Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_right'സെറിബ്രല്‍ പാള്‍സി'...

'സെറിബ്രല്‍ പാള്‍സി' എന്ന രോഗാവസ്ഥയും അതിനുള്ള ചികിത്സയും

text_fields
bookmark_border
Cerebral palsy
cancel

ലോകമെമ്പാടുമുള്ള 17 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്ക തളര്‍വാതം. നമ്മുടെ സമൂഹത്തില്‍ സെറിബ്രല്‍ പാള്‍സി അവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച്‌ വരുന്ന അവസ്ഥയിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സെറിബ്രല്‍ പാള്‍സി ബാധിതർ നേരിടുന്ന പ്രശ്നങ്ങളെ സമൂഹത്തിന്‍റെ മുന്നിൽ കൊണ്ട് വരിക എന്ന ഉദ്ദേശത്തോടും കൂടിയാണ് ലോക സെറിബ്രൽ പാൾസി ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്.

ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളില്‍ 500ല്‍ ഒരാള്‍ക്ക്‌ എന്ന നിരക്കില്‍ ഇത്തരം രോഗാവസ്ഥ കാണപ്പെടുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്ര ശാഖകളില്‍ പ്രധാനപ്പെട്ട ഒന്നായ ശിശുരോഗ വിഭാഗത്തെ സംബന്ധിച്ച്‌ ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അവസ്ഥയാണ്‌ 'സെറിബ്രല്‍ പാള്‍സി' എന്ന രോഗാവസ്ഥയും അതിന്‍റെ ചികിത്സയും. ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥ. ഇത്‌ ഒരു രോഗമല്ല. ഒരു അവസ്ഥയാണ്. ഇത്തരം അവസ്ഥയിലുള്ള കുട്ടികളുടെ മസ്തിഷ്കത്തിലെ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ്‌ കൂടുതലായി ക്ഷതം അനുഭവപ്പെടുന്നത്‌.

പ്രധാന കാരണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ അമ്മക്കുണ്ടാകുന്ന അണുബാധകള്‍, വൈറസ്‌ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്‍റെ അമിത ഭാരക്കുറവ്‌, ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്‍റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, ജനന സമയത്ത്‌ കുട്ടി കരയാന്‍ വൈകുന്നത്‌ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങള്‍, മസ്തിഷ്ക സംബന്ധമായ മെനിഞ്ചൈറ്റിസ്‌ എങ്കഫലൈറ്റിസ്‌ പോലെയുള്ള അണുബാധകള്‍, ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊക്കെയും സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥക്ക് കാരണമായേക്കാം.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്‌ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഒരു ശിശുരോഗ വിദഗ്ധന്‍റെ സാന്നിധ്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും വളരെ നേരത്തെ തന്നെ രോഗനിര്‍ണയം നടത്തേണ്ടതുമാണ്‌. രോഗനിര്‍ണയം നടത്തുന്നതിന്‌ ആവശ്യമായ വിശദമായ ജനനചരിത്രം, ശാരീരിക പരിശോധനകള്‍, രക്തപരിശോധനകള്‍, ഇ.ഇ.ജി, സിടി, എം.ആര്‍.ഐ, കേള്‍വി, കാഴ്ച്ച സംബന്ധമായ പരിശോധനകള്‍ എന്നിവ നടത്തേണ്ടത്‌ അനിവാര്യമാണ്‌.

ഒരു കുട്ടിക്ക് സെറിബ്രല്‍ പാള്‍സി ബാധിച്ചു എന്ന് നമുക്ക്‌ എങ്ങനെ നേരത്തെ തിരിച്ചറിയാം?

മുലപ്പാല്‍ വലിച്ച്‌ കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന്‍റെ ബലക്കുറവ്‌ അല്ലെങ്കില്‍ അനിയന്ത്രിതമായ ബലക്കൂടുതല്‍ അനുഭവപ്പെടുക, രണ്ട്‌ മാസം പ്രായം ആയ കുഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാതിരിക്കുകയോ, നമ്മുടെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുക, നാല്‌ മാസം പ്രായം ആയിട്ടും കഴുത്ത്‌ ഉറക്കാതിരിക്കുക, ശരീരത്തിന്‍റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക എന്നിവയോ വളര്‍ന്ന് തുടങ്ങുമ്പോള്‍ അതാത്‌ സമയങ്ങളില്‍, കുട്ടിയുടെ തല ഉറക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തുടങ്ങിയ കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ കുട്ടിക്ക് സാധിക്കാതിരിക്കുകയോ ചെയ്താല്‍ കുട്ടിക്ക് സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയുടെ ലക്ഷണങ്ങളുണ്ടെന്ന് അനുമാനിക്കാം.

