ഇയർഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
text_fieldsമൊബൈൽ ഫോൺ പോലെത്തന്നെ ഇന്നൊരു അവശ്യവസ്തുവായി തീർന്നിട്ടുണ്ട് ഇയർഫോൺ എന്ന കേൾവി ഉപകരണം. വയറുകളുള്ള ഹെഡ്സെറ്റ്, ഇയർഫോൺ, ബ്ലൂടൂത്തും മറ്റു സാേങ്കതികവിദ്യകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വയർലെസ് ഉപകരണങ്ങൾ എന്നിവ സാധാരണക്കാർക്കുപോലും സുപരിചിതമാണ്. മൊബൈൽ ഫോണിൽ സംസാരിക്കാനും പാട്ടുകേൾക്കാനും സ്മാർട്ട് ഫോണിൽ സിനിമയും മറ്റു ദൃശ്യങ്ങളും കാണാനും ഗെയിമുകൾ കളിക്കാനും ഇന്ന് ഹെഡ്സെറ്റോ ഇയർഫോണോ ഇല്ലാതെ കഴിയില്ല. യാത്രകളിൽ ചെവിയിൽ ഇവ തിരുകിവെച്ച് പരിസരം മറന്നിരിക്കുന്നവരെ നമ്മൾ ഇഷ്ടംപോലെ കാണാറുണ്ട്.
ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിക്കുേമ്പാൾ റേഡിയേഷെൻറ അളവുകുറക്കാനും കൈകൾ സ്വതന്ത്രമാക്കാനും വളരെ ഉപയോഗപ്രദമായ ഉപകരണങ്ങളാണ് ഇവയെങ്കിലും നിയന്ത്രണമില്ലാതെയും നിരന്തരവും ഇവ ഉപയോഗിച്ചാൽ കേൾവിനഷ്ടം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളെ നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിരമായി 85 ഡെസിബെല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍ക്കുന്നത് കേള്‍വിത്തകരാറുണ്ടാക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടന (WHO)യും ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനും (ITU) ചേർന്ന് കഴിഞ്ഞവർഷം നടത്തിയ പഠനങ്ങളിൽ ഇത്തരം ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം കേൾവിശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തും സൗണ്ട് എൻജിനീയറിങ് രംഗത്തുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി കാൾസെൻററുകളിൽ സ്ഥിരമായി ഹെഡ്സെറ്റുകൾ ഉപയോഗിച്ച് ജോലിചെയ്യുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ദീർഘകാലം ഇത്തരം ജോലികളിൽ ഏർപ്പെട്ടിരുന്നവരിൽ 80 ശതമാനത്തിലധികം പേർക്കും കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെ 2011ൽ 'ജേണൽ ഒാഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ' പ്രസിദ്ധീകരിച്ച പഠനത്തിലും ഹെഡ്സെറ്റോ ഇയർ ഫോണോ ദീർഘകാലം തുടർച്ചയായി ഉപയോഗിച്ചാൽ അത് കേൾവിക്കുറവിന് കാരണമാവുമെന്ന് പറഞ്ഞിട്ടുണ്ട്.
കാതുകളിലെ ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാറുമൂലം അനുഭവപ്പെടുന്ന തുടർച്ചയായ ചെവിക്കുള്ളിലെ മൂളൽ അഥവാ ടിന്നിറ്റസ് (Tinnitus) എന്ന അസുഖം ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ഹെഡ് ഫോണിൽ പാട്ട് കേൾക്കുന്നവരിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്.
ചെവിക്കുള്ളിലെ നേർത്ത സ്ഥരമായ ഇയർ ഡ്രമ്മിൽ അമിതമായ ശബ്ദം സൃഷ്ടിക്കുന്ന സമ്മർദമാണ് ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നത്. ഇതിനുപുറമെ ചിലരിൽ മാനസിക പ്രശ്നങ്ങൾക്കും രക്തസമ്മർദം ഉണ്ടാകുന്നതിനും ഇത് കാരണമാവുമെന്നും ഉറക്കക്കുറവ്, തലവേദന, കാതുകൾക്ക് വേദന എന്നിവക്ക് സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചില ലക്ഷണങ്ങൾ
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഇവക്കെല്ലാം പുറമെ മറ്റ് ചില ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. ഇക്കൂട്ടർ സംസാരിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് വ്യക്തതക്കുറവ് ഉള്ളതായി ചിലരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്. അധികം പേരിലും ചെവിയില്‍ ഏതെങ്കിലും ജീവികൾ മൂളുന്നതുപോലെയോ മണി മുഴങ്ങുന്നതുപോലെയോ ശബ്ദങ്ങൾ കേള്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു.
