കൈകാൽ തരിപ്പുണ്ടോ? സൂക്ഷിക്കണം!!
text_fieldsകൈകാലുകൾ ഒരേ പൊസിഷനിൽ വെച്ച് അൽപനേരം കഴിഞ്ഞു തരിക്കുന്നതും അത് മാറും വരെ ഇക്കിളിയെന്നോ വേദനയെന്നോ അറിയാത്ത ആ അനുഭവം ഉണ്ടാകുന്നതും കുട്ടിക്കാലത്തെ വലിയ കൗതുകങ്ങളിൽ ഒന്നായിരുന്നു. ഇന്ന് ഒപിയിൽ ഇരിക്കുമ്പോൾ എന്നുമെന്നോണം കൈകാൽ തരിപ്പുമായി രോഗികൾ വരുന്നുണ്ട്. ഇവർ പക്ഷെ ഒരു പ്രായക്കാരല്ല, പല പ്രായക്കാരാണ്. ഇത്രയേറെ സാധാരണ രോഗമെങ്കിലും ഇവരുടെയെല്ലാം രോഗകാരണവും പലതാണ്.
കൈകാൽ വിരലുകളുടെ സ്പർശവും വേദനയുമെല്ലാം അറിയുന്നതും അറിയിക്കുന്നതും പെരിഫെറൽ നേർവസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവക്ക് വരുന്ന ചെറിയ പരിക്കുകളാണ് ആദ്യം തരിപ്പിൽ തുടങ്ങി പിന്നെ സൂചി കുത്തുന്ന വേദനയിലേക്കും തുടർന്ന് ചെറിയ ഭാരം പോലും ഉയർത്താൻ സാധിക്കാത്ത കടുത്ത വേദനയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്കുമെല്ലാം എത്തിച്ചേരുന്നത്.
ഈ രോഗമുള്ള മിക്ക രോഗികളും ഏറെ കാലം അവഗണിച്ച ശേഷം ദൈനംദിനജീവിതത്തിന്‍റെ നിലവാരത്തെ ബാധിക്കും വിധം രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നത് എന്നതാണ് ദു:ഖകരമായ സത്യം. നേരത്തെ കണ്ടെത്തിയാൽ ഏതാണ്ട് പൂർണമായി തന്നെ ചികിൽസിച്ചു ഭേദമാക്കാനും കാരണം കണ്ടെത്തി ചികിൽസിക്കാനും ആകും. എന്നാൽ, ചില അവസ്ഥകളിൽ ചികിത്സ വൈകിച്ചാൽ തരിപ്പിനു കാരണമാകുന്ന രോഗം ചികിൽസിച്ചു മാറ്റിയാൽ പോലും ഏറെ കാലത്തേക്ക് തരിപ്പ് വല്ലാതെ കഷ്ടപെടുത്തും.
കൈ തരിപ്പിന്‍റെ മറ്റൊരു പ്രധാനകാരണം കാർപൽ ടണൽ സിൻഡ്രോം എന്ന അവസ്ഥയാണ്. കൈപ്പത്തിയിലേക്കുള്ള മീഡിയൻ നേർവ് തുടർച്ചയായി അമർന്നു നിൽക്കുന്നത് കൊണ്ട് തള്ളവിരലിൽ തുടങ്ങി മോതിരവിരലിന്‍റെ പാതി വരെ കടുത്ത തരിപ്പും വേദനയും അനുഭവപ്പെടും. തുടർച്ചയായി എഴുതുന്നവർ, തുടർച്ചയായി ടൈപ്പ് ചെയ്യുന്നവർ, അമിതവണ്ണമുള്ളവർ എന്നിങ്ങനെ പലർക്കും ഈ കാരണം കൊണ്ട് തരിപ്പുണ്ടാകാറുണ്ട്. മരുന്നുകൾ കൊണ്ട് താൽക്കാലികശമനം ഉണ്ടാകുമെങ്കിലും, കൈപ്പത്തി തുടങ്ങുന്നിടത്ത് ഉള്ള ഒരു പാടക്കടിയിൽ കുരുങ്ങിക്കിടക്കുന്ന മീഡിയൻ നേർവിനെ സ്വതന്ത്രമാക്കുന്ന ഒരു മൈനർ സർജറിയാണ് സ്‌ഥിരമായ പരിഹാരം.
