ഉണരാത്ത ഉറക്കം
text_fieldsരാത്രി കിടന്നതാണ്. കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, രാവിലെ ഉണര്‍ന്നില്ല. ഉറക്കത്തിലെ മരണങ്ങള്‍. പ്രിയപ്പെട്ടവര്‍ എത്രപേരാണ് ഇവ്വിധം നമ്മോട് യാത്ര പറഞ്ഞത്. മിക്കപ്പോഴും ഇത്തരം മരണങ്ങള്‍ക്ക് പിന്നിലെ മുഖ്യവില്ലന്‍ -ഉറക്കത്തിലെ ശ്വാസമില്ലായ്മ -സ്ലീപ് അപ്നിയ’ ആണ്. ഇത് ഹൃദയസ്തംഭനം, ഹൃദയാഘാതം, രക്തം കട്ടപിടിക്കല്‍ തുടങ്ങി പലതിനും കാരണമാകുന്നു. എന്താണ് ‘സ്ലീപ് അപ്നിയ’? അപ്നിയ എന്ന വാക്കിന്‍െറ അര്‍ഥം ശ്വസനമില്ലായ്മ എന്നാണ്. സ്ലീപ് അപ്നിയ ഉറക്കത്തിലെ ശ്വസനത്തിന്‍െറ അഭാവമാണ്. ഉറക്കത്തില്‍ ചെറിയ ഇടവേളകളിലാണ് ഈ ശ്വസന തടസ്സം സംഭവിക്കുക. കുറച്ച് സെക്കന്‍ഡുകള്‍ മുതല്‍ മിനിറ്റുകള്‍ വരെ ദൈര്‍ഘ്യമുള്ള ഇടവേളകള്‍. ഒരാളില്‍ ഈ ശ്വാസതടസ്സം മണിക്കൂറില്‍ അഞ്ചു പ്രാവശ്യമോ അതിലധികമോ സംഭവിക്കുന്നുവെങ്കില്‍ അയാള്‍ക്ക് സ്ലീപ് അപ്നിയ എന്ന അവസ്ഥ ഉണ്ടെന്ന് പറയാം. ഇത് അധികരിച്ചവരില്‍ ഇത്തരം തടസ്സങ്ങള്‍ മണിക്കൂറില്‍ 30 വട്ടമെങ്കിലും സംഭവിക്കും. കൂര്‍ക്കം വലി സ്ലീപ് അപ്നിയയുടെ ഒരു ലക്ഷണമാണ്.
ഉറക്കത്തില്‍ ശ്വസന തടസ്സം ഉണ്ടാവുമ്പോള്‍ രക്തത്തിലെ ഓക്സിജന്‍െറ അളവ് കുറയുകയും കാര്‍ബണ്‍ ഡൈഓക്സൈഡിന്‍െറ അളവ് കൂടുകയും ചെയ്യും. ഉടനെ അത് തലച്ചോറിലെ ഓക്സിജന്‍െറ അളവ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കും. അപ്പോള്‍ തലച്ചോര്‍ രോഗിയെ ഉറക്കത്തില്‍നിന്നും ഉണര്‍ത്തും. ഉണരുന്നതോടെ ശ്വസനതടസ്സം ഇല്ലാതാവും. ശ്വാസോച്ഛ്വാസം പഴയപടിയിലാവും. അതോടെ അയാള്‍ ഉറക്കത്തിലേക്ക് തന്നെ വീഴും. വീണ്ടും പഴയപടി ശ്വസനതടസ്സം ആരംഭിക്കുന്നു. അതോടെ ഓക്സിജന്‍ കുറയുകയും രോഗി ഉറക്കത്തില്‍നിന്ന് ഉണരുകയും ചെയ്യും. സ്ലീപ് അപ്നിയക്കാരില്‍ ഈ പ്രക്രിയ പലവട്ടം ആവര്‍ത്തിക്കുന്നു.
