മൂത്രത്തിലെ കല്ലുകള് എങ്ങനെ തടയാം...?
text_fieldsഇന്ന് സർവസാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ് മൂത്രത്തിലെ കല്ലുകൾ. കടുത്ത വേദനയും ദൈനംദിന കാര്യങ്ങളിൽനിന്നും ജോലിയിൽനിന്ന് പോലും വിട്ടുനിൽക്കേണ്ട അവസ്ഥവരെ ഉണ്ടാക്കുമെന്നതിനാൽ, ഒരു പ്രധാനപ്പെട്ട ഒരു സാമൂഹിക പ്രശ്നംകൂടിയായി മാറിയിരിക്കുകയാണ് മൂത്രത്തിലെ കല്ലുകൾ.
എന്താണ് മൂത്രത്തിലെ കല്ലുകൾ?
കല്ലുകൾ എന്ന വാക്ക് സൂചിപ്പിക്കുന്നതുപോലെ മൂത്രസംബന്ധമായ ശരീരവ്യവസ്ഥയിൽ (urinary tract) ഉണ്ടാകുന്ന കല്ലുകളാണ് മൂത്രത്തിലെ കല്ലുകൾ. വൃക്കകൾ, മൂത്രവാഹിനിക്കുഴലുകൾ, മൂത്രാശയം, മൂത്രനാളി (urethra) എന്നിവിടങ്ങളിലെല്ലാം കല്ലുകൾ ഉണ്ടാകം. എന്നാൽ, കല്ലുകളുടെ ഉത്ഭവ സ്ഥാനം വൃക്കകളോ മൂത്രാശയമോ ആയിരിക്കും.
മൂത്രത്തിലെ കല്ലുകളുടെ രോഗലക്ഷണങ്ങൾ
മൂത്രം പുറന്തള്ളുേമ്പാൾ, അതിെൻറ കൂടെ ചെറിയ കല്ലുകൾ ശരീരത്തിന് പുറത്തേക്കുവരാം. പക്ഷേ, ഏതെങ്കിലും ഒരു സ്ഥലത്ത് കല്ലുകൾ തങ്ങിനിന്ന് പലതരം രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
- അടിവയറ്റിലോ പുറംഭാഗത്തോ വയറിെൻറ വശങ്ങളിലോ ഉണ്ടാകാവുന്ന വേദന.
- മൂത്രത്തിൽ രക്തത്തിെൻറ അംശം.
- ഛർദി/ഛർദിക്കാനുള്ള തോന്നൽ.
- മൂത്രമൊഴിക്കുേമ്പാൾ വേദന.
- കൂടക്കൂടെ മൂത്രം ഒഴിക്കാനുള്ള തോന്നൽ.
- പനി, ക്ഷീണം.
- മൂത്രത്തിലെ കല്ലുകളോടൊപ്പം പനിയുണ്ടെങ്കിൽ അണുബാധയുടെ സൂചനയാകാം. അടിയന്തരമായി ചികിത്സ ആവശ്യമായതിെൻറ സൂചന കൂടിയാണിത്.
രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ വലിയ കല്ലുകൾ വൃക്കകളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മൂത്രത്തിൽ കല്ലുകളുണ്ടെന്ന് എങ്ങനെ നിർണയിക്കാം?
മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകൾ ചെയ്ത് രോഗനിർണയം നടത്താവുന്നതാണ്. സാധാരണഗതിയിൽ മൂത്രക്കല്ലുകളുടെ ചികിത്സയും ആവശ്യമെങ്കിൽ ശസ്ത്രക്രിയയും നടത്തുന്നത് യൂറോളജി വിദഗ്ധരാണ് (urologist). മൂത്രത്തിലെ കല്ലുകൾ കണ്ടുപിടിക്കാൻ സാധാരണ നടത്തുന്ന ടെസ്റ്റുകളാണ് മൂത്ര പരിശോധന (urinalysis), വയറിെൻറ എക്സ് റേ, അൾട്രാ സൗണ്ട് സ്കാൻ മുതലായവ. ഇൗ ടെസ്റ്റുകളിൽ വ്യക്തത ഉണ്ടാകാത്തപക്ഷം സി.ടി സ്കാൻ പരിശോധന നടത്തേണ്ടിവരും.
