ആദ്യം വലി നിര്ത്ത് എന്നിട്ട് മതി...
text_fieldsനമ്മുടെ നാട്ടിലെ പ്രധാന പൊതുജനാരോഗ്യപ്രശ്നങ്ങളിലൊന്നാണ് പുകവലിയും പുകയി ലയുടെ ഉപയോഗവും. പ്രതിവർഷം ഏതാണ്ട് ഏഴു കോടി ആളുകൾ പുകവലി-പുകയിലജന്യരോഗങ്ങൾ മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. ഇതിൽ ഒമ്പതു ലക്ഷത്തോളം പേർ പുകവലിക്കാരേയല്ല. പുകവലിക്കാരുടെ സാമീപ്യംമൂലം അവർ മരണം ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നു. ഇന്ത്യയിൽ 10 ലക്ഷത്തോളം പേർ പുകവലി അനുബന്ധരോഗങ്ങൾമൂലം മരിക്കുന്നു. പുകവലിജന്യ അസുഖങ്ങളാൽ മരിക്കുന്നവരിൽ 80 ശതമാനവും വികസ്വര-പിന്നാക്ക രാജ്യങ്ങളിൽനിന്നുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യയിൽ 12 കോടി പുകവലിക്കാരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പുകയില മറ്റുവിധത്തിൽ ഉപയോഗിക്കുന്നവർ ഇതിനെക്കാളുമേറെയാണ്. ലോകത്താകമാനമുള്ള പുകവലിക്കാരിൽ 12 ശതമാനത്തോളം നമ്മുടെ നാട്ടിലാണ്.
രോഗങ്ങളും ദുരിതങ്ങളും സമ്മാനിക്കുന്ന പുകവലി
രോഗങ്ങളുടെ പരമ്പരക്കുതന്നെ കാരണമാകുന്ന ഒന്നാണ് പുകവലി. അത് പുകവലിക്കാർക്കു മാത്രമല്ല, അവർ പുറത്തേക്കു വിടുന്ന പുക ശ്വസിക്കാനിടയാകുന്നവർക്കുപോലും രോഗങ്ങൾ സമ്മാനിക്കുന്നു. പുകവലി ശ്വാസകോശങ്ങെള മാത്രമാണ് ബാധിക്കുന്നത് എന്നത് തെറ്റായ ധാരണയാണ്. ഉച്ചി മുതൽ പാദം വരെ ശരീരത്തെ ആകമാനം ദോഷകരമായി ബാധിക്കുന്ന ഒന്നത്രെ പുകവലി. വിവിധ അവയവങ്ങളെ ബാധിക്കുന്ന പുകവലിജന്യ രോഗങ്ങളുടെ നിര വളരെ നീണ്ടതാണ്. അവയിൽ പ്രധാനപ്പെട്ടതേതൊക്കെയെന്ന് നോക്കാം.
ശ്വാസകോശം സ്പോഞ്ചു പോലയാണ്
പുക നേരിെട്ടത്തുന്ന സ്ഥലമെന്നതുകൊണ്ടുതന്നെ പുകവലി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെതന്നെ. ഏറ്റവും അപകടകാരിയായ അർബുദമായ ശ്വാസകോശ അർബുദത്തിെൻറ മുഖ്യകാരണം പുകവലിയാണ്. 80 ശതമാനത്തിലേറെ ശ്വാസകോശ അർബുദത്തിെൻറ പിന്നിലുള്ള വില്ലൻ പുകവലിയത്രെ. ശ്വാസംമുട്ടിയും ചുമച്ചും കഷ്ടപ്പെടുന്ന ദീർഘകാല ശ്വാസതടസ്സരോഗങ്ങളുടെയും (ക്രോണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസ്-COPD) പ്രധാന കാരണം പുകവലിതന്നെ. മരണകാരണങ്ങളിൽ ലോകത്ത് നാലാമത് നിൽക്കുന്ന രോഗാവസ്ഥയാണിതെന്നുള്ള കാര്യം മറന്നുകൂടാ.
