കാൻസർ പരിചരണം... നികത്തപ്പെടേണ്ട വിടവുകൾ
text_fieldsഫെബ്രുവരി നാലിന് വീണ്ടുമൊരു ലോക അർബുദ ദിനാചരണം കൂടി കടന്നുപോയിരിക്കുകയാണ്. ‘close the care gap’ (പരിചരണത്തിലെ വിടവുകൾ കണ്ടെത്തി നികത്തുക) എന്നതായിരുന്നു ദിനാചരണ പ്രമേയം. ഇന്ത്യയിൽ ഒരുവർഷം ഏകദേശം 14 ലക്ഷം പുതിയ അർബുദ ബാധിതർ ഉണ്ടാകുന്നെന്നാണ് കണക്കുകൾ. അപകടങ്ങളും ഹൃദയാഘാതവും കഴിഞ്ഞാൽ രാജ്യത്ത് കൂടുതൽ ആളുകളുടെ മരണകാരണവും ഈ മഹാമാരിതന്നെ.
എന്തൊക്കെയാണ് കാൻസർ പരിചരണത്തിലെ വിടവുകൾ?
സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തിതലം, കുടുംബതലം, സാമൂഹിക-രാഷ്ട്രീയതലം എന്നിങ്ങനെ സമൂഹത്തിന്റെ പല തലങ്ങളിൽ വിടവുകൾ ദൃശ്യമാകും. ഇതുകൂടാതെ രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ, സാന്ത്വനചികിത്സ തുടങ്ങിയ മേഖലകളിലുമുണ്ട് വിടവുകൾ.
രോഗപ്രതിരോധം
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്നകാര്യത്തിൽ ആർക്കുമുണ്ടാവില്ല എതിരഭിപ്രായം. രോഗംവരാതെ നോക്കുന്നതും വന്നാൽ നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുന്നതും രോഗപ്രതിരോധത്തിന്റെ രണ്ട് തലങ്ങളാണ്. രോഗം വരാതെ നോക്കാൻ രോഗത്തിന് കാരണഹേതു ആകുന്ന ഘടകങ്ങളെ (റിസ്ക് ഫാക്ടറുകളെ) ദൈനംദിന ജീവിതത്തിൽനിന്ന് അകറ്റിനിർത്തണം. അത് രോഗത്തെപ്പറ്റിയും രോഗകാരണങ്ങളെപ്പറ്റിയും സമൂഹത്തിൽ വ്യക്തമായ ധാരണ വളർത്തൽ അത്യാവശ്യമാണ്. ശരീരംനൽകുന്ന അപകടസൂചനകളെ നേരത്തേ തിരിച്ചറിയാൻ സാധിച്ചാൽ നേരത്തേ അസുഖം കണ്ടുപിടിക്കാനും പരിപൂർണമായി രോഗത്തെ തുടച്ചുനീക്കാനും കഴിയും. കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ പല രാജ്യങ്ങളിലും സാർവത്രികമാണ്. എന്നാൽ, നമ്മുടെ രാജ്യത്ത് സാധാരണയായി കാണപ്പെടുന്ന കാൻസറുകൾക്ക് സർക്കാർ തലത്തിൽ സ്ക്രീനിങ് സംവിധാനം ഇല്ല. ഈ ദുരവസ്ഥ കാരണം പലപ്പോഴും മിക്ക അർബുദവും രോഗബാധയുടെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് കണ്ടെത്താനാവാറ്. തൽഫലമായി കാൻസർ മൂലമുള്ള ദുരിതങ്ങൾ നമ്മുടെ ആളുകൾ വലിയ തോതിൽ അനുഭവിക്കേണ്ടി വരുന്നു.
2- രോഗനിർണയം
ആധുനിക കാലത്ത് രോഗനിർണയത്തിൽ ടീം വർക്കിന് വലിയ പ്രാധാന്യമുണ്ട്. വിദഗ്ധ ഡോക്ടർമാർ, നഴ്‌സ്, ലബോറട്ടറി ടെക്‌നിഷ്യൻ, ടെസ്റ്റുകൾ നടത്താനുള്ള സൗകര്യം, റേഡിയോളജി അനുബന്ധ സേവനങ്ങൾ, പാതോളജി സംവിധാനം ഇവയെല്ലാം സംയോജിച്ച് പ്രവർത്തിച്ചാലേ നിശ്ചിതസമയത്തിനുള്ളിൽ സുവ്യക്തമായ രോഗനിർണയവും നേരത്തേയുള്ള ചികിത്സയും സാധ്യമാകൂ. ഇതിനുള്ള സൗകര്യങ്ങളും നമ്മുടെ രാജ്യത്ത് പൊതുമേഖലയിൽ അപര്യാപ്തമാണ്. ഒരുരോഗിക്ക് അർബുദം സ്ഥിരീകരിച്ച്, സ്റ്റേജ് കണ്ടുപിടിച്ച് ചികിത്സ ആരംഭിക്കുമ്പോഴേക്ക് തന്നെ ഭീമമായ തുക ചെലവായിട്ടുണ്ടാകും. പരിശോധനകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറുമില്ല.
3- ചികിത്സ
കീമോതെറപ്പി, റേഡിയേഷൻ ചികിത്സ, സർജറി -ഈ മൂന്നു രീതികളാണ് അർബുദ ചികിത്സയുടെ നട്ടെല്ല്. ഇതുകൂടാതെ ടാർഗറ്റഡ് തെറപ്പി, ഇമ്യൂണോ തെറപ്പി, മജ്ജ മാറ്റിവെക്കൽ തുടങ്ങി ചെലവേറിയ ചികിത്സകളുമുണ്ട്. ഇവയുടെ ചെലവ് മെഡിസെപ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് കൊണ്ട് സാധ്യമാവില്ല.
