Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകരൾ...

കരൾ പിണങ്ങാതിരിക്കാൻ...

text_fields
bookmark_border
കരൾ പിണങ്ങാതിരിക്കാൻ...
cancel

കരൾ രോഗം മൂലം  പല പ്രമുഖരും വിട പറഞ്ഞിട്ടുണ്ട്. തുള്ളിപോലും മദ്യപിക്കാത്തവർ അക്കൂട്ടത്തിലുണ്ട്. കേരളത്തിൽ അടുത്തിടെയായി കരൾ രോഗികൾ വർധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജാശുപത്രി മെഡിക്കൽ സൂപ്രപണ്ടും കോട്ടയം കുമ്പനാട് സ്വദേശിയുമായ ഡോ. സി.ഇ ഈപ്പൻ സംസാരിക്കുന്നു
 
കരൾ രോഗം: അറിയേണ്ടതും ചെയ്യേണ്ടതും
വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന മുറിവ് കരൾ രോഗത്തിലേക്ക് നയിക്കുന്നു. ചെറിയ മുറിവുകളോ പാടുകളോ (scars) ഉണ്ടായാൽ അത് പിന്നീട് മാറും. എന്നാൽ, ആഴത്തിലും വ്യാപകമായും ഉണ്ടാകുന്ന മുറിവുകളും പാടുകളുമാണ് കരൾ രോഗമായി തീരുന്നത്.
കരൾ രോഗങ്ങൾ പ്രധാനമായും രണ്ടു തരം–1. സിറോസിസ്. 2. കാൻസർ

സിറോസിസ്
പ്രധാനമായും മൂന്ന് കാരണങ്ങൾ–1. ഫൈബ്രോസിസ്(Fibrosis) 2. നെക്രോസിസ് (Necrosis) 3. റീ ജനറേറ്റിക്ക് നൊഡ്യൂൾസ് (Re jeneratic nodules)
കരളിൽ ആഴത്തിലും വ്യാപകമായും മുറിവുകളെയും പാടുകളെയും ഫൈബ്രോസിസ് എന്ന് വിളിക്കുന്നു. ഫൈബ്രോസിസ് മൂലം കരൾ ചുരുങ്ങി പൂർണമായും പ്രവർത്തനഹിതമാകും.
2. കരൾ കോശങ്ങളിൽ ചിലത് മരിക്കും. ഇതാണ് നെക്രോസിസ്.
3. കരൾ പുതുതായി ഉണ്ടാകും. ഇത് മുഴകളായിട്ടായിരിക്കുൺ ഉണ്ടാകുക. റീ ജനറേറ്റിക്ക് നൊഡ്യൂൾസ് എന്ന ഈ മുഴകൾ വലുതായാലും സിറോസിസാവും.
 

 

ഇതിലേക്ക് നയിക്കുന്ന 10 കാരണങ്ങൾ
1.മദ്യപാനം
രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപന്മാരുള്ളത് കേരളത്തിലും പഞ്ചാബിലുമാണ്. മദ്യപാനം കരളിൽ മുറിവുകളും പാടുകളും ഉണ്ടാക്കും. കരളിൽ വളരെ ചെറിയ മുറവുകളോ പാടോ കണ്ടെത്തിയാൽ, മദ്യപാനികൾ  മദ്യപാനം ഉടൻ നിറുത്തണം. മദ്യപിക്കുന്ന സ്ത്രീകൾക്ക് സിറോസിസ് ഉണ്ടാകാൻ പുരുഷന്മാരേക്കാൾ സാധ്യത കൂടുതലാണ്.

