അവസാന കാലത്ത് അത്താണിയില്ലാതെ...
text_fieldsലോകത്തിന് പ്രായം കൂടിവരികയാണ്. അതായത് പ്രായക്കൂടുതൽ ഉള്ളവരുടെ എണ്ണം ലോകത്ത് വർധിച്ചുവരികയാണ്. മെച്ച പ്പെട്ട ജീവിത സൗകര്യങ്ങളും മികച്ച ചികിത്സാ സമ്പ്രദായങ്ങളും ആയുർദൈർഘ്യം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. വാർധക്യം എന്നത് പണ്ട് പറഞ്ഞിരുന്ന അത്ര ബുദ്ധിമുട്ടുള്ള ഒരു ജീവിതകാലഘട്ടം അല്ലെങ്കിലും വാർധക്യകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ അന്നും ഇന്നും ഏതാണ്ട് ഒരുപോലെയാണ്. എന്നല്ല, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ന് പ്രശ്നങ്ങൾ കൂടുതലാണെന്നും വേണമെങ്കിൽ പറയാം.
ഒരു ശരാശരി മലയാളിയെക്കുറിച്ച് പറയുകയാണെങ്കിൽ വീട് നിർമാണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിലെ ഏറ്റവും മികച്ച കാലയളവ് മറ്റുള്ളവർക്കായി ചെലവഴിച്ചു കഴിഞ്ഞാണ് വാർധക്യത്തിലേക്ക് കാലുകുത്തുന്നത്. ഇൗ സമയത്ത് അയാൾക്ക് സ്വന്തമായി വരുമാനമോ സമ്പാദ്യമോ ഉണ്ടായിരിക്കുകയില്ല താനും. ഇതുകൊണ്ടൊക്കെ തന്നെ വാർധക്യകാലം പ്രത്യേക പരിഗണന അർഹിക്കുന്ന ഒന്നാണ്.
വാർധക്യം എല്ലാവർക്കും ദുഷ്കരമാണ് എന്നല്ല. എന്നാൽ പ്രശ്നങ്ങൾ ഉള്ളവർക്ക് വാർധക്യം ബുദ്ധിമുേട്ടറിയതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഇന്നത്തെക്കാലത്ത് കുറവാണ്, അല്ലെങ്കിൽ അവക്ക് മെച്ചപ്പെട്ട ചികിത്സകൾ ലഭ്യമാണ്. എന്നാൽ, ഇക്കാലത്തെ പ്രധാന പ്രശ്നം ഏകാന്തതയും അതിനോടനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും ആണ്. മക്കൾ ദൂരദേശങ്ങളിൽ ആവുന്നതും വീടുകളിൽ ആളില്ലാതാക്കുന്നതും സ്വാഭാവികമാണ്. അപ്പോൾ സ്നേഹവും പരിചരണവും തൊട്ടടുത്ത് ലഭിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഒറ്റപ്പെടൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഇക്കുട്ടത്തിലുണ്ട്.
മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അതിനാൽ സ്നേഹവും പരിചരണവും മാത്രമല്ല, കൂട്ടുചേർന്ന ജീവിതവും മനുഷ്യന് അത്യാവശ്യമാണ്. ഭാരതീയ സംസ്കാരവും പ്രത്യേകിച്ച് കേരളീയ രീതികളും തികച്ചും കൂട്ടുചേർന്നുള്ള ജീവിതമാണ് പണ്ടുമുതലേ നമുക്ക് പരിചയപ്പെടുത്തി തന്നത്. ഒറ്റക്കാവുന്ന മാതാപിതാക്കൾക്ക് ജീവിത ലക്ഷ്യം തന്നെ നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും വിഷാദം അടക്കം മാനസിക പ്രശ്നങ്ങളിലേക്ക് മാത്രമല്ല, നമ്മൾ മനസ്സിലാക്കിയിട്ടില്ലാത്ത ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
പ്രായക്കൂടുതലുള്ളവർക്ക് പ്രായമാകായ്മ ഉണ്ടാകും! അതായത് പ്രായം വർധിച്ചു വരുന്നുണ്ടെങ്കിലും ശരീരവും മനസ്സും യുവത്വം കൈവിടാതിരിക്കുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാശിയുടെയും കാലഘട്ടത്തിെൻറയും പരിണിതഫലമാണ് ഇത് എന്നിരുന്നാലും തന്മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. പല തരത്തിലുള്ള സ്വരച്ചേർച്ചയില്ലായ്മകളും ഇതുമൂലം ഉണ്ടാകാം. ഗൃഹാന്തരീക്ഷത്തിൽ തലമുറകൾ തമ്മിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണം ഇതാണ് താനും.
