പ്രമേഹവും നേത്രരോഗവും; മുൻകരുതലുകളും ചികിത്സാരീതികളും അറിയാം
text_fieldsപ്രമേഹം എന്നത് ലോകമെമ്പാടുമുള്ളൊരു ആരോഗ്യപ്രശ്നമാണിന്ന്. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങളും പ്രമേഹത്തിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും നിരവധി പേർ പ്രമേഹബാധിതരായി മാറുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹം ഒരുപാട് അംഗങ്ങളിൽ (കിഡ്നി, ഹൃദയം, നാഡി) പ്രത്യേകിച്ച് നേത്രങ്ങളിൽ, ദോഷപ്രഭാവം ചെലുത്തുന്ന രോഗമാണെന്ന് ധാരാളം ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
പ്രമേഹവും നേത്ര ആരോഗ്യവും
പ്രമേഹബാധിതരിൽ, രക്തത്തിലെ ഗ്ലൂക്കോസ് അഥവാ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുമ്പോൾ അത് ശരീരനാഡികൾ, രക്തക്കുഴലുകൾ, പ്രത്യേകിച്ച് കണ്ണിലെ ചെറുരക്തക്കുഴലുകളെ ബാധിക്കുന്നു. ഇതു ദീര്ഘകാലത്തേക്ക് തുടരുമ്പോൾ, നേത്രങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഗൗരവമായ നേത്രരോഗങ്ങൾക്കു വഴിവെക്കുകയും ചെയ്യുന്നു.
നേത്രസംബന്ധമായ ആഘാതങ്ങൾ
1. ഡയബറ്റിക് റെറ്റിനോപ്പതി: കണ്ണിലെ ചെറുരക്തക്കുഴലുകളിൽ രക്തസ്രാവം, പ്രോട്ടീൻ അടിഞ്ഞുകെട്ടൽ തുടങ്ങിയവ കാരണം കാഴ്ചശക്തി കുറയുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി
2. ഡയബറ്റിക് മാക്കുലര് എഡിമ: മാക്കുലയിൽ (കണ്ണിന്റെ ഏറ്റവും സെൻസിറ്റിവ് ആയ ഭാഗം) കൃത്രിമമായ ദ്രാവകങ്ങൾ കെട്ടിപ്പിടിക്കുകയും നീര് വരുകയും ചെയ്യുന്നു. ഇതോടെയുണ്ടാകുന്ന ഈ അവസ്ഥ കാഴ്ചയിൽ ഗൗരവമായ സങ്കീർണതകൾക്ക് കാരണമായേക്കാം.
3. പ്രമേഹത്തിന്റെയും തിമിരത്തിന്റെയും ബന്ധം: പ്രമേഹരോഗമുള്ളവർക്ക് സാധാരണ ആളുകളേക്കാൾ വേഗത്തിൽ തിമിരം രൂപപ്പെടാൻ സാധ്യതയുണ്ട്.
4. ഗ്ലോക്കോമ:
പ്രമേഹം കണ്ണുകളിൽ രക്തസമ്മർദം വർധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് കണ്ണിൽ ഒരു കൂട്ടം വൈകല്യങ്ങളും മാറ്റങ്ങളും ഉണ്ടാക്കുകയും അന്ധതയിലേക്കു നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഗ്ലോക്കോമ കാഴ്ചയുടെ നിശ്ശബ്ദ കള്ളൻ (silent theft of vision) എന്നറിയപ്പെടുന്നു.
മുൻകരുതലുകൾ
1. നിരന്തരമായ ചികിത്സയും പരിശോധനയും: പ്രമേഹരോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള സമയങ്ങളിൽ മരുന്നൊഴിച്ച് പൂർണമായ നേത്രപരിശോധന നടത്തുന്നത് അനിവാര്യമാണ്
2. വ്യായാമവും ഭക്ഷണക്രമവും: ആരോഗ്യകരമായ ഭക്ഷണക്രമവും സുസ്ഥിരമായ വ്യായാമവും പ്രമേഹത്തെ നിയന്ത്രിക്കാനും നേത്രാരോഗ്യം നിലനിർത്താനും സഹായിക്കും
3. രക്തത്തിലെ പഞ്ചസാരയുടെ അളവ്: പ്രമേഹരോഗികൾക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയും ശരീരം അത് ഉപയോഗിക്കാതിരിക്കുന്നത് അനാവശ്യമായ പുതിയ രക്തനാഡികൾ റെറ്റിനയിൽ രൂപപ്പെടാനും വഴിയൊരുക്കുന്നു. ഇങ്ങനെ പുതുതായി ഉണ്ടാകുന്ന രക്തക്കുഴലുകൾക്ക് വളരെ നേർത്ത പാളികളായിരിക്കും. അതുമൂലം പെട്ടെന്ന് രക്തക്കുഴലും പൊട്ടുകയും കാഴ്ചയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
ചികിത്സാരീതികൾ
- ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന്, വ്യായാമം വഴി പ്രമേഹം നിയന്ത്രണത്തിലാക്കാം
- ഡയബറ്റിക് റെറ്റിനോപ്പതി കണ്ണ് ഡോക്ടറെ കാണിക്കുന്നത് വഴി മരുന്നൊഴിച്ച് പൂർണമായും ചികിത്സിക്കാവുന്നതാണ്
- ലേസർ ചികിത്സാരീതി
- സങ്കീർണമായ കേസുകൾക്ക് ഇഞ്ചക്ഷൻ
- കൃത്യമായ സമയത്തുള്ള പരിശോധന
(ഡോ. ടി.കെ. സലാഹുദ്ദീൻ, MSFIMS, MD & CEO Rayhan Group of Institutions)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.