മദ്യപാനം കൊണ്ടല്ലാത്ത മറ്റു കാരണങ്ങൾ(None Alcoholic Faty Liver Disease–NAFLD)
മദ്യപാനം കൊണ്ടല്ലാതെയും കരൾ രോഗങ്ങളും പ്രത്യേകിച്ച് സിറോസിസും ഉണ്ടാകും. ഇതിനെയാണ് NAFLD എന്ന ചുരുക്കപേരിൽ വിളിക്കുന്ന നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് എന്നു പറയുന്നത്. ഇതിനെ തന്നെയാണ് നാഷ് (NASH-NON ALCOHOLIC STEATO HEPATITISH) എന്നും പറയുന്നത്.1980കളിൽ അമേരിക്കയിൽ നടന്ന പഠനത്തിലാണ് മദ്യപാനം കൊണ്ടല്ലാതെയും സിറോസിസ് ഉണ്ടാകുമെന്ന് തെളിഞ്ഞത്. കാരണങ്ങൾ–
2. ഫാറ്റി ലിവർ
3. അമിത വണ്ണം (Obesity)
4. പ്രമേഹം
5. കൊളസ്ട്രോൾ
6. ഹെപ്പറ്റൈറ്റിസ് വൈറസുകൾ
7. പാരമ്പര്യം
8. മരുന്നുകളുടെ പാർശ്വ ഫലങ്ങളും രാസ വസ്തുക്കളും (Chemicals)
9. രക്തത്തിൽ ഇരുമ്പ്, ചെമ്പ് അംശത്തിെൻറ വർധന
10. ശരീരത്തിലെ ആൻറിബോഡിയുടെ പ്രവർത്തനം.
അടുത്ത 20 വർഷത്തേക്ക് സിറോസിസസ് ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരിക NAFLD ക്കാണെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിട്ടുണ്ട്.

ഫാറ്റി ലിവർ
കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടാണിത് ഉണ്ടാകുന്നത്. സിറോസിസിലേക്കുള്ള ആദ്യ പടിയാണിത്. കരളിനുണ്ടാകുന്ന മാറ്റങ്ങളിൽ ആദ്യത്തേത്. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ അവഗണിക്കരുത്. 10–15 വർഷം തുടർച്ചയായി ഫാറ്റി ലിവർ ആണെങ്കിൽ സിറോസിസായി മാറും. പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഫാറ്റി ലിവറിനെ സിമ്പിൾ സ്റ്റിയറ്റോസിസ് (Simple steatosis) എന്നു പറയും. ഫാറ്റി ലിവറിന് ഇൻഫ്ലമേഷൻ(Inflamation) സംഭവിക്കുമ്പോഴാണ് സിറോസിസായി മാറുന്നത്. ഈ ഘട്ടത്തെ സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (Steato Hepatitis) എന്നു പറയും. കരളിനുണ്ടാകുന്ന രണ്ടാമത്തെ മാറ്റമാണിത്.

മദ്യപാനം, ജീവിത ശൈലീ രോഗങ്ങളായ (Metabolic Syndrom) പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ് വൈറസുകളുടെ ആക്രമണം എന്നിവ മൂലം ഫാറ്റി ലിവറിന് ഇൻഫ്ലമേഷൻ സംഭവിക്കും. ഫാറ്റി ലിവർ ഉള്ളവർ മദ്യപാനവും ജീവിത ശൈലീ രോഗങ്ങളുമുള്ളവരാണെങ്കിൽ പ്രതിരോധ നടപടികളെടുക്കണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ശരയാംവണ്ണം വ്യായാമം ചെയ്യുകയുമാണ് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള മാർഗം. ചുരുങ്ങിയത് അര മണിക്കുർ നടത്തമാണ് ഏറ്റവും ലളിതമായ വ്യായാമം.

വണ്ണം കുറഞ്ഞവരിൽ ഫാറ്റി ലിവർ
സാധാരാണ വണ്ണം കൂടിയവരിലാണ് ഫാറ്റി ലിവർ കാണുകയെന്ന തെറ്റിധാരണയുണ്ട്. എന്നാൽ, രണ്ടു വർഷം മുമ്പ് പശ്ചിമ ബംഗാളിൽ നടന്ന പഠനത്തിൽ വണ്ണം കുറഞ്ഞവരിലും ഫാറ്റി ലിവർ ഉണ്ടാകുമെന്ന് കണ്ടെത്തി. കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രയിലെ ഡോ. അഭിജിത്ത് ഒരു ഗ്രാമത്തിലെ വണ്ണമില്ലാത്തവരിൽ നടത്തിയ പഠനത്തിൽ 30 ശതമാനത്തിനും ഫാറ്റി ലിവറുണ്ടായിരുന്നു. അതോടെ വണ്ണമില്ലാത്തവരിലും ഇതു കാണുമെന്ന് മെഡിക്കൽ ലോകം അംഗീകരിച്ചു. ഇതിനെ ലീൻ ഫാറ്റി ലിവർ(Lean fatty liver) എന്നു പറയുന്നു.


