Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഇന്ന്​ ലോ​ക...

ഇന്ന്​ ലോ​ക അ​ൽ​ഷൈ​മേ​ഴ്സ് ദി​നം: മറവി രോഗത്തിൻെറ കാരണങ്ങൾ, ഘട്ടങ്ങൾ, തടയാൻ ചെയ്യേണ്ടത്....

text_fields
bookmark_border
ഇന്ന്​ ലോ​ക അ​ൽ​ഷൈ​മേ​ഴ്സ് ദി​നം: മറവി രോഗത്തിൻെറ കാരണങ്ങൾ, ഘട്ടങ്ങൾ, തടയാൻ ചെയ്യേണ്ടത്....
cancel

നിങ്ങൾക്ക് എന്തെല്ലാം കഴിവുകളുണ്ട്? ഈ ചോദ്യത്തിന് മറുപടിയായി പല കഴിവുകളും ഓർത്തെടുത്ത് നാം അക്കമിട്ടു പറയും. ഇതിനിടയിൽ മിക്കപ്പോഴും മറന്നുപോകുന്ന വലിയൊരു കഴിവുണ്ട് – 'ഓർമശക്തി'. അത് ഉള്ളതുകൊണ്ടാണല്ലോ മറ്റെല്ലാം ഓർത്തെടുത്ത് പറയാൻ നമുക്ക് കഴിയുന്നത്.

ജീവിതത്തിന് നിറവും സുഗന്ധവും പകരുന്നത് ഓർമയാണ്. അതു നഷ്​ടപ്പെടുന്നതിനെ മരണതുല്യം എന്നുപോലും വിശേഷിപ്പിക്കാം. ഓർമയുടെ മരണമാണ് അൽഷൈമേഴ്സിനെ (Alzheimer's) ഏറ്റവും ഭീതിജനകമായ രോഗമാക്കുന്നത്. നേരിയ തോതിൽ തുടങ്ങി പടിപടിയായി വളരുന്ന ന്യൂറോളജിക്കൽ (നാഡീസംബന്ധ) രോഗമാണിത്. മസ്തിഷ്കത്തിലെ കോശങ്ങൾ നിർജീവമാവുകയും മസ്തിഷ്കം ശോഷിക്കുകയും ചെയ്യുന്നതാണ് രോഗത്തി​െൻറ തുടക്കം. മറവിരോഗത്തിലേക്ക് (dementia) നയിക്കുന്ന പ്രധാന കാരണമായി ഇതു മാറുന്നു.

ഓർമ ഉൾപ്പെടെ മനസ്സി​െൻറ പ്രധാന പ്രവർത്തനങ്ങളെയാണ് അൽഷൈമേഴ്സ് കടന്നാക്രമിക്കുന്നത്. ചെറിയ ഓർമക്കുറവിൽ തുടങ്ങി ഒടുവിൽ സ്വതന്ത്രമായ ആശയവിനിമയമോ യുക്തിപൂർണമായ സംസാരമോ സ്വാഭാവിക പ്രവർത്തനങ്ങളോ സാധിക്കാത്ത തരത്തിലേക്ക് മാറുന്നു.

തുടക്കം 65 വയസ്സിന്​ മുകളിലുള്ളവർക്ക്​

കൂടുതൽ പേരിലും അൽഷൈമേഴ്സ് രോഗലക്ഷണം 65 വയസ്സോടെയാണ് കണ്ടുതുടങ്ങുന്നത്. ഇതി​െൻറ സൂചനകൾ 30 – 60 പ്രായത്തിൽ വരാം. അൽഷൈമേഴ്സ് അസോസിയേഷ​െൻറ നിഗമനമനുസരിച്ച് ഈ രോഗത്തിനുള്ള ഒരുക്കം 65 വയസ്സിനു മുൻപുതന്നെ വ്യക്തിയിൽ രൂപപ്പെടുന്നു. ചെറുപ്പക്കാരിൽ ഈ രോഗം എങ്ങനെ വരുന്നു എന്നതിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. തലയ്ക്ക് ഗുരുതരമായ പരുക്കോ മുറിവോ ഏറ്റവർക്ക് ഈ രോഗസാധ്യത ഏറെയാണ്.

