സഹൃദയരാവൂ, സന്തോഷിക്കൂ
text_fieldsതാൽപര്യത്തോടെ ഒരു കാര്യം സംസാരിക്കുന്നതിനിടെ ഫോൺ ഒാഫായി പോയാൽ എങ്ങിനെയുണ്ടാവും- അതു പോലെ ജീവിത സംസാരം അതിെൻറ സുപ്രധാന ഘട്ടത്തിൽ നിൽക്കുേമ്പാഴാണ് പലപ്പോഴും ഹൃദയരോഗങ്ങൾ വന്ന് വഴി മുടക്കുന്നത്. ആശുപത്രി സൗകര്യങ്ങൾ ഏറെ വർധിച്ചിട്ടുള്ളതിനാൽ രോഗങ്ങൾക്ക് ചികിത്സകളുണ്ട്, എന്നാലും കേടുപറ്റി നന്നാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് കേടാവാതെ സൂക്ഷിക്കുന്നത്. യു.എ.ഇയിൽ ഏറ്റവുമധികം ഹൃദയ സംബന്ധകേസുകൾ എത്തുന്ന, 24 മണിക്കൂറും ശസ്ത്രക്രിയാ സജ്ജമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ആശുപത്രിയിൽ ഒാരോ മാസവും 150 ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുണ്ട്. ഒാരോ വർഷവും വർധിക്കുന്നു. ഇവിടുത്തെ ജനസംഖ്യയിലെ പ്രാതിനിധ്യം പോലെ രോഗികളുടെ എണ്ണത്തിലും മലയാളികൾ തന്നെ കൂടുതൽ. ആഗോള ശരാശരി നോക്കിയാലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആളുകൾക്കാണ് ഹൃദയാഘാതം കൂടുതൽ.
പാശ്ചാത്യ രാജ്യങ്ങളിൽ 60-65 വയസിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നതെങ്കിൽ നമ്മുടെ നാടുകളിൽ 45^55 പ്രായക്കാർക്കിടയിൽ ഹൃദയാഘാതം സാധാരണമാവുന്നു. ഇപ്പോൾ വരുന്ന കേസുകളിൽ 35 ശതമാനവും 35-45 വയസുകാർക്കിടയിലാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. ജീവിതശൈലി മാറിയിരിക്കുന്നു. പുകവലിയാണ് കടുത്ത വില്ലൻ. സിഗററ്റ് വലിച്ചാൽ ഒരാളുടെ ടെൻഷനും കുറയുന്നില്ല. പണം നൽകി വിഷം വാങ്ങി കുടിക്കുന്നതിന് തുല്യമാണ് പുകവലിച്ച് ഹൃദയം നശിപ്പിക്കുന്നത്. സിഗററ്റിന് എക്സൈസ് നികുതി ഏർപ്പെടുത്തിയത് കുറച്ച് േപരെയെങ്കിലും പുകവലി ശീലത്തിൽ നിന്ന് മോചിപ്പിച്ചേക്കും എന്ന് പ്രതീക്ഷിക്കാം. വ്യായാമമില്ലാത്തതാണ് മറ്റൊരു വലിയ പ്രശ്നം.
അടുത്ത കടയിലേക്ക് പോകാൻ പോലും വാഹനമുപയോഗിക്കുന്നവരും ആവതുണ്ടായിട്ടും കോണിപ്പടികളൊഴിവാക്കി ലിഫ്റ്റ് ഉപയോഗിക്കുന്നവരുമാണ് പിന്നീട് ആംബുലൻസിലും വീൽചെയറിലുമായി ഹൃദയശസ്ത്രക്രിയാ വാർഡിൽ എത്തുന്നവരിൽ കൂടുതലും. വ്യായാമമില്ലാത്തത് പ്രമേഹം പടർത്തുന്നു, അത് ഹൃദയത്തെയും ബാധിക്കുന്നു. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം വേണം. തിരക്കുകൾക്കിടയിൽ ഇടക്ക് മുടങ്ങിപ്പോയേക്കാം. പക്ഷെ അതു തരമാക്കി നിർത്തരുത്. സമയം കിട്ടുന്ന അന്ന് വ്യായാമം പുനരാരംഭിക്കുക. കൈവീശി നടക്കലാണ് ഏറ്റവും നല്ലത്. ജോലി സ്ഥലത്തിരുന്ന് സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ അതെങ്കിലും തുടരുക. മാനസിക സംഘർഷങ്ങളാണ് മറ്റൊരു കാരണം.
പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തെ നേരിടാൻ യുക്തിപൂർവമായ തീരുമാനമെടുക്കാനാണ് നമ്മുടെ ഹൃദയം. അതിനെ നീറിപ്പുകച്ച് നശിപ്പിക്കരുത്. പ്രതിസന്ധികളെയെല്ലാം അതിജയിച്ച് സഹൃദയരായി സന്തോഷത്തോടെ ജീവിക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. കൃത്യമായ ഇടവേളയിൽ ആരോഗ്യ പരിശോധന നടത്തുന്നതും വ്യായാമം ശീലമാക്കുന്നതുമാണ് ഹൃദയരോഗങ്ങളെ അകറ്റാനുള്ള ഏറ്റവും വലിയ മരുന്ന്. ഹൃദയാഘാതത്തെ പൂർണമായി തടയാൻ കഴിഞ്ഞില്ലെങ്കിലും വൈകിപ്പിക്കാൻ ഇൗ ശീലം കൊണ്ട് സാധിക്കും.
(ദുബൈ അൽ നഹ്ദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ഇൻറർവെൻഷനൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.