കോവിഡ് കാരണം പതിവ് ചികിത്സകൾ മുടക്കരുത്
text_fieldsവെറും അഞ്ചുമാസക്കാലം കൊണ്ട് ഒരു വൈറസ് രോഗം 62 ലക്ഷം പേരെ ബാധിക്കുകയും നാലുലക്ഷത്തോളം പേർക്ക് ജീവഹാനി വരുത്തുകയും ചെയ്യുന്നു. ലോകം മുഴുവൻ ഇൗ മഹാമാരിയുടെ പുറകിലാണ്. വൈറസിനെ പേടിച്ച് നല്ലൊരു ശതമാനം ജനങ്ങളും വീടിനുള്ളിൽ തന്നെ കഴിയുന്നു. പല ആശുപത്രികളും കോവിഡ്- 19 ചികിത്സക്കായി മാറ്റിവെക്കപ്പെട്ടു. അത്യാഹിത വിഭാഗങ്ങളിൽ കോവിഡ് രോഗികൾ മാത്രമായി. കോവിഡ് പിടിപെടുമോ എന്ന ആശങ്കയിൽ അടിയന്തര ചികിത്സകൾ പോലും നീട്ടിവെക്കപ്പെടുന്നു.
എന്നാൽ, നമ്മൾ ഒാർമിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. ഇതേ അഞ്ചുമാസക്കാലയളവിൽ ലോകത്താകെ 74 ലക്ഷം പേർ ഹൃദ്രോഗം, സ്ട്രോക്ക് മുതലായ മൂലവും 39 ലക്ഷം പേർ അർബുദം മൂലവും 16 ലക്ഷം പേർ ശ്വാസകോശ രോഗങ്ങളാലും 5.7 ലക്ഷം പേർ പ്രമേഹരോഗം മൂലവും അഞ്ചുലക്ഷത്തോളം പേർ കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ, ക്ഷയരോഗം മുതലായ രോഗങ്ങളാലും മരണപ്പെട്ടിട്ടുണ്ട്. ഇത് കോവിഡ് രോഗ മരണങ്ങളേക്കാൾ എത്രയോ കൂടുതലാണ്. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് കോവിഡ് രോഗബാധ തടയുന്നതോടൊപ്പം പതിവ് രോഗങ്ങൾ ചികിത്സിക്കുന്നതിൽ വീഴ്ചകൾ വരുത്താൻ പാടില്ലെന്നതാണ്.
ഹൃദ്രോഗങ്ങൾ, ശ്വാസകോരോഗങ്ങൾ, വൃക്കരോഗങ്ങൾ, പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗസാധ്യതയും അതു പിടിപെട്ടാൽ മരണസാധ്യതയും കൂടുതലാണ് എന്നത് വസ്തുതയാണ്. ഒപ്പം ഇൗ രോഗങ്ങൾ സൃഷ്ടിക്കുന്ന അടിയന്തര പ്രശ്നങ്ങൾക്ക് വൈദ്യസഹായം വൈകിയാലും ചിലപ്പോൾ രോഗമൂർച്ഛക്കും മരണത്തിനുപോലും കാരണമാകാം. കോവിഡ് ഭയംകൊണ്ട് പല ആരോഗ്യപ്രശ്നങ്ങളും സ്വയം പരിഹരിക്കപ്പെടുമെന്നോ വീട്ടിൽ സ്വയം കൈകാര്യം ചെയ്യാൻ കഴിയുമെന്നോ വിചാരിച്ച് ചികിത്സ നീട്ടുേമ്പാൾ, രോഗിയുടെ ജീവൻ രക്ഷപ്പെടുത്താനുള്ള അവസരമാണ് നഷ്ടമാകുന്നത്.
ചികിത്സ തുടരണം
വിട്ടുമാറാത്ത വ്യാധികളായ പ്രമേഹം, ഹൃദ്രോഗം, അർബുദം, വൃക്കരോഗങ്ങൾ മുതലായ തുടർചികിത്സ വേണ്ടുന്ന രോഗങ്ങൾ ശ്രദ്ധയോടെ പരിചരിക്കപ്പെടണം. ജീവൻ രക്ഷിക്കാൻ വീട്ടിൽ കഴിയണമെന്ന് പറയുേമ്പാഴും ഇവക്കുള്ള തുടർചികിത്സകളെ അത് ബാധിക്കരുത്. ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഫോൺ, വിഡിയോ കോൺഫറൻസിങ് മുതലായ ന്യൂതന സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്താം. എന്നാൽ, ശരീരപരിശോധനയോ രക്തപരിശോധനയോ എക്സ്റേ, വിവിധതരം സ്കാനുകൾ മുതലായവ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇത് ഉപകരിക്കില്ല. അത്തരം വേളകളിൽ ആശുപത്രി സന്ദർശിച്ചേ തീരൂ.
ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇനിയും വർധന പ്രതീക്ഷിക്കാം. അതിനാൽ, യാത്രചെയ്യുേമ്പാഴും ആശുപത്രി സന്ദർശിക്കുേമ്പാഴും രോഗവ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകളെടുക്കണം. മിക്കവാറും എല്ലാ ആശുപത്രികളിലും ശരീരോഷ്മാവ് നിരീക്ഷിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക മുതലായ മുൻകരുതലുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
മുൻകരുതലുകൾ
ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ, വൃക്കപരാജയം മുതലായ രോഗികൾ തങ്ങൾ തുടർച്ചയായി കഴിക്കുന്ന മരുന്നുകൾ രണ്ടുമൂന്ന് ആഴ്ചത്തേക്കുള്ളത് കൈയിൽ കരുതുക. രക്തത്തിലെ പഞ്ചസാര, കൊഴുപ്പുകളുടെ നില, രക്തസമ്മർദം ഇവ പരിശോധിച്ച് നിയന്ത്രണവിധേയമെന്ന് ഉറപ്പുവരുത്തുക. നിയന്ത്രണവിധേയമല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. രോഗസങ്കീർണതകളുടെ ലക്ഷണങ്ങൾ കണ്ടാൽ, വൈദ്യസഹായം തേടാൻ അമാന്തിക്കരുത്. ഉദാഹരണത്തിന് ഒരു പ്രമേഹരോഗിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാൽ, അത് ഹൃദയാഘാതമാണെങ്കിൽ മാത്രമേ വിദഗ്ധ ചികിത്സ നൽകാനാവൂ. സമയം താമസിക്കുേമ്പാഴേക്കും സങ്കീർണതകൾ വർധിക്കാം. ഡയാലിസിസിലുള്ള രോഗികൾ അത് മുടങ്ങാതെ നോക്കണം. മറ്റ് അസുഖങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ഡയാലിസ് ക്ലിനിക്കുമായി ബന്ധപ്പെടുക. രക്തസംബന്ധമായ രോഗങ്ങളായ ‘സിക്കിലം സെൽഡിസീസ്, ഹീമോഫീലിയ, താലസിമിയ മുതലായ രോഗമുള്ളവരും തുടർചികിത്സകളിൽ മുടക്കം ഉണ്ടാവരുത്. അർബുദരോഗ ചികിത്സകളും വിടാതെ തുടരണം.
സ്വയം പരിരക്ഷിക്കുക
- തുടർചികിത്സ വേണ്ട രോഗമുള്ളവർ ചികിത്സ മുടക്കാതിരിക്കുക
- കഴിവതും വീട്ടിലെ ഒരു മുറിയിൽ മാത്രം കഴിയുക
- അനാവശ്യയാത്രകൾ ഒഴിവാക്കുക
- രോഗാവസ്ഥ നിരീക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ വൈദ്യസഹായം തേടുകയും ചെയ്യുക.
- നിത്യം കഴിക്കുന്ന മരുന്നുകൾ തീരാതെ ശ്രദ്ധിക്കുക
- ആരോഗ്യകരമായ സമീകൃതാഹാരം ശീലമാക്കുക
- വ്യായാമം മുടക്കരുത്
- കുടുംബം, സുഹൃത്തുക്കൾ, ഡോക്ടർമാർ മുതലായവരുമായുള്ള ബന്ധം നിലനിർത്തുക
- പുകവലി, മദ്യപാനം ഇവ ഒഴിവാക്കുക
- പ്രതിരോധ കുത്തിവെപ്പുകളെടുക്കുക
- വീട്ടിലും വെളിയിലും ശാരീരിക അകലം പാലിക്കുക
- വ്യക്തിശുചിത്വം ശീലമാക്കുക
- ഗാർഹിക അണുനാശിനികൾ ഉപയോഗിച്ച് പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുക
- രോഗികളെ സന്ദർശിക്കാതിരിക്കുക
- സമ്മേളനങ്ങൾ, ആൾക്കൂട്ടമുള്ള ഇടങ്ങൾ ഇവ സന്ദർശിക്കാതിരിക്കുക
- അടിയന്തര വൈദ്യസഹായത്തിന് മാർഗം കണ്ടെത്തിവെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.