തോറ്റാലും ജയിക്കുന്ന ബി.ജെ.പി; തെരഞ്ഞെടുപ്പുകൾ അർഥശൂന്യമാവുന്നുവോ?
text_fieldsസിംഗപ്പൂരിലെ തെരെഞ്ഞടുപ്പ് ഫലങ്ങളെ കുറിച്ച് വന്ന ഒരു വാർത്താ തലവാചകം നിങ്ങളെ അദ്ഭുതപ്പെടുത്തും. സിംഗപ്പൂരിനെ ഒരു ജനാധിപത്യ രാജ്യമായി പലപ്പോഴും നാം ചിന്തിച്ചുകാണില്ല. ഒരു പാർലമെൻറും അഞ്ചു വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പുമുള്ള രാജ്യമാണത്. റഷ്യയെ പോലെ- അങ്ങനെ പറയാം- തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാറില്ല. എന്നിട്ടും, 1959 മുതൽ തുടർച്ചയായി പീപിൾസ് ആക്ഷൻ പാർട്ടിയാണ് അധികാരത്തിൽ.
ഈ മാസാദ്യം election, bjp, singapore, democracyനടന്ന പൊതുതെരഞ്ഞെടുപ്പിൽ 61 ശതമാനം വോട്ടുനേടി പാർട്ടി വീണ്ടും അധികാരം പിടിച്ചു. പ്രധാന പ്രതിപക്ഷ കക്ഷി നേടിയത് 93ൽ 10 സീറ്റുകൾ മാത്രം. എങ്ങനെ വായിച്ചാലും ഭരണകക്ഷി ഫലം തൂത്തുവാരിയെന്നുറപ്പ്. പക്ഷേ, ലീ സിയൻ ലൂങ് നയിക്കുന്ന പീപിൾസ് ആക്ഷൻ പാർട്ടി (പി.എ.പി)ക്ക് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്.
ലീ കുവാൻ യൂ സ്ഥാപിച്ച പി.എ.പി അപൂർവമായ അധികാര മാതൃക നടപ്പാക്കിയ രാജ്യത്ത് തെരഞ്ഞെടുപ്പ് സ്വതന്ത്രമാണെന്നു പറയാമെങ്കിലും സുതാര്യമല്ല. കാരണം, തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്രമല്ല, ഭരിക്കുന്ന സർക്കാറിെൻറ നിയന്ത്രണത്തിലാണ്. പാർട്ടികൾക്ക് കുറഞ്ഞ ദിവസമാകും പ്രചാരണത്തിന് അനുവദിക്കുക.
മാധ്യമങ്ങൾ സ്വതന്ത്രം, പക്ഷേ, സർക്കാറിെൻറ മൂന്നാം കണ്ണ് എപ്പോഴും അവക്കുമേലുണ്ടാകും. വിമർശിക്കില്ലെന്നല്ല, എന്നാലും സർക്കാറിനോട് ആഭിമുഖ്യം നിലനിർത്തും. സ്വയം നിയന്ത്രണമാണ് ഭാഷ. 2011-2013 കാലത്ത് യു.പി.എ സർക്കാറിനെതിരെ ചെയ്ത പോലെ ഒരിക്കലും സർക്കാറിനെ കടന്നാക്രമിച്ചു വധിക്കില്ല. അടുത്തിടെ നടപ്പാക്കിയ വ്യാജ വാർത്ത നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിെനതിരായ ഏറ്റവുമൊടുവിലെ കൈയേറ്റമാണ്, നിയമ പ്രകാരം, ഏതുവാർത്ത വ്യാജമാണെന്നും അല്ലെന്നും സർക്കാർ തന്നെ തീരുമാനിക്കും.
ചരിത്രപരമായി ബഹുകക്ഷി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ് സിംഗപ്പൂർ. പക്ഷേ, പ്രതിപക്ഷ നേതാക്കൾ എന്നെങ്കിലും പി.എ.പിക്ക് വെല്ലുവിളിയാകുമെന്നുവന്നാൽ അവർക്കെതിരെ കേസുകളുയരും. അറസ്റ്റിലാകും. പാർലെമൻറ് മണ്ഡലങ്ങൾ പുനർനിർണയിക്കുേമ്പാഴൊക്കെ പി.എ.പിക്ക് ഗുണംചെയ്യുംവിധമാകും. എഴുതിവെച്ച നിയമപ്രകാരം തെരഞ്ഞെടുപ്പ് സംവിധാനം നിഷ്പക്ഷമാണെങ്കിലും കോടതികളെയും മാധ്യമങ്ങളെയും അനുകൂലമാക്കി, എതിരാളികളെ നിരന്തരം കേസിൽ കുടുക്കി, സാമ്പത്തിക സ്രോതസ്സുകളിൽ പിടിമുറുക്കി അപ്രമാദിത്വം കാണിക്കുന്ന പി.എ.പിക്ക് ഗുണകരമാകുംവിധമാണ് അതിെൻറ ഘടന.
