കരളിനായി കരളുറപ്പോടെ..
text_fieldsനമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക.
പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക. കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യാനും സഹായിക്കുക,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ആവശ്യ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുക, ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുക, വൈറ്റമിൻസിൻ്റെയും മിനറൽസിൻ്റെയും സംഭരണം, രക്തം കട്ടപിടിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉത്പാദിപ്പിക്കുക. തുടങ്ങിയവ കരളിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യത്തിന് നാം വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ വിവിധ തരം രോഗങ്ങള്‍ കരളിനെ കീഴടക്കിയേക്കാം.
അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ്, അണുബാധ, ചില മരുന്നുകള്‍, വിഷവസ്തുക്കള്‍ ശരീരത്തിനകത്തെത്തുക, അമിതവണ്ണം, കാന്‍സര്‍ തുടങ്ങിയ പല കാരണങ്ങള്‍ കരളിനെ രോഗാതുരമാക്കും. പ്രാഥമിക ലക്ഷണങ്ങള്‍ വളരെ കുറവായതുകൊണ്ട് തന്നെ അസുഖം ഗുരുതരമായ ശേഷം മാത്രമാണ് ലക്ഷണങ്ങൾ പുറത്ത് കാണാറുള്ളത്. ഇത് കരള്‍ രോഗങ്ങൾക്കുള്ള ചികിത്സകൾ സങ്കീര്‍ണമാക്കുന്നതിന് പ്രധാന കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ നടത്തുന്ന ആരോഗ്യ പരിശോധനകൾ ഇത്തരം രോഗത്തെ മുൻകൂട്ടി കണ്ട് ചികിത്സ തേടാൻ സഹായിക്കും.
കരളിൻ്റെ അസുഖങ്ങൾക്ക് പ്രാധാന കാരണങ്ങളിൽ ഒന്ന് മാലിന ജലത്തിലൂടെയുള്ള സമ്പർക്കമാണ്. ഇന്ന് വളരെക്കൂടുതൽ ആളുകൾക്കും പെട്ടന്നുള്ള കരൾ രോഗം വരുന്നത് മഞ്ഞപ്പിത്തം മൂലമാണ്. സുരക്ഷിതമല്ലാത്ത രക്ത ദാനം/ലൈംഗിക ബന്ധത്തിലൂടെയും, ജിവിത ശൈലിയിലെ നിയന്ത്രണമില്ലാത്തതും,ഡോക്ടർമാരുടെ നിർദ്ദേശം തേടാതെയുള്ള മരുന്നുകളുടെയും ഫുഡ് സപ്ലിമെൻ്റുകളുടെയും അമിതമായ ഉപയോഗവും കരൾ രോഗങ്ങൾ കൂടിവരുന്നതിന് കരണമാവുന്നുണ്ട്.
കരൾരോഗത്തിൻ്റെ ചില ലക്ഷണങ്ങളെ മനസ്സിലാക്കാം..
കണ്ണിലോ തൊലിപ്പുറത്തോ മഞ്ഞ നിറം കാണുന്നത് കരളിന്‍റെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ ലക്ഷണമാണ്. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റൊരു ലക്ഷണമാണ്. ചര്‍മത്തില്‍ ചുണങ്ങോ അതുപോലുള്ള പൊതുവായി ചൊറിച്ചിലിന് കാരണമാകുന്ന ലക്ഷണങ്ങളോട് കൂടിയതോ, ലക്ഷണങ്ങൾ ഇല്ലാതെയോയുള്ള ചൊറിച്ചില്‍, വയറ് വീര്‍ക്കുക, പൊക്കിള്‍ പുറത്തേക്ക് തള്ളി നില്‍ക്കുക എന്നിവ ചിലപ്പോള്‍ കരള്‍ രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ചിലരില്‍ കാലില്‍ നീര് പ്രത്യക്ഷപ്പെടുന്നതും കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ഭാഗമായിട്ടാവാന്‍ സാധ്യതയുണ്ട്. മൂത്രത്തിന്‍റെയും മലത്തിന്‍റെയും നിറ വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കണം. കരള്‍ രോഗബാധിതരില്‍ മൂത്രത്തിന്‍റെ നിറം ഇരുണ്ടതും, മലം തവിട്ട് നിറത്തിലുമായി കാണപ്പെടാറുണ്ട്.