ഏതു പ്രായക്കാരിലാണ് കൂടുതൽ കാണുന്നത്?
ൈശശവം മുതൽ വാർധക്യം വരെ ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന അസുഖമാണ് മൂത്രത്തിലെ കല്ലുകൾ. പേക്ഷ, കുട്ടികളിൽ ഇൗ അസുഖം ഉണ്ടാകുേമ്പാൾ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ശാരീരിക പ്രശ്നമുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണ്. മൂത്രത്തിലെ കല്ലുകൾ ഉണ്ടാകാൻ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ 3-4 മടങ്ങുവരെ സാധ്യത കൂടുതലാണ്.
മൂത്രത്തിലെ കല്ലുകൾ എങ്ങനെ ഉണ്ടാകുന്നു?
മൂത്രത്തിലെ കല്ലുകളുടെ രാസഘടന വ്യത്യാസപ്പെട്ടിരിക്കുന്നു. കാത്സ്യം, ഒാക്സലേറ്റ്, ഡിസ്റ്റൈൻ, യൂറിക് ആസിഡ് മുതലായ പദാർഥങ്ങൾ മൂത്രത്തിൽ കൂടിയ അളവിൽ ഉണ്ടാകുേമ്പാഴാണ് കല്ലുകൾ രൂപപ്പെടുന്നത്. മൂത്രത്തിെൻറ അളവുകുറഞ്ഞ് സാന്ദ്രത കൂടുന്ന അവസ്ഥയിലും കല്ലുകൾ രൂപപ്പെടാം. ഇൗ പദാർഥങ്ങൾ പരലുകളായി വൃക്കയിൽ അടിഞ്ഞുകൂടി ക്രമേണ വലുപ്പം കൂടിവന്ന് കല്ലുകളായി രൂപപ്പെടുന്നു.
കല്ലുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?
മൂത്രത്തിലെ കല്ലുകൾ പലതരം രാസഘടന ഉള്ളതാകാം. അതുകൊണ്ടുതന്നെ കല്ലുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ ഒാരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും.
1) ഭക്ഷണശീലം, കാലാവസ്ഥ
- പ്രോട്ടീൻ, സോഡിയം (ഉപ്പ്) തുടങ്ങിയവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കാത്സ്യം കല്ലുകൾ കൂടുതലായി ഉണ്ടാകാൻ കാരണമാകും.
- അമിത മാംസാഹാരം, യൂറിക് ആസിഡ് കല്ലുകൾക്ക് കാരണമാകും.
- വിറ്റമിൻ ബി 6, ഭക്ഷണത്തിലെ കാത്സ്യത്തിെൻറ കുറവ്, ഒാക്സലേറ്റ് കല്ലുകൾക്ക് കാരണമാകും.
- ആവശ്യാനുസരണം വെള്ളം കുടിക്കാതിരിക്കുക, നിർജലീകരണം^ പലതരം കല്ലുകൾ ഉണ്ടാകാൻ കാരണമാകും.
- കാത്സ്യം ഗുളികകൾ, കാത്സ്യം അടങ്ങിയ മരുന്നുകൾ -ത്സ്യം ലവണങ്ങൾ അടങ്ങിയ കല്ലുകൾക്ക് കാരണമാകും.
- വേനൽകാലത്ത് കല്ലുകൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
2) ജനിതകമായ കാരണങ്ങൾ
പലതരം ജനിതകരോഗങ്ങളും ചെറിയ ജനിതക വ്യത്യാസങ്ങളും കല്ലുകളുണ്ടാകാൻ കാരണമാകും. അപൂർവമായിെട്ടങ്കിലും ഉണ്ടാകാവുന്ന ചില പ്രധാന രോഗങ്ങൾ ചുവടെ ചേർക്കുന്നു:
(i) പ്രൈമറി ഹൈപർഒാക്സലൂറിയ (Primary hyperoxaluria).
