ശ്വാസകോശങ്ങളിൽ
ശ്വാസകോശങ്ങളിലെ കൊച്ചു കൊച്ചു വായു അറകളും നാളികളും പുകവലിയുടെ തുടക്ക കാലം മുതലേ നശിപ്പിക്കപ്പെടുന്നു. ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടേ ശ്വാസകോശ രോഗം ആയി തിരിച്ചറിയാൻ പറ്റുന്നത്ര ദോഷം സംഭവിക്കുള്ളൂ. ന്യൂമോണിയയും ആസ്ത്‌മയും പുകവലി മൂലം ഗുരുതരമാകാം. ശ്വാസകോശ കാൻസർ പോലെ ഗുരുതരമായ മറ്റു ശ്വാസകോശ രോഗങ്ങൾ ഉണ്ടാക്കാനും പുകവലി കാരണമാകാം.
സി.ഒ.പി.ഡി(chronic obstructive pulmonary disease ) എന്ന കടുത്ത ശ്വാസകോശ രോഗത്തിനും പുകവലി കാരണമാകുന്നു. കൂടുതൽ വലിക്കുംതോറും പ്രതിവിധി ഇല്ലാത്ത അവസ്ഥയിൽ എത്തുകയും ചെയ്യും. നെഞ്ചിൽ നിന്നുള്ള ശബ്ദങ്ങൾ, എന്തെങ്കിലും ശാരീരിക അധ്വാനമുള്ളപ്പോൾ ശ്വാസം മുട്ട് , കഫക്കെട്ട്, ഇതൊക്കെ സിഒപിഡിയുടെ ആദ്യ ലക്ഷണങ്ങൾ ആണ്. അസുഖം കൂടുംതോറും വെറുതെയിരിക്കുമ്പോൾ പോലും ശ്വാസംമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാകും. ഒടുവിൽ ശ്വാസം കിട്ടാതെ വിഷമിക്കുന്ന പോലെയോ വെള്ളത്തിൽ മുങ്ങുന്ന പോലെയോ ഒക്കെയുള്ള വിഷമാവസ്ഥയാണ് ഈ അസുഖക്കാരെ കാത്തിരിക്കുന്നത്.
ക്രോണിക് ബ്രോങ്കൈറ്റിസ്
ഇത് ഒരു തരത്തിലുള്ള സിഒപിഡി തന്നെയാണ്. ശ്വാസനാളികളിൽ കൂടുതൽ കഫം ഉണ്ടാവുകയും അത് പുറന്തള്ളാൻ ആഞ്ഞു ചുമച്ചു കൊണ്ടേയിരിക്കേണ്ടിയും വരുന്ന അവസ്ഥ.പുകവലിക്കാരിൽ ഇത് സാധാരണയാണ്. ശ്വാസനാളികൾ വീർക്കുകയും നീണ്ടു നിൽക്കുന്ന ചുമയ്ക്ക് ഇടയാവുകയും ചെയ്യും.ഇടയ്ക്കിടെ ആശ്വാസം തോന്നുമെങ്കിലും വീണ്ടും കഫക്കെട്ട് ഉണ്ടായിക്കൊണ്ടേ ഇരിക്കും. പോകെപ്പോകെ ശ്വാസനാളികൾ വല്ലാതെ അടഞ്ഞു തടസ്സപ്പെടുകയും കടുത്ത ശ്വാസകോശ അണുബാധ (ന്യൂമോണിയ) ഉണ്ടാവുകയും ചെയ്യും. ക്രോണിക് ബ്രോങ്കൈറ്റിസ് പൂർണമായും ഭേദമാക്കാൻ സാധ്യമല്ലെങ്കിലും പുകവലി ഉപേക്ഷിക്കുന്നത് കാര്യമായ ഭേദം ഉണ്ടാക്കും.
എംഫിസിമ
എംഫിസിമ ഉള്ളവരിൽ ന്യൂമോണിയ അടക്കം ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാക്കുന്ന അവസ്ഥകൾ ഉണ്ടാകാം. കൂടുതൽ ഗുരുതരമാകുന്ന അവസ്ഥയിൽ ഓക്സിജൻ കൊടുത്താൽ മാത്രം ശ്വസിക്കാവുന്ന സ്ഥിതി വരെയുണ്ടാകാം.