അർബുദ ചികിത്സക്ക് ചെലവാകുന്ന പരോക്ഷ ചെലവുകൾ പലപ്പോഴും കണക്കുപുസ്തകത്തിൽ രേഖപ്പെടുത്താത്തവ ആണ്. ഓരോ തവണയും രോഗിയുടെയും ബന്ധുവിന്റെയും ചികിത്സക്കായുള്ള യാത്ര ചെലവ്, ദൂരസ്ഥലങ്ങളിൽപോയി ചികിത്സിക്കുേമ്പാൾ താമസം, ഭക്ഷണം ഇവക്കെല്ലാം ചെലവാകുന്ന പണം, രോഗിയും ബന്ധുവും ജോലിയിൽനിന്ന് വിട്ടുനിൽക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികനഷ്ടം... ഇങ്ങനെ പോവുന്നു പരോക്ഷ ചെലവുകളുടെ ലിസ്റ്റ്. സർക്കാർ ട്രെയിൻ യാത്രയിൽ ഇളവും സന്നദ്ധസംഘടനകൾ കാൻസർ ആശുപത്രിക്കടുത്തായി താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതും ഒരുപരിധിവരെ ആശ്വാസം നൽകുന്നുവെങ്കിലും ഇവയൊന്നും ശാശ്വതപരിഹാരമല്ല. പരോക്ഷ ചെലവുകൾ നേരിടാൻ രോഗികൾക്ക് വീടിനടുത്ത് ചികിത്സ ഒരുക്കുകയാണ് ഏക മാർഗം. എന്നാൽ, കേരളത്തിലെ 14 ജില്ലകളിൽ പകുതിയിൽ മാത്രമേയുള്ളൂ സൗകര്യം. അർബുദ ചികിത്സയുടെ നട്ടെല്ലായ റേഡിയേഷൻ സംവിധാനം. മലപ്പുറംപോലെ ജനസാന്ദ്രത കൂടിയ ജില്ല മൊത്തമായും കോഴിക്കോട് അല്ലെങ്കിൽ എറണാകുളം പോലുള്ള ജില്ലകളെയാണ് റേഡിയേഷൻ, ന്യൂക്ലിയർ മെഡിസിൻ ചികിത്സകൾക്ക് ആശ്രയിക്കാറ്.
4- സാന്ത്വനചികിത്സ
കേരളത്തിലെ സാന്ത്വനചികിത്സ മോഡൽ വിശ്വപ്രസിദ്ധമാണ്. പക്ഷേ പല തെറ്റിദ്ധാരണകളും സാന്ത്വന ചികിത്സയെപ്പറ്റി പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അർബുദ ബാധിതർക്ക് അവസാനകാലഘട്ടത്തിൽ മാത്രമേ സാന്ത്വനചികിത്സ നൽകേണ്ടതുള്ളൂ എന്നതാണ് അതിലൊന്ന്. സത്യത്തിൽ സാന്ത്വനചികിത്സ രോഗികളിൽ അസുഖം കണ്ടുപിടിക്കപ്പെട്ട അന്നുതൊട്ട് തുടങ്ങേണ്ടതാണ്. പലരുടെയും ധാരണ സാന്ത്വനചികിത്സ തുടങ്ങിയാൽ അതൊരു മരണവാറന്റ് ആണെന്നാണ്. യഥാർഥത്തിൽ പല രോഗികളിലും ഇനിയും ആരോഗ്യത്തോടെ ജീവിക്കാനാകുമെന്ന പ്രതീക്ഷ നാമ്പിടീക്കാൻ സാന്ത്വന ചികിത്സ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്.
പ്രതിവിധികൾ എന്തൊക്കെ?
അർബുദ കാരണങ്ങൾ, രോഗലക്ഷണങ്ങൾ, ശരിയായ ചികിത്സരീതികൾ ഇവയെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക. അർബുദ കാരണഹേതു ആയ വസ്തുക്കളെയും രീതികളെയും ജീവിതത്തിൽനിന്ന് മാറ്റിനിർത്താനും എന്തെങ്കിലും അപായസൂചന കണ്ടാൽ നേരത്തേ വൈദ്യസഹായം തേടാനും ഇതുപകരിക്കും. ട്രേഡ് യൂനിയനുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, പി.ടി.എ കമ്മിറ്റികൾ, പള്ളി, അമ്പലം കമ്മിറ്റികൾ, കരയോഗങ്ങൾ, ക്ലബുകൾ, സ്റ്റുഡന്റ്സ് കൗൺസിലുകൾ എന്നിവക്കെല്ലാം അതിൽ വലിയ റോൾ നിർവഹിക്കാനാവും. രോഗനിർണയത്തിനും ചികിത്സക്കും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുക. ചതിക്കുഴികളിൽചെന്ന് ചാടാതിരിക്കുക. എടുത്തു പറയേണ്ട ഒരു ചതിക്കുഴി നവയുഗ മാധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കാൻസർ ലേഖനങ്ങളും വിഡിയോകളുമാണ്. കൃത്യമായ ചികിത്സ നടത്തി വന്നിരുന്ന പലരും ഇത്തരം ക്ഷുദ്രലേഖനങ്ങൾ വായിച്ചും വിഡിയോകളിൽ പറയുന്ന പരമാബദ്ധങ്ങൾ വിശ്വസിച്ചും പാതിവഴിയിൽ ചികിത്സ നിർത്തി അതീവ ദുരിതതരമായ അവസ്ഥകളിൽ എത്തിപ്പെട്ടിട്ടുണ്ട്. ആകയാൽ, അത്തരം അറിവുകൾ സത്യമാണോയെന്ന് പരിശോധിച്ചശേഷം മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കുക.
(കൺസൾട്ടൻറ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.