(ii) സിസ്റ്റൈനൂറിയ (Cystinuria)
(iii) ഇഡിയോപ്പതിക് ഹൈപർ കാൽസിയൂറിയ (idiopathic hypercalciuria)
(iv) ലിഷ്-നൈഹാൻ സിൻഡ്രോം (Lesch- Nyhan syndrom)
(v) ഫെമിലിയൽ റീനൽ ട്യൂബുലർ അസിഡോസിസ് (familial renal tubular acidosis)
3) ശാരീരിക പ്രത്യേകതകൾ കൊണ്ട് ഉണ്ടാകാവുന്ന കാരണങ്ങൾ
തുടരെ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നവർ, വലിയ കല്ലുകൾ ഉണ്ടാകുന്നവർ, കുട്ടികൾ മുതലായവർക്ക് ശാരീരികമായി ഉണ്ടാകാവുന്ന ചില വ്യതിയാനങ്ങൾമൂലം മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാവുന്നതാണ്. ചില പ്രധാന കാരണങ്ങൾ ചുവടെ ചേർക്കുന്നു:
(i) ഹൈപർ കാൽസിയൂറിയ
ഹൈപർ പാരാതൈറോയിഡിസം
(ii) ഹൈപോ സിട്രറ്റൂറിയ
(iii) ഹൈപർ യൂറിക്കോസൂറിയ
(iv) ഹൈപർ ഒാക്സലൂറിയ
4) മൂത്രത്തിലെ പഴുപ്പ്
ട്രിപ്പിൾ ഫോസ്ഫേറ്റ് എന്നയിനം കല്ലുകൾ മൂത്രത്തിലെ അണുബാധ മൂലം ഉണ്ടാകുന്നു.
ആർക്കെല്ലാമാണ് മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാൻ സാധ്യത കൂടുതലുള്ളത്?
ചില രോഗങ്ങൾ, ഭക്ഷണക്രമത്തിലെ വ്യത്യാസം, ചില മരുന്നുകൾ മുതലായവ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
- ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങൾ
- ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക.
- ഭക്ഷണത്തിൽ കാത്സ്യം കുറയുേമ്പാൾ.
- കാത്സ്യം ഗുളികകളുടെ ഉപയോഗം (ഭക്ഷണത്തിലെ കാത്സ്യം കല്ലുകൾ കുറക്കുേമ്പാൾ, കാത്സ്യം ഗുളികകളുടെ ഉപയോഗം കല്ലുണ്ടാകുന്നത് കൂട്ടുന്നു).
- മാംസാഹാരം.
- കൂടിയ അളവിലുള്ള മധുരം ഉപയോഗിക്കുന്നത്.
- ആഹാരത്തിലെ സോഡിയം അളവ് കൂടുന്നത്.
- അമിതമായ ഇലക്കറികളുടെ ഉപയോഗം.
- ചോക്ലറ്റ്, കപ്പലണ്ടി, കശുവണ്ടി മുതലായവയുടെ അമിേതാപയോഗം.
മറ്റ് അസുഖങ്ങൾ
i) ഹൈപർ പാരാ തൈറോയിഡിസം
ii) ഗൗട്ട്
iii) പ്രമേഹം
iv) അമിതവണ്ണം
v) ക്രോൺസ് ഡിസീസ്
vi) ആമാശയവും കുടലുമായി ബന്ധപ്പെട്ട ചില ശസ്ത്രക്രിയകൾ
viii) ജനിതക രോഗങ്ങൾ
മൂത്രത്തിലെ കല്ലുകൾ എങ്ങനെയാണ് ചികിത്സിക്കുന്നത്?