പൂർണമായും ഭേദമാക്കാനോ പഴയ അവസ്ഥയിൽ എത്താനോ പറ്റില്ലെങ്കിലും പുകവലി നിറുത്തുന്നതു മൂലം വളരെയധികം ആശ്വാസം ഉണ്ടാകും.
പുകവലിക്കാരിലെ ചുമ
പുകയിലയുടെ പുകയിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളും രാസവസ്തുക്കളും ശ്വാസനാളിയിലും ശ്വാസകോശത്തിലും അസ്വസ്ഥത ഉണ്ടാക്കുന്നു. പുകവലിക്കാരൻ ഇവ ശ്വസിക്കുമ്പോൾ കഫം ഉണ്ടാക്കുകയും ചുമച്ചു ആ കഫത്തിലൂടെ അത്തരം വസ്തുക്കളെ പുറന്തള്ളാൻ ശ്രമിക്കുകയുമാണ് ശരീരം ചെയ്യുന്നത്.
സാധാരണ ശ്വാസനാളികളിലുള്ള ചെറിയ രോമങ്ങൾ പോലുള്ള സിലിയകൾ ശ്വാസകോശത്തിൽ നിന്ന് അപകടകരമായ വസ്തുക്കളെ തൂത്തു പുറത്താക്കുന്ന ജോലി ചെയ്യും. എന്നാൽ പുകയിലപ്പുക ഈ പണിയുടെ വേഗം കുറയ്ക്കും. പുകയിലുള്ള ചില ഘടകങ്ങൾ കുറച്ചൊക്കെ ശ്വാസകോശത്തിൽ താങ്ങി നിൽക്കുകയും ചെയ്യും. എന്നാൽ ഉറങ്ങുന്ന സമയത്തു സിലിയകൾ അവരുടെ ജോലി നടത്തുകയും അതു കഫവുമായി ചേർന്ന് പുറന്തള്ളപ്പെടാൻ തയാറായി ഇരിക്കുകയും ചെയ്യും. ഉണരുമ്പോൾ ഇതു പുറത്തു കളയാൻ ശക്തമായ ചുമയിലൂടെ ശരീരം പരിശ്രമിക്കുന്നതാണ് സ്മോക്കേഴ്സ് കഫ് എന്നു നമ്മൾ പറയുന്ന അവസ്ഥ.സിഒപിഡിയുടെ ഒരു തുടക്കം ആയി ഇതിനെ കണക്കാക്കാം.
ഹൃദയവും രക്തക്കുഴലുകളും
ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിച്ചു ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നു. രക്താതിമർദം ഉണ്ടാക്കുന്നതു കൂടാതെ വ്യായാമം ചെയ്യാനുള്ള ശേഷി കുറയാനും ഇടയാക്കുന്നു. രക്തം കട്ട പിടിക്കാനുള്ള സാധ്യതയും കൂടുന്നു.രക്തത്തിലെ നല്ല കൊളസ്റ്ററോളിന്റെ (HDL)അളവ് കുറയാനും ഇടയാക്കും. രക്തക്കുഴലുകളിൽ പ്ലാക് (plaque ) അടിഞ്ഞു കൂടുക വഴി പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് (PAD) ഉണ്ടാവുകയും ഹാർട്ട് അറ്റാക്കിനും പക്ഷാഘാതത്തിനും ഇടയാക്കുകയും ചെയ്യും.
കൈകാലുകളിലേക്കുള്ള രക്തപ്രവാഹം മോശമാക്കാനും പുകവലി ഇടയാക്കുന്നു.പെരിഫെറൽ വാസ്കുലാർ ഡിസീസ് (PVD ) എന്ന ഈ അവസ്ഥ മൂലം നടക്കുമ്പോൾ കാലുകളിൽ വേദന ഉണ്ടാകുന്നു. ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകാനും കാരണമാകും. ഇത്തരക്കാരിൽ രക്തപ്രവാഹം മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ ചെയ്താലും പുകവലി നിറുത്തിയില്ലെങ്കിൽ പ്രയോജനം ഉണ്ടാവില്ല.
