എച്ച് വൺ എൻ വൺ: വേണം കരുതൽ
text_fieldsതൃശൂര്‍: ജില്ലയിൽ എട്ടുപേർക്ക് എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കരുതൽ വേണമെന്ന് ജില്ല ആരോഗ്യ വകുപ്പ്. സങ്കീർണമായ സാഹചര്യം ഇല്ലെന്നും ഡി.എം.ഒ പറഞ്ഞു. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണ്. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടണം.
എച്ച് വണ്‍ എന്‍ വണ്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് വിധേയരാകണം. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍, ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്.
ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവ രോഗം സങ്കീര്‍ണമാക്കും. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കണം. വായു വഴി രോഗപ്പകർച്ച രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാന്‍ വഴിവെക്കും. പരിസരത്തെ വസ്തുക്കളിലും വൈറസ് നിലനില്ക്കാന് ഇടയുണ്ട്.
അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
മാസ്ക് നിർബന്ധം വായയും മൂക്കും മറയുന്ന വിധത്തില്‍ മാസ്ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്, രോഗമുള്ളവരുമായി അടുത്ത് ഇടപഴകരുത്, ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക, മൊബൈല്‍ ഫോൺ കൈമാറി ഉപയോഗിക്കരുത്, പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം എന്നീ നിർദേശങ്ങൾ പാലിച്ചാൽ രോഗവ്യാപനം ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.