വാക്സിൻ വിതരണം; നൂറ്റാണ്ടിന്റെ മഹാദൗത്യം
text_fieldsലോകത്തെ പിടിച്ചുലച്ച മഹാമാരിക്ക് ഇനിയും പ്രതിവിധിയായിട്ടില്ല. അതിന് ലോകം ഉറ്റുനോക്കുന്നത് ഒന്നിലേക്കു മാത്രം- വാക്സിൻ. ഭൂമുഖത്തെ 600 കോടിയിലേറെ മനുഷ്യരെയാണ് ഒരു അതിസൂക്ഷ്മ ജീവിക്കെതിരെ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റേണ്ടത്. അതുകൊണ്ടുതന്നെ വരാൻപോകുന്ന വാക്സിൻ ദൗത്യം മനുഷ്യചരിത്രം ഇതുവരെ കാണാത്ത കഠിന യത്നങ്ങളിലൊന്നായി രിക്കും. നിർമാണ കമ്പനിയിൽനിന്ന് കുത്തിവെപ്പെടുക്കുന്ന ഒരാളുടെ കൈയറ്റം വരെ അതെത്തിക്കുന്നതിൽ നിരവധി കടമ്പകളാണുള്ളത്.
ഓരോ രാജ്യത്തും സുരക്ഷിതമായി വാക്സിൻ എത്തിക്കൽ വ്യോമയാനരംഗം ഇതുവരെ നേരിടാത്ത വെല്ലുവിളിയാകും. വാക്സിനേഷൻ നൂറ്റാണ്ടിെൻറ മഹാദൗത്യമാകുന്നത് അങ്ങിനെയാണ്.
വാക്സിൻ കടത്തിന് 8,000 ബോയിങ് -747 വിമാനങ്ങൾ വേണ്ടി വരുമെന്നാണ് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷെൻറ( അയാട്ട) കണക്ക്.
രണ്ട് മുതൽ എട്ട് ഡിഗ്രി വരെ തണുപ്പിലാണ് സാധാരണ വാക്സിനുകൾ സൂക്ഷിക്കുന്നത്. എന്നാൽ, യു.എസിലെ ഫൈസർ കമ്പനിയുടെ വാക്സിൻ മൈനസ് 70 ഡിഗ്രി തണുപ്പിൽ വേണം സൂക്ഷിക്കാൻ. അതിനാവശ്യമായ സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തവരെല്ലാം ആ പ്രത്യേക വാക്സിൻ പട്ടികയിൽ നിന്ന് പുറത്താകും.
ഭൂപ്രദേശ വൈപുല്യം, അതിർത്തി സംഘർഷങ്ങൾ മൂലമുള്ള യാത്ര സങ്കീർണത, കാർഗോ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ആഫ്രിക്കയിൽ വാക്സിൻ വിതരണം അസാധ്യമാണെന്ന് അയാട്ട.
വാക്സിൻ എത്തിക്കുന്നിടത്ത് സൂക്ഷിച്ചുവെക്കാൻ ശീതീകരണ സംവിധാനം വേണം. ദരിദ്രരാജ്യങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി ഇതാണ്.
മഹാമാരിയിൽ നട്ടംതിരിയുന്ന ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് ഇന്ന് വാക്സിൻ. അതിനാൽ മോഷണ സാധ്യതയും മുന്നിലുണ്ട്.
വാക്സിൻ പെട്ടി
ഫൈസർ കമ്പനി അവരുടെ വാക്സിൻ കൊണ്ടുപോകാൻ സ്വന്തം പെട്ടി തയാറാക്കി. സ്യൂട്ട്കേസിെൻറ വലുപ്പം. ഇതിൽ ഐസ് പാക് ചെയ്ത് ജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം)ഘടിപ്പിക്കും. 5,000 ഡോസ് വാക്സിൻ 10 ദിവസം വരെ സൂക്ഷിക്കാം.
വില ഞെട്ടിക്കും
1200 ഡോസ് വാക്സിൻ മൈനസ് എട്ട് ഡിഗ്രി തണുപ്പിൽ അഞ്ചു ദിവസം വരെ സൂക്ഷിക്കാവുന്ന വാക്സിൻ പെട്ടിക്ക് ബ്രിട്ടനിൽ 5000 പൗണ്ടാണ് വില (4.92 ലക്ഷം രൂപ). എന്നാൽ, ഒരു തവണ വാങ്ങിയാൽ ആയിരത്തിലേറെ പ്രാവശ്യം ഉപയോഗിക്കാമെന്ന മെച്ചമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.