ഇതിനുപുറമെ ശ്വാസകോശങ്ങൾ ദ്രവിക്കുന്ന അവസ്ഥയായ ചിലയിനം ഇൻറർസ്റ്റിഷ്യൽ ശ്വാസകോശരോഗങ്ങൾ (Intershital Lung Disease) ക്കും പുകവലി കാരണമാകുന്നു. പുകവലിക്കാരുടെ സാമീപ്യം കുട്ടികളിൽ ആസ്ത്മ ഉണ്ടാക്കാനും നിയന്ത്രണവിധേയമായ ആസ്ത്മയുടെ താളം തെറ്റിക്കാനും ഇടയാക്കിയേക്കാം. ശരീരത്തിെൻറ പ്രതിരോധശക്തി കുറക്കാനിടയാക്കും. ഇതിനെ തുടർന്ന് ന്യൂമോണിയ അടക്കമുള്ള ഒട്ടനവധി അണുബാധകൾക്ക് സാധ്യത കൂട്ടുന്നു.
ശ്വാസംമുട്ടും ഹൃദയത്തിന്
പുകവലി ശ്വാസകോശ അർബുദത്തിനും ശ്വാസംമുട്ടലിനും കാരണമാകുമെന്ന് മിക്കവർക്കും അറിയുമായിരിക്കും. എന്നാലിത് ഹൃദയരോഗങ്ങളുണ്ടാകുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ഹൃദയരോഗങ്ങൾ മൂലമാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്. ഇതിൽ 12 ശതമാനത്തോളം മരണങ്ങൾ പുകവലിമൂലമോ പുകവലിക്കാരുടെ സാമീപ്യംമൂലമോ ഉണ്ടാകുന്ന ഹൃദയരോഗങ്ങൾ വഴിയത്രെ. ഹൃദയാഘാതത്തിന് പുറമെ ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമിതരക്തസമ്മർദം, രക്തക്കുഴലുകളിൽ നീർക്കെട്ട് തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്ക് പുകവലി കാരണമാകുന്നു. സ്ത്രീകളിലെയും കുട്ടികളിലെയും ഹൃദയരോഗങ്ങൾക്കും പുകവലി നേരിേട്ടാ അല്ലാതെയോ പ്രധാന പങ്കുവഹിക്കുന്നു. ഹൃദയരോഗങ്ങൾക്ക് കാരണമാകുന്നതിന് പുറമെ നേരേത്ത പിടിപെട്ട അസുഖങ്ങൾ മൂർച്ഛിപ്പിക്കാനും ഇടയാകുന്നുണ്ട് പുകവലി.
മസ്തിഷ്കത്തിലെ പുകച്ചുരുളുകൾ
പക്ഷാഘാതം, വിഷാദരോഗങ്ങൾ, ബുദ്ധിമാന്ദ്യം, മസ്തിഷ്ക വീക്കം തുടങ്ങിയവയൊക്കെ പുകവലി കാരണമാകാം. തലച്ചോറിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടുത്തിയുണ്ടാകുന്ന വിവിധ തരത്തിലും തീവ്രതയിലുമുള്ള പക്ഷാഘാതമാണ് ഏറ്റവും പ്രധാന പുകവലിജന്യ മസ്തിഷ്ക രോഗം. പുകവലിക്കാർക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതലത്രെ.
എരിയുന്ന ആമാശയം
കുടൽപുണ്ണിനും പുറമെ ആമാശയത്തിലെയും കുടലിലെയും അർബുദങ്ങൾക്കും പുകവലി കാരണമാകുന്നു. പൊതുവെ നാം പറയുന്ന ‘ഗ്യാസ്ട്രബിളി’െൻറയും പ്രധാന കാരണങ്ങളിലൊന്ന് പുകവലിതന്നെ. വായിലെ വ്രണങ്ങൾക്കും അർബുദത്തിനുംവരെ പുകവലി വഴിമരുന്നിടുന്നു.
സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ
മഹാഭൂരിപക്ഷം പുകവലിക്കാരും പുരുഷന്മാരാണെങ്കിലും ഒരു ചെറിയ ശതമാനം സ്ത്രീകളും പുകവലിക്ക് അടിമകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം മൂന്നു ശതമാനത്തോളം സ്ത്രീകൾ പുകവലിക്കാരാണെന്ന് പഠനങ്ങൾ പറയുന്നു. ചില പ്രത്യേക പ്രദേശങ്ങളിലും ജനവിഭാഗങ്ങളിലും പ്രായമായവരിലും ഇൗ നിരക്ക് താരതമ്യേന കൂടുതലാണുതാനും. പരസ്യങ്ങളുടെ സ്വാധീനം, സെലിബ്രിറ്റികളുടെ പുകവലി, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ സ്ത്രീകളുടെ പുകവലിയെ സ്വാധീനിക്കുന്നു. കേരളത്തിൽ ഇതൊരു പ്രശ്നമാണെന്ന് പറയാനാകില്ല. പ്രായമായ സ്ത്രീകളുടെ ഇടയിൽ അപൂർവമായി പുകവലി കണ്ടുവരാറുണ്ടെങ്കിലും ഇതൊരു പൊതുജനാരോഗ്യ പ്രശ്നമെന്ന നിലയിൽ എത്തിയിട്ടില്ല.
പുകവലിയെ തുടർന്ന് പുരുഷന്മാരിലുണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും സ്ത്രീകളിലുമുണ്ടാകാം. അതിനുപുറമെ അവരുടേതായ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്കും പുകവലി കാരണമാകുന്നു. ഇത് പുകവലി മൂലമോ അല്ലെങ്കിൽ മറ്റുള്ളവർ വലിച്ച് പുറത്തേക്കുവിടുന്ന പുക ശ്വസിക്കുന്നത് മൂലമോ ആകാം. വന്ധ്യത, ഇടക്കിടെയുള്ള ഗർഭം അലസൽ, ഗർഭാശയത്തിന പുറത്തുള്ള ഗർഭധാരണം, കുട്ടികൾ പൂർണ വളർച്ച എത്താതെയുള്ള പ്രസവം, പ്രസവത്തോടനുബന്ധിച്ചുള്ള ഗർഭിണിയുടെയോ ശിശുവിെൻറയോ മരണം തുടങ്ങിയവ പുകവലിക്കാരിൽ (നിഷ്ക്രിയ അഥവാ പാസീറ്റീവ് പുകവലിയുൾപ്പെടെ) കൂടുതലത്രെ.
ഗർഭാശയ അർബുദത്തിനും നേരത്തേയുള്ള ആർത്തവം നിലയ്ക്കലിനും എല്ലുകളുടെ ബലക്ഷയത്തിനും അകാലവാർധക്യത്തിനും പുകയില ശരീരത്തിലെത്തുന്നത് ഇടയാക്കുന്നു. സ്ത്രീകൾ ഗർഭാവസ്ഥയിൽ പുകവലിക്കുന്നത് അല്ലെങ്കിൽ പുകയില പുക ഉള്ളിലേക്കെത്തുന്നത് ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ശ്വാസകോശരോഗങ്ങൾ പിടിപെടാനുള്ള സാധ്യതകൾ കൂട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ അളവിലുള്ള പുകവലി തന്നെ സ്ത്രീകളിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
ആരോഗ്യപ്രശ്നങ്ങളുടെ നിര തീരുന്നില്ല. മേൽപറഞ്ഞ നീണ്ട രോഗങ്ങളുടെ പട്ടിക അപൂർണമാണ്. നിരവധി മറ്റു രോഗങ്ങളും പുകവലിയുമായുള്ള ബന്ധം ദിനം പ്രതി വെളിവായിക്കൊണ്ടിരിക്കുകയാണ്. പുകവലി പ്രമേഹത്തിന് കാരണമാകുന്നതായി പുതിയ റിപ്പോർട്ടകൾ പറയുന്നു. ഉറക്കത്തിൽ ഇടക്കിടെ ശ്വാസം നിലയ്ക്കുന്ന സ്ലിപ് അപ്നിയ (Obstruchve sleep Apmee) ക്ക് ഇത് കാരണമാകും. പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളുടെ പിന്നിലും പുകവലിക്ക് ഒരു പങ്കുണ്ട്.
