ഭക്ഷ്യവിഷബാധക്കെതിരെ ജാഗ്രതപുലർത്താം...
text_fieldsകണ്ണൂർ: മട്ടന്നൂരിൽ ജ്യൂസ് കടയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് പത്തോളം പേർ ചികിത്സതേടിയ സാഹചര്യത്തിൽ പൊതുജനങ്ങളും സ്‌കൂള്‍, ഹോസ്റ്റല്‍ അധികൃതരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഹോട്ടല്‍ ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലും സ്‌കൂളിലും ഹോസ്റ്റലിലുമുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധയേല്‍ക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി മാറ്റുന്നതും അണുബാധയിലേക്ക് വഴിയൊരുക്കുന്നതും. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം.
പൊടിപടലങ്ങളില്‍നിന്നും മലിനജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം. വിഷബാധ ഗുരുതരമല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. രോഗിയുടെ ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം.
ഛര്‍ദി ആവര്‍ത്തിക്കുക, ഒരുദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.
ഭക്ഷ്യവിഷബാധയുടെ കാരണങ്ങള്‍
• മലിനജലത്തിന്റെ ഉപയോഗം
• പാചകം ചെയ്യുന്നവരുടെ ശുചിത്വമില്ലായ്മ
• പാചകം ചെയ്യാനുപയോഗിക്കുന്ന വസ്തുക്കളില്‍ മാലിന്യം കലരുന്നത്
• ഭക്ഷണം പാചകംചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളില്‍നിന്ന്
• ഭക്ഷണം പാചകം ചെയ്തതിനുശേഷം സൂക്ഷിക്കുന്ന പാത്രങ്ങളില്‍നിന്ന്
• ഈച്ച, പാറ്റ, പല്ലി തുടങ്ങിയ മുഖേന
• ഇറച്ചി, മീന്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിക്കുന്നില്ലെങ്കില്‍
ലക്ഷണങ്ങള്‍
• ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന
• ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസംവരെ നീണ്ടുനില്‍ക്കുന്ന ഇടവേളക്കുശേഷമോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
• ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണംവരെ സംഭവിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.