 

 

കരളിെൻറ പ്രധാന പ്രവർത്തനങ്ങൾ
ഏതാണ്ട് പതിമൂന്നര കിലോയാണ് ഒരു മുതിർന്നയാളുടെ കരളിെൻറ തൂക്കം. ശരീരത്തിെൻറ പ്രതിരോധത്തിന് ആവശ്യമായ ഇൻസുലിൻ, ദഹനത്തിനാവശ്യമായ പിത്തരസം(Biles) എന്നിവ ഉദ്പാദിപ്പിക്കലാണ് കരളിെൻറ പ്രധാന പ്രവർത്തനം. കരളിലെ ഇൻസുലിൻ കോശങ്ങൾ ശരിയാംവണ്ണം പ്രവർത്തിക്കണമെങ്കിൽ ശരീര ഭാരം കുറയണം. അത് പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ക്രമീകരിക്കണം.

ഹെപ്പറ്റൈറ്റിസ് വൈറസുകൾ
ഹെപ്പറ്റൈറ്റിസ് എ,ബി, സി. ഡി, ഇ എന്നിവയാണ് ഈ വൈറസുകൾ. ‘എ’ മഞ്ഞപ്പിത്തമുണ്ടാക്കുന്നു. 10 വയസുള്ള 100 കുട്ടികളെ പരിശോധിച്ചാൽ അവർക്ക് ഹെപ്പറ്റൈറ്റിസ് എ വന്നതായി കാണാം. എന്നാൽ, ഇവരിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടാകില്ല. 20 വയസിനുമുകളിലാണെങ്കിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കാണും. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച 100ൽ ഒരാൾക്ക് മരണം സംഭവിക്കും.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് ഹെപ്പറ്റൈറ്റിസ് എ ബാധ മൂലം മഞ്ഞപ്പിത്തമുണ്ടായി. രണ്ടു പേർ മരിച്ചു. മലത്തിലെ അണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതുമൂലമാണിത് ഉണ്ടാകുന്നത്. അന്യ സംസ്ഥാനങ്ങളിൽ പഠനത്തിനും ജോലിക്കും പോകുന്നവർക്ക് കരുതലുണ്ടായിരിക്കണം.
ഒരു എം.ഡി. ഡോക്ടറെ കണ്ട് മുൻകരുതലെടുക്കണം.

‘ബി’, ‘സി’ ‘ഡി’ ‘ഇ’
‘ബി’, ‘സി’ വൈറസുകളാണ് അപകടകാരികൾ. ഇവയിൽ തീക്ഷ്ണമായവയും(Acute) ദീർഘകാലം നിലനിൽക്കുന്നവയും (Chronic) ഉണ്ട്. അക്യൂട്ട് ആറ് മാസത്തിനകം മാറുന്നവയാണ്. ക്രോണിക്ക് ആറു മാസത്തിൽ കൂടുതൽ നീളുന്നവയും. ഈ വൈറസുകൾ മൂലവുമുണ്ടാകുന്ന ക്രോണിക്ക് രോഗമാണ് സിറോസിസ്. ‘ഡി’ പൊതുവെ ഇന്ത്യയിൽ കാണപ്പെടുന്നില്ല.