കാരണങ്ങൾ

മസ്തിഷ്ക കോശങ്ങൾക്കു ചുറ്റും അമിതമായി പ്രോട്ടീൻ അടിഞ്ഞുകൂടുന്നതാണ് രോഗകാരണം. രോഗലക്ഷണങ്ങൾ പുറത്ത് കണ്ടുതുടങ്ങുന്നതിന് എത്രയോ വർഷം മുൻപുതന്നെ മസ്തിഷ്കത്തിൽ ഈ പ്രക്രിയ ആരംഭിക്കുന്നു. ഇത്തരം പ്രോട്ടീനുകളിലൊന്നാണ് അമിലോയ്ഡ് (Amyloid). ഇതി​െൻറ അളവ് അമിതമായി വർധിച്ച് മസ്തിഷ്കകോശങ്ങളെ വലയം ചെയ്യും. 'ടൗ' (Tau) എന്നതാണ് മറ്റൊരു പ്രോട്ടീൻ. ഇത് അമിതമാകുമ്പോൾ മസ്തിഷ്കകോശങ്ങൾ കെട്ടുപിണയും. ഇതുകാരണം തലച്ചോറിലെ രാസസന്ദേശങ്ങൾ (neurotransmitters) തടസ്സപ്പെടുകയും ക്രമേണ തലച്ചോറി​െൻറ വിവിധ ഭാഗങ്ങൾ ശോഷിക്കുകയും ചെയ്യും. ഓർമയെ നിയന്ത്രിക്കുന്ന ഭാഗത്തെയാണ് ആദ്യം ബാധിക്കുക. അൽഷൈമേഴ്സ് രോഗം മൂന്നു ഘട്ടങ്ങളായാണ് ബാധിക്കുന്നത്.

ആദ്യഘട്ടം (Early Stage - Mild)

നേരിയ തോതിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തിൽ വ്യക്തിക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയും. എങ്കിലും ചെറിയ ഓർമക്കുറവ് അലട്ടുന്നതായി സ്വയം തോന്നിത്തുടങ്ങും. പരിചിതമായ വാക്കുകൾ മറന്നുപോവുക, എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെയെന്നത് മറന്നുപോവുക തുടങ്ങിയവ സംഭവിക്കാം. പതിവായി ചെയ്യുന്ന കാര്യങ്ങൾ ചെയ്തുതീർക്കാൻ മുൻപില്ലാത്ത പ്രയാസം അനുഭവപ്പെടാം.

രണ്ടാം ഘട്ടം (Middle Stage - Moderate):

ഗുരുതരമായ സ്ഥിതിയല്ല; എന്നാൽ, അത്ര നിസ്സാരവുമല്ല. ഇതാണ് രണ്ടാം ഘട്ടം. രോഗബാധിതരിൽ ഏറ്റവുമധികം കാലം നീണ്ടുനിൽക്കുക ഈ ഘട്ടമാണ്. വർഷങ്ങളോളം തുടരാവുന്ന ഈ അവസ്ഥയിൽ രോഗിക്ക് വലിയ പരിചരണവും ശ്രദ്ധയും വേണം. ഈ ഘട്ടത്തിൽ ഓർമക്ഷയം (Dementia) വളരെ പ്രകടമാകും. വാക്കുകൾ മനസ്സിലാകാതിരിക്കുക, അപ്രതീക്ഷിതമായി ക്ഷുഭിതരാവുക, പതിവുകാര്യങ്ങൾക്കു പോലും വിസമ്മതിക്കുക, കുളിക്കാൻ തയാറാവാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ വരാം. അറിയാതെ മൂത്രമൊഴിച്ചു പോവുക, എങ്ങോട്ടെന്നറിയാതെ പോവുക തുടങ്ങിയവ സംഭവിക്കാം. ചിലപ്പോൾ ആളെ കാണാതാകും.

മൂന്നാം ഘട്ടം (Late Stage - Severe):

ഈ ഘട്ടത്തിൽ ഓർമക്കുറവ് കലശലാകും. സാഹചര്യങ്ങളോട് പ്രതികരിക്കാൻ കഴിയില്ല. പൂർണമായും പരാശ്രയം വേണ്ടിവരും. നടക്കുക, ഇരിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവ സാധിക്കാതെ വരുന്നു. ആശയവിനിമയം അസാധ്യമാകും. കിടപ്പിലാകുന്ന ഈ ഘട്ടത്തിൽ ന്യൂമോണിയ പോലെയുള്ള അണുബാധക്കും സാധ്യത കൂടുതലാണ്.