ശ്രദ്ധക്കുറവ്, ക്ഷീണം, നീണ്ടുനില്‍ക്കുന്ന ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഛര്‍ദ്ദിയിലോ മലത്തിലോ രക്തത്തിന്‍റെ അംശം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും പെട്ടെന്ന് ചികിത്സ തേടുകയുംവേണം. ശരീരത്തില്‍ കാരണമില്ലാതെ ചില ഭാഗങ്ങളില്‍ തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചത് പോലെയോ ചതവ് പോലെയോ കാണപ്പെടുന്നതും, മുറിവോ മൂക്കില്‍ നിന്ന് രക്തസ്രാവമോ ഉണ്ടായാല്‍ അത് ദീര്‍ഘനേരം നിലനില്‍ക്കുന്നതും കരള്‍ രോഗത്തിന്‍റെ ലക്ഷണമാണ്. വയറില്‍ ദ്രാവകം അടിഞ്ഞ് കൂടുക, അടിവയറിലെ വേദന എന്നിവയും കരള്‍ രോഗങ്ങളുടെ ഭാഗമായി കാണപ്പെടാറുണ്ട്.
ചികിത്സ
കരളിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ചികിത്സാ രീതികളാണ് നിശ്ചയിക്കപ്പെടുന്നത്. രോഗം, രോഗത്തിന്‍റെ സ്റ്റേജ്, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി ചികിത്സാ ക്രമത്തിലും വ്യത്യാസമുണ്ടാകും. ചില അസുഖങ്ങള്‍ക്ക് ജീവിത ശൈലീ ക്രമീകരണമാണ് പ്രാഥമികമായി നിര്‍ദ്ദേശിക്കപ്പെടുന്നത്. വ്യായാമം ശീലമാക്കുവാനും, ഭക്ഷണ ശീലത്തില്‍ ക്രമീകരണം നടത്തുവാനും, അമിതവണ്ണം കുറക്കാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിന്‍റെ ഭാഗമായി നല്‍കാറുണ്ട്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ജീവിത ശൈലി ക്രമീകരണം കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. വൈറല്‍ രോഗങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ തുടങ്ങിയവക്കും മറ്റ് രോഗാവസ്ഥകള്‍ക്കുമെല്ലാം ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ നിര്‍ദ്ദേശിക്കപ്പെടും. ഏറെക്കുറെ രോഗാവസ്ഥകളെല്ലാം മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ഫാറ്റിലിവര്‍ പോലെയുള്ള രോഗബാധിതര്‍ക്ക് നേരത്തെ പറഞ്ഞത് പോലെ ജീവിതശൈലി മാറ്റം, മദ്യത്തിന്‍റെ ഉപയോഗം ഒഴിവാക്കുക, ഭക്ഷണക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഒപ്പം ആവശ്യമായ മരുന്ന് ഉപയോഗിച്ചുള്ളചികിത്സയും നല്‍കപ്പെടും. സങ്കീര്‍ണമായി മാറുന്ന ഘട്ടങ്ങളില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സാ രീതികളും ആവശ്യമായി വന്നേക്കാം.
രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മദ്യത്തിന്‍റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ആവശ്യമായ മരുന്ന് ആവശ്യമായ അളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രം കഴിക്കുക. സിറിഞ്ചുകളും മറ്റും പുനരുപയോഗിക്കരുത്
ഹെപ്പറ്റൈറ്റിസ് വാക്സിന്‍ സ്വീകരിക്കുക, ഹെപ്പറ്റൈറ്റിസ് വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗികബന്ധം മാത്രം തുടരുക. ആരോഗ്യപൂര്‍ണ്ണമായ ജീവിത ശൈലി പിന്‍തുടരുക, നാര് അടങ്ങിയ ഭക്ഷണത്തിന്‍റെ അളവ് വര്‍ധിപ്പിക്കുക. അമിതവണ്ണം കുറക്കുക, വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക, മലിന ജലവുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതും കരള്‍ രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികില്‍സിക്കാന്‍ സഹായിക്കും.
(കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സീനിയർ കൺസൾടൻ്റ് & ഗാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.