ചിക്കൻപോക്സിനെ സൂക്ഷിക്കുക
text_fieldsവേനൽകാലമായതോടെ പകർച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. ചിക്കൻപോക്സ് പടർന്നുപിടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നു ആരോഗ്യവകുപ്പ്. വേരിസില്ലാ സോസ്റ്റർ എന്ന വൈറസ് മൂലമുണ്ടാവുന്ന ചിക്കൻപോക്സ് കുട്ടികൾക്ക് വരുന്ന ഒരു സാധാരണ അസുഖമായാണ് വിലയിരുത്തപ്പെടുന്നത്.
ഏതാനും ദിവസങ്ങളുടെ പ്രയാസങ്ങൾക്കും ഔഷധസേവക്കും ശേഷം ഭേദമാവുകയും ചെയ്യും. എന്നാൽ, ഇത് നിസ്സാരമായി തള്ളിക്കളയാവുന്ന അസുഖമല്ല. ചിക്കൻപോക്സിനോട് അനുബന്ധിച്ചുവരുന്ന ന്യൂമോണിയ പ്രായമായവരെ ഗുരുതരാവസ്ഥയിലാക്കാറുണ്ട്, മരണത്തിൽ കലാശിക്കുന്ന കേസുകളും നിരവധിയുണ്ട്.
നെഫ്രൈറ്റിസ് (Nephritis), മയോകാർഡയ്റ്റിസ് (Myocarditis). സെറിബെല്ലാർ അറ്റാക്സിയ (Cerebellar ataxia), മെനിഞ്ചൈയ്റ്റിസ് (Meningitis), എൻസെഫലൈറ്റിസ് (Encephalitis) എന്നിവയും ചിക്കൻപോക്സിനോടൊപ്പം വരാറുണ്ട്.
നൂറ്റിഅമ്പതു മുതൽ ഇരുന്നൂറ്റി ഇരുപത് (150-220) നാനോ മീറ്റർ വലുപ്പമുള്ള വേരിസില്ലാ സോസ്റ്റർ വൈറസുകൾക്ക് കൊഴുപ്പുകൊണ്ടുള്ള ഒരു പുറംചട്ടയുമുണ്ട്. ചിക്കൻപോക്സ് ബാധിതരിൽനിന്നോ ഹെർപ്പിസ് സോസ്റ്റർ രോഗിയിൽനിന്നോ ചിക്കൻപോക്സ് രോഗാണുക്കൾ പകരാം. ഇത് കണ്ണിലൂടെയും ശ്വാസനാളിയിലൂടെയുമാണ് പകരുന്നത്. ഏഴുമുതൽ ഇരുപത്തിമൂന്നു (23) ദിവസംവരെ ഇൻകുബേഷൻ കാലാവധിയുള്ള ഈ രോഗത്തിന്റെ ആരംഭഘട്ടത്തിലാണ് മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്.
ഒന്നു രണ്ട് ദിവസത്തെ ചെറിയ പനിയും ദേഹത്ത് ചുവന്ന തടിപ്പുകളുമാണ് ചിക്കൻപോക്സിന്റെ ആദ്യലക്ഷണങ്ങൾ. വായിലും വ്രണങ്ങൾ രൂപപ്പെടുന്നതിനാൽ രോഗിക്ക് ആഹാരം കഴിക്കാൻ ബുദ്ധിമുട്ടാവും. ശിരസ്സിന്റെ പുറംതൊലിയിലും രോമങ്ങൾക്കിടയിലും തുടങ്ങി ശരീരത്തിലും കൈകാലുകളിലും തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു.
ദേഹത്ത് തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പും അഞ്ച് ദിവസം കഴിഞ്ഞും ഒരു രോഗിയിൽനിന്ന് മറ്റുള്ളവർക്ക് പടർന്നേക്കാം. സാധാരണ ദേഹത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന തടിപ്പുകൾ വലുതായി കുമിളപോലെ പഴുപ്പ് നിറഞ്ഞ് പൊരുക്ക (scab) ആവുന്നു. ഈ തടിപ്പുകൾ ശരീരത്തിന്റെ മധ്യഭാഗത്താണ് (Trunk) കൂടുതലായി ഉണ്ടാവുന്നത്. ഇവ തൊലിക്കുള്ളിൽ കടക്കാതെ തൊലിപ്പുറത്ത് മാത്രമേ ബാധിക്കുന്നുള്ളൂ.
ഒരു മഞ്ഞുതുള്ളി തൊലിയിൽ പറ്റിയിരിക്കുന്നതുപോലെയാണ് ഓരോ പൊങ്ങലും കാണപ്പെടുക. രോഗം തുടങ്ങി ആദ്യത്തെ 4-5 ദിവസം ഏറ്റവും കൂടുതൽ തടിപ്പുകൾ വരുകയും നാൽപത്തെട്ടു മണിക്കൂറുകൾക്കുള്ളിൽ ‘പൊരുക്ക’ ഇളകിപ്പോവുകയും ചെയ്യും. ഒരുരോഗിയിൽ പലഘട്ടത്തിലുള്ള പൊങ്ങലുകൾ /തടിപ്പുകൾ കാണാവുന്നതാണ്. വലിയ പൊങ്ങലുകൾ വന്നാൽ പൊരുക്ക ഇളകിയശേഷം ആഭാഗം കുഴിയാവും.
