അനന്തരം അവർ മാലാഖമാരാകുന്നു
text_fieldsമനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വർഗീയ ആത്മാക്കളാണ് മാലാഖമാരെന്ന് ബൈബിൾ പറയുന്നുണ്ട്. ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളെന്ന നിലയിൽ സാന്ത്വനസ്പർശമേകുന്ന മനുഷ്യരെയാണ് ഇവിടെ നമ്മൾ ആ പേരിട്ടുവിളിക്കുന്നത്. മനുഷ്യത്വത്തിെൻറ രണ്ടു തലങ്ങളെ പച്ചയായി കാണിച്ചുതരാൻ നമുക്ക് ഒരു കുഞ്ഞൻ വൈറസ് വേണ്ടിവന്നു എന്നത് കാലത്തിെൻറ യാഥാർഥ്യവുമാണ്. രോഗബാധിതൻ തനിക്കുമുേമ്പ രോഗം അതിജീവിച്ചവെൻറ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറുന്ന കാഴ്ച.
കോവിഡ് മുക്തരായ അനേകം മനുഷ്യരാണ് പ്ലാസ്മ ദാനം ചെയ്ത് മറ്റു രോഗികളെ മരണത്തിൽനിന്ന് രക്ഷിക്കുന്നത്. കോവിഡ് ചികിത്സയിൽ ഇൗ മാർഗം ഏറെ ഫലപ്രദമാണെന്ന നിഗമനത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്ലാസ്മ ബാങ്കുകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ.
മുേമ്പ നടന്നൊരു നാട്
ജൂലൈ രണ്ടിനാണ് രാജ്യത്ത് ആദ്യമായി ഒരു പ്ലാസ്മ ബാങ്ക് യാഥാർഥ്യമാകുന്നത്. കോവിഡ് വ്യാപനത്തിെൻറ ഭീതിദമായ സാഹചര്യം നിലനിൽക്കുന്ന രാജ്യത്തിെൻറ തലസ്ഥാനമായ ഡൽഹിയിലായിരുന്നു അത്. ഒരു ലക്ഷത്തിലധികം രോഗികളുള്ള, മൂവായിരത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട ഡൽഹിയിൽ ആരോഗ്യവിഭാഗം അങ്ങനെ ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്ന അതേ സമയത്തുതന്നെ 10,000ത്തോളം രോഗികൾ മാത്രമുള്ള 30ൽ താഴെ മരണം റിപ്പോർട്ട് ചെയ്ത കേരളവും അങ്ങനെയൊന്നിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു. ജൂലൈ 11ന് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലാണ് സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് തുറന്നത്. ഒരു നാടിനെയും അവിടത്തെ മനുഷ്യരെയും ചൂണ്ടി ഉത്തരേന്ത്യയിൽ വർഗീയതയുടെ വിെത്തറിയാനും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിക്കുന്നവരുടെ വായിൽനിന്ന് ഇടക്കിടെ ഉയർന്നുകേൾക്കാറുള്ള ‘മലപ്പുറ’ത്ത് തന്നെയാണ് സഹജീവി സ്നേഹത്തിെൻറ വിളവെടുപ്പ് നടന്നതെന്നത് ശ്രദ്ധേയമാണ്.
എടപ്പാൾ സ്വദേശി വിനീതിെൻറ പ്ലാസ്മയിൽ പാലക്കാട് തൃത്താല സ്വദേശി സൈനുദ്ദീൻ സഖാഫിക്ക് ജീവൻ തിരിച്ചുകിട്ടിയ വിജയകരമായ സംസ്ഥാനത്തെ ആദ്യ പ്ലാസ്മ തെറപ്പിയിൽതന്നെ അത്തരക്കാർക്കുള്ള മറുപടിയുമുണ്ട്. പക്ഷേ, അങ്ങനെ ആർക്കും മറുപടി നൽകലായിരുന്നില്ല ഈ മനുഷ്യരുടെ ഉദ്ദേശ്യം.