കഴുത്തിലെ എല്ലിന്‍റെ കശേരുക്കൾക്കിടയിൽ നിന്നാണ് കൈകളിലേക്കുള്ള നാഡികൾ ഉദ്‌ഭവിക്കുന്നത്. കഴുത്തിലെ എല്ല് തേയ്‌മാനമാണ് ഈ അവസ്‌ഥ ഉണ്ടാക്കുന്നതിന്‍റെ പ്രധാനകാരണം. തുടർച്ചയായി കഴുത്ത് താഴ്‌ത്തിയിരുന്ന് ജോലി ചെയ്യുന്നവർക്ക് ഈ അവസ്‌ഥയുണ്ടാകാം. കഴിവതും നേരെ നോക്കി ജോലി ചെയ്യാൻ ശ്രമിക്കാം. സാധിക്കാത്ത പക്ഷം, കൃത്യമായ ഇടവേളകളെടുക്കാം. തേയ്‌മാനമുണ്ടായിട്ട് ചികിത്സിക്കുന്നതിലും എളുപ്പം ഉണ്ടാകാതെ നോക്കുന്നതാണ്. ചിലർക്ക് കഴുത്തിനോട് ചേർന്ന് ഒരു വാരിയെല്ല് അധികമുണ്ടാകാറുണ്ട്. സെർവൈക്കൽ റിബ് എന്ന ഈ എല്ലിനിടയിൽ നാഡികളും സിരകളും ധമനിയുമെല്ലാം ഞെരുങ്ങിയിരിക്കാറുണ്ട്. ഇതും തരിപ്പുണ്ടാക്കാം.
ഇത് കൂടാതെ, അമിതമായ മദ്യപാനം, ഗില്ലൻ ബാരി സിൻഡ്രോം, വൈറ്റമിൻ ബി 12 കുറവ്, മസ്‌തിഷ്‌കാഘാതം, നാഡികളെ ഞെരുക്കുന്ന മറ്റവസ്‌ഥകൾ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, സിഫിലിസ് എന്നിവയെല്ലാം തന്നെ കൈ തരിപ്പുണ്ടാക്കാം.
രോഗകാരണം ഏത് തന്നെ ആയാലും, അതിനെ ചികിത്സിക്കുന്നതാണ് സ്‌ഥിരമായ പരിഹാരം. താൽക്കാലിക ആശ്വാസത്തിനായി മരുന്നുകളുണ്ട്. കൂടാതെ, വ്യായാമം, ധാരാളം ബി വൈറ്റമിനുകളടങ്ങിയ ഭക്ഷണം എന്നിവയെല്ലാം സഹായകരമാണ്.
തരിപ്പ് ക്രമാതീതമായി കൂടുകയോ, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തരിപ്പ് വ്യാപിക്കുകയോ, രണ്ട് കൈയിലും ഒരുപോലെ അനുഭവപ്പെടുകയോ, ചില വിരലുകൾക്ക് മാത്രം അനുഭവപ്പെടുകയോ, ചില പ്രത്യേക കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രം വരികയോ ചെയ്‌താൽ ഡോക്‌ടറെ കാണണം. ചിലരെങ്കിലും കരുതുന്നത് പോലെ തരിപ്പ് വന്നാലുടൻ കാണേണ്ടത് ന്യൂറോളജിസ്‌റ്റിനെയല്ല. ഒരു ജനറൽ ഫിസിഷ്യനെ കാണുക. അദ്ദേഹമാണ് ഇത് ഫിസിഷ്യനാണോ അസ്‌ഥിരോഗവിദഗ്‌ധനാണോ ന്യൂറോളജിസ്‌റ്റോ ഇനി മറ്റു വിഭാഗങ്ങളോ ആണോ കൈകാര്യം ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൈ കാൽ തരിപ്പിന്റെ കാരണങ്ങൾ അത്രയേറെ വിഭിന്നമാണ്. മാത്രമല്ല, തരിപ്പ് ഒരിക്കലും കൂടാൻ കാത്തു വെക്കരുത്. കാരണം, നാഡിവ്യൂഹത്തിന് ഒരിക്കൽ ക്ഷതമുണ്ടായാൽ പിന്നീട് പഴയപടി ആകാൻ ഏറെ സമയമെടുക്കും. ചുരുക്കത്തിൽ, സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കേണ്ടി വരുമെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.