Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉറക്കം നഷ്ടപ്പെട്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
cancel
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഉറക്കം നഷ്ടപ്പെട്ടോ?...

ഉറക്കം നഷ്ടപ്പെട്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

text_fields
bookmark_border
ഉറക്കത്തിന് ചില പ്രശ്‌നങ്ങളൊക്കെ നേരിടുന്നവരാണ് മിക്കവരും. ചില രാത്രികളിൽ ഉറക്കമില്ലായ്മ, രാത്രി ഉണരുക, സ്വപ്നം ഉറക്കഭംഗമുണ്ടാക്കുക തുടങ്ങിയവയെല്ലാം സാധാരണമാണ്. ഈ പ്രശ്‌നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും. അതിനാൽ ഇവ കാര്യമാക്കേണ്ടതില്ല. എന്നാല്‍ കിടന്നാല്‍ ഉറക്കം വരുന്നില്ല എന്ന് സ്ഥിരമായി പരാതി പറയുന്നവരുണ്ട്. അതേസമയം, നിന്നാലും ഇരുന്നാലും കിടന്നാലും എപ്പോഴും ഉറക്കം വരുന്നെന്ന് പരാതിപ്പെടുന്നവരുമുണ്ട്. ഈ രണ്ടു അവസ്ഥകളും വ്യക്തികളുടെ ശീലങ്ങളോ സ്വഭാവരീതിയോ ആണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടും ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന് ഓര്‍ക്കുക. നദീറ അന്‍വര്‍ എഴുതുന്നു...

ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്ന ഉറക്കപ്രശ്‌നങ്ങളാണ് നമ്മെയും നമ്മുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുക. ദീര്‍ഘനാള്‍ തുടരുന്ന ഉറക്കപ്രശ്‌നങ്ങള്‍ വ്യക്തിയിലുണ്ടാക്കുന്ന ക്ഷീണം മാനസികാവസ്ഥയില്‍ മാറ്റം വരുത്തും, ഏകാഗ്രത കുറയുന്ന അവസ്ഥയുണ്ടാകാം. പഠനം, ജോലിചെയ്യല്‍, ഡ്രൈവിങ്, വീട്ടിലെ ദൈനംദിനപ്രവൃത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയവയെ ബാധിക്കുമ്പോള്‍ കുടംബവും നാട്ടുകാരും നമ്മെ പ്രശ്‌നക്കാരായി കരുതും. ബന്ധങ്ങളെയും സാമൂഹ്യ ജീവിതത്തേയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

എട്ടു മണിക്കൂര്‍ ഉറക്കം

ഏതൊരു വ്യക്തിയും നിത്യേന ആറ് മുതൽ എട്ട് മണിക്കൂര്‍ ഉറങ്ങണം. രാത്രി പത്തിനു കിടന്ന് രാവിലെ ആറിന് എഴുന്നേല്‍ക്കുന്നതാണ് നല്ല ഉറക്കരീതി. അതിരാവിലെ ഉണരേണ്ടവര്‍ നേരത്തെ കിടന്നുറങ്ങണം. രാത്രിയിലെ ഉറക്കകുറവ് പകല്‍ ഉറങ്ങിതീര്‍ക്കാം. രാത്രിയില്‍ ഉറങ്ങാത്ത മണിക്കൂറിന്‍റെ പകുതി സമയം പകല്‍ ഉറങ്ങിയാല്‍ മതിയാകും. കുട്ടികളെ ഉറക്കമിളപ്പിച്ചു പഠിപ്പിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഓര്‍ക്കുക. നിങ്ങളുടെ മക്കളുടെ ഭാവിയെ തന്നെ നിങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഉറങ്ങാതെയുള്ള ജീവിതം മാനസികരോഗങ്ങളിലേക്കും ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് എന്നിവയിലേക്കെല്ലാം വഴിതെളിക്കും.

ഉറക്കത്തകരാറുകളുടെ ലക്ഷണങ്ങള്‍

പകല്‍ ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക, ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, ഇരിക്കുമ്പോഴോ വാഹനമോടിക്കുമ്പോഴോ ഉണര്‍ന്നിരിക്കാന്‍ പ്രയാസം. പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും. ദിവസം മുഴുവന്‍ ധാരാളം ഉത്തേജക പാനീയങ്ങള്‍ വേണമെന്ന് തോന്നുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആദ്യം ഒരു സൈക്കോളജിസ്റ്റിന്‍റെയും കൂടുതല്‍ ആവശ്യമെന്നു കണ്ടാല്‍ സൈക്യാട്രിസ്റ്റിന്‍റെയും സേവനം തേടാന്‍ മറക്കരുത്.

