കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങൾ മനുഷ്യരിൽ പരീക്ഷിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
text_fieldsന്യൂഡൽഹി: ഓക്സ്ഫഡ് യൂനിവേഴ്സിറ്റിക്ക് വേണ്ടി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങൾ മനുഷ്യരിൽ പരീക്ഷിക്കാൻ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി. വിദഗ്ധ സമിതിയുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് ഞായറാഴ്ച രാത്രിയോടെ ഡി.സി.ജി.ഐ ഡോ. വി.ജി. സോമാനി അനുമതി നൽകിയതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഡാറ്റാ സേഫ്റ്റി മോണിറ്ററിങ് ബോർഡ് പരിശോധിച്ച സുരക്ഷ സംബന്ധിച്ച വിവരങ്ങൾ മൂന്നാംഘട്ട പരീക്ഷണത്തിന് മുന്നോടിയായി കമ്പനി സമർപ്പിക്കേണ്ടതുണ്ട്.
പരീക്ഷണത്തിന് വിധേയരാകുന്നവർക്ക് ഓരോ ഡോസ് വാക്സിൻ വീതം നാല് ആഴ്ചത്തെ ഇടവേളയിൽ നൽകും. തുടർന്ന് സുരക്ഷ സംബന്ധിച്ചും രോഗപ്രതിരോധ ശേഷി സംബന്ധിച്ചുമുള്ള വിലയിരുത്തൽ നടത്തും.
ഡൽഹി എയിംസ് ഉൾപ്പെടെ 17 കേന്ദ്രങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 1600 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തുക. 18 വയസിന് മുകളിലുള്ളവരാണ് ഇവർ.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫഡും പങ്കാളികളായ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനി ആസ്ട്രാ സെനേകയും കോവിഡ് പ്രതിരോധ വാക്സിൻ നിർമാണത്തിനായി ചുമതലപ്പെടുത്തിയത്. ഓക്സ്ഫഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം ബ്രിട്ടനിൽ നടക്കുന്നുണ്ട്. ബ്രസീലിൽ മൂന്നാംഘട്ടത്തിലാണ്. ഒന്ന്, രണ്ട് ഘട്ടം ദക്ഷിണാഫ്രിക്കയിലും നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.