ഹെപ്പ വൈറസ് ബാധക്കുള്ള ചികിത്സ
ഹെപ്പറ്റൈറ്റിസ് ‘എ’ ബാധ കണ്ടെത്താനുള്ള രക്ത പരിശോധനക്ക് 1,000 രൂപ ചിലവു വരും. പ്രതിരോധ കുത്തിവെപ്പിന് 1,500–3,000 രൂപയും. ‘ബി’ സാധാരാണ ഗർഭിണികളിൽ കണ്ടു വരുന്നു. ‘സി’ ക്ക് അമേരിക്കയിൽ മാത്രമാണ് വാക്സീൻ ഉണ്ടായിരുന്നത്. ആറ് മാസത്തെ കോഴ്സിന് രണ്ടു മുതൽ രണ്ടേകാൽ ലക്ഷം വരെയായിരുന്നു ചെലവ്. ഇതു ചെയ്താൽ 100ൽ 60 പേർക്കേ പ്രയോജനമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ 25 ഓളം പുതിയ ടാബ്ലെറ്റുകൾ വരുന്നു. 2014 മുതൽ മൂന്നെണ്ണം നിലവിലുണ്ട്. Sofosbovik എന്ന ടാബ്ലെറ്റിന് ഒരു ദിവസത്തേക്ക് അമേരിക്കയിൽ 1,000 ഡോളറായിരുന്നു വില.

പേറ്റൻറ് പ്രശ്നം മറി കടക്കാൻ ഈ മരുന്നിലെ ചില ഘടകങ്ങൾ മാറ്റി നിർമിച്ചു. ഇക്കഴിഞ്ഞ ഡിസംബറോടെ ഈ മരുന്ന് പാക്കിസ്ഥാനിൽ എത്തി. ഫെബ്രുവരിയോടെ ബംഗ്ലാദേശിലും. ബംഗ്ലാദേശിൽ ഒരു ദിവസത്തേക്ക് 67.76 രൂപയാണ്(1.1ഡോളർ) വില.

ഈ മരുന്ന് 95 ശതമാനം പേർക്കും ഫലപ്രദമാണ്. പാർശ്വഫലങ്ങൾ വളരെ കുറവുമാണ്. ഇന്ത്യയിൽ ഇതുവരെയും എത്തിയിട്ടിട്ടില്ല. NAFCO എന്ന കമ്പനി ഈ മരുന്നുണ്ടാക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ‘ഇ’ക്ക് ലോകത്തെങ്ങും മരുന്നില്ല. ചൈനയിൽ വാക്സീൻ കണ്ടെത്തിയതും പുതിയ വിവരമാണ്. മെഡിക്കൽ ജേണലുകളിൽ ഇതേകുറിച്ച് ചർച്ച വന്നു തുടങ്ങി.

സിറോസിസ് പാരമ്പര്യ കാരണത്താൽ
പ്രമേഹം പോലുള്ള രോഗങ്ങൾ പോലെ സിറോസിസും പാരമ്പര്യ കാരണങ്ങളാൽ ഉണ്ടാകാം. ഇത് അപൂർവമായാണ് കാണപ്പെടുന്നത്. മാതാപിതാക്കളിൽ ആർക്കെങ്കിലും രോഗം വന്നിരിക്കാം. പിന്നീട് സഹോദരങ്ങളുടെ മക്കളിൽ രോഗം കണ്ടാൽ അത് പാരമ്പര്യ കാരണമാകാം.  പരിശോധനകളിൽ മറ്റു കാരണങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പാരമ്പര്യമായി രോഗ ബാധയുണ്ടായതായി അനുമാനിക്കും. കുടുംബത്തിന് ഈ ചരിത്രമുണ്ടെങ്കിൽ ആ കുടുംബത്തിലെ ആൺമക്കൾ ജാഗ്രത്തായിരിക്കണം. ആവശ്യമായ പരിശോധനകൾക്ക് വിധേയരാവുകയും വേണം. ജീനുകൾ വഴിയാണ് ഈ രോഗം കിട്ടുന്നത്. ഇതിനെ മോണോ ജെനിക്ക് രോഗം (Mono Genic Disease) എന്നു പറയും. ഇരുമ്പ്, ചെമ്പ് അംശം കൂടുന്നതുകൊണ്ട് സിറോസിസ് ബാധിക്കുന്നതും മോണോ ജെനിക്ക് രോഗമാണ്.