മറ്റുചിലരിൽ ഇയര്‍ഫോണ്‍ ഉപയോഗിച്ചശേഷം എടുത്തുമാറ്റിയാല്‍ കുറച്ചുനേരത്തേക്ക് ഒന്നും കേള്‍ക്കാനാവാത്ത അവസ്ഥയാണ്. ചിലരാകെട്ട സാധാരണയിൽ കവിഞ്ഞ ശബ്ദത്തിൽ മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങുന്നു.
സുരക്ഷിതമായി ഉപയോഗിക്കുന്നത് എങ്ങനെ?
ആഗോളതലത്തിൽ പ്രതിവർഷം കോടിക്കണക്കിന് ഇത്തരം ഉപകരണങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷം ഉൽപന്നങ്ങളും ലോകാരോഗ്യ സംഘടനയും ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനും ചേർന്ന് നിശ്ചയിച്ച ഗുണനിലവാരം പാലിക്കുന്നില്ലെന്ന് 2018 ൽ ബ്രിട്ടനിലെ ഒാഫിസ് ഫോർ പ്രോഡക്ട് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് (Office for Product Safety&Standards) നടത്തിയ സർവേയിൽ കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
അതുകൊണ്ടുതന്നെ ഹെഡ്സെറ്റോ ഇയർഫോണോ വാങ്ങുേമ്പാൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന വ്യക്തി ശബ്ദം ഉയർന്ന അളവിൽ ക്രമപ്പെടുത്തേണ്ടിവരും.
കൂടാതെ, ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദത്തെ ശരിയായ അളവിൽ കടത്തിവിടില്ല. ഇതുമൂലവും ശബ്ദം കൂട്ടേണ്ടി വരും. ഇതെല്ലാം കാരണം ഉപയോഗിക്കുന്ന വ്യക്തി ഉപകരണത്തിലെ ശബ്ദം ഉയർത്തുകയും അത് ശബ്ദവീചികൾ ഉയർന്ന ആവൃത്തിയിലാവാൻ ഇടയാക്കുകയും തുടർന്ന് കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും. ഗുണനിലവാരമുള്ള ഉൽപന്നങ്ങളിൽ സ്വാഭാവികമായും ശബ്ദത്തിെൻറ തോത് ഉയര്‍ത്തുമ്പോള്‍ സുരക്ഷ മുന്നറിയിപ്പ് സന്ദേശം സ്‌ക്രീനില്‍ തെളിയാറുണ്ട്. അതുവഴി സുരക്ഷിതമായ ശബ്ദത്തിൽ അവ ഉപയോഗിക്കാനാവും.
ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്‌ഫോണുകളാണ് താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്. ഇവ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റു ശബ്ദങ്ങള്‍ ചെവിയിലെത്താത്തതുമൂലം ശബ്ദം കൂടുതല്‍ വൃക്തമാവുന്നു. അതുവഴി ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെച്ച് ഉപയോഗിക്കാനാവും.
ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ചില അവസരങ്ങളിൽ കൂടുതല്‍ നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നാലോ കൂടുതല്‍ ശബ്ദം കേള്‍ക്കേണ്ടിവന്നാലോ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നല്‍കണം.
അണുബാധ സൂക്ഷിക്കുക
ചെവിക്ക് ഉള്ളിലേക്ക് കടത്തിവെക്കുന്ന ഇയർ ബഡുകൾ അടക്കമുള്ള ഉപകരണങ്ങൾ കൃത്യമായ ഇടവേളവകളിൽ വൃത്തിയാക്കുകയും അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം ചെവിക്കുള്ളിൽ അണുബാധയുണ്ടാവാനും ചെവിപഴുപ്പ് അടക്കമുള്ള രോഗത്തിന് ഇടയാക്കുകയും ചെയ്യും.
ഇത്തരം ഉപകരണങ്ങൾ പങ്കുവെക്കുന്നത് അപകടകരമാണെന്ന് കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നുണ്ട്. രോഗങ്ങൾ ഒരാളിൽനിന്ന് മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പടരാൻ ഒരു ഉപകരണം ഒന്നലധികം വ്യക്തികൾ ഉപയോഗിക്കുന്നത് ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.