പ്രായം കൂടുന്നതിനനുസരിച്ച് വ്യക്തിയിൽ ശാരീരികവും മാനസികവുമായ ഉണ്ടാകുന്ന വ്യത്യാസങ്ങൾ സ്വാഭാവികവും നമുക്ക് തടുക്കാനാവാത്തതുമാണ്. ശാരീരികവും മാനസികവുമായ പലതും ഒരു പരിധിവരെ ശ്രദ്ധിച്ചാൽ തടുക്കാവുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമാണ്. എന്നാൽ ഒറ്റപ്പെടൽ എന്നത് സ്വാഭാവികമായ വ്യതിയാനമോ അസുഖമോ അല്ല. പ്രത്യേകിച്ച് മക്കളാൽ ഒറ്റപ്പെടുന്നത്. ഒറ്റപ്പെടലിെൻറ മനഃശാസ്ത്രത്തിലേക്ക് നാംകടക്കുേമ്പാൾ ഇത് ശരിക്കും വ്യക്തമാകും.
ആദ്യം ഒറ്റപ്പെടലിെൻറ കാരണങ്ങൾ അന്വേഷിക്കാം. പഠനം മുതൽ തന്നെ ദൂരദേശങ്ങളിലേക്ക് പോകേണ്ട ആവശ്യം ഇന്നുണ്ട്. ഒരു ജോലി കിട്ടുന്നതോടെ താമസവും കുടുംബ വീട്ടിൽനിന്ന് ദൂരെയാകുന്നു. ഇങ്ങനെ ഒറ്റപ്പെട്ട ജീവിച്ചു ശീലിക്കുന്ന വ്യക്തികളിൽ സഹജീവി സ്നേഹവും സഹവർത്തിത്വവും കുറയുന്നത് സ്വാഭാവികം. ഇത് കൂട്ടുകുടുംബ ജീവിത രീതിയോടുള്ള ആഭിമുഖ്യം ഇല്ലാതാക്കുന്നു. ഇന്നത്തെ അണുകുടുംബങ്ങൾ ഉടലെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ജീവിതാസക്തികളോടുള്ള അമിതവും അനാവശ്യവുമായ ഒൗത്സുക്യവും ഇതിന് ആക്കം കൂട്ടുന്നു. അപ്പോൾ പിന്നെ സൗകര്യം കിട്ടിയാൽ പോലും മക്കൾ ഒറ്റക്കുള്ള ജീവിതം ആഗ്രഹിക്കുകയും പ്രായമായവരെ അധികപ്പറ്റായി കണക്കാക്കുകയും ചെയ്യുന്നു. ഇതുകൂടാതെ മുതിർന്ന പൗരന്മാരായെങ്കിലും പ്രായം അലട്ടാത്തവരും സ്വന്തമായി നല്ല വരുമാനമുള്ളവരും അവരുടേതായ രീതിയിൽ ഇൗ ചേർച്ചയില്ലായ്മക്ക് കാരണമാകാം. മുമ്പാണെങ്കിൽ ഇവെരാക്കെ പരസ്പരം ആശ്രയിച്ചു കഴിഞ്ഞവർ ആയിരുന്നു എന്ന് ഒാർക്കുക.