കോവിഡ് ബാധിതരായതിെൻറ പേരിൽ കടുത്ത മാനസിക സമ്മർദങ്ങളും പിരിമുറുക്കങ്ങളും അവഗണനകളും നേരിട്ടാണ് കോവിഡ് ബാധിച്ച ഒാരോരുത്തരും ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. രോഗമുക്തി നേടിയെങ്കിലും മറ്റൊരു മനുഷ്യനും തങ്ങളുടെ ഗതി വരരുതെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. മാനുഷിക പരിഗണന മറന്നുകൊണ്ട് നാളത്തെ രോഗികളാണെന്ന തിരിച്ചറിവില്ലാതെ പെരുമാറുന്നവർക്ക് മുന്നിൽ ജീവിച്ചുകാണിക്കാൻ അവർ തീരുമാനിച്ചിരിക്കാം.
അങ്ങനെയിരിക്കെയാണ് പ്ലാസ്മ ചികിത്സ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഒരു നിമിത്തമായി അവരുടെ മുന്നിലേക്ക് എത്തുന്നത്. ആ അവസരം വളരെ ആവേശത്തോടെ അവർ എറ്റെടുത്തു. ജാതി, മതം, രാഷ്ട്രീയം അങ്ങനെ ഒരുതരത്തിലുള്ള വേർതിരിവുമില്ലാതെ ജീവൻ രക്ഷിക്കാനായി തന്നാലാവുന്നത് ചെയ്യുന്നു. രോഗക്കിടക്കയിൽനിന്ന് അവർ ഉയിർത്തെഴുന്നേറ്റത് സാന്ത്വനസ്പർശമേകുന്ന മാലാഖമാരായാണെന്ന് പറയുന്നതിൽ തെല്ലും അതിശയോക്തി തോന്നേണ്ടതില്ല. പ്ലാസ്മ ബാങ്ക് എന്ന ആശയം പൂർണാർഥത്തിൽ ആദ്യമായി പ്രവർത്തിച്ചുതുടങ്ങുന്നത് മഞ്ചേരി മെഡിക്കൽ കോളജിലാണെങ്കിലും കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും ചില ജില്ല ആശുപത്രികളിലും ഇന്ന് പ്ലാസ്മ ബാങ്ക് ഉണ്ട്. സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്മ തെറപ്പിയും പ്ലാസ്മ ബാങ്കും മലപ്പുറത്തുനിന്നുതന്നെ ഉണ്ടാകാനിടയായ സാഹചര്യം മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് നോഡൽ ഒാഫിസറായ ഷിനാസ് ബാബു വിശദീകരിക്കുന്നു.
ഒരു വാട്സ്ആപ് കൂട്ടായ്മയിൽനിന്ന്
കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ രോഗികളുമായുള്ള ആശയവിനിമയം വളരെ എളുപ്പമായിരുന്നു. രോഗികൾ മാനസിക സമ്മർദങ്ങൾക്ക് അടിമപ്പെടാതെ സൂക്ഷിക്കുക എന്നതായിരുന്നു ഞങ്ങൾ സ്വീകരിച്ച വഴി. പ്രവാസികളിൽ പലരും മരിച്ചത് അതുകൊണ്ടാണെന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ, പിന്നീട് രോഗികളുടെ എണ്ണം കൂടിയതോടെ ആശയവിനിമയത്തിന് വലിയൊരു അകലം വന്നുതുടങ്ങി.
അപ്പോഴാണ് ഒരു വാട്സ്ആപ് കൂട്ടായ്മയെ കുറിച്ച് ആലോചിക്കുന്നതും തുടങ്ങുന്നതും. തുടക്കത്തിൽ കോവിഡ് മുക്തരായ മുപ്പതോളം പേരായിരുന്നു അംഗങ്ങൾ. പിന്നീടത് 250ഒാളം പേരുള്ള നാലു ഗ്രൂപ്പുകളായി മാറി. ദിവസവും രാവിലെ രോഗികൾക്ക് ആത്മവിശ്വാസം പകരാനായി മോട്ടിവേഷൻ ക്ലാസെടുക്കും. തുടർന്ന് ഒാരോരുത്തരുടെ ആശങ്കകളും മറ്റും കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് കേരളത്തിലെ ആദ്യത്തെ പ്ലാസ്മ തെറപ്പി മഞ്ചേരി മെഡിക്കൽ കോളജിൽ പരീക്ഷിക്കുന്നത്. പ്ലാസ്മ നൽകാനായി പറയേണ്ട താമസം നിരവധി പേർ സന്നദ്ധരായി മുന്നോട്ടുവന്നു.