സ്ലീപ് അപ്നിയ പലതരമുണ്ട്. ശ്വസനനാളത്തിലെ തടസ്സം മൂലം സംഭവിക്കുന്ന ഒബ്സ്ട്രക്റ്റിവ് സ്ലീപ് അപ്നിയ (ഒ.എസ്.എ), കേന്ദ്രീകൃത നാഡീവ്യൂഹവുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ സ്ലീപ് അപ്നിയ (സി.എസ്.എ). സ്ലീപ് അപ്നിയയില്‍ ബഹുഭൂരിഭാഗവും ഒബ്സ്ട്രകറ്റിവ് സ്ലീപ് അപ്നിയയാണ്. 85 ശതമാനത്തോളവും. സി.എസ്.എ മുഖ്യമായും 65 വയസ്സ് കഴിഞ്ഞവരില്‍ ആണ് കാണുന്നത്. ഇത്തരക്കാരില്‍ ശ്വസിക്കാനുള്ള സന്നദ്ധതക്കുറവാണ് ശ്വസനമില്ലായ്മക്ക് കാരണം. സ്ലീപ് അപ്നിയ ഉള്ള ഒരാള്‍ക്ക് തനിക്ക് ആ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുവാനാവില്ല. നിദ്രാപഠനങ്ങളിലൂടെ (Sleep study) അത് കണ്ടെത്തണം.
സ്ലീപ് അപ്നിയയുടെ മുഖ്യലക്ഷണം കൂര്‍ക്കംവലിയാണ്. വളരെ ആയാസത്തോടെ കൂര്‍ക്കംവലിക്കുന്നതും ചെറിയ ഇടവേളകളില്‍ അത് നിലക്കുന്നതും ഞെട്ടി ഉണരുന്നതും മൂക്ക് ചീറ്റുന്നതും തൊണ്ടയനങ്ങുന്നതുമൊക്കെ ഇതിന്‍െറ ലക്ഷണമാണ്. സ്വയം അറിയാന്‍ കഴിയില്ലെങ്കിലും ജീവിതപങ്കാളിക്ക് ഇത് മനസ്സിലാക്കാനാവും. ഇത്തരക്കാര്‍ക്ക് പകല്‍ വലിയ ക്ഷീണവും ഉറക്കച്ചടവും ഉന്മേഷക്കുറവും അനുഭവപ്പെടും. കുട്ടികളിലാവട്ടെ പഠന വൈകല്യവും ഹൈപ്പര്‍ ആക്ടിവിറ്റിയും കാണാം. കൂടുതല്‍ ശ്വസന തടസ്സമുള്ളവര്‍ക്ക് ഉറക്കത്തില്‍ വിയര്‍ക്കുന്നതായും കാണാം.
പല ഘടകങ്ങളും സ്ലീപ് അപ്നിയക്ക് കാരണമാകുന്നു. 40 വയസ്സ് പിന്നിട്ട ആണുങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്. പൊണ്ണത്തടി, കുടവയര്‍, വണ്ണമുള്ള കഴുത്ത് (കഴുത്തിന്‍െറ ചുറ്റളവ് 42 സി.എം കൂടുതല്‍) വലിയ നാവ്, ടോണ്‍സില്‍സിന്‍െറയും അഡിനോയിഡ് ഗ്രന്ഥിയുടെയും വലുപ്പകൂടുതല്‍, താഴത്തെ താടിയെല്ലിന്‍െറ വലുപ്പക്കുറവ്, ഗാസ്ട്രോ ഈസോ ഫാഗല്‍ റിഫ്ലക്സ്, അലര്‍ജി, സൈനസ് സംബന്ധമായ രോഗങ്ങള്‍, പാരമ്പര്യം, മൂക്കിലെ വോളിപ്പ്, മൂക്കിന്‍െറ വളവ്, മദ്യപാനം, ഉറക്കഗുളികകളുടെ ഉപയോഗം, പുകവലി തുടങ്ങി പലതും സ്ലീപ് അപ്നിയക്ക് കാരണമാവും.