കൊച്ചു മക്കൾ മുത്തശ്ശൻ-മുത്തശ്ശിമാരുമായുള്ള കൂട്ടുകെട്ട് സവിശേഷമാണ്. കൊച്ചു മക്കളുടെ മാത്രമല്ല, മുതിർന്ന പൗരന്മാരുടെയും മാനസിക ആരോഗ്യത്തിൽ ഇത് വഹിക്കുന്ന പങ്ക് ചെറുതല്ല. ജീവിത സായാഹ്നത്തിൽ മക്കളിൽനിന്ന് കൊതിക്കുന്നത് പരിചരണം ആണെങ്കിൽ കൊച്ചു മക്കളിൽനിന്ന് ലഭിക്കുന്നത് സ്നേഹമാണ്. മാത്രവുമല്ല, കൊച്ചു മക്കൾക്ക് സ്നേഹം തിരിച്ചു കൊടുക്കുന്നതിന് പ്രായക്കൂടുതലോ ശാരീരിക അവശതകളോ ഒരു തടസ്സമല്ലതാനും. ഒരു സാമൂഹിക ജീവിയായ മനുഷ്യന് സ്നേഹിക്കാതെയും സ്നേഹിക്കപ്പെടാതെയും ജീവിക്കുക എന്നത് ദുഷ്കരമാണ്. കൊച്ചു മക്കളുടെ അഭാവം ഒറ്റപ്പെടലിെൻറ ഏറ്റവും വലിയ സങ്കടമാവുന്നതും ഇതുകൊണ്ടുതന്നെ.
കൂട്ടുകുടുംബങ്ങളിലും ഒറ്റപ്പെട്ടു ജീവിക്കുന്ന മുതിർന്ന പൗരന്മാരുണ്ട് എന്നതാണ് അതിശയം. അച്ഛനെയും അമ്മയെയും ശ്രദ്ധിക്കാൻ സമയമോ മനസ്സോ ഇല്ലാത്ത മക്കൾ ഏറെയുണ്ട്. സ്വന്തം സുഖം മാത്രം വലുതായി കാണുന്ന ഇത്തരക്കാർ മാതാപിതാക്കൾക്ക് പരിഗണന നൽകാറില്ല. വിവാഹശേഷം ലഭിക്കുന്ന പങ്കാളി മാനസിക പക്വതയില്ലാത്ത ആളാണെങ്കിൽ പറയുകയും വേണ്ട. വിവാഹം കഴിഞ്ഞാൽപോലും മക്കളെ മുതിർന്ന വ്യക്തികളായി കാണാതെ അവരുടെ പിറകെ കൂടി ചീത്ത കേൾക്കുന്ന പ്രായമുള്ള മാതാപിതാക്കളുമുണ്ട്. ‘ഇവർ ദിവസവും സിനിമക്കും പാർട്ടിക്കും ഒക്കെ പോകും് എന്നെ എവിടേക്കും കൂട്ടുകയില്ല’ - തുടങ്ങിയ പരാതികൾ ഇതിന്റെ ഭാഗമാണ്. ഇത് വീടിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുടെ വിള്ളലുകൾ സൃഷ്ടിക്കുന്നു. കാലന്താരത്തിൽ ഇവ വലിയ സ്വര ചർച്ചയിലേക്കും മാനസികമായ ഒറ്റപ്പെടലിലേക്കും നയിക്കുന്നു.
