ഒമിക്രോണിന് ഡെൽറ്റയ്‌ക്കെതിരായ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനം
text_fieldsകേപ് ടൗൺ : കൊറോണ വൈറസിന്‍റെ വകഭേദമായ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തിനെതിരായ പ്രതിരോധശേഷി വർധിപ്പിക്കാന്‍ കഴിയുന്നുവെന്ന് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ. നിലവിൽ പഠനം ഒരു ചെറിയ കൂട്ടം ആളുകളിൽ മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഗവേഷകർ അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ച വാക്സിനേഷൻ എടുത്തതും എടുക്കാത്തതുമായ 33 പേരെയാണ് വിശകലനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇതിൽ വാക്സിനേഷൻ എടുത്തവർക്ക് ഡെൽറ്റയെ പ്രതിരോധിക്കാനുള്ള ശേഷി കൂടിയതായി കണ്ടെത്തിയെന്ന് ഗവേഷകർ പറഞ്ഞു.
വിശകലനത്തിന്‍റെ ആദ്യ 14 ദിവസത്തിന് ശേഷം ഡെൽറ്റയെ നിർവീര്യമാക്കാനുള്ള പ്രതിരോധ ശേഷിയിൽ 4.4 മടങ്ങ് വർധനവുണ്ടായതായി ഗവേഷകർ കണ്ടെത്തി. അതുകൊണ്ട് ഒമിക്രോൺ ബാധിച്ച വ്യക്തികൾക്ക് ഡെൽറ്റ വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് ഇവർ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പഠനമനുസരിച്ച് ഒമിക്രോണിന് ഡെൽറ്റയെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നും ഇത് കോവിഡിന്‍റെ ഭീകരാവസ്ഥ കുറച്ചുകൊണ്ട് രോഗതീവ്രത വലിയതോതിൽ കുറയ്ക്കാന്‍ സഹായിക്കുമന്നും ദക്ഷിണാഫ്രിക്കയിലെ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ അലക്സ് സിഗാൾ പറഞ്ഞു.
ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ ബാധിച്ച ആളുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന നിരക്കും മരണസാധ്യതയും കുറവാണെന്ന് നേരത്തെ ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞമാർ കണ്ടെത്തിയിരുന്നു. ഒമിക്രോണ്‍ വകഭേദം ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.