സ്ലീപ് അപ്നിയ ചികിത്സിച്ചില്ളെങ്കില്‍ അത് ഹൃദയസ്തംഭനം, ഹൃദ്രോഗങ്ങള്‍, മസ്തിഷ്കാഘാതം, ഹൃദയതാളത്തിലെ വ്യതിയാനങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവും. ചികിത്സയിലെ പ്രഥമമായ പരിഗണന ശ്വാസനാളികള്‍ അടയാതെ സൂക്ഷിക്കുക എന്നതാണ്. പുകവലി, മദ്യപാനം, ഉറക്കഗുളികകളുടെ ഉപയോഗം എന്നിവ പൂര്‍ണമായും നിര്‍ത്തണം. ശരിയായ വ്യായമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും പൊണ്ണത്തടിക്ക് പരിഹാരം കാണണം. 30 ഡിഗ്രി ചരിവില്‍ തലപൊക്കി വെച്ച് ചരിഞ്ഞ് കിടന്നുറങ്ങുന്നത് നാക്ക് പിറകിലേക്ക് വീണ് ശ്വസന തടസ്സമുണ്ടാക്കുന്നത് തടയും.
ചികിത്സകള്‍ മൂന്ന് തരത്തിലാണ്. ശ്വാസതടസ്സം ഇല്ലാതാക്കാന്‍ പല്ലിലിടുന്ന ക്ലീപ്പുകള്‍, ശ്വസനത്തെ നിയന്ത്രിക്കുന്ന ഉപകരണങ്ങളുടെ സഹായം തേടല്‍. ശസ്ത്രക്രിയ പോലുള്ള ഇടപെടലുകള്‍. ലഘുവും ഇടത്തരവുമായ അപ്നിയക്ക് ഉത്തമം പല്ലില്‍ ഇടുന്ന പ്രത്യേകതരം ക്ലിപ്പുകളാണ്. ഈ ക്ലിപ്പുകള്‍ താഴത്തെ താടിയെല്ലിനെയും നാക്കിനെയും ഉറങ്ങുമ്പോള്‍ മുന്നോട്ട് കൊണ്ടുവരുകയും ശ്വസനതടസ്സങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യും. ഒരു ഡെന്‍റിസ്റ്റിന്‍െറ അടുത്തുനിന്ന് ഈ ചികിത്സ തേടാവുന്നതാണ്.
രണ്ടാമത്തെ ഉപായം സീപാപ് (CPAP കണ്‍ഡിന്യൂസ് പോസ്റ്റീവ് എയര്‍വെ പ്രഷര്‍) പോലുള്ള ഉപകരണങ്ങളാണ്. ഉറങ്ങുമ്പോള്‍ ശരീരത്തിനാവശ്യമായ ഓക്സിജന്‍ ഇവ ആവശ്യമായ മര്‍ദത്തില്‍ ശ്വാസനാളത്തിലേക്ക് പമ്പ് ചെയ്യും. അതോടെ ശ്വസനതടസ്സം ഇല്ലാതാവും. ഗുരുതരമായ അപ്നിയ ഉള്ളവര്‍ക്ക് ഇത് തന്നെ വേണം. സര്‍ജറി ഒരു ചികിത്സാ ഉപായം എന്ന നിലയില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പിന്‍ തുടരുന്നില്ല. ടോണ്‍സിലെക്ടമി, അഡിനോയ്ഡെക്റ്റമി, വുവുളോ പ്ലാസ്റ്റി, ട്രേകിയോസ്റ്റമി തുടങ്ങി പല ശസ്ത്രക്രിയകളും ഇതിന്‍െറ ഭാഗമാണ്.
ഓരോ ഉറക്കവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. നമ്മുടെ ഉറക്കങ്ങള്‍ ഉണരാനായിട്ടാവട്ടെ.
(ലേഖകൻ ഐ.ഡി.എ മലബാര്‍ ബ്രാഞ്ച് മുന്‍ പ്രസിഡന്‍റ് ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.