സിറോസിസ് ലക്ഷണങ്ങൾ
പ്രാരംഭ ലക്ഷണങ്ങൾ പൊതുവെ കാണാറില്ല.രോഗം ഒരു ഘട്ടത്തിലെത്തിയാൽ രക്തം ഛർദ്ദിക്കും. പലപ്പോഴും അപ്പോൾ മാത്രമാണ് രോഗമുണ്ടെന്നറിയുക.

ആന്തരിക രക്തസ്രാവം, കറുത്ത് ടാർ പോലെ മലം പോകൽ(രക്തം കലരുന്നതിനാൽ), കാലിൽ നീർ കെട്ട്, ഒരു ദിവസം നീളുന്ന അബോധാവസ്ഥ, കണ്ണ് മഞ്ഞയാവൽ, തൂക്കം കുറയൽ, ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്.ഇതിൽ രക്തം ഛർദ്ദിക്കൽ, ആന്തരിക രക്തസ്രാവം, കറുത്ത് ടാർ പോലെ മലം പോകൽ, വൃക്കകൾ പ്രവർത്തന രഹിതമാകൽ എന്നിവ സങ്കർണാവസ്ഥകളാണ്.അന്നനാളത്തിൽ വാരിസ് (Varice) ഞരമ്പുകൾ തടിച്ച് വീർത്ത് പൊട്ടുന്നതുകൊണ്ടാണ് രക്തം ഛർദ്ദിക്കുന്നത്. ശരീരത്തിനകത്ത് വെള്ളം (Fluid) കെട്ടി നീര്വരലും(Ascites) സങ്കീർണാവസ്ഥയാണ്. കരൾ പ്രവർത്തനരഹിതമാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. രോഗത്തിെൻറ അവസാനഘട്ടത്തിലാണ് വൃക്കകളും പ്രവർത്തനരഹിതമാകുക.

പരിശോധനകൾ
ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്(LFT) ഉൾപ്പെടെ വിവിധ രക്ത പരിശോധനകൾ നടത്തണം. ഹെപ്പ വൈറസ് ബാധ കണ്ടെത്താനും ഇരുമ്പ്, ചെമ്പ് അംശം കണ്ടെത്താനും രക്ത പരിശോധനകളുണ്ട്. എം.ആർ.ഐ ഉൾപ്പെടെയുള്ള സ്ക്കാനിങ്ങുകൾ, എേൻറാസ്ക്കോപ്പി, കരൾ മുറിച്ചെടുത്ത് പരിശോധിക്കുന്ന ബയോപ്സി എന്നിവയാണ് പ്രധാന പരിശോധനകൾ. ബയോപ്സി ചിലപ്പോഴെങ്കിലും സങ്കീർണതകൾ ഉണ്ടാക്കാറുണ്ട്.

രോഗം സ്ത്രീകളിൽ
പുരുഷന്മാർക്ക് രോഗം വരുത്തുന്ന എല്ലാ കാരണങ്ങളും സ്ത്രീകൾക്കും ബാധകമാണ്. മദ്യപിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് പെട്ടെന്ന് രോഗ ബാധയുണ്ടാകും. അക്യൂട്ട് ഫാറ്റിലിവർ ഓഫ് ഓഫ് പ്രെഗനൻസി (AFP) എന്ന അപൂർവ രോഗം ഗർഭിണികളിൽ കാണുന്നു. ഒമ്പതാം മാസത്തിൽ കാണുന്ന മഞ്ഞ നിറമാണ് ലക്ഷണം. രോഗം AFP യാണെന്ന് കണ്ടെത്തിയാൽ ഉടൻ സിസേറിയൻ നടത്തിയോ മറ്റോ പ്രസവം നടക്കണം. എങ്കിൽ അമ്മയും കുഞ്ഞും ജീവിക്കും. പ്രസവത്തോടെയാണ് രോഗം അറിയുന്നതെങ്കിൽ പ്രസവം നടന്നയുടൻ ചികിത്സ തുടങ്ങണം. പ്രതിരോധശേഷിക്കുറവുമൂലം 70 ശതമാനം സ്ത്രീകളിൽ സിറോസിസ് ഉണ്ടാകും. ഗർഭിണികൾക്ക് ഹെപ്പറ്റൈറ്റിസ് ‘ബി’ ഉണ്ടായാൽ കുട്ടികൾക്കുമുണ്ടാകും. ഗർഭിണികൾക്ക് ഇത് കണ്ടെത്തിയാൽ 12 മണിക്കുറിനകം രണ്ടു തരം പ്രതിരോധ കുത്തിവെപ്പെടുക്കണം. ഇമ്മ്യൂണോ ഗ്ലോബുലിൻ(Immuno globulin) അതിലൊന്നാണ്.