ജൂൺ നാലിന് അതിഗുരുതരാവസ്ഥയിൽ കഴിഞ്ഞ സന്തോഷ് ട്രോഫി താരമായ ഹംസക്കോയയിലാണ് പ്ലാസ്മ ചികിത്സ ആദ്യമായി ചെയ്യുന്നത്. നിർഭാഗ്യവശാൽ ആദ്യശ്രമം വിജയിച്ചില്ല. രോഗിയുടെ നില അതിഗുരുതരമായിരുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ അദ്ദേഹം മരിച്ചു. ജൂൺ എട്ടിന് അബ്ദുൽ കരീം എന്നയാളിലാണ് രണ്ടാമത്തെ തെറപ്പി ചികിത്സ നടത്തിയത്. സുഖംപ്രാപിക്കാൻ അൽപം വൈകിയെങ്കിലും ചികിത്സ ഫലംകണ്ടു. ജൂൺ 13ന് പാലക്കാട് തൃത്താല സ്വദേശി സൈനുദ്ദീൻ സഖാഫിയിലാണ് മൂന്നാമത്തെ ശ്രമം.
പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടിയ സംസ്ഥാനത്തെതന്നെ ആദ്യ വ്യക്തിയാണ് അദ്ദേഹം. വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ നിലനിർത്തിയ അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് വിനീതെന്ന ചെറുപ്പക്കാരനാണ്. ഏതാണ്ട് ഇതേ അവസ്ഥയിൽ മരണത്തോട് മല്ലിട്ട് കഴിയുകയായിരുന്ന, ഡൽഹിയിൽ പൊലീസുകാരനായ അജിത് കുമാറിെൻറ ജീവനും രക്ഷിക്കാനായി. നേരത്തേ രോഗമുക്തി നേടിയ ഷാഹുൽ ഹമീദ്, ലത്തീഫ് എന്നിവരായിരുന്നു അവിടെ പ്ലാസ്മ ദാനത്തിലൂടെ രക്ഷകവേഷമണിഞ്ഞത്. തുടർന്ന് മുഹമ്മദ് ഷിഹാബ് എന്ന രോഗിയും ചികിത്സയിലൂടെ സുഖപ്പെട്ടു. മൊത്തം ആറു പേരിൽ പ്ലാസ്മ ചികിത്സ നടത്തി. ഒരാൾ മരിച്ചു. നാലുപേർ സുഖംപ്രാപിച്ചു. ഒരാൾ ചികിത്സയിൽ തുടരുന്നു.