ഓർമയുടെ മരണം

ഓർമക്കുറവ് തന്നെയാണ് അൽഷൈമേഴ്സി​െൻറ പ്രധാന ലക്ഷണം. ഒരിക്കൽ പറഞ്ഞുകൊടുത്ത കാര്യം വീണ്ടും ചോദിക്കും.

ചിന്താശേഷി ഉപയോഗിച്ച് തീരുമാനമെടുക്കാൻ കഴിയാതെ വരും. തീയിൽ തൊട്ടാൽ കൈ പൊള്ളും, ബാൽക്കണിയുടെ അറ്റത്തേക്കു പോയാൽ താഴെ വീഴും തുടങ്ങിയവ മനസ്സിലേക്ക് കയറില്ല. എന്താണ് അപകടം, ഏതാണ് സുരക്ഷിതം എന്നത് തിരിച്ചറിയാനാകാതെ പോവുന്ന അവസ്​ഥയുണ്ടാകും.

സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുന്നത് ഈ രോഗത്തി​െൻറ ലക്ഷണമാണ്. മുൻപ് വലിയ താൽപര്യമുണ്ടായിരുന്ന കാര്യങ്ങളിൽ താൽപര്യമില്ലാതാവുക, വെറുതെ ദേഷ്യപ്പെടുക, അകാരണമായി വിഷമിക്കുക, ദുഃഖിതനാവുക, വിഷാദഭാവം, മറ്റുള്ളവരോട് സ്നേഹം കാണിക്കാതിരിക്കുക, അനുചിതമായ കാട്ടിക്കൂട്ടലുകൾ, സന്ദർഭത്തിനു ചേരാത്ത പ്രവൃത്തികൾ തുടങ്ങിയവയൊക്കെ വരാം. നടക്കുമ്പോൾ ബാലൻസ് നഷ്​ടപ്പെടുന്നതും ഇടയ്ക്കിടെ വീഴുന്നതും ഇതി​െൻറ ശാരീരിക ലക്ഷണങ്ങളായി വരാറുണ്ട്.

എങ്ങനെ തിരിച്ചറിയാം?

അൽഷൈമേഴ്സ് രോഗം ബാധിച്ചുവെന്ന് രോഗം സ്വയം തിരിച്ചറിയുകയല്ല, മറ്റുള്ളവർ മനസ്സിലാക്കുകയാണ് ചെയ്യുക. ഓർമപരിശോധന, ന്യൂറോളജിക്കൽ ഫങ്ഷൻ പരിശോധന, രക്തപരിശോധന, മൂത്രപരിശോധന, സി.ടി./എം.ആർ.ഐ. സ്കാൻ തുടങ്ങിയവയിലൂടെ രോഗനിർണയം നടത്താം.

രോഗം ഭേദമാകുമോ?

രോഗം പൂർണമായും ഭേദമാക്കാവുന്ന ചികിത്സകളില്ല. എന്നാൽ ഇതി​െൻറ ലക്ഷണങ്ങളും പ്രശ്നങ്ങളും കുറയ്ക്കാൻ ഉതകുന്ന ചികിത്സയും പരിചരണവും ലഭ്യമാണ്. രോഗിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവർത്തനങ്ങളിലും വരുന്ന മാറ്റങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് വഴി. പരിചരിക്കുന്നവരുെട ക്ഷമ പരീക്ഷിക്കുന്ന രോഗമാണിത്. കാര്യങ്ങൾ മനസ്സിലാക്കി രോഗിയോട് പെരുമാറുക അത്യന്തം ശ്രമകരമാണ്.

തടയാൻ എന്തുചെയ്യാം?

  • പതിവായി വ്യായാമം ചെയ്യുക
  • ആരോഗ്യകരമായ ഭക്ഷണശീലം
  • ഹൃദയാരോഗ്യം ശ്രദ്ധിക്കുക
  • ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, രക്താതിസമ്മർദം എന്നിവ സംബന്ധിച്ച് യഥാസമയം പരിശോധനകൾ നടത്തുക
  • മസ്തിഷ്കത്തെ സജീവമായി നിർത്താൻ ശ്രമിക്കുക
(കേരളത്തിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന സൈക്യാട്രിക് കണ്‍സൽട്ടന്‍റും കോഴിക്കോട് രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റൽ മേധാവിയുമാണ് ലേഖകന്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Alzheimer’s Day
News Summary - Alzheimers disease Symptoms and Causes
Next Story