പ്രമേഹമുണ്ടോ, പല്ലുകൾക്ക് വേണം പ്രത്യേക ശ്രദ്ധ
text_fieldsരക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ഇതൊരു പാരമ്പര്യ രോഗമാണെങ്കിലും ഇന്നിത് പ്രധാന ജീവിത ശൈലി രോഗമായി മാറി. ദിനംപ്രതി രോഗികൾ വർധിക്കകയാണ്. ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റം വ്യയാമം ഇല്ലായ്മ എന്നിവയാണ് പ്രധാനമായും മനുഷ്യനെ പ്രമേഹ രോഗിയാക്കി മാറ്റുന്നത്.
ശരീരത്തിലെ പല അവയവങ്ങളേയും പ്രമേഹം ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിൽ ഒന്നാണ് പല്ലുകൾ. പ്രമേഹ രോഗികളിൽ ദന്തക്ഷയവും മോണ രോഗവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹ രോഗികൾ ഏറെ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് ദന്തസംരക്ഷണം. പ്രാരംഭഘട്ടത്തിൽ ചികിത്സ തേടിയില്ലെങ്കിൽ ദന്താരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കും.
പ്രമേഹ രോഗികളിലെ പ്രാധാന ദന്താരോഗ്യ പ്രശ്നങ്ങൾ
- മോണരോഗം
പ്രമേഹ രോഗികളിൽ ദന്തക്ഷയത്തേക്കാൾ കൂടുതൽ കാണപ്പെടുന്നത് മോണരോഗമാണ്. പ്രമേഹം രോഗപ്രതിരോധ ശേഷി കുറക്കും. ക്രമേണ ഇത് രോഗാണുക്കളുടെ പ്രവർത്തനം വർധിച്ച് മോണകളുടെ കോശങ്ങളെ ബാധിക്കും. അതുപോലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുന്നത് വായക്കകത്തെ സ്വാഭാവിക പ്രവർത്തനത്തെ താളം തെറ്റിക്കും. അതിനാലാണ് പ്രമേഹ രോഗികൾക്ക് മോണരോഗം പെട്ടെന്ന് പിടിപ്പെടുന്നത്.
ലക്ഷണങ്ങൾ
- മോണയിൽ നിന്നുള്ള രക്തസ്രാവം (പ്രരംഭ ലക്ഷണം)
- മോണ പഴുപ്പ്
- ഇത്തിൾ അഥവാ കാൽകുലസ് പല്ലിനും മോണക്കും ഇടയിൽ അടിഞ്ഞ് കൂടുന്നത്
- പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാവുന്നു
- മോണ പല്ലുകളിൽ നിന്നും ഇറങ്ങി പല്ലുകളുടെ വേര് പുറത്തേക്ക് കാണപ്പെടുന്നു
- പല്ലുകൾക്ക് ഇളക്കം
മോണരോഗം തടയാനുള്ള മാർഗങ്ങൾ
- പ്രമേഹം നിയന്ത്രിക്കുക
- പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ദന്തരോഗ വിദഗ് രെ സമീപിക്കുക
- വർഷത്തിൽ രണ്ട് തവണ അൾട്രാ സോണിക് സ്കേലിങ് അഥവാ വായ ശുചീകരണം ചെയ്യുക
- പല്ലു തേക്കുന്നതിന് മുമ്പ് വിരലുകൾ ഉപയോഗിച്ച് മോണകൾ മസാജ് ചെയ്യുക
- ദന്തക്ഷയം
ലക്ഷണങ്ങൾ
- പല്ലിന് കറുപ്പ് നിറത്തിലോ കാപ്പി നിറത്തിലോ ഉള്ള നിറം മാറ്റം
- പല്ലുകളിലെ പുളിപ്പ്
- പല്ലുകൾക്കിടയിൽ ഭക്ഷണ വശിഷ്ടങ്ങൾ കുടുങ്ങുക
- പല്ലുകളിൽ പൊത്ത്
- പല്ലുവേദന
തടയാനുള്ള മാർഗ്ഗങ്ങൾ
- ദിവസവും രണ്ട് നേരം പല്ല് തേക്കുക
- പല്ല് വൃത്തിയാക്കാൽ ഡന്റൽ ഫ്ലോസ് ശീലമാക്കുക
- ഫ്ലൂറൈഡ് അടങ്ങിയ ട്രൂത്ത് പേസ്റ്റ് ഉപയോഗിക്കുക
- ആരംഭഘട്ടത്തിൽ തന്നെ പല്ല് അടക്കാൻ ശ്രദ്ധിക്കണം
- ശീതള പാനീയങ്ങൾ കഴിവതും ഒഴിവാക്കുക
- മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക
വരണ്ട വായ (സീറോ സ്റ്റോമിയോ )
പ്രമേഹം ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ തകിടം മറക്കുന്നു. ഇതിലൂടെ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞ് വായക്ക് വരൾച്ച അനുഭവപ്പെടുന്നു. ഉമിനീരിന്റെ ശരിയായ പ്രവർത്തനം ദന്താരോഗ്യത്തിന് ആവശ്യമാണ്. ഉമിനീർ കുറയുമ്പോൾ വായക്കകത്തെ ശുചീകരണം ശരിയായി നടക്കില്ല. നാക്കിലും കവിളിലും പുകച്ചിലും അനുഭവപ്പെടും.
പരിഹാര മാർഗങ്ങൾ
- ധാരാളം വെള്ളം കുടിക്കുക
- ഷുഗർ ഫ്രീ ബബിൾ ഗം ഉപയോഗിക്കുക
- കാപ്പി ഉൾപെടെ കഫീൻ അടങ്ങയ പദാർഥങ്ങൾ ഒഴിവാക്കുക
- പുകവലി പൂർണമായി ഒഴിവാക്കുക
പല്ലെടുക്കുമ്പോഴും ശ്രദ്ധിക്കണം
പ്രമേഹ രോഗികൾ പല്ലെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രണവിധേയമായ ശേഷമേ പല്ലെടുക്കാൻ പാടുള്ളു. അല്ലാത്ത പക്ഷം മുറിവ് ഉണങ്ങാൻ താമസം, പല്ലെടുത്ത ഭാഗത്ത് പഴുപ്പ്, വേദന എന്നിവ അനുഭപ്പെടാനുള്ള സാധ്യത ഏറെയാണ്.
ചിട്ടയോട് കൂടിയ ഭക്ഷണരീതികളും വ്യായാമവും ശീലമാക്കിയാൽ ഇത്തരം രോഗങ്ങള അകറ്റി നിർത്താം. പുഞ്ചിരി മനോഹരമാക്കുന്ന പല്ലുകൾ മറ്റേത് അവയവത്തെ പോലെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.