'വെർട്ടിഗോ' ഗുരുതരമല്ല; പേക്ഷ അവഗണിക്കരുത്
text_fieldsരാവിലെ കിടക്കയിൽനിന്ന് ഉറങ്ങിയെഴുന്നേൽക്കുേമ്പാൾ ഒരു ചെറിയ തലകറക്കം. ചിലപ്പോൾ ടോയ്ലറ്റിൽ ഇരുന്ന് എഴുന്നേൽക്കുേമ്പാഴും കസേരയിൽനിന്ന് എഴുന്നേറ്റുനിൽക്കുേമ്പാഴും തലചുറ്റലും തലക്ക് ഒരു അസ്വസ്ഥതയും കാഴ്ചക്ക് മങ്ങലും. പ്രായംചെന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നതെങ്കിലും ചെറുപ്പക്കാരിലും അപൂർവമായി കുട്ടികളിലും കാണാം. മേൽപറഞ്ഞ ലക്ഷണങ്ങൾ നിരവധി രോഗങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്നതിനാൽ ഒരു വിദഗ്ധ ഡോക്ടറുടെ വിശദ പരിശോധനയിലൂടെ മാത്രമേ രോഗനിർണയം നടത്താൻ കഴിയൂ.
എന്നാൽ, 60 ശതമാനത്തിലധികം പേരിലും ഈ രോഗലക്ഷണങ്ങൾ 'വെർട്ടിഗോ' (Vertigo) എന്ന രോഗം മൂലമാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിൽ മുതൽ തലച്ചോറിലെ മുഴകൾ വരെയുള്ള അവസ്ഥകൾക്കും ഈ ലക്ഷണങ്ങൾ കാണാവുന്നതാണ്. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചാൽ ഉടൻ ഒരു ഡോക്ടറെ സമീപിച്ച് രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കുന്നതാണ് നല്ലത്.
ചിലരിൽ കൊളസ്ട്രോളിെൻറ അളവ് ക്രമാതീതമായി ഉയരുേമ്പാഴും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുേമ്പാഴും വിളർച്ചമൂലം രക്തക്കുറവ് ഉണ്ടാകുേമ്പാഴും മാനസിക സംഘർഷമുണ്ടാകുേമ്പാഴും ശരീരത്തിൽ ജലാംശത്തിെൻറ അളവ് വളരെ കുറയുേമ്പാഴും മൈഗ്രേൻ എന്ന തലവേദന അധികമാവുേമ്പാഴുമെല്ലാം തലചുറ്റൽ അനുഭവപ്പെടാം. ഒരു ഇ.എൻ.ടി വിദഗ്ധന്‍ പ്രാഥമിക പരിശോധനയിലൂടെതന്നെ രോഗം കണ്ടെത്താവുന്നതാണ്.
എന്താണ് വെർട്ടിഗോ?
ആന്തരിക കർണത്തിലോ കർണത്തിൽനിന്ന് മസ്തിഷ്കത്തിലേക്കുള്ള ഞരമ്പുകളിലോ തകരാറുകൾ സംഭവിക്കുന്നതുമൂലമുണ്ടാവുന്ന ശരീരത്തിെൻറ സന്തുലിതാവസ്ഥ നഷ്ടമാവുന്നതിനെയാണ് പൊതുവിൽ 'വെർട്ടിഗോ' എന്ന് പറയുന്നത്.
ചെവിയുടെ അന്തർഭാഗത്തെ ആന്തരിക കർണം, കണ്ണുകൾ, വിവിധ അവയവങ്ങളിലെ സന്ധികൾ എന്നിവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്കം ഏകോപിപ്പിക്കുന്നതു വഴിയാണ് ഒരു വ്യക്തിയുടെ ശരീരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. ഇത് കൃത്യമായി സംഭവിക്കുന്നതുകൊണ്ടാണ് നമുക്ക് വീഴാതെ നടക്കാനും ഓടാനുമെല്ലാം കഴിയുന്നത്. ഇവയിൽ ഏതെങ്കിലും പ്രവർത്തനത്തിന് കുഴപ്പം സംഭവിച്ചാൽ വെർട്ടിഗോ അനുഭവപ്പെടാം. എന്നാൽ, ആന്തരിക കർണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പൊതുവിൽ കൂടുതലായി കണ്ടുവരുന്നത്. ആന്തരിക കർണത്തിലെ സന്തുലിതാവസ്ഥ നിര്‍ണയിക്കുന്ന കാത്സ്യം കാര്‍ബണേറ്റ് പരലുകളുടെ സ്ഥാനചലനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
പ്രധാന ലക്ഷണങ്ങൾ
1. ഉറങ്ങിയെഴുന്നേറ്റ് നിൽക്കുേമ്പാഴും കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുേമ്പാഴും നിലത്തുവീണ സാധനങ്ങൾ കുനിഞ്ഞെടുത്ത് നിവർന്നുനിൽക്കുേമ്പാഴും തലചുറ്റുക.