മൂത്രത്തിലെ കല്ലുകളുടെ ചികിത്സ ഏതു രീതിയിൽ വേണമെന്ന് തീരുമാനിക്കുന്നത് കല്ലിെൻറ സ്ഥാനം, വലുപ്പം, കല്ലു മൂലം മൂത്രനാളിയിലുള്ള തടസ്സം, അനുബന്ധമായ അണുബാധ, വൃക്കകളുടെ പ്രവർത്തനത്തിലെ തകരാറ് മുതലായ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ്. ചെറിയ കല്ലുകൾ പലപ്പോഴും മരുന്നു കൊടുത്ത് ചികിത്സിക്കുകയാണ് പതിവ്. കല്ലുകൾ വൃക്കയിൽനിന്ന് താഴേക്ക് വരുേമ്പാഴുള്ള വേദന പലപ്പോഴും ഒരു പ്രശ്നമാണ്. വേദനസംഹാരികൾ ഉപയോഗിക്കാമെങ്കിലും രോഗിയുടെ വേദന താങ്ങാനുള്ള ശേഷിയും ചികിത്സയിലെ ഒരു ഘടകമാണ്. വലിയ കല്ലുകൾക്കും മരുന്നിലൂടെ പോകാതെ തങ്ങിയിരിക്കുന്ന കല്ലുകൾക്കും ശസ്ത്രക്രിയ ആവശ്യമായി വരും. പലതരം ചികിത്സാരീതികൾ കല്ലുകൾ നീക്കംചെയ്യാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അനുബന്ധമായി അണുബാധ ഉണ്ടെങ്കിൽ അത് ചികിത്സിച്ച് ഭേദമാക്കിയശേഷം മാത്രമേ കല്ലുകൾ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ െചയ്യുകയുള്ളൂ. അണുബാധ ഉള്ള അവസരങ്ങളിൽ പലപ്പോഴും സ്റ്റെൻഡിങ് എന്ന ലഘു ശസ്ത്രക്രിയ ചെയ്തശേഷം ദിവസങ്ങൾക്കു ശേഷമേ കല്ലുകൾ നീക്കം ചെയ്യാനുള്ള പ്രധാന ശസ്ത്രക്രിയ ചെയ്യൂ.
മൂത്രത്തിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ എന്തൊക്കെയാണ്?
കല്ലുകളുടെ വലുപ്പം, സ്ഥാനം, കടുപ്പം, വൃക്കകളുടെ മൂത്രവാഹിനി അറകളുടെ ആകൃതി, ഇവക്കനുസരിച്ചാണ് എന്ത് ശസ്ത്രക്രിയയാണ് ഒാരോ കല്ലിനും യോജിച്ചതെന്ന് തീരുമാനിക്കുന്നത്. പ്രധാന ശസ്ത്രക്രിയാ മാർഗങ്ങൾ ഇവയാണ്.
i) ESWL (എക്സ്ട്രാ കോർപോറിയൽ ഷോക്ക് വേവ് ലിതോട്രിപ്സി)
ഉൗർജം കൂടിയ മർദതരംഗങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയ കൂടാതെ കല്ലുകൾ പൊടിക്കുന്ന രീതിയാണ് ഇത്. വലുതും കടുപ്പമേറിയതുമായ കല്ലുകൾ ഇൗ രീതിയിലൂടെ ചികിത്സിക്കാൻ പ്രയാസമാണ്. പൊടിഞ്ഞ കല്ലുകൾ മൂത്രനാളിയിലൂടെ പോകുേമ്പാൾ ചിലർക്കെങ്കിലും വേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ii) PCNL (പെർക്യൂേട്ടനിയസ് നെഫ്രോ ലിതോട്ടമി).