പുകവലിയും കുട്ടികളും
കുട്ടികളുടെ ഇടയിലെ പുകവലി ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള ആറുലക്ഷത്തിലേറെ കുട്ടികൾ പുകവലിക്കാരാണെന്നാണ് 2015ലെ കണക്കുകൾ. ഇതിൽ ലക്ഷത്തോളം പെൺകുട്ടികളും.
ദോഷഫലങ്ങൾക്കു പിന്നിൽ
ഒട്ടനവധി രാസഘടകങ്ങളാണ് പുകയില പുകയിൽ അടങ്ങിയിട്ടുള്ളത്. ഏതാണ്ട് 6000ത്തിലേറെ! ഇതിൽ നൂറിലധികം ഘടകങ്ങൾ അർബുദങ്ങൾക്ക് കാരണമാകുന്നവയത്രെ. നൈട്രോസമിനുകൾ (Nitrosamines), പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബണുകൾ, വിനൈൽ േക്ലാസൈൽ, ആർസെനിക്, നിക്കൽ തുടങ്ങിയവാണ് പ്രധാന അർബുദജന്യ വസ്തുക്കൾ അഥവാ കാർസിനോജനുകൾ. ഇതുകൂടാതെ ശരീരത്തിെൻറ സാധാരണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിരവധി വസ്തുതകൾ പുകയിലയിലുണ്ട്.
എന്നാൽ, പുകയില അല്ലെങ്കിൽ പുകവലി എന്ന് കേൾക്കുേമ്പാൾ മനസ്സിേലക്കോടിവരുന്നത് മറ്റൊന്നുമല്ല. അത് നിക്കോട്ടിൻ തന്നെ. നാഡീവ്യൂഹങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഇൗ രാസവസ്തുവാണ് ഒരാളെ പുകവലിക്ക് അടിമയാക്കുന്നത്. നാം പുകവലിക്ക്് കീഴടങ്ങിക്കഴിഞ്ഞാൽ രക്തത്തിലെ നിക്കോട്ടിെൻറ അളവ് ഒരു നിലയിൽ കുറഞ്ഞു കഴിഞ്ഞാൽ അടുത്ത സിഗരറ്റിന്, ബീഡിക്ക് തീകൊളുത്താൻ അടങ്ങാത്ത ആഗ്രഹം ഉടലെടുക്കുന്നു. ഭർത്താക്കന്മാരെ പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സ്ത്രീകളുടെ മനഃശാസ്ത്രവും ഇതുതന്നെ. നിരന്തരമായി പുകശ്വസിക്കുന്നതുമൂലം അവരും നിക്കോട്ടിന് അടിമയാകുന്നു. അതിെൻറ അളവ് കുറയുേമ്പാൾ പുകശ്വസിക്കേണ്ടത് ഒരു നിർബന്ധാവസ്ഥയായി മാറുന്നു!