തലച്ചോറിന്‌ സംഭവിച്ച ക്ഷതത്തിന്‍റെ തീവ്രത അനുസരിച്ച്‌ കുട്ടികളില്‍ ചലനപരമായ പ്രശ്നങ്ങള്‍ക്ക്‌ പുറമെ, സംസാരശേഷിക്കുറവ്‌, കാഴ്ച്ചക്കുറവ്‌, കേള്‍വിക്കുറവ്‌, ഇടവിട്ട അപസ്മാര സാധ്യത, ബുദ്ധി മാന്ദ്യത, വൈകാരിക പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ്‌ അനുബന്ധ പ്രശ്നങ്ങളും കൂടി ഉണ്ടാവുന്നതായി കാണാന്‍ കഴിയും.

രോഗ ചികിത്സ

ഇത്തരം രോഗാവസ്ഥകളുടെ ചികിത്സാ വിജയം, ഒരു വിദഗ്ധ ചികിത്സ കൂട്ടായ്മയെ ആശ്രയിച്ചിരിക്കുന്നു. മരുന്ന് കൊണ്ട്‌ ഇത്തരം രോഗാവസ്ഥകള്‍ക്ക്‌ സാരമായ മാറ്റം വരുത്താന്‍ സാധ്യമല്ല. എത്രയും നേരത്തെയുള്ള വിദഗ്ധരുടെ ഇടപെടലുകള്‍ കുട്ടിയെ വളരെ നേരത്തെ കഴിയുന്നത്ര സ്വയം പര്യാപ്തനാക്കാന്‍ സഹായിക്കുന്നു. ഈ കുട്ടികളുടെ ചികിത്സക്ക് ഒരു വിദഗ്ധ പുനരധിവാസ സംഘത്തിന്‍റെ സഹായം ആവശ്യമാണ്‌. ശിശുരോഗ വിദഗ്ധന്‍, പീഡിയാട്രിക്‌ ന്യൂറോളജിസ്റ്റ്‌, ഏര്‍ളി ഡവലപ്പെമെന്‍റല്‍ തെറാപ്പിസ്റ്റ്‌, പീഡിയാട്രിക്‌ ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സൈക്കോ ബിഹേവിയറല്‍ തെറാപ്പിസ്റ്റ്‌, സ്പെഷ്യല്‍ ടീച്ചേര്‍സ്‌, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ച്‌ വിലയിരുത്തിയതിന്‌ ശേഷമാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌.

പലപ്പോഴും ഇത്തരം കുട്ടികള്‍ക്കുണ്ടാകുന്ന അവസ്ഥകളുടെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ചോ അവക്കുള്ള ആധുനിക ചികിത്സാ പ്രതിവിധികളെക്കുറിച്ചോ, അവ നല്‍കാന്‍ കഴിവുള്ള ചികിത്സകരെക്കുറിച്ചോ, അവരുടെ യോഗ്യതകളെക്കുറിച്ചോ സമൂഹത്തില്‍ പല മാതാപിതാക്കള്‍ക്കും തികഞ്ഞ അജ്ഞതയാണ്‌ ഇന്നുള്ളത്‌. ഇത്തരം മാതാപിതാക്കള്‍ ഈ അറിവില്ലായ്മ മൂലം അശാസ്ത്രീയവും, വ്യാജവുമായ പല ചികിത്സകള്‍ക്കും പിന്നാലെ പോവുകയും, ചതിക്കുഴികളില്‍ വീണ്‌ തട്ടിപ്പുകള്‍ക്കും സാമ്പത്തിക ചൂഷണത്തിനും ഇരയാവുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു.

ചികിത്സ എപ്പോള്‍ തുടങ്ങണം, എത്ര നാള്‍ വേണ്ടി വരും?

രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ട്‌ തുടങ്ങുമ്പോള്‍ തന്നെ ഏര്‍ളി സ്റ്റിമുലേഷന്‍, ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ ട്രെയിനിങ്ങുകള്‍ തുടങ്ങേണ്ടത്‌ വളരെ അനിവാര്യമാണ്‌. ഒരു കുട്ടിയുടെ ശാരീരികവും, മാനസികവുമായ വളര്‍ച്ചയില്‍ മൂന്ന് വയസ് പ്രായം വരെയുള്ള കാലഘട്ടം വളരെയധിക പ്രാധാന്യം അര്‍ഹിക്കുന്നു.

തലച്ചോറിന്‍റെ വളര്‍ച്ച ഇക്കാലത്താണ്‌ കാര്യമായി സംഭവിക്കുന്നത് ഇത്തരം കുട്ടികള്‍ക്ക്‌ വളരെ നേരത്തെ തന്നെ പുനരധിവാസ ചികിത്സകളായ, ഫിസിയോതെറാപ്പി, സ്പീച്ച്‌ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ ട്രെയിനിങ്, സ്പെഷ്യല്‍ ആന്‍ഡ്‌ റെമെഡിയല്‍ എജ്യുക്കേഷന്‍ എന്നിവ സംയുക്തമായി കൃത്യമായ അസസ്മെന്‍റകളിലൂടെ കുട്ടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും, അതാതു ഡെവലപ്പ്മെന്‍റുകൾക്ക് ആവശ്യമായ ചികിത്സകൾ കൃത്യമായി നല്‍കുകയാണെങ്കില്‍ കുട്ടിയുടെ സമഗ്രമായ ഡെവലപ്പ്‌മെന്‍റിന്‌ ഇത്‌ സഹായമാവുകയും അവരെ കഴിയുന്നത്ര നേരത്തെ തന്നെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനും കഴിയും എന്നുള്ളതില്‍ കഴിഞ്ഞ 9 വർഷമായി ഏർലി ഇന്‍റർവെൻഷൻ ചികിത്സയിലൂടെ 200ലധികം സെറിബ്രല്‍ പാള്‍സി കുട്ടികളുടെ ചലന ശേഷി വീണ്ടെടുക്കാൻ സഹായിക്കുകയും അവരെ സാധാരണ സ്കൂളിൽ അയക്കാനും സാധിച്ച അൽഫപീഡിയാട്രിക് റിഹാബിലിറ്റേഷൻ സെന്‍റര്‍ തങ്ങളുടെ അനുഭവത്തില്‍ നിന്ന് ഉറപ്പ്‌ നല്‍കുന്നു.

സെറിബ്രൽ പാള്‍സി ബാധിതരായ 75 ശതമാനം കുട്ടികൾക്കും ബുദ്ധിപരമായ കഴിവുകൾ ഉള്ളവരും സാധാരണ സ്കൂളിൽ പഠിക്കാൻ കഴിവുള്ളവരുമാണ് ഇത്തരം കുട്ടികളെ കൂടി ഉൾപെടുത്തുന്ന ഒരു ഉള്‍ച്ചേരൽ വിദ്യാഭ്യാസ സമ്പ്രദായം (Inclusive Education System) സുഗമമാക്കുന്ന തരത്തിലുള്ള ഒരു സാഹചര്യം എല്ലാ സ്കൂളിലും നൽകുകയും, സര്‍ക്കാറുകളും, ആരോഗ്യ വിഭാഗവും വേണ്ട പിന്തുണയും നല്‍കുകയും ചെയ്താല്‍ പ്രത്യേക പരിഗണന അര്‍ഹിക്കേണ്ട സെറിബ്രല്‍ പാള്‍സി പോലെയുള്ള രോഗാവസ്ഥകളെ തരണം ചെയ്യാന്‍ ഇത്‌ ബാധിച്ച കുട്ടികള്‍ക്കും, അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അവരുടെ മാതാപിതാക്കള്‍ക്കും കഴിയും. ഈ ഒരു സമൂല മാറ്റത്തിനായുള്ള ഉദ്ബോധനമാവട്ടെ ഓരോ ലോക സെറിബ്രൽ പാൾസി ദിനങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cerebral palsy
News Summary - Cerebral palsy and its treatment
Next Story