കുട്ടികളിൽ
കുട്ടികളിൽ രോഗത്തിന് മൂന്ന് കാരണങ്ങൾ.

  • പിറവിയിൽ–ഗർഭാവസ്ഥയിൽ അമ്മക്കുണ്ടാകുന്ന അണുബാധയാണ് കാരണം. ഇതിനെ ടോർച്ച് ഇൻഫെക്ഷൻ (Tourch Infection) എന്നു പറയുന്നു.
  •  ജന്മ വൈകല്ല്യം–Inborn Error Metabolism(IEM) എന്നു വിളിക്കുന്ന ഈ അവസ്ഥ ജന്മനാ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയ മൂലമാണുണ്ടാകുന്നത്. ശരീരത്തിൽ ചെമ്പിെൻറ അംശം കൂടുന്നതുകൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് വിൽസൻസ് ഡിസീസ്(Wilson's Disease).
  • ബില്ല്യേറി അട്രീസ്യ (Biliary Atresia)–കരളിൽനിന്ന് പിത്തരസം(Biles) പുറത്ത് പോകാത്തതുകൊണ്ടുണ്ടാകുന്നത്. ഇതു കണ്ടെത്തിയാൽ 60 ദിവസത്തിനകം ശസ്ത്രക്രിയ ചെയ്യണം.

ചികിത്സ

  1. രോഗം തടുക്കലാണ് പ്രധാനം. രോഗം വരാൻ സാധ്യതയുള്ള പൊതുവായ കാരണങ്ങൾ ഉള്ളവർ സമയാസമയം പരിശോധനകൾ നടത്തി പ്രതിരോധ നടപടികളെടുക്കണം. രോഗം വന്നാൽ അതിെൻറ വികാസം വൈകിപ്പിക്കാൻ ജീവിതശൈലീ മാറ്റം കൊണ്ടും ഭക്ഷണക്രമീകരണം കൊണ്ടും സാധിക്കും.
  2. രോഗകാരണം കണ്ടെത്തി (Etiology)ചികിത്സിക്കൽ. പാരമ്പര്യം തുടങ്ങി അപൂർവ കാരണങ്ങൾ കൊണ്ടല്ല രോഗം വരുന്നതെങ്കിൽ പ്രസ്തുത കാരണങ്ങൾക്ക് ചികിത്സിക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ.
  3. കരൾ മാറ്റിവെക്കൽ.

കരൾ മാറ്റിവെക്കൽ: അറിയാതെ പോകുന്ന വസ്തുതകൾ
കരൾ മാറ്റിവെക്കലാണ് സിറോസിസിനുള്ള മുഖ്യ ചികിത്സയെന്ന് പരിഗണിക്കപ്പെടുന്നു. ചുരുങ്ങിയത് 20 ലക്ഷം ചിലവുള്ള ഈ ശസ്ത്രക്രിയ നടത്തിയാലും 100ൽ 10പേർ മരിക്കും. ശേഷിക്കുന്നവരിൽ 90 പേർ ഒരു വർഷം കഴിഞ്ഞാലും ജീവിക്കും. അഞ്ചു വർഷം കഴിഞ്ഞാൽ 85 പേർക്ക് ജീവിതം തുടരാനാവും. നിലവിലെ രോഗം വളരെ സങ്കീർണമാണെങ്കിലേ കരൾ മാറ്റിവെക്കേണ്ടതുള്ളൂ.