പുകവലി നിർത്താൻ
പുകവലി നിർത്തിയേക്കാമെന്ന് ആത്മാർഥമായി കരുതുന്ന ഒട്ടനവധി പേരുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനു പുറമെ കുടുംബ ബജറ്റിെൻറ താളംതെറ്റിക്കുന്ന ഒന്നുകൂടിയാണ് പുകവലി. 70 ശതമാനത്തോളം പുകവലിക്കാർ ഇൗ ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. ഏതാണ്ട് 35 ശതമാനം പേർ വർഷത്തിലൊരു ദിവസമെങ്കിലും പുകവലിക്കാതിരിക്കുന്നു. പക്ഷേ, 10 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ ഇതുപേക്ഷിക്കുന്നതിൽ വിജയിക്കുന്നുള്ളൂ.പുകവലി നിർത്തണമെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ഇന്ന് നിരവധി മാർഗങ്ങളാണ്. പുകവലിക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഇതിൽ ഏറെ പ്രധാനം. അവരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട് വേണ്ട ഉപദേശനിർദേശങ്ങൾ നൽകാൻ കഴിയണം. ഇതിനായി നാം ആദ്യം നല്ലൊരു കേൾവിക്കാരനാകണം (Good Listner). ഒരു ഡോക്ടറുടെ ശ്രദ്ധാപൂർവമായ ഉപദേശനിർദേശങ്ങൾകൊണ്ടു മാത്രം 10 ശതമാനത്തോളം പേരുടെ പുകവലി നിർത്താൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ചും പുകവലി തുടങ്ങി അധികകാലമായിട്ടില്ലാത്തവരുടെ കാര്യത്തിൽ.
ദീർഘകാലമായി പുകവലിച്ച് നിക്കോട്ടിന് അടിമയായി കഴിഞ്ഞവരിൽ ഇതുകൊണ്ടുമാത്രം കാര്യം നടക്കണമെന്നില്ല. ഇവരിൽ പലർക്കും പുകവലി നിർത്താൻ സഹായിക്കുന്ന മരുന്നുകൾ വേണ്ടിവരും. എന്നാൽ, ഇവയൊക്കെതന്നെ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശാനുസരണമേ കഴിക്കാവൂ എന്ന് മറക്കരുത്.
നിരവധി മരുന്നുകൾ ഇന്ന് പുകവലി നിർത്താൻ ലഭ്യമാണ്. തീരെ ചെറിയ അളവിൽ നിക്കോട്ടിൻ ലഭ്യമാകുന്ന നിക്കോട്ടിൻ ച്യൂയിംഗം ഉപയോഗിച്ച് അത് പടിപടിയായി കുറച്ച് നിക്കോട്ടിൻ ആസക്തി കുറയ്ക്കാൻ സാധിക്കും.
ഉത്കണ്ഠക്ക് ഉപയോഗിക്കുന്ന ചിലയിനം മരുന്നുകൾ ബുപ്രോപിയോൺ (Bupropion), വാരിനിക്ലിൻ (Variniclin) തുടങ്ങിയവ പുകവലി നിർത്താൻ ഉപയോഗിക്കുന്ന മരുന്നുകളാണ്. ഇവയൊക്കെ മാസങ്ങളോളം ഉപയോഗിക്കേണ്ടിവരും. വിലയും താരതമ്യേന കൂടുതലത്രെ. ഒരു കാര്യം മറക്കേണ്ട. മരുന്നുകൾ മാത്രംെകാണ്ട് ഒരു പ്രയോജനവുമില്ല. പനിക്ക് പാരസെറ്റമോൾപോലെ അണുബാധക്ക് ആൻറിബയോട്ടിക്കുകൾപോലെ പെെട്ടന്ന് ഫലംകിട്ടുന്ന ഒന്നല്ല ഇവയൊന്നും.
വ്യക്തിയുടെ പുകവലി നിർത്തണമെന്നുള്ള ഇച്ഛാശക്തിയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ സഹകരണവും ചികിത്സകെൻറ സ്നേഹപൂർവമുള്ള ഇടപെടലുകളും കൂടിച്ചേരുേമ്പാഴാണ് ചികിത്സ വിജയിക്കുക. പുകവലി നിർത്തിത്തുടങ്ങിയ ഒരാളുടെ മുന്നിൽവെച്ച് പുകവലിക്കുന്നതും അവർക്ക് സിഗരറ്റ്, ബീഡി ഒാഫർ ചെയ്യുന്നതും വീണ്ടും പുകവലി തുടങ്ങാൻ പ്രേരണയാകും. ഒന്നും മറക്കേണ്ട. പൂർണമായും വിജയത്തിലെത്തുംമുമ്പ് ഒരാൾ പലതവണ പുകവലി നിർത്തി പരീക്ഷിച്ച് പരാജയപ്പെേട്ടക്കാം. അത് സാധാരണയത്രെ. അതുകൊണ്ട് മടുത്ത് പിൻവാേങ്ങണ്ട കാര്യമില്ല. ‘‘പുകവലി നിർത്തുക വളരെ എളുപ്പമാണ്. ഞാൻതന്നെ നൂറിലേറെ തവണ നിർത്തിയിട്ടുണ്ട്’’ -മാർക്ക് ട്വെയിെൻറ പ്രസിദ്ധ വാചകം ഒാർക്കുക.