ചികിത്സ ഏെറക്കുറെ വിജയകരമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് പ്ലാസ്മ ശേഖരിച്ചുവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ശേഖരിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ല. പക്ഷേ, വളരെ പെട്ടെന്നുതന്നെ ഹെൽത്ത് സെക്രട്ടറിയുടെ അനുമതി വന്നു. തുടർന്ന് ആദ്യം മുന്നോട്ടുവന്ന 30 പേരിൽനിന്ന് 22 പേരുടെ പ്ലാസ്മ സ്വീകരിച്ചു. പിന്നീട് മഞ്ചേരി ആശുപത്രിയില്‍ പ്ലാസ്മ സ്റ്റോക്കുണ്ടെന്നറിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിക്കുവേണ്ടി അവര്‍ രണ്ടു യൂനിറ്റ് പ്ലാസ്മ ചോദിക്കുകയും അവിടേക്ക് പ്രത്യേകാനുമതി വാങ്ങി കൊടുത്തയക്കുകയും ചെയ്തു. ആ രോഗിയുടെ അവസ്ഥക്ക് കുറച്ച് പുരോഗതിയുണ്ടായെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് കോഴിക്കോട് ഒരു രോഗിക്കും പ്ലാസ്മ കൊടുത്തു. അങ്ങനെയാണ് ഒരു പ്ലാസ്മ ബാങ്കായി ഇവിടെ രൂപാന്തരപ്പെട്ടത്. രോഗമുക്തി നേടിയവരിൽ ഇരുനൂറിനും മുന്നൂറിനും ഇടയിൽ ആളുകൾ പ്ലാസ്മ ദാനം ചെയ്യാനായി സ്വയം മുന്നോട്ടുവരുന്നുണ്ടെങ്കിലും ശേഖരിച്ചുവെക്കുന്നതിൽ പരിമിതിയുള്ളതുകൊണ്ട് 50 യൂനിറ്റിൽ കൂടുതൽ സൂക്ഷിച്ചുവെക്കുന്നില്ല. ഇതിനകം അമ്പതിലധികം പേർ പ്ലാസ്മ ദാനം ചെയ്തുകഴിഞ്ഞു. രോഗമുക്തി നേടി 14 ദിവസം കഴിയാൻ കാത്തിരിക്കുകയാണ് പലരും. പലപ്പോഴും ബന്ധപ്പെടും. ഗ്രൂപ്പിൽ മെസേജ് ഇടേണ്ട താമസമേയുള്ളൂ. നമുക്ക് ആവശ്യമുള്ളതിൽ കൂടുതൽ ലഭിക്കും. ഇതൊരു വല്ലാത്ത അനുഭവമാണ്.
തൃശൂരിലുമുണ്ട് മാതൃക
സംസ്ഥാനത്ത് ആദ്യമായി അഫറസിസ് മെഷീൻ ഉപയോഗിച്ച് ശാസ്ത്രീയമായി പ്ലാസ്മ ചികിത്സ നടത്തിയത് തൃശൂർ മെഡിക്കൽ കോളജിലാണ്. രക്തത്തിലെ പ്ലാസ്മ, പ്ലേറ്റ്ലറ്റ്, ശ്വേതരക്താണുക്കൾ എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് താരതമ്യേന കൂടുതൽ അളവ് വേർതിരിച്ച് ശേഖരിക്കുകയും മറ്റു ഘടകങ്ങൾ ദാതാവിെൻറ ശരീരത്തിലേക്കുതന്നെ തിരിച്ചുകയറ്റുകയും ചെയ്യുന്ന യന്ത്രസംവിധാനമാണിത്.
ഡൽഹിയില്‍ നിന്നെത്തിയ 51കാരനാണ് ഈ ചികിത്സയിലൂടെ സുഖംപ്രാപിച്ചത്. സാധാരണ തെറപ്പിയിൽനിന്ന് വിഭിന്നമായി കുറേക്കൂടി സമ്പന്നമായ പ്ലാസ്മ ശേഖരിക്കാനും അനാവശ്യമായി ആൻറിബോഡി കുത്തിവെക്കുന്നത് ഒഴിവാക്കാനും ഈ ഉപകരണം സഹായകമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ പറയുന്നു. ‘‘യഥാർഥത്തിൽ ഡയാലിസിസ് പോലെയുള്ളവക്ക് മെഡിക്കൽ ന്യൂറോളജി വിഭാഗത്തിലുള്ളതാണ് അഫറസിസ് മെഷീൻ. നാഡീതളർച്ച പോലുള്ളവ സംഭവിക്കുമ്പോൾ ആൻറിബോഡിയെ ഫിൽട്ടർ ചെയ്ത് മാറ്റാനാണ് ഇത് ഉപയോഗിക്കുന്നത്. അതിനുവേണ്ടി തൃശൂർ മെഡിക്കൽ കോളജിൽ വന്ന മെഷീനാണിത്. അത് കോവിഡിെൻറ ഘട്ടത്തിൽ പ്ലാസ്മ വേർത്തിരിച്ചെടുക്കാനായി ഉപയോഗിക്കുന്നുവെന്ന് മാത്രം.
