ഷിഗല്ല നേരിടാം ജാഗ്രതയോടെ; ശ്രദ്ധിക്കാം ഇവ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കോവിഡിന് പിന്നാലെ പടർന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് ഷിഗെല്ല. കോഴിക്കോട് ജില്ലയിൽ ആറുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിരവധി പേരിൽ രോഗലക്ഷണങ്ങളും കണ്ടെത്തി. എന്നാൽ കരുതലുണ്ടെങ്കിൽ കോവിഡിനെ പോലെ ഷിഗല്ലയെയും അകറ്റിനിർത്താം.
ഷിഗല്ലയുടെ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം. വയറിളക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.
ഷിഗല്ല ബാധിക്കുന്നത്
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതര നിലയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടന്നുണ്ടാകും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ട് മുതൽ ഏഴുദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലർന്ന മലവിസർജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.
ഷിഗല്ല പ്രതിരോധ മാർഗങ്ങൾ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
- വ്യക്തിശുചിത്വം പാലിക്കുക
- തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക
- കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്കരിക്കുക
- രോഗലക്ഷണങ്ങളുള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക
- പഴകിയ ഭക്ഷണങ്ങൾ കഴിക്കാതെയിരിക്കുക
- ഭക്ഷണ പദാർഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
- വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
- രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
- രോഗലക്ഷണങ്ങളുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക
- കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.