ചർമരോഗങ്ങൾക്ക് മനസ്സുമായി ബന്ധമുണ്ടോ?
text_fieldsനമ്മുടെ തൊലിപ്പുറത്ത് കാണപ്പെടുന്ന രോഗങ്ങളും മാനസികാരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ എക്ടോഡെം (ectoderm) എന്ന ഭാഗത്തുനിന്നാണ് തലച്ചോറും ത്വക്കും ഉത്ഭവിക്കുന്നത്.
പ്രധാനമായും മൂന്നു രീതിയിൽ മനോരോഗങ്ങൾ ചർമത്തെ ബാധിക്കും
1. ചിലതരം മാനസികപ്രശ്നങ്ങളുള്ള വ്യക്തികൾ സ്കിൻ ചികിത്സയാണ് ആവശ്യപ്പെടുക. ഉദാഹരണത്തിന്, ശരീരം മുഴുവൻ പ്രാണികൾ കുടിയിരിക്കുന്നു എന്ന ചിന്തയുള്ളവർ (Delusions of parasitosis). അതൊരു മാനസികാരോഗ്യ പ്രശ്നമാണ് എന്ന ബോധ്യം അവർക്കുണ്ടാവില്ല. ഈ രോഗിക്ക് ചർമരോഗ ചികിത്സകൊണ്ട് ഫലമുണ്ടാവില്ല, മനോരോഗ ചികിത്സയാണ് വേണ്ടത്.
2. സോറിയാസിസ് പോലുള്ള ചർമരോഗം ബാധിച്ച ചിലർ വിഷാദരോഗികളായി മാറുന്നു.
3. സാധാരണ കാണപ്പെടുന്ന പല ചർമരോഗങ്ങളും ജീവിതത്തിലെ ടെൻഷനും സ്ട്രെസും മൂലം വർധിക്കുന്നത് അതിസാധാരണമാണ്.
ചർമരോഗവുമായി വരുന്ന രോഗികൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് വിശദമായ നിരീക്ഷണവും രോഗത്തിന്റെ ചരിത്രവും പരിശോധിച്ച് കണ്ടെത്താനാവും. ചർമരോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യപ്രശ്നങ്ങളെ നേരത്തേ തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും വേണം. അല്ലാതെ ചർമരോഗത്തിനു മാത്രം ചികിത്സ നൽകുന്നതുകൊണ്ട് രോഗി സുഖപ്പെടുകയില്ല.
ശരിയായ സമയത്ത് കൃത്യമായ ചികിത്സ നൽകിയാൽ പൂർണ ആരോഗ്യം തിരിച്ചുകിട്ടുമായിരുന്ന പലരുടെയും മനോനില വഷളാകാനും ഇത് വഴിവെക്കും. ചിലർ സ്വയംഹത്യക്കുപോലും ഒരുമ്പെട്ടുവെന്നും വരാം.
മനോജന്യ ചർമരോഗങ്ങളുടെ ചികിത്സ എങ്ങനെ?
ഇത്തരം രോഗങ്ങൾക്ക് ചർമരോഗചികിത്സയും മനോരോഗ ചികിത്സയും ഒന്നിച്ചുനൽകേണ്ടതുണ്ട്. അതിന് ഒരു സ്കിൻ സ്പെഷലിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാസ്ട്രിസ്റ്റ് എന്നിങ്ങനെ മൂന്നു മേഖലയിലുള്ള ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. ഈ മൂന്നു വിഭാഗവും ഒരുമിച്ചിരുന്ന് പ്രവർത്തിക്കുന്ന ക്ലിനിക് സംവിധാനം ഏറെ ഫലപ്രദമാവും. അല്ലാത്തപക്ഷം ഈ മേഖലയിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനം തേടണം.
(കോഴിക്കോട് മെഡിക്കൽ കോളജിലെ ചർമരോഗവിഭാഗം പ്രഫസറും സൗത്ത് ഏഷ്യൻ സൊസൈറ്റി ഓഫ് സൈക്കോഡെർമറ്റോളജി പ്രസിഡന്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.