കോവിഡിനെതിരായി ശാസ്ത്രീയമായി അംഗീകരിച്ച ചികിത്സയൊന്നുമല്ല പ്ലാസ്മ തെറപ്പി. പക്ഷേ, പഠനങ്ങളും ശരിവെച്ചിട്ടുണ്ട്. അതിൽ ഇനിയും പഠനങ്ങൾ നടക്കേണ്ടതായിട്ടുണ്ട്. തൃശൂരിൽ ഇതിനകം 12 രോഗികളിൽ ചികിത്സരീതി പ്രയോഗിച്ചു. അവർ രോഗമുക്തരാവുകയും ചെയ്തു. അപ്പോഴും ആ ചികിത്സരീതികൊണ്ട് മാത്രമാണ് രോഗമുക്തി നേടിയതെന്ന് അവകാശപ്പെടാൻ നമുക്കാവില്ല. അത് നമ്മുടെ ഒരു ശ്രമം മാത്രമാണ്. എല്ലായ്േപാഴും ശരിയാകണം എന്നില്ല. മെഡിക്കൽ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് മറ്റു പാർശ്വഫലങ്ങളില്ലാത്ത ഈ ചികിത്സരീതിയുമായി മുന്നോട്ടുപോകുന്നത്.
ഈ ഉപകരണം വഴിയായതിനാൽ രോഗമുക്തി നേടിയവരുടെ ശരീരത്തിൽ പ്രതിരോധശേഷി കൂടുതലായിരിക്കും. രോഗം മാറി 15 ദിവസത്തിനുശേഷം രക്തത്തിലെ പ്ലാസ്മ മാത്രം വേർതിരിച്ചെടുക്കുകയാണ്. 400 മില്ലി വരെ പ്ലാസ്മ നേരിട്ട് എടുക്കാനാവും. ഇത് രോഗികളുടെ ശരീരത്തിലേക്ക് പ്ലാസ്മ തെറപ്പി വഴി കയറ്റുന്നതോടെ പ്രതിരോധശേഷി വർധിക്കും. അഫറസിസ് എന്ന സാങ്കേതികവിദ്യ വഴി പ്ലാസ്മ മാത്രം വേർതിരിച്ചെടുക്കുന്നതിനാൽ കോവിഡ്മുക്തി നേടിയയാൾക്ക് മറ്റു പ്രശ്നങ്ങളില്ല -മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.
എന്താണ് പ്ലാസ്മ തെറപ്പി, ആർക്കൊക്കെ നൽകാം?
പ്ലാസ്മ തെറപ്പി എന്ന ചികിത്സരീതിക്ക് കാലം കുറേ പഴക്കമുണ്ട്. പോളിയോ, മീസില്‍സ് തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഉപയോഗിച്ചുവരുന്ന ചികിത്സരീതിയാണ് ഇത്. രോഗം ഭേദമായ ആളുകളുടെ രക്തത്തില്‍ ആൻറിബോഡി രൂപപ്പെടും. ആൻറിബോഡിക്ക് ഈ രോഗാണുവിനെതിരായ പ്രതിരോധശക്തിയുണ്ടാവും. രോഗം ഭേദമായ ആളുകളുടെ രക്തത്തില്‍ ആൻറിബോഡി ഉള്ളതിനാല്‍ ഇവരുടെ രക്തത്തിലെ പ്ലാസ്മ പ്രത്യേകം വേര്‍തിരിച്ചെടുക്കും.
ഈ പ്ലാസ്മയിലാണ് ആൻറിബോഡിയുണ്ടാവുക. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിക്ക് രോഗം മാറിയ ആളുടെ പ്ലാസ്മ കൊടുക്കുകയാണെങ്കില്‍ രോഗാണുവിനെതിരെ ഈ ആൻറിബോഡി പ്രവര്‍ത്തിക്കുകയും രോഗമുക്തി കിട്ടുകയും ചെയ്യും. രോഗമുക്തി നേടി 14 ദിവസം കഴിഞ്ഞവരിൽനിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. 18നും 50നും ഇടക്ക് പ്രായമുള്ള 55 കിലോഗ്രാമിലധികം തൂക്കമുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാത്തവരെയാണ് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.