കൊറോണ വൈറസ് മരണത്തിന് കാരണമാകുന്നതെങ്ങിനെ? ഉത്തരം തേടി ഗവേഷകർ
text_fieldsലണ്ടൻ: ലോകമെങ്ങും കോവിഡ് 19 മരണം വിതക്കുമ്പോൾ കൊറോണ വൈറസ് മരണത്തിന് കാരണമാകുന്നതെങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഗവേഷകർ.
ശ്വാസകോശത്തെയാണ് വൈറസ് ബാധിക്കുകയെന്ന കാര്യത്തിൽ ഗവേഷകരെല്ലാം ഒരേ അഭിപ്രായക്കാരാണ്. കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ പോസ്റ്റുമോർട്ടം നടത്താൻ കഴിയുമായിരുന്നെങ്കിൽ കൃത്യമായ മരണകാരണം അറിയാമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മൃതദേഹത്തിലെ ചില പ്രത്യേക കലകൾ പരിശോധിച്ചാൽ കൃത്യമായ മരണകാരണം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത്.
സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസിജിയർ (എസ്.ഒ.പി) പ്രകാരം കോവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ മെഡികോ-ലീഗൽ കേസിൽ (എം.എൽ.സി) ഉൾപ്പെടില്ലാത്തതിനാലാണ് പോസ്റ്റുമോർട്ടം നടത്താത്തത്. ചൈനയിലെ അനുഭവങ്ങൾ മുൻനിർത്തിയാണ് കോവിഡ് 19 മരണങ്ങളെ എം.എൽ.സിയിൽ നിന്നൊഴിവാക്കിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വെട്ടിപ്പൊളിക്കുന്നത് വൈറസ് വ്യാപനത്തിനിടയാക്കുന്നെന്ന പ്രചാരണം ചൈനയിൽ വ്യാപകമായതിനെ തുടർന്നായിരുന്നു ഇത്. സ്പെയിനിൽ ചില പോസ്റ്റുമോർട്ടങ്ങൾ നടന്നെങ്കിലും കൃത്യമായ മരണകാരണത്തിലേക്ക് വെളിച്ചം വീശാനായില്ല.
കൊറോണ വൈറസ് ശ്വാസനാളത്തിലെ കലകളെയാണ് ബാധിക്കുന്നതെന്ന് ഒരുവിഭാഗം ഗവേഷകർ അഭിപ്രായപ്പെടുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചത് പോലുള്ള അവസ്ഥ മരണത്തിലേക്ക് നയിക്കുന്നെന്നാണ് മറ്റൊരു വിഭാഗത്തിെൻറ കണ്ടെത്തൽ. വൈറസ് ഹൃദയം, വൃക്ക, രക്തക്കുഴലുകൾ, തലച്ചോറ് എന്നിവയെ ബാധിക്കുകയും മരണത്തിൽ കലാശിക്കുകയുമാണെന്നാണ് 'നേച്വറി'ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ന്യുമോണിയ ആണോ രക്തം കട്ടപിടിക്കുന്നതാണോ മരണകാരണമാകുന്നത്? എന്തുകൊണ്ടാണ് വൃക്ക തകരാറിലാകുന്നത് ? തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വിശദീകരണം റിപ്പോർട്ടിൽ നൽകുന്നുമില്ല.
പ്രതിരോധ വ്യവസ്ഥയിൽ അമിത പ്രതികരണം ഉളവാക്കുന്നു
ഇതുവരെ നടന്ന ഗവേഷണങ്ങളിൽ ഏറ്റവും യാഥാർഥ്യ ബോധമുള്ളതായി വിലയിരുത്തപ്പെടുന്നത് ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്.
രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിൽ അമിതപ്രതികരണം ഉളവാക്കിയാണ് കൊറോണ വൈറസ് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് അതിൽ പറയുന്നത്. കോവിഡ് 19ന് കാരണമാകുന്ന SARS-CoV2െൻറ ഡീകോഡിങ്ങിനിടെയാണ് ഇത് കണ്ടെത്തിയത്.
ശരീരത്തിനുള്ളിൽ കടക്കുന്ന വൈറസ് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിനുള്ളിൽ കടന്നു കൂടി പെരുകുന്നത് സൈറ്റോക്കിൻ സ്റ്റോമിന് (cytokine storm) കാരണമാകും. ശരീരത്തിലെ പ്രതിരോധവ്യവസ്ഥ അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണിത്. ശരീരകോശങ്ങൾ സൈറ്റോക്കിൻ എന്ന സൂക്ഷ്മ പ്രോട്ടീനുകൾ അമിതമായി ഉത്പാദിക്കുകയാണ് ചെയ്യുക. ഇതുണ്ടാകുന്നതോടെ രോഗാണുക്കൾക്കെതിരെ ശരീരത്തിൽ അമിത പ്രതികരണം ആരംഭിക്കും.
ഇതോടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളും ന്യൂറോഫിലുകളും ശ്വാസകോശത്തിൽ വൈറസ് സാന്നിധ്യമുള്ള ഭാഗത്തേക്ക് നീങ്ങും. ചില ആളുകളിൽ പ്രതിരോധകോശങ്ങൾ അനിയന്ത്രിതമായി വർധിക്കുന്നതോടെ ഇവ ശ്വാസകോശത്തിലെ കലകളിലേക്ക് പ്രവേശിക്കും. അപ്പോൾ ശ്വാസകോശത്തിന് സംഭവിക്കാനിടയുള്ള ക്ഷതം മരണകാരണമാകാമെന്നാണ് കണ്ടെത്തൽ.
ശാരീരികോഷ്മാവ് വർധിപ്പിക്കുന്ന അവസ്ഥയാണ് സൈറ്റോക്കിൻ സ്റ്റോം. ഇത് രക്തക്കുഴലുകളെ ബാധിക്കുകയും ശരീരത്തിനുള്ളിൽ രക്തം കട്ടപിടിക്കാനിടയാക്കുകയും ചെയ്യും. ശരീരത്തിൽ രക്തസമ്മർദം കുറയുക, ഓക്സിജെൻറ അളവ് കുറയുക, രക്തത്തിൽ അമ്ലത വർധിക്കുക, ശ്വാസകോശത്തിൽ ദ്രാവകം നിറയുക എന്നീ അവസ്ഥകളിലേക്കും ഇത് നയിക്കും.
കൊറോണ വൈറസിെൻറ പ്രവർത്തനം മൂലം ശരീരത്തിലെ ശ്വേതരക്താണുക്കൾ ആരോഗ്യമുള്ള കലകളെ ആക്രമിച്ച് നശിപ്പിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതാണ് ശ്വാസകോശം, ഹൃദയം, ആമാശയം, വൃക്ക, ജനനേന്ദ്രിയം എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതോടെ ശ്വാസകോശപ്രവർത്തനം പൂർണമായും നിലക്കുന്നതും മരണകാരണമാകുന്നന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കൃത്യമായ മരണകാരണം കണ്ടെത്തിയാൽ മരണനിരക്ക് കുറക്കാനാകുമെന്ന അഭിപ്രായമാണ് ഗവേഷകർക്കുള്ളത്. എയിഡ്സ് രോഗികളിലധികവും മരിക്കുന്നത് ടി.ബി മൂലമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരണനിരക്ക് കുറക്കാനായതാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഈ കണ്ടെത്തലിനായി കാത്തിരിക്കുകയാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.