നിരന്തരം ക്ഷീണവും ഉറക്കം തൂങ്ങലുമാണോ? ഇതാകാം കാരണം
text_fieldsസെപ്തംബർ ഒന്നു മുതൽ ഏഴുവരെ ഇന്ത്യ പോഷകാഹാരവാരം ആചരിക്കുകയാണ്. ആരോഗ്യകരമായ ജീവിതരീതിയും പോഷകസമൃദ്ധമായ ഭക്ഷണരീതിയും പ്രോത്സാഹിപ്പിക്കുകയാണ് പോഷകാഹാരവാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. അതിനായി ആവശ്യത്തിന് പ്രോട്ടീനും വിറ്റമിനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.
കാർബോഹൈഡ്രേറ്റ്, നാരുകൾ, ലിപിഡ്സ്, പ്രോട്ടീൻ, ലവണങ്ങൾ, വിറ്റമിൻ, വെള്ളം ആരോഗ്യകരമായ പ്രതിരോധശേഷിക്ക് ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം ഉൻമേഷമുള്ള ദിവസം സമ്മാനിക്കും.
ദീർഘകാലമായി ക്ഷീണം അനുഭവിക്കുന്നവരാണോ നിങ്ങൾ. അതിന്റെ അടിസ്ഥാന കാരണങ്ങൾ എന്തെല്ലാമാകാമെന്ന് പരിശോധിക്കാം. ഇത്തരം പ്രശ്നങ്ങളുള്ളവർ ഡോക്ടറെ കണ്ട ശേഷം മാത്രമേ ചികിത്സ സ്വീകരിക്കാവൂ.
ക്രമരഹിതമായ ഭക്ഷണരീതി
അമിത വണ്ണം, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നതാണ് ഡയറ്റ്. സന്തുലിതമായ ഭക്ഷണക്രമം എന്നത് കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്നതാണ്. അതിൽ നിന്ന് ആവശ്യത്തിനുള്ള വിറ്റമിനും ലവണങ്ങളും ലഭിക്കും. ആരോഗ്യകരമായ ഭക്ഷണം ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് അത്യാവശ്യമാണ്. കാൽസ്യം, മഗ്നീഷ്യം, അയൺ, സിങ്ക്, വിറ്റമിൻ എ,സി,ഡി, ഇ, കെ എന്നിവയുടെ അഭാവം ഉറക്കപ്രശ്നങ്ങൾ സൃഷ്ടിക്കാം.
കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളും ഉറക്കത്തെയും ഊർജത്തെയും പ്രതികൂലമായി ബാധിക്കും. കൂടുതൽ കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ക്ഷീണം കൂടുകയും ഉറക്കം തൂങ്ങുകയും ചെയ്യും. കുറഞ്ഞ അളവിൽ ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് ക്ഷീണം കുറക്കും.
ക്ഷീണവും ഉറക്കം തൂങ്ങലും ഒഴിവാക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങൾ
- പാൽ, ചീസ്, തൈര്, കട്ടിത്തൈര്
- ഓറഞ്ച്, പേരക്ക, കിവിസ്, പപ്പായ, സ്ട്രോബറി തുടങ്ങിയ സിട്രസ് ഫ്രൂട്സ്
- ബ്രോക്കോളി,ചെഞ്ചീര, കോളിഫ്ലവർ, കാപ്സിക്കം, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ
- മുട്ട, മത്സ്യം, ചിക്കൻ പോലുള്ള കൊഴുപ്പു കുറഞ്ഞ മാംസം
- എല്ലാതരത്തിലുമുള്ള ധാന്യങ്ങളും പയർവർഗങ്ങളും
നിർജലീകരണം
ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നുണ്ടെങ്കിൽ ഊർജം സംരക്ഷിക്കാൻ ശരീരത്തിനാകും. ജൈവിക പ്രക്രിയകൾ മൂലം നിങ്ങളുടെ ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നുണ്ട്. അത് തീർച്ചയായും പുനഃസ്ഥാപിക്കേണ്ടതുണ്ട്. നിർജലീകരണം ക്ഷീണത്തിനിടയാക്കും. അതിനാൽ നിരന്തരം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
അമിത വണ്ണം
പൂർണമായ ആരോഗ്യത്തിന് ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അമിത വണ്ണം ഉറക്കത്തെ തടസപ്പെടുത്തും വിധം കൂർക്കംവലിക്ക് വഴിവെക്കും. അത് പകൽ സമയത്ത് ക്ഷീണത്തിനിടയാക്കും. ആരോഗ്യകരമായ ഭാരം നല്ല ഉറക്കത്തിനും ഊർജം നിലനിർത്തുന്നതിനും സഹായിക്കും. നല്ല ഉറക്കം അമിത വണ്ണം ഉണ്ടാക്കുന്നത് തടയുകയും ചെയ്യും.
ഉറക്കക്കുറവ്
ഉറക്കത്തിനിടയിലാണ് ശരീരം വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും കോശങ്ങളിൽ കേടുപാടുകൾ തീർക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്. രാത്രിയിൽ നല്ല ഉറക്കം ലഭിച്ചവർ കൂടുതൽ ഉൻമേഷമുള്ളവരാകുന്നു. തളർച്ചയുടെ പ്രധാനകാരണം നല്ല ഉറക്കം ലഭിക്കാത്തതാണ്.
സ്ട്രെസ്, ആരോഗ്യ പ്രശ്നങ്ങൾ, ഉറങ്ങാൻ തൃപ്തികരമല്ലാത്ത സാഹചര്യം തുടങ്ങിയ ഉറക്കമില്ലായ്മക്ക് ഇടവെക്കും. ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവർ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.
മരുന്നുകളുടെ പാർശ്വഫലം
ചില മരുന്നുകൾ മയക്കമുണ്ടാക്കും.
- ഉയർന്ന രക്തസമ്മർദത്തിനെതിരായി ഉപയോഗിക്കുന്ന മരുന്നുകൾ
- വിഷാദത്തിനെതിരായ മരുന്ന്
- ഓക്കാനം, ഛർദി, മൂക്കടപ്പ് എന്നിവക്കുള്ള മരുന്ന്
- ഉത്കണ്ഠക്കുള്ള മരുന്നുകൾ
മരുന്നുകൾ ഉറക്കംതൂങ്ങുന്ന അവസ്ഥയുണ്ടാക്കുന്നുവെങ്കിൽ ഡോക്ടറുമായി സംസാരിക്കുക.
പ്രായമാകുക
മധ്യവയസ്കരിൽ ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. കൂടുതൽ സമയവും കിടക്കയിൽ തന്നെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും ഉറക്ക പ്രശ്നം രൂക്ഷമാണ്. ഇത് സ്വയം പരിഹരിക്കാനാകില്ല. ഡോക്ടറെ കണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം തേടണം.
മെഡിക്കൽ പ്രശ്നങ്ങൾ, പോഷകാഹാര പ്രശ്നങ്ങൾ, ഉറക്ക പ്രശ്നങ്ങൾ, കോഫിയുടെ അമിത ഉപയോഗം, സ്ഥിരമായ സ്ട്രെസ് എന്നിവ ക്ഷീണത്തിന് വഴിവെക്കും.
നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നത് പ്രശ്നങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.