വില്ലനാകുമോ യൂറിക് ആസിഡ്?
text_fieldsയൂറിക് ആസിഡ് ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാകുന്നത്
മനുഷ്യശരീരത്തിലെ ജനിതക വസ്തുവാണ് ഡി.എൻ.എ. ഡി.എൻ.എയുടെ അടിസ്ഥാന ഘടകങ്ങളാണ് പ്യൂരിനുകൾ. പ്യൂരിനുകൾ മനുഷ്യശരീരത്തിൽ സ്വയം ഉൽപാദിപ്പിക്കപ്പെടുന്നതിനൊപ്പം നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീൻ വിഘടിച്ച് പ്യൂരിനുകൾ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. നമ്മളറിയാതെതന്നെ പ്യൂരിനുകൾ പരിണമിച്ച് യൂറിക് ആസിഡായി മാറും. മൂന്നില്‍ രണ്ടുഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും മൂന്നിലൊരു ഭാഗം മലത്തിലൂടെയുമാണ് ശരീരം പുറന്തള്ളുന്നത്. ശരീരത്തിെൻറ തൂക്കം, കഴിക്കുന്ന ഭക്ഷണം, വ്യായാമം ഇവയെ ആശ്രയിച്ചാണ് യൂറിക് ആസിഡ് ശരീരത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്നത്. യൂറിക് അമ്ലം വര്‍ധിച്ചിരിക്കുന്ന എല്ലാവര്ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. യൂറിക് ആസിഡ് വര്‍ധിച്ച് അതിെൻറ ക്രിസ്റ്റലുകള്‍ സന്ധികളില്‍ അടിഞ്ഞുകൂടും. ഇങ്ങനെ അടിഞ്ഞുകൂടുന്ന എല്ലാവരിലും വേദന അനുഭവപ്പെടണമെന്നില്ല. കോശകവചമുള്ള ക്രിസ്റ്റലുകളോട്, ശരീരത്തിലെ രോഗപ്രതിരോധവ്യൂഹം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗൗട്ട് രോഗത്തിെൻറ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
ഗൗട്ട് എങ്ങനെയാണുണ്ടാകുന്നത്?
യൂറിക് ആസിഡിെൻറ അളവ് ഉയരുന്ന അവസ്ഥയാണ് Hyperuricemia. ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിെൻറ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർവരെ നീളുന്ന അതികഠിനമായ വേദന ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നു. ഈ വേദന രണ്ടു മുതൽ നാലാഴ്ച വരെ തുടരാം. കാലിെൻറ പെരുവിരലിൽ ആണ് ആദ്യം ഇതു ണ്ടാകുന്നതെങ്കിലും പിന്നീട് കാലിെൻറ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഉണ്ടാകാം. ഈ രോഗാവസ്ഥയെ ഗൗട്ട് എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമാണ്. യൂറിക് ആസിഡ് അളവുകൂടിയ അമ്പതു ശതമാനം പേരിലും വൃക്കയിൽ കല്ല്, വൃക്കസ്തംഭനം (Kidney Failure) എന്നീ പ്രശ്നങ്ങളും ഉണ്ടായേക്കാം (യൂറിക് ആസിഡ് കല്ലായി പരിണമിക്കുകയും യൂറിക് ആസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനുചുറ്റും കാൽസ്യം ഓക്സലേറ്റ് അടിഞ്ഞുകൂടി കല്ലുണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ പരലുകൾ വൃക്കനാളിയിലോ മൂത്രനാളത്തിലോ അടിഞ്ഞുകൂടുന്നത് ഗുരുതരമായ വൃക്ക സ്തംഭനത്തിന് കാരണമാകുന്നു).
കൂടാതെ റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗം ഉണ്ടാകാനും കാരണമാകും. ഇതുമൂലം കൈയിലെയും കാലിലെയും എല്ലാ വിരലുകളിലും വേദനയും വൈകല്യവും അനുഭവപ്പെടുന്നു. അതുപോലുള്ള മറ്റു വാതരോഗങ്ങളിൽനിന്ന് വ്യത്യസ്തമായി ഗൗട്ട് പ്രധാനമായും ഒരു സന്ധിയില്‍ കേന്ദ്രീകരിച്ച് വേദനയും നീരും അനുഭവപ്പെടുത്തുന്ന വാതരോഗമാണ്. അപൂർവമായേ ഒന്നിലധികം സന്ധികളിൽ വരൂ.
ഗൗട്ട് വര്‍ധിച്ചിരിക്കുന്ന സമയം രക്തത്തില്‍ യൂറിക് ആസിഡ് നില കുറഞ്ഞിരിക്കാം. ക്രിസ്റ്റലുകളായി സന്ധികളില്‍ അടിയുന്നതാണ് കാരണം. യൂറിക് ആസിഡ് തോത് രക്തത്തില്‍ വീണ്ടും കുറയുമ്പോള്‍ ക്രിസ്റ്റലുകളും ലയിക്കും. നാലു മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ രക്തമെടുത്ത് യൂറിക് ആസിഡ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാം. മൂന്നു മുതല്‍ ഏഴു മില്ലി/ ലിറ്റര്‍ സാധാരണമാണ്. കാത്സ്യം പൈറോഫോസ്ഫേറ്റ് സന്ധിയില്‍ അടിഞ്ഞുകൂടി ഉണ്ടാവുന്ന കോണ്‍ഡ്രോ കാല്‍സിനോസിസ് എന്ന രോഗാവസ്ഥ യൂറിക് ആസിഡ് വാതവുമായി വളരെ സാമ്യമുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക.