പുകവലി നിർത്തിയാലുള്ള പ്രയോജനങ്ങൾ
പുകവലി നിർത്തി ദിവസങ്ങൾക്കുള്ളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത 50 ശതമാനം കുറയുന്നു. ചുമയും ശ്വാസംമുട്ടലും ആഴ്ചകൾക്കുള്ളിൽ കുറഞ്ഞ് ദൈനംദിന പ്രവർത്തനങ്ങൾ ആയാസരഹിതമാകുന്നു. ദിവസങ്ങൾക്കുള്ളിൽ രക്തസമ്മർദം സാധാരണ നിലയിലെത്തുന്നു.
ശ്വാസകോശ അർബുദ സാധ്യത പത്തു വർഷംകൊണ്ട് 50 ശതമാനം കണ്ട് കുറയുന്നു. അഞ്ചു വർഷംകൊണ്ട് പക്ഷാഘാതസാധ്യത സാധാരണ വ്യക്തിയുടേതിന് തുല്യമാകുന്നു. 10-15 വർഷംകൊണ്ട് ഹൃദയാഘാത സാധ്യത സാധാരണ വ്യക്തിക്കൊപ്പമെത്തുന്നു.
ഇതിനു പുറമെ വർഷങ്ങൾക്കുള്ളിൽ മറ്റു അർബുദങ്ങളുണ്ടാവാനുള്ള സാധ്യതയും ഗണ്യമായി കുറയാൻ പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനം സഹായിക്കും. ഇതിനുപുറമെയാണ് സാമ്പത്തിക ലാഭം. വർധിച്ചുവരുന്ന ജീവിതച്ചെലവിൽ ഇത് മിക്ക സാധാരണക്കർക്കും ഏറെ ആശ്വാസമാകും.
ഇ-സിഗരറ്റ്: വില്ലനോ രക്ഷകനോ?
സിഗരറ്റിെൻറയോ പേനയുടെയോ ഒക്കെ രൂപത്തിൽ ലഭ്യമായ ബാറ്ററി നിയന്ത്രിത ഉപകരണമാണ് ഇലക്ട്രോണിക് സിഗരറ്റുകൾ. ഇതിൽ നിക്കോട്ടിൻ അടങ്ങിയ ദ്രാവകം നിറച്ച് അത് ബാഷ്പീകരിക്കുേമ്പാൾ വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിലാണ് ഇവയുടെ രൂപകൽപന.
സാധാരണ സിഗരറ്റ് പുകയിലടങ്ങിയിരിക്കുന്ന അപകടകാരികളായ വസ്തുക്കൾ ഇൗ സിഗരറ്റിൽനിന്ന് വമിക്കുന്ന ബാഷ്പത്തിൽ കാണില്ല എന്നതാണിതിെൻറ പ്രത്യേകത. എന്നാലിത് പൂർണമായും അപകടമുക്തമല്ല. അർബുദകാരികളായ അസെറ്റാൽഡിഹൈഡ്, ഫോർമാൽഡിഹൈഡ് ചില ഘന ലോഹങ്ങൾ തുടങ്ങിയവയൊക്കെ ഇൗ ബാഷ്പത്തിലുമുണ്ട്.
