ഉറങ്ങിയാൽ പഠിക്കാം
text_fieldsനന്നായി ഉറങ്ങുന്ന കുട്ടികൾക്ക് ഭാഷാ പരിജ്ഞാനം കൂടുതലായിരിക്കുമെന്ന് പഠനം. പുതിയ വാക്കുകൾ പഠിച്ച് ഒരു മണിക്കൂറിനുള്ളിൽ ഉറങ്ങുന്ന മൂന്നു വയസുള്ള കുട്ടിക്ക് പഠിച്ചത് പ്രയോഗത്തിൽ വരുത്താൻ വൈദഗ്ധ്യം കൂടുതലായിരിക്കും. പഠന ശേഷം അഞ്ചു മണിക്കൂറോളം ഉണർന്നിരിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്താണ് ഇൗ നിഗമനത്തിലെത്തിയത്. .
ജനിച്ച് ആറുമാസം വരെയുള്ള കുട്ടികൾ ദിവസം ആറു തവണയെങ്കിലും ഉറങ്ങും. എന്നാൽ മൂന്നു വയസായ കുട്ടികൾ ഉറക്കം ഒരു തവണയിലേക്ക് കുറക്കുകയോ ചിലപ്പോൾ തീരെ ഉറങ്ങാതെ ഇരിക്കുകയോ ചെയ്യും. എന്നാൽ പഠിച്ചത് ഒാർമയിൽ നിൽക്കാൻ ആഴത്തിലുള്ള ഉറക്കമാണ് നല്ലതെന്നും ഗവേഷകർ പറയുന്നു.
മയക്കം മുതൽ ആഴത്തിലുള്ള ഉറക്കം വരെ എല്ലാതരത്തിലുമുള്ള ഉറക്കം ബുദ്ധിപരമായ ഏകീകരണത്തിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആഴത്തിലുള്ള ഉറക്കമാണ് ഏറ്റവും പ്രധാനമെന്ന് യു.എസിലെ അരിസോണ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ റെബേക്ക ഗോമസ് പറയുന്നു.
ആഴത്തിലുള്ള ഉറക്കത്തിൽ തലച്ചോറ് ഒാർമകളെ ആവർത്തിച്ചു പുനർദൃശ്യവത്കരിക്കുന്നു. അതുമൂലം പഠിച്ചവ ശക്തിയോടുകൂടി ഒാർമമണ്ഡലത്തിൽ നിലനിൽക്കും. ഇതാണ് ഉറക്കത്തിൽ സംഭവിക്കുന്നത് എന്ന് കുട്ടികളുടെ വികാസത്തെ കുറിച്ചുള്ള ജേണലിൽ റെബേക്ക വിശദീകരിക്കുന്നു. മൂന്നുവയസുള്ള കുട്ടികൾ 24 മണിക്കൂറിൽ 10-–12 മണിക്കൂർ ഉറങ്ങണം. അത് രാത്രി ഉറക്കമോ രാത്രിയും പകലുമായോ പൂർത്തീകരിക്കാം. അവർക്ക് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഭാവിയിൽ അറിവ് നേടുന്നതിനെ അത് ദോഷകരമായി ബാധിക്കും.
മൂന്നു വയസുള്ള 39 കുട്ടികളെ സ്ഥിരമായി ഉറങ്ങുന്നവരും അല്ലാത്തവരുമെന്ന രണ്ടു ഗ്രൂപ്പായി തിരിച്ച് നടത്തിയ പഠനമാണ് ഇൗ നിഗമനത്തിലെത്തിച്ചത്. ഇൗ പ്രായത്തിലുള്ള കുട്ടികളുടെ ഉറക്കം ക്രമീകരിക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.