പുകവലി വന്ധ്യതയ്ക്കും കാരണമാകാം. പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭധാരണം പ്രയാസമാകാറുണ്ട് . ഗർഭധാരണം നടന്നാലും ചിലപ്പോൾ അമ്മയുടെ ജീവൻ തന്നെ അപകടമാകാവുന്ന വിധത്തിൽ ഗർഭാശയത്തിനു പുറത്തു ഭ്രൂണം രൂപപ്പെടുന്ന അവസ്ഥ ഉണ്ടാകാം. ശരിയായ വിധത്തിൽ പ്രസവം നടക്കാതെ മാസം തികയും മുൻപേ പ്രസവം, കടുത്ത രക്തസ്രാവം,അടിയന്തരമായി സീസേറിയൻ ശസ്ത്രക്രിയ നടത്തേണ്ടി വരിക എന്നിവയൊക്കെ ഉണ്ടാവാം. ഗർഭഛിദ്രം, ചാപിള്ള, മുറിച്ചുണ്ടുള്ള കുട്ടി, തൂക്കം കുറഞ്ഞ കുട്ടി എന്നിവയൊക്കെ പുകവലിക്കാരായ സ്ത്രീകൾക്ക് പിറക്കാം. ഗർഭകാലത്തും പുകവലിച്ചിട്ടുണ്ടെങ്കിൽ കുട്ടിക്ക് അപാകതകളും സഡൻ ഇൻഫന്റ് ഡെത് സിൻഡ്രോം (SIDS ) എന്ന അവസ്ഥയും ഉണ്ടാകാം.
ആർത്തവ വിരാമം നേരത്തെ ഉണ്ടാകാനും അതു കൂടുതൽ അസ്വസ്ഥത ഉള്ളതാകാനും സാധ്യത ഉണ്ട്. പുകവലി രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിച്ചു രക്തപ്രവാഹം കുറയ്ക്കുകയും അതു പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് ഉണ്ടാക്കുകയും ചെയ്യും. ബീജങ്ങളുടെ ഗുണം കുറയാനും അത് ഗർഭം അലസിപ്പോകാനോ കുഞ്ഞുങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാക്കാനോ സാധ്യതയും കൂട്ടുന്നു.
പുകവലിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മരണത്തിനു കരണമാകണമെന്നില്ല. എന്നാൽ പൊതുവിൽ എല്ലാ അവയവങ്ങളെയും അപകടത്തിലാക്കുകയും ഗുരുതരമായ രോഗങ്ങളിലേക്കു എത്തിക്കുകയും ചെയ്യും. മോണകളിൽ അസുഖവും തുടർന്ന് പല്ലു എടുത്തു കളയേണ്ട അവസ്ഥയും ഉണ്ടാകാം.
മുറിവുകൾ ഉണങ്ങാനുള്ള കാലതാമസം, രോഗപ്രതിരോധശേഷി കുറയുക, ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യത കൂട്ടുക, രുചിയും മണവും അറിയാനുള്ള കഴിവ് കുറയുക, ത്വക്കിന് അകാല വാർദ്ധക്യം, കറ പിടിച്ച പല്ലുകളും വായ്‌നാറ്റവും,കണ്ണുകളിൽ തിമിരം ബാധിക്കാനുള്ള സാധ്യത കൂടുക, അസ്ഥികളുടെ സാന്ദ്രത കുറക്കുന്നത് മൂലം ഇടുപ്പെല്ല് പൊട്ടുന്നത് അടക്കം എല്ലുകൾ ഒടിയാനുള്ള സാധ്യത കൂടുക, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗത്തിനുള്ള സാധ്യത കൂടുക, അന്ധതയിലേക്കു നയിക്കുന്ന മാകുലാർ ഡീജനറേഷനുള്ള സാധ്യത കൂടുക, പെപ്റ്റിക് അൾസർ ഉണ്ടാകാനുള്ള സാധ്യത കൂടുക തുടങ്ങി ജീവിതം ദുരിതപൂർണമാക്കാനുള്ള എല്ലാ ചേരുവകളും പുകവലിയെന്ന ദുശീലത്തിൽ നിന്ന് ഉണ്ടാകാം.
പുകവലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങൾ മൂലം നടപ്പും ജോലിയും വ്യായാമവും എല്ലാം തടസ്സപ്പെടുന്ന അവസ്ഥയ്ക്ക് പുറമെ ശ്വസനം പോലും പ്രയാസമായി വരാം. ചെറുപ്പത്തിലേ പുകവലി തുടങ്ങി നിക്കോട്ടിന് അടിമയാകുന്നവർക്ക് അതിൽ നിന്നുള്ള മോചനവും വളരെ പ്രയാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.