ദിനചര്യക്ക് സമയക്രമം പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ഉറക്കത്തകരാറുകള്‍ക്ക് കാരണമായേക്കാം. വളരെ നേരത്തെ അല്ലെങ്കില്‍ വളരെ വൈകി ഉറങ്ങുന്നത് ഉറക്കത്തിന്‍റെ ഗതിക്ക് കുഴപ്പം ഉണ്ടാക്കാം. ആസ്തമ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍, ശ്വാസകോശ അണുബാധ, എന്നിവയും മറ്റ് പല രോഗാവസ്ഥകളും ഉറക്കത്തെ സാരമായി തടസ്സപ്പെടുത്തും. ഉത്കണ്ഠയും വിഷാദവും മാനസിക സമ്മര്‍ദ്ദവും അതിയായ വേവലാതിയും ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

മദ്യ-മയക്കുമരുന്ന് ഉപയോഗം, രാത്രി ഷിഫ്റ്റിലെ ജോലി, മറ്റൊരു സമയ മേഖലയിലേക്ക് പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറക്കത്തിന്‍റെ ഗതിയെ സാരമായി മാറ്റിമറിയ്ക്കാം. എവിടെയാണ് ഉറങ്ങുന്നത് എന്നതും ഉറക്കത്തെ ബാധിക്കുന്ന കാര്യമാണ്. ശബ്ദകോലാഹലം ഉള്ളയിടത്തോ വൃത്തിയില്ലാത്ത മുറിയിലോ സുഖകരമല്ലാത്ത മെത്തയിലോ ഉറങ്ങുന്നതും ഉറക്കത്തെ ബാധിക്കും. മറ്റുള്ളവരുടെ കൂര്‍ക്കംവലിയും പല്ലിറുമ്മലും ചിലരുടെ ഉറക്കം തടസ്സപ്പെടുത്തും.





ഉറക്കമില്ലായ്മ

വ്യക്തിക്ക് ഗാഢമായ ഉറക്കത്തിലാകാന്‍ അല്ലെങ്കില്‍ കുറേ നേരത്തേയ്ക്ക് ഉറക്കം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നതാണ് നിദ്രാവിഹീനത. ചിലപ്പോള്‍ ഈ ഉറക്കമില്ലായ്മ മനസിന്‍റെ അടിത്തട്ടിലെ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഏതെങ്കിലും ശാരീരിക രോഗങ്ങള്‍ എന്നിവ മൂലം ഉണ്ടായി വരുന്നതാകാം. ചില മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടോ, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ടോ വ്യായാമകുറവു കൊണ്ടോ ഇത് ഉണ്ടായേക്കാം.

ഉറക്കത്തില്‍ ശ്വാസം നിലയ്ക്കല്‍

മൂക്ക്, തൊണ്ട, ശ്വാസനാളം മുതലായവ ഉള്‍പ്പെട്ട ശ്വസനേന്ദ്രിയ സംവിധാനത്തില്‍ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം. ഈ അവസ്ഥമൂലം വ്യക്തിയുടെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കുന്നു. കൂര്‍ക്കം വലിയും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള വിഘ്‌നത്തിന് കാരണമാകാറുണ്ട്. എന്നാല്‍ വ്യക്തിക്ക് ഉറക്കത്തില്‍ ഈ തടസം അനുഭവപ്പെടില്ല, പക്ഷെ അടുത്ത ദിവസം അവര്‍ക്ക് ക്ഷീണവും അനുഭവപ്പെടുകയും ചെയ്യും.

കാലിട്ടടിക്കുന്ന പ്രവണത

ആര്‍.എല്‍.എസ് ഉള്ള ആളുകള്‍ക്ക് കാലില്‍ അസുഖകരമായ തരിപ്പോ വേദനയോ തോന്നും. കാൽ നീട്ടിവലിക്കലോ തൊഴിക്കലോ കുടയലോ ആണ് ഈ സംവേദനം നിര്‍ത്താനുള്ള ഏക വഴി.

അമിത ഉറക്കം (നാര്‍കോലെപ്‌സി)

കടുത്ത പകലുറക്കമാണ് നാര്‍കോലെപ്‌സിയുടെ പ്രത്യേകത. ഉറക്കവും ഉറക്കമുണരലും നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തന സംവിധാനത്തകരാറാണ് ഈ തടസത്തിലേക്ക് നയിക്കുന്നത്. ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ, ജോലിചെയ്യുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ പെട്ടന്ന് അപകടകരമായ വിധം ഉറക്കത്തിലേക്ക് വീണുപോകുന്ന 'അനിന്ത്രിതമായ ഉറക്കം'പോലുമുണ്ടാകാം.

ഉറക്കത്തില്‍ നടക്കല്‍

രാത്രി പെട്ടന്ന് ഉറക്കമുണരുമ്പോള്‍ ഭയംതോന്നല്‍, ദുസ്വപ്നങ്ങള്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍ (കുട്ടികള്‍ക്ക്), വിമാന യാത്രമൂലം ശരീര സമയ താളം തെറ്റുമ്പോള്‍ ഉണ്ടാകുന്ന 'ജറ്റ് ലാഗ്' എന്നിങ്ങനെ വിവിധ തരത്തിലെ ഉറക്ക തടസ്സങ്ങളുമുണ്ട്. ഉറക്ക തടസ്സ ലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനിന്നാല്‍ ഒരു മനഃശാസ്ത്രജ്ഞന്‍റെ സഹായം തേടേണ്ടതാണ്. അനിയന്ത്രിത ഉറക്കം (നാര്‍കോലെപ്‌സി) തലച്ചോറില്‍ ഉറങ്ങലും ഉണരലും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന നാഡീസംബന്ധമായ തകരാറാണ് നാര്‍കോലെപ്‌സി. ഈ തകരാറുള്ളവര്‍ക്ക് പകല്‍ സമയത്ത് അതിയായ ഉറക്കം അനുഭവപ്പെടും. മരുന്നും ചില ജീവിതശൈലീ മാറ്റങ്ങളും കൊണ്ട് നാര്‍കോലെപ്‌സിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health articlemalayalam healthsleeping issuessleeping disorder
Next Story