2. കുറേനേരം നിൽക്കുേമ്പാൾ തലക്കുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുക.
3. തലചുറ്റലിനോടൊപ്പമോ അല്ലാതെയോ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നുക.
4. തലകറക്കത്തോടൊപ്പം ചർദിയും മനംപിരട്ടലും അനുഭവപ്പെടുക.
5. ശരീരത്തെ ബാലൻസ് ചെയ്യാൻ കഴിയാതെ ഒരു വശത്തേക്ക് ചരിയുന്നതുപോലെ തോന്നുക.
6. തലക്കുള്ളിൽ മന്ദത അനുഭപ്പെടുക.
ഗുരുതരമല്ല; പേക്ഷ അവഗണിക്കരുത്
'വെർട്ടിഗോ' എന്ന അവസ്ഥ പൊതുവെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമായി പരിഗണിക്കാറില്ലെങ്കിലും പ്രായമായവരിലും മറ്റും വീഴ്ചയും അനുബന്ധപ്രശ്നങ്ങളും ഗുരുതരമാവാൻ ഇടയുള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടയുടൻതന്നെ ചികിത്സ തേടുന്നതാണ് ഉത്തമം. ചിലരിൽ തലചുറ്റലിനോടൊപ്പം കാഴ്ചക്കുറവ്, തലവേദന, അമിതമായ വിയർപ്പ്, കേൾവിക്കുറവ്, ചെവിക്കുള്ളിൽ മുഴക്കം, ഛർദി എന്നിവ ദീർഘനേരം നീണ്ടുനിൽക്കുകയോ ഇടക്കിടെ ആവർത്തിക്കുകയോ ചെയ്യാറുണ്ട്. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കാനിടയാക്കുകയും തൊഴിലിനെയും മറ്റും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടാതെ മസ്തിഷ്കാഘാതം, തലച്ചോറിൽ മുഴ എന്നീ ഗുരുതര രോഗങ്ങൾക്കും ഇത്തരം ലക്ഷണം കാണപ്പെടുന്നതിനാൽ രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് തുടർന്നുള്ള പ്രശ്നങ്ങൾക്കിടയാക്കും.
മുൻകരുതൽ
വെർട്ടിഗോ രോഗമുള്ളവർ കിടക്കയിൽനിന്നും കസേരകളിൽനിന്നും ചാടിയെഴുന്നേൽക്കുന്നത് പൂർണമായും ഒഴിവാക്കണം. ഉറക്കത്തിൽ നിന്നുണർന്നാൽ സാവധാനം അൽപസമയം കട്ടിലിൽ ഇരുന്നശേഷം മാത്രം എഴുന്നേൽക്കുക, കസേരയിൽനിന്ന് പതുക്കെ എഴുന്നേറ്റ് നിന്നശേഷം ബാലൻസിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം നടക്കുക, താഴെനിന്നുള്ള വസ്തുക്കൾ കുനിഞ്ഞെടുക്കുന്നത് ഒഴിവാക്കുക, രക്തസമ്മർദ പ്രശ്നമുള്ളവർ ഇടവേളകളിൽ പരിശോധന നടത്തി ആവശ്യമെങ്കിൽ മരുന്നുകൾ കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം കുറയാതെ നോക്കുക തുടങ്ങിയവയാണ് സ്വീകരിക്കേണ്ട മുൻകരുതലുകൾ. ചിലരിൽ വിമാനയാത്രക്കുശേഷം മാത്രം വെർട്ടിഗോ അനുഭവപ്പെടാറുണ്ട്. ഇത് താൽക്കാലികം മാത്രമാണ്. പ്രത്യേക ചികിത്സയില്ലാതെ മാറുന്നതായാണ് കണ്ടുവരുന്നത്.
ചികിത്സക്രമം
നിലവിൽ വെർട്ടിഗോക്ക് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. കൂടാതെ ശരീരത്തിലെ സെൻസറി പേശികളെയും ഞരമ്പുകളെയും കേന്ദ്രീകരിച്ചുള്ള വ്യായാമ മുറകളും നല്ല ഫലം ചെയ്യാറുണ്ട്. ചില മരുന്നുകളുടെ പാർശ്വഫലമായും വെർട്ടിഗോ അനുഭവപ്പെടാമെന്നതിനാൽ ഡോക്ടറെ സമീപിക്കുേമ്പാൾ നിലവിൽ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് പറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.