രണ്ടു തരം ദാതാക്കളുടെ കരളാണ് സ്വീകരിക്കുന്നത്.
1. ജീവിച്ചിരിക്കുന്നവരുടെ(Living Donor).
2. മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ (Cadaveric Donor).
കരൾ ദാദാക്കൾക്ക് മരണം സംഭവിക്കാം. പക്ഷെ, ഇത് ഭൂരിഭാഗം പേർക്കും അറിയില്ല. ദാതാക്കളിൽ 300 പേരിൽ ഒരാൾ മരിക്കുമെന്ന് ന്യൂയോർക്ക് ആശുപത്രികളിൽ എഴുതി വെച്ചിട്ടുണ്ട്. ഈ വസ്തുത ദാതാക്കളെ അറിയിക്കലാണ് ധാർമികത.

തമിഴ്നാട്ടിൽ മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ കരളാണ് കൂടതലായും എടുക്കുന്നത്. ഇതിനായി മാത്രം ഏഴ് നിയമം തമിഴ്നാട് സർക്കാർ ഉണ്ടാക്കി. ഇക്കാര്യത്തിൽ കേരളത്തിെൻറ സമീപനം മാറണം. മസ്തിഷ്ക്കമരണം സംഭവിച്ചവരുടെ കരളിനായി കാത്തിരിക്കണമെന്ന അനിശ്ചിതാവസ്ഥയുണ്ട്. പക്ഷെ, ഈ രീതി പ്രോത്സാഹിപ്പിക്കുന്നതാണ് അഭികാമ്യം. പല വികസിത രാജ്യങ്ങളിലും ഈ രീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഡയാലിസിസ്
വൃക്ക ഡയാലിസിസ് ചെയ്യുന്നത് പോലെ കരളിനും ഡയാലിസിസ് ഉണ്ട്. കഴിഞ്ഞ 10 വർഷമായി ഇത് ചെയ്തുവരുന്നു. ഇതുമൂലം ജീവിതം തിരിച്ചുകിട്ടില്ല. ലോകമെമ്പാടും ഡയാലിസിസ് സാധാരണ ചികിത്സാ സമ്പ്രദായമായി സ്വീകരിക്കുന്നില്ല. ഇതേക്കുറിച്ച് ഇനിയും ഗവേഷണം നടക്കേണ്ടതുണ്ട്. കരൾ രോഗത്തിനുള്ള പൊതുവായ ചികിത്സയുടെ ഭാഗമല്ല ഡയാലിസിസ്. വെല്ലൂർ സി.എം.സിയിൽ ഇപ്പോൾ കരൾ ഡയാലിസിസ് നടത്താറില്ല.

 

രോഗികൾ ശ്രദ്ധിക്കേണ്ടത്
മരണഭയം ഒഴിവാക്കലാണ് ആദ്യമായി ചെയ്യേണ്ടത്. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്ന വസ്തുത അംഗീകരിക്കണം. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കണം.