ഗർഭിണികളിലും കുഞ്ഞുങ്ങളിലും അപകടകാരിയായ ഈ വൈറസ് പൊക്കിൾക്കൊടി കടന്ന് ഗർഭസ്ഥശിശുവിൽ രോഗം പകർത്തുകയും കുഞ്ഞിന് ജന്മവൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഗർഭത്തിന്റെ ആദ്യപകുതിയിലാണെങ്കിൽ കുഞ്ഞുങ്ങൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാവില്ല. അവർക്ക് ‘ഫീറ്റൽ വേരിസെല്ല സിൻഡ്രോം’ എന്ന പ്രതിഭാസം / രോഗമാണുണ്ടാവുക. ഇത്തരം കുഞ്ഞുങ്ങളുടെ ത്വക്കിൽ മുറിവ് ഉണങ്ങി ഉണ്ടാവുന്ന തഴമ്പുകൾ (Cicatrising), കൈകാലുകൾക്ക് അപൂർണ വളർച്ച (hypoplasia), കണ്ണിനെ ബാധിക്കുന്ന കോറിയോറെറ്റിനൈറ്റിസ് (Chorioretinitis), നാഡീസംബന്ധമായ കുറവുകൾ (CNS defects) എന്നിവയും കാണപ്പെടുന്നു.
ചില കുഞ്ഞുങ്ങളിൽ മേൽപറഞ്ഞ വൈകല്യങ്ങൾ കാണുകയില്ല. പക്ഷേ, അവരിൽ രോഗബാധ ഉണ്ടാവാനുള്ള സാധ്യതകളുണ്ട്. പ്രസവത്തോട് അടുപ്പിച്ചാണ് അമ്മക്ക് ചിക്കൻപോക്സ് വരുന്നതെങ്കിൽ പ്രസവിച്ച് രണ്ട് ആഴ്ചകൾക്കകം കുഞ്ഞിന് ജന്മനാ ഉണ്ടാവുന്ന ചിക്കൻപോക്സ് (Congenital neonatal varicella) ഉണ്ടാവും. പ്രസവത്തിന് ഒരാഴ്ചക്ക് മുമ്പാണ് അമ്മക്ക് തടിപ്പുകൾ വന്നതെങ്കിൽ കുഞ്ഞിലേക്ക് വൈറസും ആന്റിബോഡിയും പ്ലാസന്റയിലൂടെ (പൊക്കിൾക്കൊടി) കടന്നിരിക്കും.
പ്രസവത്തിന് ഒരാഴ്ചക്കകത്തോ രണ്ടുദിവസം മുമ്പോ ആണ് രോഗം ബാധിച്ചതെങ്കിൽ കുഞ്ഞിന് വൈറസ് മാത്രം കിട്ടുകയും നിയോനേറ്റൽ വേരിസെല്ല എന്ന രോഗം (neonatal varicella) വരുകയും ചെയ്യുന്നു. ഗുരുതരമായ ഈ അവസ്ഥയിൽ കുഞ്ഞിന് ന്യുമോണിയയും എൻസെഫലൈറ്റിസും ബാധിക്കുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് അടിയന്തരമായി വേരിസെല്ല സോസ്റ്റർ വൈറസിന്റെ ആന്റിസിറവും കീമോതെറാപ്പിയും നൽകേണ്ടിവരും.
നിവാരണവും ചികിത്സയും
1974 ൽ ജപ്പാനിലെ തകഹാഷി എന്ന ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത അതിശൈത്യത്തിൽ (-20°C) സൂക്ഷിക്കേണ്ട ലൈവ് വാക്സിൻ നിലവിലുണ്ട്. OKA എന്ന രോഗിയിൽനിന്നെടുത്ത ചിക്കൻപോക്സ് വൈറസിനെ (OKA strain) ശക്തിയില്ലാതാക്കിയാണ് (attenuate) ഈ വാക്സിൻ രൂപപ്പെടുത്തിയിരിക്കുന്നത്.
ഈ വാക്സിൻ 2- 8°C ഊഷ്മാവിൽ (ഫ്രിഡ്ജ്) സൂക്ഷിക്കാവുന്നതരത്തിൽ പൊടിരൂപത്തിലാക്കിയ വാക്സിൻ ഇന്ന് നിലവിലുണ്ട്. എല്ലാവർക്കും സുരക്ഷിതവും പ്രയോജനകരവുമായ ഈ വാക്സിൻ ഗർഭിണികളിൽ പക്ഷേ, സുരക്ഷിതമല്ല.
രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും മുതിർന്നവർക്കും വേരിസെല്ല ന്യുമോണിയ ഉള്ളവർക്കും വേരിസെല്ല സോസ്റ്റർ വ്യാപിച്ച് എൻസെഫലൈറ്റിസ് രോഗമുള്ളവർക്കും (ഡിസ്സെമിനേറ്റഡ് എൻസെഫലൈറ്റിസ്), പ്രത്യേക ചികിത്സ ആവശ്യമായിവരും. രോഗികൾക്ക് സ്റ്റിറോയിഡുകൾ കൊടുക്കാൻ പാടില്ല. ശരീരം മുഴുവനും രോഗം ബാധിക്കുമെന്നതിനാലാണിത്.
(തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ട. മെഡിക്കൽ മൈക്രോ ബയോളജിസ്റ്റും വൈറസ് രോഗങ്ങൾ സംബന്ധിച്ച പുസ്തകത്തിന്റെ രചയിതാവുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.