ഈ സംവിധാനത്തിന് 2020ലെ ഇന്ത്യയുമായി വല്ലാത്ത ചാർച്ച തോന്നുന്നു. സിംഗപ്പൂരിനെ പോലെ ഇന്ത്യയിലും സ്വതന്ത്രമാണ് തെരഞ്ഞെടുപ്പ്. പക്ഷേ, സുതാര്യമെന്ന് ഇനിയും വിളിക്കാനാകുമോ എന്ന ഉറപ്പ് നഷ്ടമായിരിക്കുന്നു. ജനാധിപത്യ, സ്വാതന്ത്ര്യ സൂചകങ്ങളിൽ അതിവേഗം താഴോട്ടുപതിച്ച് സിംഗപ്പൂരിനോട് നാം അടുത്തുകൊണ്ടിരിക്കുന്നു. 'എക്കണോമിസ്റ്റി'െൻറ ജനാധിപത്യ സൂചികയിൽ 'തുളവീണ ജനാധിപത്യങ്ങൾ' എന്ന് പേരിട്ട ഗ്രൂപിൽ സിംഗപ്പൂരിനെയും ഇന്ത്യയെയും ഒന്നിച്ചാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മാധ്യമങ്ങൾ, കോടതികൾ, തെരഞ്ഞെടുപ്പ് കമീഷൻ, നികുതി ഏജൻസികൾ, ഉദ്യോഗസ്ഥ വൃന്ദം- ഇന്ദിര ഗാന്ധിയുടെ കാലത്തിനു ശേഷം എല്ലാ ഏജൻസികളും ഇതുപോലെ കേന്ദ്ര സർക്കാറിനുവേണ്ടി നിലകൊളളുന്ന ഒരു കാലമുണ്ടായിട്ടില്ല. 'സിംഗപ്പൂർ മോഡൽ' എന്നത് ജനപ്രിയ ഏകാധിപത്യമായാണ് വിളിക്കപ്പെടുന്നത്. 'ജനാധിപത്യത്തെ കൂടെകൂട്ടിയുള്ള ഏകാധിപത്യം'- അഥവാ, ഒരു സങ്കര സംവിധാനം. സിംഗപ്പൂർ ഒരിക്കലും ചൈനയല്ല. എന്നുവെച്ച്, അത് യു.എസുമല്ല.
ലീ കുവാൻ യൂവിൽനിന്ന് പഠിക്കാൻ തെറ്റായ പാഠങ്ങൾ
പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യൂവാണ് സിംഗപ്പൂർ മോഡലിെൻറയും പിതാവ്. യൂവിെൻറ ആരാധകനായിരുന്നു നരേന്ദ്ര മോദിയെന്നത് അറിയാവുന്ന കാര്യം. പക്ഷേ, തെരഞ്ഞെടുപ്പ് അപ്രസക്തമാക്കി സിംഗപ്പൂർ മോഡലിെൻറ തെറ്റായ പാഠങ്ങൾ മാത്രമേ ഇതുവരെ പ്രധാനമന്ത്രി മോദി പകർത്തിയിട്ടുള്ളൂ. സാമ്പത്തിക വളർച്ച, ഉൽപാദനക്ഷമത, കാര്യക്ഷമത, അവസരങ്ങൾ, വൃത്തി തുടങ്ങി സിംഗപ്പൂർ ആർജിച്ചതൊന്നും എത്തിപ്പിടിക്കാൻ മോദിക്കായിട്ടില്ല.
ഇന്ത്യയെ സിംഗപ്പൂർ ആക്കാൻ ശേഷിയുള്ള 'ലീ കുവാൻ യൂ'വിനെ പോലെ കരുത്തനായ ഒരു നേതാവിന് ഏറെയായി കാത്തിരിപ്പിലായിരുന്നു ഇന്ത്യക്കാർ, വിശിഷ്യാ മധ്യവർഗ വിഭാഗങ്ങൾ. എന്നാൽ, ഇത്ര കാലം കൊണ്ട് നാം ആർജിച്ച സാമ്പത്തിക വളർച്ച കൂടി െകാണ്ടുപോകുന്നതായി ഇൗ അഭിനവ 'ലീ കുവാൻ യൂവിെൻറ ഭരണം. ചിലപ്പേൾ 2020ലെ ഇന്ത്യയെ 1959ലെ സിംഗപ്പൂരായിട്ടാകും അദ്ദേഹം കാണുന്നത്. ഇന്ത്യക്ക് സമൃദ്ധിയിലേക്ക് പിച്ചവെക്കണമെന്നുണ്ടെങ്കിൽ ജനാധിപത്യത്തിെൻറ പ്രശ്നങൾ ആദ്യമായി മെരുക്കാനാവണം.