പ്രായക്കൂടുതൽ സ്വാഭാവികമായി വരുത്തുന്ന മാറ്റങ്ങൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്. പ്രായം കൂടുേമ്പാൾ വായിലെ രസമുകുളങ്ങളുെട എണ്ണം കുറയുകയും ഭക്ഷണത്തിന് രുചി കുറയുകയും ചെയ്യുന്നത് സ്വാഭാവികം. സാധാരണക്കാർക്ക് ഇതേകുറിച്ച് അറിവുണ്ടാകില്ല. ‘വായ്ക്ക് രുചിയുള്ളതൊന്നും ഉണ്ടാക്കുന്നില്ല’ എന്നൊരു വാചകം മരുമകളെ മാത്രമല്ല, മകളെയും ചൊടിപ്പിക്കുമെന്ന് ഉറപ്പ്. രുചിക്കൂട്ടുകൾ കുറയുന്നത് നാവിൽ മാത്രമല്ല, മനസ്സിലും സംഭവിക്കുന്നു. തദനുസരണമായി അവരുടെ ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളും മാറിയേക്കാം. പ്രായമാകുേമ്പാൾ ഉറക്കം കുറയും. ഇതും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാം. സ്ഥിരമായി പരാതികൾ പറയുന്നത് സ്വന്തം അച്ഛനും അമ്മയുമാണെങ്കിൽപോലും താമസിയാതെ അവർ മക്കൾക്ക് ഒരു ബാധ്യതയായി മാറും.
പ്രായം കുറെകൂടി കൂടുന്നതിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തിലേക്ക് ഒരു തിരിച്ചുപോക്ക് പ്രതീക്ഷിക്കാം. ആവശ്യമില്ലാത്ത വാശിയും വഴക്കും ഒക്കെ ഉണ്ടാകും. അൽഷിമേഴ്സ് പോലുള്ള മറവിരോഗമോ വിഷാദരോഗമോ ഉണ്ടെങ്കിൽ ഈ സ്ഥിതി ഗുരുതരമാകും. പരിശീലനം ലഭിച്ച രോഗീ പരിചാരകർക്ക് പോലും ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പ്രായമേറിയവർ നമ്മുടെ കുടുംബത്തിെൻറ ജീവിതത്തിന്റെ സംസ്കാരത്തിന്റെ അഭിവാജ്യഘടകമാണ്. ഒരു മനുഷ്യായുസ്സ് മുഴുവൻ മറ്റുള്ളവർക്കായി ഹോമിച്ച ഇവർക്ക് അന്തസ്സുറ്റ പെരുമാറ്റവും പരിചരണവും നൽകേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. മാത്രമല്ല, പ്രായമേറിയവരെ നമ്മൾ എങ്ങനെയാണ് ബഹുമാനിക്കുന്നത് എന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയും അത് അതേപോലെ ഭാവിജീവിതത്തിൽ പകർത്താൽ തയാറെടുക്കുകയും ചെയുന്ന ഒരു ഇളംതലമുറ നമുക്കുപിറകെയുണ്ട് എന്ന കാര്യം മറക്കരുത്. പ്രായമേറിയവരെ വേണ്ടവിധം പരിഗണിക്കുന്നത് ഒറ്റനോട്ടത്തിൽ ദുഷ്കരമാണെന്നു തോന്നാമെങ്കിലും ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് എളുപ്പം ചെയ്യാവുന്നതേയുള്ളൂ.
പ്രായമേറിയ മാതാപിതാക്കൾ കുടുംബത്തിെൻറ ഒഴിച്ചുകുടാനാവാത്ത ഘടകമാണ് എന്ന് മനസ്സിലാക്കുന്നതാണ് ആദ്യപടി. നമ്മുടെ സമയത്തിൽനിന്ന് കുറച്ചുഭാഗം അവർക്കുവേണ്ടി മാറ്റിവെച്ചാൽ തന്നെ വലിയ കാര്യമായി. അവരെ കണക്കിലെടുക്കുന്നുണ്ട് എന്ന് കാണിക്കണം. സുപ്രധാന തീരുമാനങ്ങളിൽ അവരുടെ അഭിപ്രായം ആരായുക. ആവശ്യമില്ലെങ്കിൽപോലും അവർ തരുന്ന ഉപദേശങ്ങൾക്ക് ചെവി കൊടുക്കുക. അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് നിറവേറ്റുക. അവരുടെ ആകുലതകളും അവശതകളും അസുഖങ്ങളും കാര്യമായി എടുക്കുക. സർവോപരി നമ്മൾ ഇങ്ങോട്ട് ആഗ്രഹിക്കുന്നത്പോലുള്ള തികച്ചും മാന്യമായ പെരുമാറ്റം നാം അവർക്ക് നൽകുക. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കിൽപോലും മാസത്തിൽ സ്ഥിരമായി ചെറുതാണെങ്കിലും ഒരു സംഖ്യ കിട്ടുന്നത് വാർധക്യകാലത്ത് വളരെ ആശ്വാസം നൽകും. മെഡിക്കൽ ഇൻഷൂറൻസ് പോലുള്ള കാര്യങ്ങളും ഇവർക്ക് ആത്മവിശ്വാസം നൽകും.
