കരുതിയിരിക്കണം കള്ളനാണയങ്ങളെ
text_fieldsഏതാനും ദിവസത്തെ ഉപയോഗം കൊണ്ട് സായിപ്പിനെപ്പോലെ വെളുപ്പിക്കുന്ന ക്രീം, കുടവയറും അമിതവണ്ണവും കുറച്ചുതരുന്ന ഓയിൽ, ആഴ്ചകൾകൊണ്ട് പ്രമേഹവും കൊളസ്ട്രോളും മാറ്റുന്ന അത്ഭുതമരുന്ന്... യൂട്യൂബും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പൊടിപൊടിക്കുന്ന കച്ചവടങ്ങളാണ് ഇതെല്ലാം. ഏതാനും ക്ലിക്കുകൾകൊണ്ട് പണമടച്ച് ബുക്ക് ചെയ്യുന്നത് മരുന്നുകളല്ല, മരണമാണ്.
വെളുക്കാൻ തേച്ച് വൃക്കരോഗം വരുത്തിവെച്ചവർ ഒരുപാടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിന് ഡോക്ടർ നിർദേശിച്ച മരുന്നുകൾ മുന്നും പിന്നും നോക്കാതെ നിർത്തി യൂട്യൂബ് വൈദ്യന്മാർ നിർദേശിച്ച പച്ചമരുന്നിലേക്ക് മാറി രോഗം മൂർച്ഛിച്ച് കാലു മുറിക്കേണ്ടിവന്നവരും നിരവധി. ഓൺലൈനായി വിൽക്കുന്നവയിൽ ഉത്തേജക മരുന്നുകൾമുതൽ നിരോധിത മരുന്നുകൾവരെ ഉണ്ടെന്നാണ് വിവരം. മരുന്നെത്തിച്ച് നൽകാൻ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഏജൻറുമാരും പ്രവർത്തിക്കുന്നു.
ഫാക്ടറികളിൽ നിർമിച്ച് വിപണിയിൽ എത്തിക്കുന്ന പ്രോട്ടീൻ പൗഡർപോലുള്ള ന്യൂട്രാസ്യൂട്ടിക്കലുകൾ ഫലത്തിൽ മരുന്നിന്റെ സ്വഭാവമുള്ളവയാണെങ്കിലും മരുന്നിന്റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ടുതന്നെ മരുന്നുമായി ബന്ധപ്പെട്ട ഒരു ചട്ടവും ബാധകമല്ല. നിരോധിക്കുന്ന മരുന്നുകൾ പലപ്പോഴും വേഷം മാറി ഓൺലൈനിൽ എത്താറുണ്ട്.
ഓൺലൈൻ വിപണിയിൽ ലഭ്യമായ സൗന്ദര്യവർധക മരുന്നുകൾക്ക് സ്കൂൾ വിദ്യാർഥികൾക്കിടയിൽപോലും വ്യാപക പ്രചാരമുണ്ട്. ഇവയിൽ 90 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമാണ് എത്തുന്നത്. ഡ്രഗ്സ് ആൻഡ് നാർകോട്ടിക് ആക്ടിലെ നിയന്ത്രണങ്ങളൊന്നും ഇതിന് ബാധകമല്ല എന്നതാണ് മറ്റൊരു ദുരന്തം.
മെഡിക്കൽ സ്റ്റോറുകൾക്ക് മേൽ പലവിധ നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്ന സർക്കാർ, ആശുപത്രികൾ വഴിയുള്ള ആന്റിബയോട്ടിക് വിൽപനക്കും ഓൺലൈൻ മരുന്നുകൾക്കും ഒരു പരിശോധനയും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) സംസ്ഥാന പ്രസിഡന്റ് എൻ.എ. മോഹൻ പറയുന്നു. ഗുണനിവാരമില്ലാത്ത മരുന്നുകളുടെ വ്യാപനം ഉയർത്തുന്ന ഭീഷണി ചെറുതല്ല. പ്രമുഖ ബ്രാൻഡുകളിലെ മരുന്നുകളുടെ വ്യാജന്മാർ ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലും എത്തുന്നുണ്ടെന്ന് മരുന്ന് വ്യാപാരികൾ പറയുന്നു.