ജനാധിപത്യത്തെ മെരുക്കാൻ, തെരഞ്ഞെടുപ്പുകൾ അപ്രസക്തമാക്കൽ ഒരു വലിയ ഘടകമാണ്. സ്വതന്ത്രവും ഭരണഘടനാപരവുമായ എല്ലാ സ്ഥാപനങ്ങൾക്കുമേലും പിടിമുറുക്കികഴിഞ്ഞ ഭാരതീയ ജനത പാർട്ടിക്ക് ജനം വെറുത്താലും ഇനി ജയം ഉറപ്പാണ്.
ഇനി ഏതെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷി ജയിച്ചാൽ, എം.എൽ.എമാരെ വിലപേശി വശത്താക്കാനും ബി.ജെ.പി സർക്കാർ രൂപവത്കരിക്കാനും എളുപ്പം. തോറ്റാലും ജയം ബി.ജെ.പിക്കു തന്നെ. ജനം കോൺഗ്രസിനാണ് വോട്ടുകുത്തിയതെങ്കിലും, അപ്പോഴും അവരുടെ വോട്ട് ബി.ജെ.പിക്കുതന്നെ. കാരണം, ജയിച്ച കോൺഗ്രസ് എം.എൽ.എ വൈകാതെ ചില സ്യൂട്ട്കേസുകളുടെ പളപ്പിലും ഒരു മന്ത്രിപദത്തിലും വീണ് ബി.ജെ.പി പാളയത്തിലെത്തിയിട്ടുണ്ടാകും.
അതുകൊണ്ടുതന്നെ, ഇനിയും ഇൗ തെരഞ്ഞെടുപ്പുകൾ ഗൗരവതരമായി കാണേണ്ടതില്ല. മോശം സാഹചര്യത്തിലും എല്ലാം ശുഭമെന്നു വരുത്താൻ കേന്ദ്ര സർക്കാർ പുറത്തുവിടുന്ന കണക്കുകൾ പോലെ അർഥശൂന്യമാണ് അതും.
ആലങ്കാരികം ഇൗ തെരഞ്ഞെടുപ്പുകൾ
സിംഗപ്പൂരിലേതിന് സമാനമായി, ജനത്തിനായി എന്നേ തീരുമാനിക്കപ്പെട്ട കക്ഷിക്ക് നിയമ സാധുതയും അംഗീകാരവും അനുകൂല പ്രതികരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യം സഫലമാക്കാൻ മാത്രമാണ് ഇപ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ. അങ്ങനെ, ലിബറൽ അനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വങ്കത്തമായ നോട്ടുനിരോധനത്തിന് 2017ൽ ബി.ജെ.പിയുടെ യു.പി തെരഞ്ഞെടുപ്പ് വിജയത്തോെട നിയമസാധുതയായി. അടുത്തതായി, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വൻപരാജയവും ദശലക്ഷങ്ങളെ വഴിയാധാരമാക്കി തെറ്റായി നടപ്പാക്കിയ ലോക്ഡൗണും ൈവകാതെ നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയത്തോടെ നിയമ സാധുത നേടും. മഹാമാരി കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് എത്ര പരിഹാസ്യമെന്നത് ആർക്കു വിഷയം?
അവസാനിക്കാത്ത നികുതി റെയ്ഡുകളിൽ കുരുങ്ങിയ തേജസ്വി യാദവ് നയിക്കുന്ന രാഷ്ട്രീയ ജനത ദൾ (ആർ.ജെ.ഡി) തെരഞ്ഞെടുപ്പ് ജയിക്കുന്നതിനെ കുറിച്ച് ആേലാചിക്കുന്നുപോലുമില്ല. ഇനി, ബിഹാറിലെ ജനം തെറ്റിദ്ധരിച്ച് പ്രതിപക്ഷത്തെ ജയിപ്പിച്ചാലും പ്രശ്നമില്ല. 'ഒാപറേഷൻ താമര' വഴി എൽ.എമാരെ ചാക്കിലാക്കും. ഗവർണറുടെ ഒാഫീസ് ബി.ജെ.പി ഒാഫിസിെൻറ എക്സ്റ്റൻഷനാണല്ലോ. ആവശ്യം വന്നാൽ, ഇന്ത്യൻ പ്രസിഡൻറിനെ പോലും പുലർച്ചെ അഞ്ചു മണിക്ക് വിളിച്ചുണർത്താം.
എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുക, പണച്ചാക്കുകളാൽ മൂടുക, റിസോർട്ടുകളിൽ ഒളിപ്പിക്കുക- ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് പതിവുകാഴ്ചയായിരുന്നു. പക്ഷേ, കൂറുമാറ്റ നിരോധന നിയമം വന്നതോടെ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ മറിച്ചിടൽ കുറഞ്ഞുവന്നതാണ്. ഇൗ നിയമപ്രകാരം, മൂന്നിൽ രണ്ട് എം.എൽ.എമാർ മറുവശത്തെത്തിയാലേ നിയമ പരിരക്ഷ ലഭിക്കൂ. അല്ലാത്ത പക്ഷം, മറുകണ്ടം ചാടിയ എം.എൽ.എമാർ അയോഗ്യരാകും. ഇന്ത്യക്ക് സവിശേഷമായി 'തെരഞ്ഞെടുക്കപ്പെട്ട' കക്ഷി പക്ഷേ, അതിനും ഉപായം കണ്ടെത്തി. എം.എൽ.എമാർ കൂറുമാറില്ല. പകരം, രാജിവെക്കും. അവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി ജയിക്കും. കർണാടകയിൽ അതാണ് നടന്നത്. മധ്യപ്രദേശിൽ അതാണ് നടക്കാനിരിക്കുന്നത്. രാജസ്ഥാനിൽ ബി.ജെ.പി പദ്ധതിയിെട്ടന്ന് ആരോപിക്കപ്പെട്ടതും ഇതുതന്നെ.
നിയമം കഴുതയാണ്
ബി.ജെ.പിയുടെ അവസാനത്തെ ഇരയായ സച്ചിൻ പൈലറ്റ് ക്യാമ്പ് 'ഒാപറേഷൻ താമര'യുടെ ഭാഗമായത് തൊണ്ടിസഹിതം പിടിക്കപ്പെട്ടു. മറിച്ചിടാനാവശ്യമായ 30 എം.എൽ.എമാരെ സച്ചിൻ പൈലറ്റ് ചാക്കിടുംമുമ്പ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അതിലേറെ വലിയ ബുദ്ധി പ്രയോഗിച്ചതും നാം കണ്ടു. അസംബ്ലി സ്പീക്കർ അദ്ദേഹത്തിനും കൂടെയുള്ള റിബൽ എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ് നൽകി. അവർ അയോഗ്യരായാൽ, കേവല ഭൂരിപക്ഷത്തിനാവശ്യമായ എം.എൽ.എമാരുടെ എണ്ണം കുറയും. ഗെഹ്ലോട്ടിന് അനായാസം സഭയുടെ വിശ്വാസം ഉറപ്പിക്കാം. ഇനി അവർ അയോഗ്യരായില്ലെങ്കിൽ, സഭയിൽ അവർ കൂറുമാറും, സർക്കാർ വീഴും, അതോടെ അയോഗ്യത വിഷയമാകില്ല.
ഇതുകണ്ട്, സച്ചിൻ പൈലറ്റും കൂട്ടരും രാജസ്ഥാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നോട്ടീസിനെ നേരിടൽ എളുപ്പമല്ലെന്നതിനാൽ, അവർ ചോദ്യം ചെയ്തിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തെ തന്നെയാണ്. ഇത്ര വലിയ കൗശലവും കാപട്യവും കാണിച്ചിട്ടും ബി.ജെ.പി സർക്കാർ നിലവിൽ വന്നില്ലെങ്കിൽ നിയമം ചോദ്യം ചെയ്യപ്പെടാതെ തരമില്ല. കോവിഡിനിടെ പാർലെമൻറ് വിളിച്ചുകൂട്ടാനും ഇത് ന്യായമായ കാരണമാണ്.
2016ൽ മോദി സർക്കാർ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം നടപ്പാക്കിയിരുന്നു. പക്ഷേ, നിയമവിരുദ്ധമെന്ന് കണ്ട ഉത്തരാഖണ്ഡ് ഹൈകോടതി കോൺഗ്രസ് സർക്കാറിനെ പുനഃസ്ഥാപിച്ചു. വിധി പറഞ്ഞ ജഡ്ജി സുപ്രീം കോടതിയിലേക്ക് പ്രമോഷൻ കാത്തിരിക്കുന്ന ഘട്ടത്തിലായിരുന്നു. മോദി സർക്കാർ അത് നടപ്പാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു, പിന്നീടത് സംഭവിച്ചുവെങ്കിലും. പ്രതികൂലമായി വിധി പറഞ്ഞ ജഡ്ജിമാരോട് ഭരണകൂടം ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയും, മുൻ ചീഫ് ജസ്റ്റീസുമാർ വിരമിച്ചയുടൻ രാജ്യസഭാംഗങ്ങളായി പുതിയ റോളിലേക്ക് വരികയും ചെയ്യുന്ന കാലത്ത് ജുഡീഷ്യറിക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനാകുമോ എന്ന അദ്ഭുതപ്പെടുക സ്വാഭാവികം.
കടപ്പാട്: ദി പ്രിൻറ്.com
മൊഴിമാറ്റം: കെ.പി മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.