ഗൗട്ട് പഴകിക്കഴിയുമ്പോള്‍ ത്വക്കില്‍ നിറംമാറ്റം സംഭവിക്കാം. ത്വക്കിനടിയില്‍ ചെറുമുഴ ഉണ്ടാകുന്നു. ടോഫി എന്നാണിത് അറിയപ്പെടുന്നത്. ടൊഫേഷ്യസ് ഗൗട്ട് ഇങ്ങനെയാണുണ്ടാവുന്നത്. ഗൗട്ട് തുടങ്ങിയാല്‍ ചികിത്സിച്ച് ഭേദപ്പെടുന്നില്ലെങ്കില്‍ കിഡ്നിയില്‍ യൂറിക് ആസിഡ് സ്റ്റോണ്‍ ഉണ്ടാവും. സന്ധിയില്‍ യൂറിക് ആസിഡ് കണ്ടെത്തുന്നതാണ് ഗൗട്ട് ടെസ്റ്റ്.
സ്ത്രീകളെ അേപക്ഷിച്ച് പുരുഷന്മാരിൽ കൂടുതലായി യൂറിക് ആസിഡ് കാണുന്നത് എന്തുകൊണ്ടാണ്?
ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. പുരുഷന്മാരിൽ മൂന്നു മുതൽ ഏഴു വരെ mg/dl യൂറിക് ആസിഡ് ആണ് കാണാറുള്ളത്. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവായിരിക്കും (2.4–6 mg/dl). യൂറിക് ആസിഡ് ഭൂരിഭാഗവും മൂത്രത്തിൽ കൂടിയും ബാക്കി മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. യൂറിക് ആസിഡ് പുറന്തള്ളാതെ ശേഷിച്ചാൽ അവ ശരീരത്തിൽ അടിഞ്ഞുകൂടാൻ കാരണമാവും.
യൂറിക് ആസിഡ് എങ്ങനെ ക്രമീകരിക്കാം
ശരീരഭാരം അധികമാവലും വ്യായാമമില്ലായ്മയും അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡ് രക്തത്തിൽ വർധിക്കാൻ കാരണമാകുന്നു. കൊഴുപ്പ് കൂടുതൽ അടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്രഡ്, കേക്ക്, ബിയർ, മദ്യം, അവയവ മാംസങ്ങളായ കരൾ, കിഡ്നി ഇവ പ്രധാനമായും ഒഴിവാക്കണം. ശരീരഭാരം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ച് കുറക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും. മൂത്രം എപ്പോഴും ജലനിറത്തിൽ പോകുന്നു എന്ന് ഉറപ്പാകുംവിധം ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക. മുസമ്പി ജ്യൂസ്, നാരങ്ങവെള്ളം എന്നിവ ശീലിക്കുക. ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം. കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും ഒഴിവാക്കലാണ് ഉത്തമം. നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, ചുവന്ന കാബേജ്, നാരങ്ങവർഗങ്ങൾ, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉൾപ്പെടുത്തി മിതമായ പ്രോട്ടീൻ, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേർന്ന ഭക്ഷണക്രമം എന്നിവ സ്വീകരിച്ചുകൊണ്ട് യൂറിക് ആസിഡ് നിയന്ത്രിക്കാം. ഞാവൽപഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയിൽ യൂറിക് ആസിഡ് കുറക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്.
ചികിത്സരീതികൾ
രക്തപരിശോധനയിലൂടെയാണ് യൂറിക് ആസിഡ് അളവ് അറിയുന്നത്. എന്നാൽ, ഈ പരിശോധനകൊണ്ട് ഗൗട്ട് ഉണ്ടോ എന്നു തീരുമാനിക്കാനാകില്ല. രക്തത്തിൽ യൂറിക് ആസിഡിെൻറ അളവ് കൂടുതലാണെങ്കിൽപോലും ചില അവസരങ്ങളിൽ സന്ധികളിൽ ഇത് അടിഞ്ഞുകൂടാറില്ല. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത ഇത്തരം ആളുകൾക്ക് ചികിത്സ ആവശ്യമില്ല. എന്നാൽ, ഇവർക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. ഗൗട്ട് വരുന്ന അവസ്ഥയിൽ നീരുെവച്ച സന്ധിയിൽനിന്ന് കുത്തിയെടുക്കുന്ന ദ്രാവകത്തിൽ കാണപ്പെടുന്ന യൂറിക് ആസിഡ് പരലുകളാണ് രോഗം ഉറപ്പാക്കാൻ സഹായിക്കുന്നത്. കൂടാതെ എക്സ്റേ പരിശോധനയിൽ സന്ധികളിലെ അസ്ഥി ദ്രവിച്ചിരിക്കുന്നതായും നീർവീക്കം വ്യാപിച്ചിരിക്കുന്നതായും കാണാം. യൂറിക് ആസിഡ് കൂടാതിരിക്കാൻ ശരീരഭാരം നിയന്ത്രിക്കുക പ്രധാനമാണ്. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം. ഒരു വര്‍ഷത്തിൽ ഉണ്ടാകുന്ന ഗൗട്ട് അറ്റാക്കുകളുടെ ആവർത്തി അനുസരിച്ച് ഇതിനെ അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ തരംതിരിക്കാം.
തയാറാക്കിയത്: ഡോ. സുനിൽ പ്രശാന്ത് ആർ
ഡി.എൻ.ബി (ജനറൽ മെഡിസിൻ)
കൺസൽട്ടൻറ് ജനറൽ മെഡിസിൻ
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.