സാധാരണ സിഗരറ്റുകളേക്കാൾ അപകടം കുറഞ്ഞത് എന്ന ലേബലിൽ പുകവലി നിയന്ത്രണത്തിന് സഹായകമാകും എന്നു പറഞ്ഞ് ഇ-സിഗരറ്റുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. ഇ-സിഗരറ്റുകൾ ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നമുക്കിന്നും വ്യക്തമായ ധാരണമില്ല. സാധാരണ സിഗരറ്റുകൾക്കു പകരമായി െചറുപ്പക്കാരുടെ ഇടയിൽ അപകടരഹിതമെന്ന പേരിൽ ഇതിന് പ്രചാരണം കിട്ടാൻ സാധ്യത ഏറെ. പലരും നിക്കോട്ടിന് അടിമയാകാൻതന്നെ ഇ-സിഗരറ്റുകൾ കാരണമായേക്കാം. കൂടിയ അളവിൽ നിക്കോട്ടിൻ ശരീരത്തിലെത്താനും ഇത് വഴിവെച്ചേക്കാം.
ഇതുകൊണ്ടൊക്കെതെന്ന ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര വൈദ്യശാസ്ത്ര സമിതികളൊന്നുംതന്നെ ഇ-സിഗരറ്റുകളുടെ ഉപയോഗത്തെ അംഗീകരിക്കുന്നില്ല. ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ വിൽപനയും ഉപയോഗവും വിവിധ സംസ്ഥാനങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ പൂർണമായി നിയന്ത്രിക്കാനൊരുങ്ങുകയാണ് എന്നാണ് പുതിയ വാർത്ത. മിക്കപ്പോഴും ഗുണത്തേക്കാളേറെ ദോഷംചെയ്യുന്ന ഒന്നാണ് ഇ-സിഗരറ്റുകൾ. പുകവലി നിയന്ത്രണകാര്യത്തിൽ ഇവക്ക് പെങ്കാന്നുമില്ല. എന്നു മാത്രമല്ല, പലരും ഭാവിയിൽ പുകവലിയിലേക്ക് തിരിയാനും ഇ-സിഗരറ്റുകൾ ഇടയാക്കും എന്നതാണ് യാഥാർഥ്യം.
പുകവലി നിയന്ത്രണം എങ്ങനെ
പുകയിലയുടെ ഉപയോഗവും പുകവലിയും ഗണ്യമായ തോതിൽ കുറയേണ്ടത് സമൂഹത്തിെൻറ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഏറെ പ്രധാനപ്പെട്ട ഒന്നത്രെ. മിക്കപ്പോഴും പുകവലി തുടങ്ങുന്നത് 14-16 വയസ്സ് കാലഘട്ടത്തിലാണ്. ഇൗ ഘട്ടത്തിൽ പുകവലി നിർത്താനും എളുപ്പമാണ്. സ്കൂൾകുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പുകയില-പുകവലി വിരുദ്ധ പ്രചാരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണ്.
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം, പുകയില-പുകവലി പരസ്യങ്ങളുടെ നിരോധനം, പുകവലിക്കും സിഗരറ്റിനും നികുതി വർധിപ്പിക്കൽ തുടങ്ങിയ നിയമനടപടികൾ പുകവലി നിയന്ത്രണത്തിൽ ഏറെ പ്രയോജനം ചെയ്യും. പുകവലിയെ പ്രകീർത്തിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ സിനിമകളിലും മറ്റു കലാസാഹിത്യ രൂപങ്ങളിലും പണ്ടൊക്കെ വ്യാപകമായിരുന്നു. ഇതൊക്കെ കുട്ടികളെയും ചെറുപ്പക്കാരെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചുരുക്കത്തിൽ, സമൂഹം ഒന്നടങ്കം വിചാരിച്ചാലേ പുകയില-പുകവലി നിയന്ത്രണം വിജയിക്കൂ.
തയാറാക്കിയത്: േഡാ. പി.എസ്. ഷാജഹാൻ
അഡീഷനൽ പ്രഫസർ ഒാഫ്
പൾമണറി മെഡിസിൻ
ഗവ. ടി.ഡി മെഡിക്കൽ കോളജ്
ആലപ്പുഴ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.