പ്രായമേറിയവർക്ക് മാനസികോല്ലാസത്തിന് ഉതകുന്ന പല ഉപാധികളും ഇന്ന് ലഭ്യമാണ്. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ ഇതിലൊന്നാണ്. സ്ഥിരമായുള്ള ഇവരുടെ ഒത്തുകുടൽ നൽകുന്ന ആശ്വാസം ചില്ലറയല്ല. കൂടാതെ വിനോദ യാത്രകളും തീർത്ഥയാത്രകളുമെല്ലാം വലിയ ആശ്വാസമാകും. തീർത്ഥയാത്ര ദൈവ സാമീപ്യം നൽകുന്ന സുഖവും യാത്രയുടെ ആനന്ദവും കൂടിച്ചേർന്ന അനുഭവം അവർക്ക് നൽകും. സാമൂഹിക സേവനം ഏതു പ്രായത്തിലും ചെയ്യാവുന്ന ഒന്നാണ്. ഒരു തൊഴിലായും നേരേമ്പാക്കായും ആത്മസംതൃപ്തി നൽകുന്ന ഒരു വിനോദമായും ഇത് ഗുണം ചെയ്യും. അയൽപക്ക വേദികളും അയൽക്കൂട്ടങ്ങളും ഇക്കാര്യത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താം. ഒാരോ യോഗങ്ങളിലും ഒാരോ മുതിർന്ന പൗരന്മാരെ വീതം ആദരിക്കുന്നത് ഒരു ചെറിയ കാര്യായി നമുക്ക് തോന്നാമെങ്കിലും വലിയ ഫലം ഉളവാക്കും. അയൽപക്ക വേദികളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ മുതിർന്ന പൗരന്മാരുടെ ഒരു ഉപദേശക സമിതിയുണ്ടാകുന്നത് നന്നായിരിക്കും. അവരുടെ പ്രായോഗിക പരിചയം നമുക്ക് വലിയ മുതൽക്കൂട്ടാകും.
ആരോഗ്യമുള്ള വ്യക്തി, അവർ േചർന്ന് ആരോഗ്യമുള്ള കുടുംബം, ആരോഗ്യമുള്ള സമൂഹം.... ഇതാണ് ആരോഗ്യമുള്ള നാടിന്‍റെ ഘടന. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സന്തുഷ്ടിയാണ് ആരോഗ്യത്തിന് അടിസ്ഥാനം. മൂന്ന് തലമുറയിലുംപെട്ട വ്യക്തികൾ ഇൗ ഘടനയുെട ഭാഗമാണ് എന്നോർക്കുക. അതിൽ പ്രായോഗിക പരിചയവും പരിചയസമ്പത്തിന്‍റെയും പേരിൽ ഏറ്റവും പ്രധാനപ്പെട്ടവരാണ് മുതിർന്ന പൗരന്മാർ. ഇവരെ മാന്യമായി പരിഗണിക്കുന്നത് വഴി മാത്രമേ നാം പരിഷ്കൃതവും മാന്യവുമായ സമൂഹമായി മാറുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.