പ്രധാനമായും അർബുദം, വൃക്കരോഗം, പ്രമേഹം, കരൾ രോഗം ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വ്യാജന്മാരാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും അല്ലാതെയും വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച പരാതികളെത്തുടർന്ന് വ്യാജമരുന്നും ഗുണനിലവാരമില്ലാത്തവയും കണ്ടെത്താൻ ‘ഓപറേഷൻ ഡബിൾ ചെക്ക്’ എന്ന പേരിൽ കർശന പരിശോധന നടത്തിയെങ്കിലും അത്തരം മരുന്നുകൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്കുമാർ പറയുന്നത്.
വ്യാജമരുന്നും പുറത്തുനിന്ന്
കേരളത്തിൽ വ്യാജമരുന്ന് നിർമാണം കണ്ടെത്തിയിട്ടില്ലെങ്കിലും ചേരുവയും ഡോസും സംബന്ധിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇതരസംസ്ഥാനങ്ങളിൽ നിർമിക്കുന്ന മരുന്നുകൾ സംസ്ഥാനത്ത് ധാരാളമായി എത്തുന്നുണ്ട്. ഡ്രഗ് ലൈസൻസിന് പകരം ഭക്ഷ്യോൽപന നിർമാണ ലൈസൻസാണ് ഇതിന് ഉപയോഗിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (ഡി.സി.എ) അടുത്തിടെ തെലങ്കാനയിൽനിന്ന് ശേഖരിച്ച 1500 മരുന്ന് സാമ്പിളുകളിൽ 58 എണ്ണം വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.
യഥാർഥ മരുന്നുമായി പ്രകടമായ വ്യത്യാസമില്ലാത്ത ഇവയിൽ പലതും ഗുരുതര പാർശ്വഫലങ്ങൾ ഉള്ളവയാണ്. ജി.എസ്.ടി നടപ്പാക്കിയതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് അനധികൃത സ്രോതസ്സ് വഴി വ്യാജമരുന്ന് കേരളത്തിൽ എത്തുന്നുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഓൺലൈനായി മരുന്ന് വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം 2018ൽ ഇ-ഫാർമസി കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഓൺലൈൻ മരുന്ന് വ്യാപാരത്തിന് കേന്ദ്ര ലൈസൻസിങ് അതോറിറ്റിയുടെ രജിസ്ട്രേഷൻ ഉണ്ടായിരിക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. മയക്കുമരുന്നും ഉറക്കഗുളികകളും ഓൺലൈനായി വിൽക്കരുതെന്നും വിൽപന കൂട്ടാൻ പരസ്യം നൽകരുതെന്നുമായിരുന്നു മറ്റ് നിർദേശങ്ങൾ. നിരോധിച്ച മരുന്നുകൾ ഓൺലൈനിൽ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസും പറയുന്നു. എന്നാൽ, ഓൺലൈൻ ഫാർമസികൾ ഇപ്പോഴും സജീവമാണ്.
തട്ടിപ്പ് ആയുർവേദത്തിന്റെ മറവിലും
ആയുർവേദ മരുന്നുകളോട് മലയാളിക്ക് ഒരു ആത്മബന്ധമുണ്ട്. എന്നാൽ, ആയുർവേദത്തിലുള്ള ആ പരമ്പരാഗത വിശ്വാസം മുതലെടുത്ത് വ്യാജമരുന്നുകൾ വിറ്റഴിക്കുകയാണ് ചിലരെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് മീഡിയ സെൽ ചെയർമാൻ ഡോ. എം.എസ്. നൗഷാദ് പറയുന്നു. ഓൺലൈൻ വഴിയും വീടുവീടാന്തരം കയറിയിറങ്ങിയും വിൽക്കുന്ന വ്യാജ മരുന്നുകൾ ആയുർവേദം അപകടമല്ലെന്ന ആത്മവിശ്വാസത്തിൽ കൃത്യമായ രോഗനിർണയം പോലും നടത്താതെ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്.
ഒറ്റമൂലിയായും ആയുഷ് സർട്ടിഫിക്കേഷനുള്ള ഫുഡ് സപ്ലിമെന്റായുമൊക്കെയാണ് ഇത്തരം മരുന്നുകളെ പരിചയപ്പെടുത്തുന്നത്. എന്നാൽ, അത്തരമൊരു സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആയുഷ് വകുപ്പുതന്നെ വ്യക്തമാക്കുന്നു. ആയുർവേദ മരുന്ന് നിർമാണത്തിനും വിൽപനക്കും ഡ്രഗ് ലൈസൻസും ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് (ജി.എം.പി) സർട്ടിഫിക്കേഷനും നിർബന്ധമാണെങ്കിലും ഇതൊന്നുമില്ലാതെയും ഔഷധനിർമാണം നടക്കുന്നുണ്ട്.