  • ഭക്ഷണ ക്രമീകരണം വരുത്തൽ,
  • കൃത്യമായി വ്യായാമം എന്നിവ ചെയ്യുക.
  • തിളപ്പിച്ചാറ്റിയ വെള്ളം നന്നായി കുടിക്കുക.
  • ഉപ്പ് കുറക്കുക; പ്രത്യേകിച്ച് കാലിലോ, വയറ്റിലോ നീരുണ്ടെങ്കിൽ. അമിത നിയന്ത്രണം ആവശ്യമില്ല.
  • ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. ഉപവാസ സമാനമായി നീണ്ട സമയം ഭക്ഷണം ഇല്ലാതിരിക്കുന്ന അവസ്ഥ ഒഴിവാക്കണം.
  • പഞ്ചസാരയുടെ അളവ് നിലനിർത്താൻ മൂന്ന് നേരത്തെ ഭക്ഷണത്തിന് ഇടയിൽ രണ്ടര മണിക്കൂർ കഴിയുമ്പോൾ എന്തെങ്കിലും കഴിക്കണം. ചില രോഗികൾ് ഭക്ഷണം കഴിക്കാൻ ഭയപ്പെടാറുണ്ട്(Sitophobia). അതിെൻറ ആവശ്യമില്ല.
  • വേദന സംഹാരികൾ പാടില്ല. ചിലതരം ആൻറിബയോട്ടിക്കുകളും പരിഗണനീയമല്ല. അത്യാവശ്യ ഘട്ടങ്ങളിൽ കരൾരോഗ വിദഗ്ദെൻറ ഉപദേശം തേടി കരളിന് കുഴപ്പമുണ്ടാക്കാത്താവ ഉപയോഗിക്കാം. ചിട്ടയോടെ ജീവിച്ചാൽ ജീവിത വാഹനം കുറെ കൂടെ ഓടിക്കാം.

കരൾ കാൻസർ
കരൾ കാൻസർ സിറോസിസ് കൊണ്ടും അല്ലാതെയും ഉണ്ടാകും. 100ൽ 89 പേർക്കും സിറോസിസ് മൂലമാണ് കരൾ കാൻസർ ഉണ്ടാകുന്നത്. സിറോസിസ് രോഗികൾക്ക് കാൻസർ ഉണ്ടോയെന്ന് അറിയാൻ ആൽഫ ഫെറ്റോപ്രോട്ടീൻ (Alpha Fetoproteine –AFP) പരിശോധന നടത്താറുണ്ട്. AFP 10ൽ താഴെയാണെങ്കിൽ സാധാരണ നിലയാണ്. 1000ന് മുകളിലാണെങ്കിൽ കാൻസർ ഉണ്ടെന്നാണ് അർഥം. ഇതിന് ട്യൂമർ മാർക്കർ ടെസ്റ്റ് എന്ന് പറയും. രണ്ടാമതായി വിവിധ സ്കാനിങ്ങുകളും.

ലിവർ കാൻസറിനുള്ള ചികിത്സകൾ വലുതും പണച്ചെലവ് ഏറിയതുമാണ്. ചികിത്സയെ രണ്ടായി തരംതിരിക്കും. 1. ചികിത്സിച്ചാൽ മാറുന്നത്, 2. നിയന്ത്രണ വിധേയമാക്കാവുന്നത്.

RFA (Radio Frequency Ablation) –കാൻസറുള്ള ഭാഗം കരിയിച്ചുകളയുന്ന ചികിത്സാ സമ്പ്രദായമാണ് ഇത്. രോഗിയെ ബോധംകെടുത്തി അൾട്രാസൗണ്ട് സ്കാൻ വഴി പ്രത്യേക സൂചി ശരീരത്തിനകത്തേക്ക് കടത്തി കാൻസറിനെ കരിയിച്ചുകളയുന്നതാണിത്.
Resection –കാൻസറുള്ള കരളിെൻറ ഭാഗം മുറിച്ച് കളയുന്നതാണിത്. സിറോസിസ് വന്ന് കാൻസറായവർക്കും ഇത് ചെയ്യാം.
രോഗം നിയന്ത്രിക്കുന്നതിന് മരുന്നുകൾ ഉണ്ട്. ഇതുകൂടാതെ ആൻജിയോഗ്രാം വഴി കാൻസറിെൻറ രക്തക്കുഴൽ അടക്കും. അതുവഴി കാൻസർ വളർച്ച കുറക്കും. കാൻസർ നിയന്ത്രണ വിധേയമാക്കാൻ പത്തോളം ചികിത്സാരീതി ഉണ്ട്. അതേസമയം രോഗം വലിയ ഘട്ടത്തിൽ എത്തുമ്പോഴെ പുറത്തറിയാറുള്ളു. ചില കരൾ കാൻസർ രോഗികൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമായി കണ്ടിട്ടുണ്ട്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liver cirrhosisliver disease
News Summary - to prevent liver disease
Next Story