ശരീരത്തിെൻറ പുറംഭാഗത്ത് കൂടി ചെറിയ മുറിവിലൂടെയുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്യുന്ന രീതിയാണിത്. വലുതും കടുപ്പമേറിയതുമായ കല്ലുകൾ ഇൗ രീതിയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
iii) Ureteroscopy (യൂറിറ്റെറോ സ്കോപി)
പുറമേ മുറിവുകൾ ഇല്ലാതെ മൂത്രനാളിയിലൂടെ ഉപകരണം കടത്തി, മൂത്രനാളിയിൽ കല്ലുകൾ ഇരിക്കുന്ന സ്ഥാനംവരെ എത്തിച്ച് കല്ല് പൊടിക്കുന്ന രീതിയാണിത്. മൂത്രവാഹിനി കുഴലുകളിൽ തടഞ്ഞിരിക്കുന്ന കല്ല് നീക്കം ചെയ്യാൻ ഏറ്റവും പറ്റിയ രീതിയാണിത്. ഇതേ വഴിയിലൂടെ തന്നെ വൃക്കക്ക് ഉള്ളിലേക്ക് വളച്ച് കടത്താവുന്ന ഫ്ലക്സിബിൾ യൂറിറ്റെറോ സ്കോപി ഇപ്പോൾ ലഭ്യമാണ്. ഇതിെൻറ ഉപയോഗവും ഇതിലൂടെ ലേസർ രശ്മികൾ കടത്തി കല്ല് പൊക്കുന്ന രീതിയും ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത് എങ്ങനെ തടയാം ?
മൂത്രത്തിലെ കല്ലുകൾ ഒരിക്കലെങ്കിലും ഉണ്ടായിട്ടുള്ള രോഗികൾ രക്തവും മൂത്രവും വിശദമായി പരിശോധിച്ച് കല്ലുണ്ടാകാൻ സാധ്യത കൂട്ടുന്ന രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. മൂത്രത്തിലൂടെ പുറത്തുവന്ന കല്ലുകൾ ശേഖരിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അവ പരിശോധിച്ച് ഏതു തരം കല്ലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇതു കൂടാതെ, 24 മണിക്കൂർ മൂത്രം ശേഖരിച്ചുള്ള വിശദമായ പരിശോധനയും പലപ്പോഴും അനിവാര്യമാണ്.
ഒാരോ തരം കല്ലുകൾക്കുമുള്ള ആഹാരക്രമത്തിലെ നിയന്ത്രണം ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം പാലിക്കേണ്ടതാണ്. ഉദാഹരണത്തിന് യൂറിക് ആസിഡ് കല്ലുകൾ ഉള്ളവർ മാംസാഹാരം വർജിക്കേണ്ടതാണ്. ഇതുകൂടാതെ, കല്ലുകൾ വരുന്നത് തടയാൻ പലതരം മരുന്നുകൾ ലഭ്യമാണ്. ഒാരോ തരം കല്ലിനും ഒാരോ രീതിയിലായിരിക്കണം മരുന്നുകളുടെ പ്രയോഗം. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്. ശരീരഭാരം അനുസരിച്ചാണ് എത്ര വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം എന്ന് തീരുമാനിക്കേണ്ടത്. സാധാരണ ഗതിയിൽ 50ml/kg body weight എങ്കിലും നിർബന്ധമായും കുടിക്കേണ്ടതാണ്. മൂത്രത്തിെൻറ നിറംനോക്കി തന്നെ ഒാരോരുത്തർക്കും കുടിക്കുന്ന വെള്ളം മതിയാകുന്നുണ്ടോ എന്ന് എളുപ്പം തിരിച്ചറിയാം. മഞ്ഞ നിറത്തിൽ മൂത്രം വരുന്നതിന് പകരം, നിറമില്ലാതെയോ വളരെ നേർത്ത മഞ്ഞ നിറത്തിലോ മൂത്രം വരുന്ന വിധത്തിൽ ധാരാളമായി വെള്ളം കുടിച്ചിരിക്കണം. മൂത്രത്തിൽ കല്ലുകളുടെ കാര്യമെടുത്താൽ എപ്പോഴും അവ ഉണ്ടാകുന്നത് തടയുന്നതാണ് ഉണ്ടായിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം.
തയാറാക്കിയത്: ഡോ. റെനു തോമസ്
എം.ബി.ബി.എസ്, എം.എസ്, ഡി.എൻ.ബി
കൺസൾട്ടൻറ് യൂറോളജിസ്റ്റ് ആൻഡ്
ട്രാൻസ്പ്ലാൻറ് സർജൻ
കിംസ്, തിരുവനന്തപുരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.