ഇത്തരം മരുന്നുകൾ ചെറുതും വലുതുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത ആയുർവേദ ഡോക്ടറുടേതല്ലാത്ത എല്ലാത്തരം നിർദേശങ്ങളും വ്യാജചികിത്സയുടെ പരിധിയിൽ വരുമെന്നും അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കേരള മെഡിക്കൽ കൗൺസിൽ അംഗം ഡോ. സാദത്ത് ദിനകർ പറഞ്ഞു.
(തുടരും)
മരുന്നെഴുത്ത് ശീലത്തിലും മാറ്റം വേണം
ഡോ. മുബാറക് സാനി (ചെയർമാൻ, ആരോഗ്യ വിഷയസമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്, പ്രഫസർ ആൻഡ് ഹെഡ്, കമ്യൂണിറ്റി മെഡിസിൻ, എം.ഇ.എസ് മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ)
മരുന്ന് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. അമിത ഉപയോഗം കരൾ, വൃക്ക, രക്തക്കുഴലുകൾ എന്നിവയെയെല്ലാം ഗുരുതരമായി ബാധിക്കും. മരുന്നിനോടോപ്പം ഒരാവശ്യവുമില്ലാത്ത മറ്റ് മരുന്നുകൾ (ഡ്രഗ്സ് കോമ്പിനേഷൻസ്) എന്ന രീതി ആരോഗ്യകരമല്ല. അമിതമായി മരുന്നിനെ ആശ്രയിക്കുമ്പോൾ നല്ല ഭക്ഷണം, ശരിയായ വ്യായാമം, വിശ്രമം എന്നിവയെല്ലാം അവഗണിക്കപ്പെടുകയാണ്. ഉപയോഗശൂന്യമായ മരുന്നും കുപ്പികളും അനുബന്ധ വസ്തുക്കളും കലർന്നാൽ മണ്ണും വെള്ളവും രാസവിഷമാകും.
ഇക്കാര്യത്തിൽ സ്കൂൾ പാഠ്യപദ്ധതിയിലടക്കം ശരിയായ ബോധവത്കരണം വേണം. ഡോക്ടർമാരുടെ മരുന്നെഴുത്ത് ശീലത്തിലും മാറ്റം ആവശ്യമാണ്. ഓൺലൈൻ മരുന്ന് വിൽപന നിരുത്സാഹപ്പെടുത്തണം. ശാസ്ത്ര-ബോധം വളർത്തുകയും എല്ലാ മരുന്നിനും ഗുണമേന്മ ഉറപ്പാക്കുകയും വേണം. മരുന്നിന് പരസ്യങ്ങൾ ആവശ്യമില്ല. മരുന്ന്, ചികിത്സാ മേഖലകളിലെ അമിത ലാഭചിന്തയും മത്സരവും ഒഴിവാക്കണം.
വേദനസംഹാരികളെ സൂക്ഷിക്കണം
ഡോ. പി.കെ. സുനിൽ (ജനറൽ സെക്രട്ടറി, കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ)
രോഗലക്ഷണം കാണുമ്പോൾതന്നെ സ്പെഷലിസ്റ്റ് ഡോക്ടറെ തേടി പോകുന്നവരാണ് പലരും. പ്രാഥമിക ചികിത്സ നടത്തുകയും വിശ്രമിക്കുകയും ചെയ്തിട്ടും രോഗം നീണ്ടുനിൽക്കുകയും ലക്ഷണങ്ങൾ ഗുരുതരമാകുകയും ചെയ്താൽ തീർച്ചയായും വിദഗ്ധ ചികിത്സ തേടണം. ഏത് ചെറിയ രോഗത്തിനും ഉടൻ മരുന്ന് അന്വേഷിച്ച് പോകുന്നവരാണ് മലയാളികൾ. ചെറിയൊരു പനി വന്നാൽപോലും പലരും പഴയ കുറിപ്പടിവെച്ച് മരുന്ന് വാങ്ങുകയോ ഡോക്ടറോട് ആന്റിബയോട്ടിക് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണതയുണ്ട്. വേദനസംഹാരികളുടെ അമിത ഉപയോഗമാണ് മറ്റൊരു പ്രശ്നം. വർഷങ്ങളോളം തുടർച്ചയായി വേദനസംഹാരികൾ കഴിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഏത് മരുന്നും ഡോക്ടറുടെ നിർദേശാനുസരണം മാത്രം കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.